വേൾഡ് യൂത്ത് ഡേ 2019: ‘ശാലോം വേൾഡ്’ ഒഫീഷ്യൽ മീഡിയ പാർട്ണർ

0
1078

പാനമ: ജനുവരി 22മുതൽ 27വരെ മധ്യഅമേരിക്കൻ രാജ്യമായ പാനമ ആതിഥേയത്വം വഹിക്കുന്ന 14-ാമത്‌ ‘ലോക യുവജന സംഗമ’ത്തിന്റെ (WYD) ഒഫീഷ്യൽ മീഡിയ പാർട്ണറായി ‘ശാലോം വേൾഡ് ടി.വി’യെ പ്രഖ്യാപിച്ചു. യുവജനസംഗമത്തിന് ചുക്കാൻ പിടിക്കുന്ന അൽമായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലും പനാമയുടെ മെത്രാൻ സമിതിയും ഉൾപ്പെടുന്ന സംഘാടക സമിതിക്കുവേണ്ടി പാനമ ആർച്ച്ബിഷപ്പ് ഡൊമിങ്കോ ഉള്ളോ മെൻഡീറ്റയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ ഉൾപ്പെടെയുള്ള ഭാഷകളിൽ 17 സ്റ്റേജുകളിലായി നടക്കുന്ന അഞ്ച് ദിവസങ്ങളിലെ പരിപാടികൾ തത്‌സമയം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ‘ശാലോം വേൾഡ്’ എത്തിക്കും. ‘വേൾഡ് യൂത്ത് ഡേ’യ്ക്ക് തുടക്കം കുറിച്ച് ജനുവരി 22ന് പാനമയിലെ ബിഷപ്പുമാരുടെ കാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിമുതൽ സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങുന്നതുവരെയുള്ള പരിപാടികളെല്ലാം തത്‌സമയം കാണാം.

ഒഫീഷ്യൽ മീഡിയാ പാർട്ണർ ആയതിലൂടെ, ഇതര ന്യൂസ് നെറ്റ്‌വർക്കുകൾക്കുള്ള തത്‌സമയ ദൃശ്യങ്ങളും ശാലോം വേൾഡ് ലഭ്യമാക്കും. പങ്കെടുക്കുന്ന വിശിഷ്ടാതിഥികളുടെയും യുവജന പ്രേഷിതരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരുടെയും പ്രത്യേക അഭിമുഖങ്ങൾ പ്രക്ഷേപണം ചെയ്യാൻ വേൾഡ് യൂത്ത് ഡേ വേദികളോട് ചേർന്ന് സ്റ്റുഡിയോ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ലോക യുവത്വത്തിന്റെ താളവും ഓജസും പ്രസരിക്കുന്ന പരിപാടികൾ മികവുറ്റ രീതിയിൽ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ‘ശാലോം വേൾഡ്’ പ്രൊഡക്ഷൻ ടീം സജ്ജീകരിക്കുന്നത്. കൂടാതെ, അവിടെനിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ ‘സൺഡേ ശാലോം ഓൺലൈനി’ലൂടെ (sundayshalom.com) ലഭ്യമാക്കാൻ ഞങ്ങളുടെ പ്രത്യേക ലേഖകനുമുണ്ടാകും.

ലോക സുവിശേഷവത്ക്കരണത്തിൽ ശ്രദ്ധേയമായ മുന്നേറ്റം തുടരുന്ന ‘ശാലോം വേൾഡ്’ വേൾഡ് യൂത്ത് ഡേയുടെ ഔദ്യോഗിക മീഡിയ പാർട്ണറാകുന്നതു കൂടാതെ ഭാരതീയർക്ക് വിശിഷ്യാ, മലയാളികൾക്ക് അഭിമാനിക്കാൻ മറ്റൊരു കാരണംകൂടിയുണ്ട്. കേരളത്തിൽ ജനിച്ച് ലോകമെമ്പാടേക്കും വളരുന്ന ‘ജീസസ് യൂത്തി’ന്റെ സാന്നിധ്യവും കലാവേദിയിലുണ്ടെന്നതുതന്നെ അത്. ഏഴു തവണ ‘വേൾഡ് യൂത്ത് ഡേ’യിൽ സാന്നിധ്യം അറിയിച്ച റെക്‌സ് ബാൻഡിനു പകരം പുതിയ മ്യൂസിക് ബാൻഡുകളായ ‘മാസ്റ്റർ പ്ലാൻ’ (യു.എ.ഇ), ‘അക്ട്‌സ് ഓഫ് അപ്പോസ്തൽസ്’ (ഇന്ത്യ), ‘വോക്‌സ് ക്രിസ്റ്റി’ (ഇന്ത്യ) എന്നിവരാണ് ഇത്തവണ ‘ജീസസ് യൂത്തി’നെ പ്രതിനിധീകരിക്കുക.

‘ഇതാ, കർത്താവിന്റെ ദാസി, അങ്ങേഹിതംപോലെ എന്നിൽ നിറവേറട്ടെ,’ (ലൂക്ക 1:38) എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. 23ന് വൈകിട്ട് 4.30നാണ് പാനമ ടോക്യുമെൻ എയർപോർട്ടിൽ പാപ്പ എത്തുന്നത്. 24 രാവിലെ 9.45ന് പ്രസിഡന്റ്ജുവാൻ കാർലോസ് വറേലയുടെ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങുന്ന പാപ്പ, നയതന്ത്ര സർക്കാർ ഉദ്യോഗസ്ഥരുമായും മധ്യ അമേരിക്കയിലെ ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വൈകിട്ട് 5.30നാണ് യുവജനങ്ങളെ അഭിസംബോധന ചെയ്യാൻ യുവജനസംഗമ വേദിയിലെത്തുന്നത്.

26 വൈകിട്ട് 6.30ന് സെന്റ് ജോൺ പോൾ ഫീൽഡിൽ ക്രമീകരിക്കുന്ന രാത്രി ജാഗരണത്തിൽ യുവജനങ്ങൾക്കൊപ്പം അണിചേർന്ന് സന്ദേശം പങ്കുവെക്കുന്ന പാപ്പ, കുമ്പസാര ശുശ്രൂഷ നിർവഹിക്കുന്നതിലും പാപ്പ വ്യാപൃതനാകും. 27ന് രാവിലെ 8.00നാണ് സെന്റ് ജോൺ പോൾ ഫീൽഡിൽ സമാപന ദിവ്യബലി അർപ്പണം. അടുത്ത ‘വേൾഡ് യൂത്ത് ഡേ’യുടെ വേദിയും പാപ്പ പ്രഖ്യാപിക്കും. സംഗമത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓർഗനൈസർമാർ, വോളണ്ടിയർമാർ എന്നിവർക്കൊപ്പമുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് വിമാനത്താവളത്തിൽ ഔദേ്യാഗിക യാത്രയയപ്പ്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 1986ൽ ആഗോള യുവജന ദിനാഘോഷത്തിന് (WYD) തുടക്കമിട്ടത്. രൂപതാതലത്തിൽ ആഘോഷിക്കപ്പെടേണ്ട ദിനമായിട്ടായിരുന്നു ആരംഭം. പിന്നീട് 1991ലാണ്, രണ്ടോ മൂന്നോ വർഷംകൂടുമ്പോഴുള്ള ആഗോളതലത്തിലുള്ള സംഗമങ്ങൾക്ക് രൂപം നൽകിയത്. വൈദികനായിരുന്ന കാലംമുതൽ ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്ക് യുവജനങ്ങളോട് ഉണ്ടായിരുന്ന വത്സല്യത്തിന്റെ പ്രതീകമായാണ് യുവജനാഘോഷത്തെ വിലയിരുത്തുന്നത്. 2016 ലായിരുന്നു ഇതിനുമുമ്പത്തെ ഡബ്ല്യു.വൈ.ഡി. പോളണ്ടിലെ ക്രാക്കോയായിരുന്നു ആതിഥേയർ.

‘ശാലോം വേൾഡി’ലൂടെ പാനമയിൽനിന്നുള്ള തത്‌സമയ ദൃശ്യങ്ങൾ കാണാനുള്ള വിശദവിവരങ്ങൾ ചുവടെ കൊടുക്കുന്നു:

1, സ്മാർട് ടി.വികളിലൂടെയും ഇതര ടി.വി ഡിവൈസുകളിലൂടെയും തത്‌സമയ സംപ്രേക്ഷണം കാണാനുള്ള വിവരങ്ങൾക്കായി സന്ദർശിക്കുക shalomworldtv.org/connected-tv
2, ഐ.ഒ.എസ്, ആൻഡ്രോയിഡ് മൊബൈൽ ഫോണിലൂടെയും ടാബ്‌ലെറ്റുകളിലൂടെ ലഭ്യമാകുന്നത് എങ്ങനെ എന്ന് അറിയാൻ സന്ദർശിക്കുക shalomworldtv.org/mobile-apps
3, തത്‌സമയം ദൃശ്യങ്ങൾക്കായി സന്ദർശിക്കുക shalomworldtv.org/live
4, സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ കാണാൻ: ഫേസ്ബുക്ക് (facebook.com/shalomworld), ട്വിറ്റർ (twitter.com/shalomworldtv), ഇൻസ്റ്റഗ്രാം (www.instagram.com/shalomworldtv)