നവീകരണം കരിസ്മാറ്റിക് മുന്നേറ്റത്തിലും: ഡിസംബർ 8മുതൽ പുതിയ സംവിധാനം

0
972

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ തുടക്കം കുറിച്ച സഭാ നവീകരണത്തിന്റെ അലയൊലികൾ കരിസ്മാറ്റിക് നവീകരണ രംഗത്തേക്കും. ആഗോള കത്തോലിക്ക കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിൽ ഏകീകരണവും നവീനതയും യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സംവിധാനം വരുന്നു: കാരിസ്. അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ എട്ട് മുതൽ പുതിയ ഭരണസംവിധാനം നിലവിൽ വരും. അൽമായരുടെയും കുടുംബങ്ങളുടെയും ജീവന്റെയും കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി സകലവിശുദ്ധരുടെയും തിരുനാൾ ദിനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കാരിസിന്റെ മോഡറേറ്ററായി ബെൽജിയം സ്വദേശി പ്രൊഫ. ഷോൺലൂക് മോയെ പാപ്പ നിയമിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ, പ്രസ്ഥാനത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്കായി 18 അംഗ ശുശ്രൂഷാകൂട്ടായ്മയ്ക്കും രൂപംകൊടുത്തിട്ടുണ്ട്. മലയാളിയായ സിറിൾ ജോണാണ് ഏഷ്യൻ പ്രതിനിധി. പാപ്പയുടെയും വത്തിക്കാൻ വകുപ്പുകളുടെ ആത്മീയ ഉപദേഷ്ടാവും പ്രബോധകനുമായ ഫാ. റനിയേറോ കന്തലമേസയെ പ്രസ്ഥാനത്തിന്റെ ആത്മീയ ശുശ്രൂഷകനായും നിയോഗിച്ചിട്ടുണ്ട്.മൂന്നു വർഷമാണ് ആത്മീയ ശുശ്രൂഷകന്റെ കാലപരിധി.

സിറിൾ ജോൺ

2019 പെന്തക്കോസ്താ തിരുനാളിലാണ് ഭാരവാഹികൾ സ്ഥാനമേൽക്കുന്നത്. ഡിസംബർ എട്ടിനുതന്നെ നിയമാവലി അവതരിപ്പിക്കുമെങ്കിലും പെന്തക്കോസ്താ തിരുനാളിലേ അത് പ്രാബല്യത്തിൽ വരൂ. ഫ്രാൻസിസ് പാപ്പയുടെ നവീകരണ പദ്ധതിയനുസരിച്ച് ആഗോളസഭയിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തെ ഐക്യത്തോടെ മുന്നോട്ടു നയിക്കാൻ പരിശ്രമിക്കണമെന്നും, സഹകരിക്കണമെന്നും അൽമായരുടെയും കുടുംബങ്ങളുടെയും ജീവന്റെയും കാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ കെവിൻ ഫാരൽ ഉദ്‌ബോധിപ്പിച്ചു.