Follow Us On

22

January

2025

Wednesday

‘സാത്താന്റെ ജപമാല’ എങ്ങനെ തിരിച്ചറിയും?

നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചില കൊന്തകൾ പിശാചിന്റെ കൊന്തകളായതിനാൽ അവ കത്തിച്ചു കളയണമെന്ന നിർദേശങ്ങൾ ചിലപ്പോഴെങ്കിലും കേട്ടിട്ടുണ്ടാകും. ഇതിന്റെ സത്യാവസ്ഥ എന്താണ്? ഉപയോഗശൂന്യമായ കൊന്തകൾ എന്തുചെയ്യണം? വിശ്വാസികളെ അലട്ടുന്ന ഈ സംശയത്തിന് കൃത്യമായ ഉത്തരം നൽകുന്നു ദൈവശാസ്ത്ര പണ്ഡിതൻകൂടിയായ തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി.

കേരളത്തിലെ വിശ്വാസികൾക്കിടയിൽ ഇടയ്ക്കിടെ പൊന്തിവരാറുള്ള തെറ്റിദ്ധാരണകളിലൊന്നാണ് ‘പിശാചിന്റെ കൊന്ത’ എന്ന പദപ്രയോഗം. പിശാച് കൊന്ത ചൊല്ലില്ലെന്നും നാരകീയ ശത്രുവായ പിശാചിന്റെ തല തകര്‍ത്ത ദൈവപുത്രനെയും അവിടുത്തെ മാതാവിനെയുമാണ് കൊന്തയിലൂടെ ആദരിക്കുന്നതെന്നും എല്ലാവര്‍ക്കും അറിവുള്ളതാണ്. കൊന്തയിലെ കുരിശാണ് ‘പൈശാചിക’ മായി വ്യാചപ്രചാരകര്‍ ചൂണ്ടിക്കാട്ടുന്നത് എന്നത് പ്രശ്‌നത്തെ ഗൗരവമുള്ളതാക്കുന്നു. നാളിതുവരെ പിശാചിനെ തുരത്താനുള്ള അടയാളമായി ഉപയോഗിച്ചിരുന്ന ക്രൂശിതരൂപം പെട്ടെന്നൊരുനാള്‍ പിശാചിന്റെ പ്രതീകമായി മാറുന്നതിനു പിന്നിലെ ആധ്യാത്മിക അപകടത്തെയും അപചയത്തെയുംകുറിച്ച് ഇതിന്റെ പ്രചാരകര്‍ ചിന്തിക്കാതിരിക്കുന്നതു ശരിയല്ല.

സാത്താന്റെ ജപമാലകള്‍ യാഥാര്‍ത്ഥ്യമോ?
സാത്താന്‍ ആരാധനയ്ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ‘സാത്താന്‍ ജപമാലകള്‍’ കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലാണ് പ്രചാരത്തിലായത്. രണ്ടുതരത്തിലുള്ള ജപമാലകള്‍ സാത്താന്‍ ആരാധകരുടെയിടയില്‍ നിലവിലുണ്ട്. ആദ്യത്തേത്, പതിമൂന്നുമണി ജപമാല. ഇത് തലയോട്ടിയുടെ ആകൃതിയിലുള്ള 13 മണികള്‍ നിശ്ചിത അകലത്തില്‍ ചേര്‍ത്തുകെട്ടിയ മാലയാണ്. രണ്ടാമത്തെ തരം ജപമാലയില്‍ 108 മണികള്‍ ഉണ്ട്. ഇവയുടെ മണികള്‍ക്ക് തലയോട്ടിയുടെ ആകൃതിയല്ല, സാധാരണ മുത്തുകള്‍ പോലെയുള്ളവയാണ്.

രണ്ടു ജപമാലകളുടെ അറ്റത്തും തലകീഴായുള്ള ക്രൂശിതരൂപങ്ങളുണ്ട്. ക്രിസ്തുവിനെ സാത്താന്‍ പരാജയപ്പെടുത്തി എന്നു സൂചിപ്പിക്കാനാണത്രേ തലകീഴായി ക്രൂശിതരൂപം ഉപയോഗിക്കുന്നത്. ജപമാലയുടെ ലോക്കറ്റായി (മൂന്നും ചേരുന്ന കണ്ണി) അഞ്ച് ദളങ്ങളുള്ള നക്ഷത്രവലയമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ക്രൈസ്തവ ജപമാലയെ അനുകരിച്ച് ‘നരകപിതാവിനോടുള്ള ജപം’ (സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയെ പരിഹസിച്ചുകൊണ്ട്) ‘അഷ്‌തേരായോടുള്ള പ്രാര്‍ത്ഥന’ (നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയെ ആക്ഷേപിച്ചുകൊണ്ട്) പൈശാചിക ത്രീത്വസ്തുതി എന്നിവ ചേരുന്നതാണ് ഈ ജപമാല.
ഇതിലെ പല ആചാരങ്ങളും അശ്ലീലധ്വനിയുള്ളവയാണ്. സന്തോഷം, ദുഃഖം, മഹിമ, പ്രകാശം എന്നീ നാലു വിഭാഗങ്ങളിലാണ് സാത്താന്‍ ജപമാലയിലും ‘രഹസ്യങ്ങള്‍’ ക്രമീകരിച്ചിരിക്കുന്നത്. ചുരുക്കത്തില്‍, കത്തോലിക്കാ ജപമാലഭക്തിയെ പരിഹാസ്യമായി അനുകരിച്ച് സാത്താനെ സ്തുതിക്കുന്ന കര്‍മമാണ് സാത്താന്‍ ജപമാല. ഇതിനുവേണ്ടി നിര്‍മിച്ച പൈശാചിക വസ്തുവാണ് ‘സാത്താന്‍ കൊന്ത’.
മേല്‍പറഞ്ഞ ലക്ഷണങ്ങളില്ലാത്ത കൊന്തകള്‍ സാത്താന്‍ കൊന്തകളല്ല. ആകൃതിയിലും മണികളുടെ എണ്ണത്തിലും കുരിശുരൂപത്തിന്റെ നിലയിലും കത്തോലിക്കാ കൊന്തകളില്‍നിന്ന് ഇവ തികച്ചും വ്യത്യസ്തമാണ്. അതിനാല്‍ തന്റെ കൈവശമുള്ള യഥാര്‍ത്ഥ കൊന്ത സാത്താന്റെ കൊന്തയാണോ അഥവാ ആയിത്തീരുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. പ്രസ്തുത കൊന്ത ഉപയോഗിച്ചുള്ള ജപമാല പ്രാര്‍ത്ഥന സാത്താന്റെ സ്തുതിപ്പ് ആകുകയുമില്ല. കാരണം സാത്താന്റെ ജപമാല പ്രാര്‍ത്ഥനയില്‍ നിയതമായ സാത്താന്‍ സ്തുതിപ്പുകളും ആംഗ്യങ്ങളുമാണുള്ളത്.
കുരിശും സര്‍പ്പവും തമ്മിലെന്താ ബന്ധം?
ചില കൊന്തകളിലെ കുരിശുരൂപത്തില്‍ സര്‍പ്പത്തിന്റെ ചിത്രീകരണമുണ്ട്. ഇത് സാത്താന്‍ കൊന്തയുടെ ലക്ഷണമാണെന്ന് പരക്കെ വ്യാഖ്യാനിക്കപ്പെടാറുണ്ട്. എന്നാല്‍, ഇത് അജ്ഞതകൊണ്ടു പ്രചരിപ്പിക്കപ്പെടുന്ന അബദ്ധമാണെന്നു പറയാതെ തരമില്ല. കാരണം സഭയുടെ പാരമ്പര്യത്തില്‍ ആദ്യകാലംമുതലേ സര്‍പ്പവും കുരിശും തമ്മിലുള്ള പ്രതീകാത്മകത ഊന്നിപ്പറയപ്പെട്ടിരുന്നു.
സഭയില്‍ വിശുദ്ധ കുരിശിനോടും ക്രൂശിതരൂപത്തോടുമുള്ള ഭക്തി പ്രചരിപ്പിച്ചത് കോണ്‍സ്റ്റന്റയ്ന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേനാ രാജ്ഞിയാണെന്നത് സുവിദമാണല്ലോ. കോണ്‍സ്റ്റന്റയ്‌ന്റെ കാലത്തുതന്നെ പുറത്തിറക്കിയ റോമന്‍ നാണയങ്ങളില്‍ കുരിശിന്‍ ചുവട്ടില്‍ (ക്രിസ്റ്റോഗ്രാം പതിച്ച കൊടിമരം) പാമ്പിനെ ചിത്രീകരിച്ചിരുന്നു. നാരകീയ ശത്രുവായ പിശാചിന്റെ തല ക്രിസ്തുവിന്റെ കുരിശ് തകര്‍ത്തു എന്നതാണ് ഈ ചിത്രീകരണത്തിന്റെ അര്‍ത്ഥം.
സര്‍പ്പദംശനം ചികിത്സയില്ലാത്ത ദുരന്തമായിരുന്ന കാലഘട്ടത്തില്‍ സര്‍പ്പവിഷത്തെ സര്‍വ്വനാശത്തിന്റെ പ്രതീകമായി യഹൂദര്‍ കരുതിയിരുന്നു. തിന്മവഴിയുള്ള നാശം സര്‍പ്പവിഷംമൂലമുള്ള നാശംപോലെ വിനാശകാരിയാണ് എന്നതാണ് വിശുദ്ധ ഗ്രന്ഥകാരന്റെ ഭാഷ്യം. കാലാന്തരത്തില്‍ സര്‍പ്പം തിന്മയുടെ പ്രതീകമായി മാറി (സങ്കീ 58:4; 140:3; സുഭാ 23:32; ജറെ 8:17; ഏശ 14:29). ആദിമാതാപിതാക്കളെ ചതിച്ച സര്‍പ്പത്തെ (ഉല്‍പ 3:2-7) പിശാചായി വെളിപാടു ഗ്രന്ഥകാരന്‍ ചിത്രീകരിക്കുന്നുണ്ട് (വെളി 12:9; 20:2). അതിനാല്‍ കുരിശിന്‍ചുവട്ടില്‍ സര്‍പ്പത്തെ ചിത്രീകരിക്കുകവഴി തിന്മയുടെമേലുള്ള ക്രിസ്തുവിന്റെ വിജയത്തെയാണ് പ്രതീകാത്മകമായി ചിത്രീകരിക്കുന്നത്.
അന്ത്യോക്യന്‍ പാരമ്പര്യത്തില്‍ കുരിശില്‍ പാമ്പിനെ ചിത്രീകരിക്കുന്ന പതിവ് സാധാരണമായിരുന്നു. അന്ത്യോക്യന്‍ മെത്രാന്മാരുടെ അംശവടികളില്‍ കുരിശും സര്‍പ്പവും സംയുക്തമായി ഇന്നും ചിത്രീകരിക്കപ്പെടാറുണ്ട്. സംഖ്യ 21:8-ല്‍ പരാമര്‍ശിക്കുന്ന പിത്തളസര്‍പ്പത്തെയാണ് ഇവിടെ പ്രതീകവത്കരിക്കുന്നത്. മരുഭൂമിയിലെ  ആഗ്നേയ സര്‍പ്പങ്ങളുടെ വിഷദംശനത്തില്‍നിന്നും രക്ഷനേടുന്നതിനുള്ള രക്ഷാസൂചകമായാണ് ഇവിടെ പിത്തളസര്‍പ്പം നല്‍കപ്പെടുന്നത്.
മരുഭൂമിയില്‍ ഉയര്‍ത്തപ്പെട്ട പിത്തളസര്‍പ്പത്തോട് ക്രിസ്തു തന്റെ കുരിശുമരണത്തെ താദാത്മ്യപ്പെടുത്തുന്നത് യോഹ 3:14 ല്‍ വിശദീകരിക്കുന്നുണ്ട്. സര്‍പ്പം സാത്താന്റെ പ്രതീകമായി മാത്രമല്ല, രക്ഷയുടെ പ്രതീകമായും ബൈബിളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ഈ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നു. മരുഭൂമിയിലെ പിത്തളസര്‍പ്പവും ക്രിസ്തുവിന്റെ കുരിശും രക്ഷയുടെ പ്രതീകങ്ങളാണ്. ഈ രക്ഷാപ്രതീകങ്ങളെ സംയുക്തമായി അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചില കുരിശുരൂപങ്ങളില്‍ സര്‍പ്പത്തെ ചിത്രീകരിക്കുന്നത്.
പാമ്പ് പടംപൊഴിച്ച് യൗവനം വീണ്ടെടുക്കുന്ന പ്രവൃത്തിയോട് മാനസാന്തരജീവിതത്തെ താദാത്മ്യപ്പെടുത്തുന്ന അനേകം ഉദാഹരണങ്ങള്‍ സഭാപിതാക്കന്മാരുടെ രചനകളില്‍ കാണാം. തന്മൂലം പാമ്പിനെ പിശാചായി മാത്രമേ കരുതൂ എന്ന നിര്‍ബന്ധബുദ്ധി മൂഢത്വമാണ്. സര്‍പ്പത്തിന്റെ വിവേകത്തെക്കുറിച്ചുള്ള ക്രിസ്തുവിന്റെ പരാമര്‍ശം (മത്താ 10:16) നമ്മുടെ ചിന്തകള്‍ക്ക് നേര്‍ദിശ ലഭിക്കാന്‍ സഹായകമാണ്. പാമ്പിന്റെ പടം കണ്ടാല്‍ ഉടനേ ‘അയ്യോ, പിശാചു വന്നേ’ എന്നു നിലവിളിക്കേണ്ടതില്ല എന്നു ചുരുക്കം.
ക്രൂശിതരൂപത്തിന്റെ ‘ഇടതുപക്ഷം’
ഇടത്തോട്ടു തലചായിച്ച കുരിശുരൂപങ്ങളും ഇടതുകാല്‍ വലതുകാലിന്റെ മുകളില്‍ വച്ചു തറയ്ക്കപ്പെട്ട കുരിശുരൂപങ്ങളും പൈശാചിക കുരിശുകളാണെന്നതാണ് മറ്റൊരു കിംവദന്തി. മിശിഹാ അനന്തരം തലചായ്ച്ച് ജീവന്‍ വെടിഞ്ഞു”എന്ന അര്‍ത്ഥത്തിലാണ് നാലു സുവിശേഷങ്ങളും യേശുവിന്റെ മരണത്തെ ചിത്രീകരിക്കുന്നത് (മത്താ 25:54-56; മര്‍ക്കോ 15:33-41; ലൂക്കാ 23:44-49; യോഹ 19:28-30). ഇരുകരങ്ങളും ശിരസ്സിനേക്കാളും ഉയര്‍ന്നതലത്തില്‍ വലിച്ചുനീട്ടി തറയ്ക്കപ്പെട്ട ക്രൂശിതവ്യക്തിയുടെ ശിരസ്സ് ചായുന്നത് ഇടത്തേക്കോ വലത്തേക്കോ അല്ല നേരെ താഴോട്ടായിരിക്കും എന്നതാണ് സത്യം. ”അവന്‍ തലചായ്ച്ച് ആത്മാവിനെ നല്‍കി” എന്ന യോഹന്നാന്‍ സുവിശേഷകന്റെ പരാമര്‍ശം ഈ അര്‍ത്ഥത്തില്‍ ശ്രദ്ധേയമാണ്.
യേശുവിന്റെ കാലുകളില്‍ ആണി തറച്ചിരുന്നില്ല എന്ന ശക്തമായ പാരമ്പര്യം നിലവിലുണ്ട്. കാരണം റോമന്‍ കുരിശുവധത്തില്‍ ചുരുക്കമായേ കാലുകളില്‍ ആണി അടിച്ചിരുന്നുള്ളു. കാലില്‍ ആണി അടിച്ചിരുന്ന സന്ദര്‍ഭങ്ങളില്‍ വലതുകാല്‍പ്പാദത്തിനു മുകളില്‍ ഇടതുകാല്‍പാദം ചേര്‍ത്തുവച്ചാണ് കുരിശില്‍ തറച്ചിരുന്നത്. ബൈബിള്‍ ഇക്കാര്യത്തില്‍ മൗനം ദീക്ഷിക്കുന്നതിനാല്‍ കാല്‍പ്പാദങ്ങളുടെ സ്ഥാനത്തെക്കുറിച്ച് വിവാദമുണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ല. ഇടതുപാദവും വലതുപാദവും ഒരുപോലെ യേശുവിന്റെ പാദങ്ങള്‍ തന്നെയാണല്ലോ. തന്മൂലം ഇത്തരം ബാലിശമായ വിവാദങ്ങള്‍ക്കു വിരാമമിടാം.
കൊന്ത ഒരു ഭക്തവസ്തു
പ്രാര്‍ത്ഥനയ്ക്ക് സഹായിക്കുന്ന ഒരു ഭക്തവസ്തു മാത്രമാണ് കൊന്ത. ഒരു കൊന്തയും അതില്‍ത്തന്നെ വിശുദ്ധമോ ദൈവികമോ അല്ല. സഭയുടെ വിശുദ്ധിയില്‍ പങ്കാളിത്തം നല്‍കുന്ന വിശുദ്ധീകരണ കര്‍മത്തിലൂടെ (വെഞ്ചരിപ്പിലൂടെ) യാണ് കൊന്ത വിശുദ്ധമാകുന്നത്.
ദൈവാലയത്തിനായുള്ള കെട്ടിടം എത്ര മനോഹരമായി നിര്‍മിച്ചതാണെങ്കിലും കൂദാശ ചെയ്യുംവരെ അത് വെറുമൊരു കെട്ടിടം മാത്രമാണ്. അതുപോലെ, കൊന്തയുടെ ഭംഗിയോ ആകൃതിയോ അല്ല, അഭിഷിക്തര്‍ വിശുദ്ധീകരിക്കുമ്പോഴാണ് കൊന്ത വിശുദ്ധ വസ്തുവാകുന്നത്.
തന്മൂലം തങ്ങളുടെ കൊന്തയെക്കുറിച്ച് എന്തെങ്കിലും ആശങ്കയുള്ളവര്‍ അത് വെഞ്ചരിപ്പിച്ച് വിശുദ്ധ വസ്തുവായി ഉപയോഗിക്കുക. വെഞ്ചരിച്ച കൊന്തയെ പൈശാചികമായി കരുതരുത്.
ഉപയോഗശൂന്യമായ വിധത്തില്‍ പൊട്ടിപ്പോയ കൊന്തകള്‍ എന്തുചെയ്യും എന്നതും പ്രസക്തമായ ചോദ്യമാണ്. അഗ്നിക്കിരയാക്കുകയോ മനുഷ്യര്‍ സാധാരണ നടക്കാത്ത മണ്ണില്‍ മറവു ചെയ്യുകയോ ആണ് ഉപയോഗശൂന്യമായ വിശുദ്ധവസ്തുക്കളെക്കുറിച്ചുള്ള പാരമ്പര്യം. കൊന്തയ്ക്കും മറ്റെല്ലാ ഭക്തവസ്തുക്കള്‍ക്കും ഇതു ബാധകമാണ്.
വഴിയാത്രക്കാരനായ വൃദ്ധബ്രാഹ്മണന്റെ ആടിനെ പട്ടിയാക്കി മൂന്ന് കള്ളന്മാര്‍ തട്ടിയെടുത്ത കഥ നമുക്ക് പരിചിതമാണല്ലോ. ”ഇത് പട്ടിയല്ലേ” എന്ന ആവര്‍ത്തിച്ചുള്ള ചോദ്യംകേട്ട് ബ്രാഹ്മണന്‍ ആടിനെ ഉപേക്ഷിച്ച് ഓടിപ്പോയത്രേ. മേല്‍പ്പറഞ്ഞ കൊന്തവിവാദങ്ങളും ഇതേ ദുരന്തത്തില്‍ കലാശിക്കാതിരിക്കാന്‍ ജാഗരൂകരാകാം.
നൂറ്റാണ്ടുകളായി വിശ്വാസികള്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച ജപമാലകള്‍ പൈശാചികമാണെന്ന സംശയം ജനിപ്പിച്ച് അത് നശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് തീര്‍ച്ചയായും സാത്താന്റെ ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. ഇത്തരം ഉപദേശം കൊടുക്കുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ സത്യമറിയാന്‍ വൈകരുത്. രക്ഷയുടെ അടയാളമായ കുരിശിനെ സകല സംശയങ്ങളും നീക്കി നമുക്ക് സധൈര്യം ഹൃദയത്തോടു ചേര്‍ത്തുപിടിക്കാം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?