Follow Us On

03

December

2024

Tuesday

നൂറുമേനി ഫലം കൊയ്യാന്‍ കേരളസഭ ഒരുങ്ങുമ്പോള്‍…

നൂറുമേനി ഫലം കൊയ്യാന്‍ കേരളസഭ ഒരുങ്ങുമ്പോള്‍…

അനേകവര്‍ഷം കേരളത്തിലെ ഒരു കത്തോലിക്ക സ്ഥാപനത്തില്‍ ജോലി ചെയ്ത അക്രൈസ്തവനായ വ്യക്തി, ആ സ്ഥാപനത്തില്‍ നിന്ന് മാറി കുറച്ചുനാളുകള്‍ക്ക് ശേഷം തിരികെ വന്നപ്പോള്‍ സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്ന വൈദികനോട് ഇപ്രകാരം ചോദിച്ചു, ” ഞാന്‍ ഇത്രയും കാലം ഇവിടെ ജോലി ചെയ്തിട്ടും നിങ്ങള്‍ എന്തുകൊണ്ടാണ് ക്രിസ്തുവിനെക്കുറിച്ച് എന്നോട് പറയാതിരുന്നത് ” ദീര്‍ഘനാളുകള്‍ കത്തോലിക്ക സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടും മറ്റൊരിടത്തില്‍വച്ച് പെന്തക്കുസ്താ സഭാവിഭാഗത്തില്‍ പെട്ടവരില്‍ നിന്നാണ് ആ വ്യക്തി ക്രിസ്തുവിനെക്കുറിച്ചും ക്രിസ്തുവിലൂടെ ലഭ്യമാകുന്ന രക്ഷയെക്കുറിച്ചും കേള്‍ക്കാന്‍ ഇടയായത്. ഈ വേദനയാണ് അദ്ദേഹത്തിന്റെ ചോദ്യത്തില്‍ പ്രതിഫലിച്ചത്. ക്രിസ്തുവിനെക്കുറിച്ച് മറ്റുള്ളവരോട് പങ്കുവയ്ക്കുന്ന കാര്യത്തില്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കത്തോലിക്ക വിശ്വാസികളുടെയും കത്തോലിക്ക സ്ഥാപനങ്ങളുടെയും അവസ്ഥയുടെ നേര്‍ചിത്രമാണ് ഈ സംഭവം. നമ്മുടെ വിശ്വാസത്തിന്റെ ഈ നിജസ്ഥതി തിരിച്ചറിഞ്ഞുകൊണ്ടാവണം, 2022-2025 വരെ ആചരിക്കുന്ന കേരളസഭാ നവീകരണത്തിന്റെ മൂന്നാംഘട്ടം മിഷന്‍ വര്‍ഷമായും മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷമായും ആചരിക്കുവാന്‍ കേരളസഭയിലെ പിതാക്കന്‍മാര്‍ ഇക്കഴിഞ്ഞ കെസിബിസി സമ്മേളനത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ആചരണം കേവലം ഔപചാരിക ചടങ്ങുകള്‍ മാത്രമായി ചുരുങ്ങാതെ കേരളസഭയെ മുഴുവന്‍ പ്രേഷിതതീക്ഷ്ണതയാല്‍ ഉജ്വലിപ്പിക്കുന്ന അനുഭവമായി മാറുന്നതിന് വേണ്ടി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

കേരളസഭ, വിശിഷ്യ സീറോ മലബാര്‍ സഭ, വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ സമയത്ത് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായ മാര്‍ തോമസ് തറയിലിന്റെ വൈറലായ ഒരു പ്രസംഗത്തിലെ ഏതാനും ചില വരികളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കട്ടെ: ”കുര്‍ബാന തര്‍ക്കമൊന്നുമല്ല നമ്മുടെ സഭയുടെ പ്രശ്‌നം. സുവിശേഷം പറയാന്‍ ധൈര്യമില്ലാത്ത, സുവിശേഷം പറയാന്‍ ലജ്ജിക്കുന്ന കത്തോലിക്കനാണ് നമ്മുടെ സഭയുടെ ഏറ്റവും വലിയ പ്രശ്‌നം. നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നാണ് ക്രിസ്തു നമ്മോട് ആവശ്യപ്പെട്ടത്. ലോകത്തിന്റെ അതിര്‍ത്തികള്‍ വരെയൊന്നും പോകണ്ട, നിങ്ങളുടെ പറമ്പിന്റെ വേലിക്കരികിലെങ്കിലും നിന്ന് ആരോടെങ്കിലും സുവിശേഷം പറഞ്ഞിട്ടുണ്ടോ?”. ക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്നും ക്രിസ്തു പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നു എന്നും അഭിമാനിക്കുന്ന കേരളത്തിലെ ഒരോ ക്രൈസ്തവവിശ്വാസിയും വളരെ ഗൗരവത്തോടെ ചിന്തിക്കുകയും ഉത്തരം നല്‍കുകയും ചെയ്യേണ്ട ചോദ്യമാണിത്. രോഗങ്ങള്‍ സുഖമാകുന്നതു മുതല്‍ വിദേശത്ത് പോകുന്നത് വരെ നിരവധി ആവശ്യങ്ങളുമായി ദൈവസന്നിധിയിലണയുകയും അവിടെ നിന്ന് ധാരാളമായ കൃപകളും അനുഗ്രഹങ്ങളും നിരന്തരം സ്വീകരിക്കുകയും നല്ല പ്രാര്‍ത്ഥനാജീവിതം നയിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ പോലും ക്രിസ്തുവിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും, ക്രിസ്തു നമുക്കുവേണ്ടി നേടിത്തരുന്ന നിത്യജീവനെക്കുറിച്ചും മറ്റുള്ളവരുമായി, പ്രത്യേകിച്ചും നമ്മുടെ ഇടയില്‍ ജീവിക്കുന്ന അന്യമതസ്ഥരുമായി പങ്കുവയ്ക്കുവാന്‍ തയാറാകുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

മറ്റേതൊരു കാരുണ്യപ്രവൃത്തിയെക്കാലും ഏറ്റവും വലിയ നന്മയാണ് രക്ഷകനായ ക്രിസ്തുവിലേക്ക് ഒരു വ്യക്തിയെ നയിക്കുക എന്നത്. ഒരു വ്യക്തിയെ ഈ ഭൂമിയില്‍ വച്ചും അവന്റെ ആത്മാവിനെ നിത്യതയിലും രക്ഷിക്കുവാന്‍ കഴിവുള്ള ക്രിസ്തുവിനെ പരിചയപ്പെടുത്തുന്നതിന് പകരമാവില്ല മറ്റേതൊരു സഹായവും. വലിയ പ്രസംഗങ്ങള്‍ നടത്തുവാനോ മുഖാമുഖം സംസാരിച്ചുകൊണ്ട് ഈശോയെ പരിചയപ്പെടുത്തുവാനോ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. എന്നാല്‍ സുവിശേഷാധിഷ്ഠിതമായ നല്ല ആത്മീയ പുസ്‌കങ്ങളും മാസികകളും പ്രസിദ്ധീകരണങ്ങളും നല്‍കുക, സോഷ്യല്‍ മീഡിയയില്‍ വരുന്ന സുവിശേഷാധിഷ്ഠിതമായ പരിപാടികള്‍ ഷെയര്‍ ചെയ്തു നല്‍കുക, പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരെ ധ്യാനങ്ങള്‍ക്കും മറ്റ് ആത്മീയ ശുശ്രൂഷകള്‍ക്കും പറഞ്ഞുവിടുക തുടങ്ങിയ അനവധി മാര്‍ഗങ്ങളിലൂടെ സുവിശേഷം പങ്കുവയ്ക്കാന്‍ ഇന്ന് സാഹചര്യമുണ്ട്.

എങ്കിലും കേള്‍ക്കുന്ന വ്യക്തി എന്ത് വിചാരിക്കും, മതപരിവര്‍ത്തനത്തിനുള്ള ശ്രമമായി നമ്മുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുമോ തുടങ്ങിയ സന്ദേഹങ്ങള്‍ അനവധിയാളുകളെ ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. ക്രിസ്തുവിനെയും ക്രിസ്തുവിലൂടെ ലഭ്യമാകുന്ന രക്ഷയെക്കുറിച്ചും പരിചപ്പെടുത്തുക എന്നതാണ് നമ്മുടെ ദൗത്യമെന്നും അത് ഒരിക്കലും മതപരിവര്‍ത്തനമല്ലെന്നും നമുക്ക് തന്നെ വ്യക്തത ഉണ്ടാവണം. കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് സുവിശേഷത്തിന് വേണ്ടി ത്യാഗങ്ങള്‍ ഏറ്റെടുക്കാനും വേണ്ടി വന്നാല്‍ പീഡനങ്ങള്‍ സഹിക്കാനുമുള്ള സമയമായിരിക്കുന്നു. അതിന് തയാറാകാത്ത സഭകളെക്കുറിച്ച് മാര്‍ തോമസ് തറയില്‍ നല്‍കുന്ന മുന്നറിയിപ്പ് നമുക്കും ബാധകമാണ്, ”സുവിശേഷം പറയാന്‍ ലജ്ജിച്ച എല്ലാ സഭകളും ഇല്ലാതായി. സുവിശേഷം പറഞ്ഞ സഭകളൊക്കെ ഇന്നും നിലനില്‍ക്കുന്നു.” വചനമഴയാല്‍ കുതിര്‍ന്ന് പ്രാര്‍ത്ഥനയാകുന്ന വളത്താല്‍ സമ്പുഷ്ടമായ നല്ല നിലമാണ് കേരളസഭ. കേരളമണ്ണില്‍ നിന്ന് സ്വദേശത്തും വിദേശത്തുമായി ഫലം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന നൂറു കണക്കിന് വൈദികരും സന്യസ്തരും അല്മായ പ്രേഷിതരും ഇതിനോടകം ജന്മമെടുത്തിട്ടുണ്ട്. എന്നാല്‍ ആത്മീയമായി ഇത്രയധികം വേരോട്ടമുള്ള ഈ മണ്ണില്‍ നിന്ന് ദൈവം കൂടുതല്‍ ഫലം പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അതിനുള്ള വെട്ടിയൊരുക്കലായി ഇപ്പോള്‍ കേരളസഭനേരിടുന്ന പ്രതിസന്ധികളെ നമുക്ക് മനസിലാക്കാം. കേരളസഭയിലെ പിതാക്കന്‍മാര്‍ പ്രഖ്യാപിച്ച മിഷന്‍ വര്‍ഷം സഭയിലാകമാനം പുതിയ മിഷന്‍ ചൈതന്യം പടരാനും അങ്ങനെ കേരളസഭ കൂടുതല്‍ ഫലം നല്‍കുന്ന സഭയായി മാറുന്നതിനും ഇടയാക്കട്ടെ.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?