Follow Us On

22

January

2025

Wednesday

മരിച്ച വിശ്വാസികളുടെ ഓർമയാചരണത്തിൽ സീറോ മലബാർ സഭ! എന്തുകൊണ്ട് ഈ ദിനം?

ജൂഡ്‌സൺ കൊച്ചുപറമ്പൻ

മരിച്ച വിശ്വാസികളുടെ ഓർമയാചരണത്തിൽ സീറോ മലബാർ സഭ! എന്തുകൊണ്ട് ഈ ദിനം?

സീറോ മലബാർ സഭ ഈ വർഷം ഇന്ന്‌ (ഫെബ്രുവരി 17) മരിച്ച വിശ്വാസികളുടെ തിരുനാൾ ആഘോഷിക്കുമ്പോൾ, സവിശേഷമായ ആ ആരാധനക്രമ പാരമ്പര്യത്തെക്കുറിച്ച് പങ്കുവെക്കുന്നു ലേഖകൻ.

പൂന്തോട്ടം മനോഹരമാകുന്നത് വിവിധങ്ങളായ പൂക്കളുടെ സാന്നിധ്യത്താലാണ്. അതുപോലെയാണ്, വിവിധങ്ങളായ സഭാപാരമ്പര്യങ്ങളാൽ ഒരൊറ്റ വിശ്വാസത്തിൽ പരിശുദ്ധ കത്തോലിക്കാ സഭ സമ്പുഷ്ടയാകുന്നതും. ലത്തീൻ സഭയിൽ നവംബർ രണ്ടിനും സീറോ മലങ്കര സഭയിൽ വലിയ നോമ്പ് തുടങ്ങും മുമ്പുള്ള ഞായറാഴ്ചയുമാണ് മരിച്ചവരുടെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ സീറോ മലബാർ സഭയിൽ മരിച്ചവിശ്വാസികളുടെ ഓർമ ആഘോഷിക്കുന്നത് നോമ്പ് തുടങ്ങുംമുമ്പുള്ള വെള്ളിയാഴ്ചയാണ്. അതായത് ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ച.

എന്തുകൊണ്ട് വെള്ളിയാഴ്ച?

നമ്മുടെ കർത്താവ് കുരിശിൽ ജീവൻ വെടിഞ്ഞത് വെള്ളിയാഴ്ച വൈകുന്നേരമാണന്നാണല്ലോ സുവിശേഷം സാക്ഷ്യം നൽകുന്നത്. നമ്മുടെ കർത്താവിന്റെ മരണം അനുസ്മരിക്കുന്ന വെള്ളിയാഴ്ച കർത്താവിൽ മരിച്ച രക്തസാക്ഷികളെയും ഉത്ഥാനം പ്രതീക്ഷിച്ച് മരണമടഞ്ഞവരെയും ഓർക്കുന്നത് അതിനാൽ ന്യായവും യുക്തവുമാണ്. നമ്മുടെ കർത്താവിന്റെ മരണത്തോട് ഐക്യപ്പെട്ടിരിക്കുന്ന നാം അവിടുത്തെ ഉയിർപ്പിലും അവിടുത്തോടുകൂടെ ഐക്യപ്പെടും എന്ന ശ്ലീഹായുടെ വിശ്വാസം തന്നെയാണ് സഭ ഇതിലൂടെ പ്രഘോഷിക്കുന്നത്.

മരിച്ച വിശ്വാസികളുടെ തിരുനാൾ

‘അന്നീദാ’ എന്ന സുറിയാനി പദമാണ് മരിച്ച വിശ്വാസികളെ സൂചിപ്പിക്കാൻ സഭ ഉപയോഗിക്കുന്നത്. അതിനാൽ ഈ തിരുനാളിനെ അന്നീദാ തിരുനാൾ എന്നും വിളിക്കുന്നു. തിരുനാളുകളെ കുറിച്ചുള്ള പഴയ കയ്യെഴുത്ത് പ്രതികളിൽ ഈ തിരുനാളിനെ ആദത്തിന്റെ മക്കളുടെ ഓർമ എന്നും വിളിക്കുന്നുണ്ട്. അതായത് പുതിയ നിയമവിശ്വാസികളെ മാത്രമല്ല പഴയനിയമത്തിൽ ജീവിച്ചിരുന്ന സത്യവിശ്വാസികളുടെയും ഓർമയാചരണം കൂടിയാണ് ഈ തിരുനാൾ.

സീറോ മലബാർ സഭയുടെ ആരാധനാക്രമ പഞ്ചാംഗത്തിൽ ദനഹാകാലത്തിലെയും കൈത്താക്കാലത്തിലെയും വെള്ളിയാഴ്ചകളിലാണ് വിശുദ്ധരുടെ ഓർമ ആഘോഷിക്കുന്നത്. കാരണം, അവർ ഈ ലോകത്തിൽ കർത്താവിനെ വെളിപ്പെടുത്തി നൽകിയവരാണ്. കർത്താവിനെ ഈ ലോകത്തിൽ ആദ്യമായി വെളിപ്പെടുത്തി നൽകിയ മറിയത്തിന്റെ തിരുനാൾ ദനഹാതിരുനാളിന് മുമ്പുള്ള വെള്ളിയാഴ്ചയാണ് ആഘോഷിക്കുന്നത്. അതുപോലെ, ഈ ലോകത്തിൽ മാമ്മോദീസാ വഴി ക്രിസ്തുവിനെ വെളിപ്പെടുത്തിയ യോഹന്നാനെ ദനഹാതിരുനാൾ കഴിഞ്ഞുവരുന്ന വെള്ളിയാഴ്ചയും ഓർക്കുന്നു.

പിന്നീടുള്ള ആഴ്ചകളിൽ തന്നെ ഈ ലോകത്തിൽ പലവിധത്തിൽ ക്രിസ്തുവിനെ വെളിപ്പെടുത്തിയ രക്തസാക്ഷികളെയും സഭാപിതാക്കന്മാരെയും സഭയുടെ സ്ഥാപകരെയും അനുസ്മരിക്കുന്നു. അതിപ്രകാരമാണ്, ഒന്നാം വെള്ളിയാഴച സ്നാപക യോഹന്നാനെയും രണ്ടാം വെള്ളി സഭയുടെ നെടുംതൂണുകളായ പത്രോസ്- പൗലോസ് ശ്ലീഹന്മാരെയും മൂന്നാം വെള്ളി ലോകത്തിൽ സുവിശേഷമറിയിച്ച നാല് സുവിശേഷകരെയും നാലാം വെള്ളി ആദ്യ രക്തസാക്ഷിയായ എസ്തപ്പാനോസ് സഹദായെയും ഓർമിക്കുന്നു. അഞ്ചാം വെള്ളിയിൽ ഗ്രീക്ക് സഭയിലെ മൽപ്പാന്മാരെയും ആറാം വെള്ളിയിൽ സുറിയാനി സഭകൾ മുഴുവനിലെയും മൽപ്പാന്മാരെയും ഏഴാം വെള്ളി അതാത് സഭയുടെ സ്ഥാപകനെയും (കേരളത്തിൽ മാർത്തോമ്മാ ശ്ലീഹായെയും) ഓർക്കുന്നു.

ഈസ്റ്റർ താമസിച്ചുവരുന്നു വർഷങ്ങളിൽ ദനഹാക്കാലം ഒൻപത് ആഴ്ചകളാകും, അങ്ങനെ വരുമ്പോൽ എട്ടാം വെള്ളി 40 രക്തസാക്ഷികളുടെ (സെബാസ്ത്യായിലേ 40 രക്തസാക്ഷികൾ) ഓർമ ആചരിക്കുന്നു. ഒൻപതാം വെള്ളി (ദനഹായുടെ അവസാന വെള്ളി) സകല മരിച്ചുപോയവരെയും അനുസ്മരിക്കുന്ന ദിവസമാണ്. കാരണം രക്തസാക്ഷികൾക്ക് തുല്യമായി, ഇഹലോക ജീവിതം പൊരുതി ജയിച്ച് കർത്താവിനെ ഈ ലോകത്തിൽ സാക്ഷ്യപ്പെടുത്തിയവരാണ് മരിച്ച വിശ്വാസികൾ.

മരിച്ചവരുടെ ഓർമയാചരണം എങ്ങനെ?

വെള്ളിയാഴ്ച ഉപവാസവും മാംസ വർജ്ജന ദിനവുമാകയാൽ ആഘോഷങ്ങളിൽ മാംസവർജ്ജനം നടത്തിയിരുന്നു. മരിച്ചവരെ പ്രതിയുള്ള ഉപവാസവും സഭയിൽ ഈ ദിനത്തിൽ നടത്തിയിരുന്നു. പള്ളിയുടെ നടുവിൽ വിരിപ്പ് വിരിച്ച് ധൂപം അർപ്പിക്കുകയും വിശുദ്ധ ജലം തളിക്കുകയും ചെയ്തിരുന്നു. എന്തിനാണ് മരിച്ചവരുടെ കല്ലറയിൽ ധൂപം വയ്ക്കുകയും വിശുദ്ധജലം തളിക്കുകയും ചെയ്യുന്നത്? അതേക്കുറിച്ച് അറിയുന്നതും നല്ലതാണ്.

പാപാപരിഹാരത്തിന് ധൂപബലി പഴയനിയമത്തിൽ ദൈവം ആവശ്യപ്പെടുന്നുണ്ട്. നമ്മുടെ കർത്താവിന്റെ രക്തത്താൽ രക്ഷിക്കപ്പെട്ട സഭയുടെ തനയർക്കു വേണ്ടിയും സഭ ധൂപബലി അർപ്പിക്കാറുണ്ട്. മക്കബായരുടെ പുസ്തകത്തിൽ, യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി പാപപരിഹാരബലി നടത്താൻ ജറുസലേം ദൈവാലത്തിലേക്ക് അയക്കപ്പെടുന്നത് നാം വായിക്കുന്നുണ്ട്. അസ്ഥികൾ പനിമഞ്ഞ് തളിക്കണമെന്നും സോപ്പായാൽ എന്റെ പാപം കഴുകണമേ എന്നുമുള്ള സങ്കീർത്തകന്റെ പ്രാർത്ഥനയോട് ചേർന്നുകൊണ്ടാണ് സഭയും മൃതരുടെ അസ്ഥികളിന്മേൽ വിശുദ്ധ ജലം തളിക്കുന്നത്.

മരിച്ചവരുടെ ഓർമയാചരണം പരിശുദ്ധ കുർബാനയിൽ

ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയും മരിച്ചുപോയവരുടെ പാപപരിഹാരത്തിനായും അർപ്പിക്കപ്പെടുന്ന ആരാധനയാണ് പരിശുദ്ധ കുർബാന. സീറോ മലബാർ കുർബാനയിൽ മരിച്ചുപോയവരെ നിരവധി തവണ ഓർക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്. അനാഫോറായുടെ (കുർബാനയുടെ മുഖ്യഭാഗം) തുടക്കത്തിൽ വിശ്വാസപ്രമാണത്തിന് മുമ്പ് ഓർക്കുന്ന അനുസ്മരണാഗീതത്തിലെ അവസാന വരികൾ മരിച്ചവരുടെ വിശ്വാസപ്രഖ്യാപനമാണ്.

അനാഫോറായിലും അനാഫോറാക്ക് ശേഷവും മരിച്ചവരെ ഓർക്കാറുണ്ട്. കുർബാനയിൽ നാം പ്രാർത്ഥിക്കുന്നതുപോലെ നമുക്കും പ്രാർത്ഥിക്കാം: ‘ചെറിയവരും വലിയവരും നിന്റെ മഹത്വപൂർണമായ ഉത്ഥാനം വഴി നീ ഉയർപ്പിക്കുമെന്നുള്ള പ്രത്യാശയിൽ മരിച്ചവരെല്ലാം നിദ്ര ചെയ്യുന്നു.’

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?