ജപമണിയില്‍ ശക്തി കണ്ടെത്തിയ ക്രൊയേഷ്യന്‍ കോച്ച്

0
741
Zlatko Dalić

മോസ്‌കോ: ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് ഫൈനലില്‍ രണ്ടാമതെത്തിയ ക്രെയേഷ്യയുടെ കോച്ച് സ്ലാറ്റ്‌കോ ഡാലിക്കിന്റെ വാ ക്കുകള്‍ ജപമാലയുടെ കരുത്തറിയിക്കുന്നതാണ്. ക്രൊയേഷ്യ ചെറിയ രാജ്യമാണെങ്കിലും കത്തോലിക്ക വിശ്വാസികളാണ് അധികവും. ക്രൊയേഷ്യയുടെ ടീം കോച്ച് തീക്ഷ്ണമതിയായ വിശ്വാസിയാണ്. തന്റെ ടീമിന്റെ വിജയത്തിനുപിന്നില്‍ ദൈവവിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും താന്‍ എപ്പോഴും ജപമാല പോക്കറ്റില്‍ സൂക്ഷിക്കാറുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ബുദ്ധിമുട്ടേറിയ അവസരങ്ങളിലെല്ലാം ജപമാലയാണ് തന്നെ ബലപ്പെടുത്തിയതെന്ന് അദ്ദേഹം പറയുന്നു.

തന്റെ പ്രഫഷണല്‍ കരിയറിലും ജീവിതത്തിലും നേടിയതെല്ലാം എന്റെ വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഞാന്‍ ദൈവത്തോട് അതിന് സദാ നന്ദിയുള്ളവനായിരിക്കും; അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജീവിതത്തില്‍ വളരെ സന്തോഷവാനാണ്. ശക്തമായ വിശ്വാസവും പ്രാര്‍ത്ഥനയുമാണ് ഇംഗ്ലണ്ട് ടീമിന്റെമേല്‍ വിജയക്കൊടി പാറിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്. എപ്പോഴും പോക്കറ്റില്‍ ഒരു കൊന്ത കരുതുന്നു. പ്രതിസന്ധി ഘട്ടത്തിലെല്ലാം കൊന്തയില്‍ മുറുകെ പിടിക്കും. അപ്പോള്‍ എന്റെ കയ്യില്‍ പരിശുദ്ധ അമ്മ കോര്‍ത്ത് പിടിക്കുന്നതായി അനുഭവപ്പെടും. ജീവിതത്തില്‍ നന്മ കണ്ടെത്തുന്നതിലൂടെയാണ് സംതൃപ്തരാവുന്നത്. സന്തോഷം അതിന്റെ ഫലം മാത്രമാണ്. മനുഷ്യന്‍ എപ്പോഴും തന്നോടുതന്നെയും മറ്റുള്ളവരോടും സത്യസന്ധരായിരിക്കണം; അദേഹം പറയുന്നു.

ഡാലിക് ഇപ്പോള്‍ ക്രൊയേഷ്യയുടെ മാത്രമല്ല, ലോകത്തിലെ തന്നെ ഇഷ്ടതാരമായ കോച്ചായി മാറിക്കഴിഞ്ഞു. 51-കാരനായ അദ്ദേഹം വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്. നേരത്തെ ക്രൊയേഷ്യന്‍ ക്ലബുകള്‍ക്കുവേണ്ടി കളിച്ച പരിചയസമ്പത്താണ് ക്രൊയേഷ്യന്‍ ടീമിന്റെ കോച്ച് പദവി നേടിക്കൊടുത്തത്.