Follow Us On

07

November

2024

Thursday

ആ മനുഷ്യന്‍ ഞാന്‍ തന്നെയായിരുന്നു…

ആ മനുഷ്യന്‍ ഞാന്‍  തന്നെയായിരുന്നു…

വടിവാള്‍ മുതല്‍ ബോംബ് വരെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള നിരവധി രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് വേദിയായ കണ്ണൂര്‍ വീണ്ടുമൊരു മരണത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ്. ഇവിടെ മരണമടഞ്ഞത് നവീന്‍ ബാബു എന്ന അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റാണെങ്കില്‍ ആ മരണത്തിന് കാരണമായ ആയുധം നാവാണെന്ന സൂചനയാണ് മാധ്യമങ്ങള്‍ നല്‍കുന്നത്.

അദ്ദേഹത്തിന്റെ യാത്രയയപ്പ് യോഗത്തിന്റെ അവസരത്തില്‍ പറയപ്പെട്ട ചില വാക്കുകളാണ് നവീന്‍ ബാബുവിനെ മരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അഴിമതിരഹിതനായ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥന്‍ എന്ന പേര് നേടി അധികാരികളുടെ ഗുഡ്ബുക്ക്‌സില്‍ വരെ ഇടംനേടിയ നവീന് താങ്ങാവുന്നതിലധികമായി ആ വാക്കുകള്‍ മാറുകയായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. ഏതായാലും തങ്ങളുടെ പിതാവിനെക്കുറിച്ചുള്ള വിങ്ങുന്ന ഓര്‍മകളുമായി ശിഷ്ടകാലം ജീവിക്കേണ്ട നവീന്റെ രണ്ട് പെണ്‍മക്കളുടെയും പാതിവഴിയില്‍ ജീവതപങ്കാളിയെ വേര്‍പിരിയേണ്ടി വന്ന അദ്ദേഹത്തിന്റെ ഭാര്യയുടെയും ഹൃദയത്തിലെ അണയാത്ത കനല്‍ മതരാഷ്ട്രീയ ഭേദമന്യേ മലയാളികളുടെ നൊമ്പരമായി മാറിയിരിക്കുന്നു.

”വാള്‍ത്തല അനേകരെ വീഴ്ത്തിയിട്ടുണ്ട്; നാവുകൊണ്ട് വീഴ്ത്തപ്പെട്ടവര്‍ അതില്‍ ഏറെയാണ്.” എന്ന് പ്രഭാഷകന്‍ (28:18)ല്‍ പറയുന്നു. ”അതു വരുത്തുന്ന മരണം ദുര്‍മരണമാണ്; പാതാളമാണ് അതിനെക്കാള്‍ അഭികാമ്യം” (പ്രഭാഷകന്‍ 28:21). നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഈ വാര്‍ത്തകളിലൂടെ കടന്നുപോകുമ്പോള്‍ മനസ് വെമ്പുന്നുണ്ടാവും. എന്നാല്‍ ഒരു നിമിഷം ശാന്തമായി ചിന്തിച്ചാല്‍ നമ്മുടെ നാവുകൊണ്ട് മുറിവേറ്റവരുടെയും അപമാനത്താല്‍ ശിരസു കുനിഞ്ഞുപോയവരുടെയും മുഖങ്ങള്‍ നമുക്കും ഓര്‍ത്തെടുക്കാനുണ്ടാവും. മൂര്‍ച്ചയേറിയ നമ്മുടെ വാക്പ്രഹരമേറ്റ് ഹൃദയം മുറിഞ്ഞവരും ആത്മാഭിമാനത്തിന് ക്ഷതമേറ്റവരും ആ കുട്ടത്തില്‍ കാണാം. ഒരു പക്ഷേ, നമ്മുടെ വാക്കുകള്‍ ആരുടെയും ജീവന്‍ അപരഹിച്ചിട്ടുണ്ടാവില്ല, എന്നാല്‍ ആരെയെങ്കിലും ജീവച്ഛവം പോലെ നിരുന്മേഷരാക്കി മാറ്റാന്‍ നമ്മുടെ വാക്കുകള്‍ കാരണമായിട്ടുണ്ടോ എന്ന് ആത്മശോധന ചെയ്യണം.

ഈ വിധത്തില്‍ ചിന്തിക്കുമ്പോള്‍ നമ്മുടെ വിധികള്‍ക്കൊക്കെ ഒരു പ്രശ്‌നമുണ്ടെന്ന് കാണാം. ”അല്ലയോ മനുഷ്യാ, നീ ആരുതന്നെയായാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക് ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍ നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാല്‍ വിധിക്കുന്ന നീയും അതേ തെറ്റുകള്‍ ചെയ്യുന്നു.”(റോമ. 2:1). മരണത്തെക്കുറിച്ചും മരണാനന്തരജീവിതത്തെക്കുറിച്ചുമൊക്കെ ചിന്തിക്കുന്ന നവംബര്‍ മാസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മുടെ വിധികളെക്കുറിച്ചും വാക്കുകളെക്കുറിച്ചുമൊക്കെ കൂടുതല്‍ ഗൗരവത്തോടെ ചിന്തിക്കാം. നമ്മുടെ ഒരോ വാക്കിലും വിധിയിലും ജീവനും മരണവും അടങ്ങിയിരിക്കുന്നു എന്ന ചിന്ത കൂടുതല്‍ ശ്രദ്ധയോടെ സംസാരിക്കുവാനും ഉത്തരവാദിത്വത്തോടെ വാക്കുകള്‍ ഉപയോഗിക്കുവനും നമ്മെ പ്രേരിപ്പിക്കണം. ”സൗമ്യമായ വാക്ക് ജീവന്റെ വൃക്ഷമാണ്” (സുഭ. 15:4).

ഉമ്മന്‍ ചാണ്ടിയുടെ സുഹൃത്തായിരുന്ന മണര്‍കാട് മെഡിക്കല്‍സ് എന്ന മെഡിക്കല്‍ ഷോപ്പിന്റെ ഉടമ പറഞ്ഞ അനുഭവം ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒന്നാണ്. അത്യാവശ്യ മരുന്നുകള്‍ക്കായി ഉമ്മന്‍ ചാണ്ടിയെ സമീപിക്കുന്നവരെ അദ്ദേഹം പറഞ്ഞുവിട്ടിരുന്നത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള മണര്‍കാട് മെഡിക്കല്‍സിലേക്കായിരുന്നു. ഒരിക്കല്‍ ഉമ്മന്‍ ചാണ്ടി കൊടുത്തുവിട്ട അത്യാവശ്യ മരുന്നുകളുടെ ലിസ്റ്റിന്റെ അടിയില്‍ അതുമായി വന്ന വ്യക്തി ‘ബൂസ്റ്റ്’ എന്നുകൂടെ എഴുതി ചേര്‍ത്തതായി കടയുടമ മനസിലാക്കി. ഉമ്മന്‍ ചാണ്ടി നല്‍കുന്ന സഹായം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് അറിയിക്കുന്നതിനായി ഈ വിവരം കടയുടമ ഉമ്മന്‍ ചാണ്ടിയെ വിളിച്ച് പറഞ്ഞു. ‘അവര്‍ക്ക് ഇല്ലാഞ്ഞിട്ടല്ലേ കുഞ്ഞുമോനെ. ആ ബൂസ്റ്റ് ഞാന്‍ തന്നെ എഴുതിയതായിട്ട് കൂട്ടിക്കോ” എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. സഹായം സ്വീകരിച്ച വ്യക്തി അനര്‍ഹമായ കാര്യത്തിനായി അത് ദുര്‍വിനിയോഗിച്ചു എന്നറിഞ്ഞിട്ടും ഒരു നിമിഷനേരത്തേക്ക് പോലും തെറ്റ് ചെയ്ത വ്യക്തിയെ വിധിക്കാതെ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച ഉമ്മന്‍ ചാണ്ടിയില്‍ ക്രിസ്തുവിന്റെ നിഴലാട്ടം കാണാം. ‘ഞാനും നിന്നെ വിധിക്കുന്നില്ല’ എന്നരുളിച്ചെയ്തുകൊണ്ട് പാപിനിയായ സ്ത്രീയോട് ക്ഷമിച്ച ക്രിസ്തുവിന്റെ മനോഭാവവും സംസാരശൈലിയും നമ്മിലും രൂപപ്പെടട്ടെ.”ഹൃദ്യമായ വാക്കു തേനറപോലെയാണ്. അത് ആത്മാവിന് മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്.”(സുഭ. 16:24)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?