പരിശുദ്ധാത്മാവിന് വിധേയപ്പെടാൻ വിവേചന വരം ആവശ്യം: പാപ്പ

0
150

വത്തിക്കാൻ: പരിശുദ്ധാത്മാവിന് വിധേയപ്പെടാൻ വിവേചനത്തിൻറെ വരം ആവശ്യമാണെന്ന് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം സാന്താമാർത്താ കപ്പേളയിൽ അർപ്പിച്ച ദിവ്യബലിക്കിടെ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

പൗലോസ്ശ്ലീഹാ എഫേസോസ് സഭയിലെ ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടിയശേഷം, ‘പരിശുദ്ധാത്മാവിനാൽ നിർബന്ധിതനായി താൻ അവിടെ നിന്നു ജറുസലെമിലേയ്ക്കു പോകുന്നു’ എന്ന വചനഭാഗത്തിൽ നിന്നുള്ള സന്ദേശമാണ് അദ്ദേഹം നൽകിയത്.

“പൗലോസ് തന്നെക്കുറിച്ചുള്ള വസ്തുതകൾ നിരത്തുമ്പോൾ അതിൽ അഹങ്കരിക്കുന്നുവെന്നു നമുക്കു തോന്നാം. എന്നാൽ അദ്ദേഹം രണ്ടു കാര്യങ്ങളിൽ മാത്രമാണ് അഭിമാനിക്കുന്നത്. സ്വന്തം പാപങ്ങളിലും, യേശുക്രിസ്തുവിൻറെ കുരിശിലും. ബിഷപ്പുമാരുടെ പ്രഥമ സ്‌നേഹവിഷയം യേശുക്രിസ്തുവാണ്. രണ്ടാമത്തേത് അജഗണങ്ങളും. അജഗണങ്ങളെ കാത്തുസൂക്ഷിക്കുക. നിങ്ങൾ ബിഷപ്പുമാരായിരിക്കുന്നത്, അജഗണങ്ങൾക്കായും അവരെ സംരക്ഷിക്കുന്നതിനായുമാണ്. അത് സഭയിലെ ഒരു ഉദ്യോഗമല്ല”; പാപ്പ വ്യക്തമാക്കി.

“പൗലോസ് ശ്ലീഹായുടെ പ്രഘോഷണം ഒരു സാക്ഷ്യവും വെല്ലുവിളിയുമാണ്. അത് പരിശുദ്ധാത്മാവിനോടുള്ള അനുസരണവും, അജഗണങ്ങളോടുള്ള സ്‌നേഹവുമായിരുന്നു. ദൈവകൃപയല്ലാതെ പൗലോസിന് ഒന്നും സ്വന്തമായുണ്ടായിരുന്നില്ല. തനിക്കും എല്ലാ ബിഷപ്പുമാർക്കും ഇപ്രകാരമുള്ള കൃപ ദൈവം പ്രദാനം ചെയ്യട്ടെ”; പാപ്പ ആശംസിച്ചു.