Follow Us On

12

January

2025

Sunday

പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല

പ്രത്യാശ നമ്മെ  നിരാശരാക്കുന്നില്ല

കെ.ജെ മാത്യു, മാനേജിംഗ് എഡിറ്റര്‍

2025-നെ വലിയ ഉത്സാഹത്തോടും സന്തോഷത്തോടും കൂടെ നമുക്ക് വരവേല്‍ക്കാം. കാരണം ഇത് പ്രത്യാശയുടെ വര്‍ഷമാണ്. അത്യുന്നതനായ ദൈവം ഭൂമിയിലെ തന്റെ സ്ഥാനപതിയിലൂടെ ഇക്കാര്യം നമുക്ക് വെളിപ്പെടുത്തിയിരിക്കുന്നു! ഈ വര്‍ഷം ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ച വേളയിലാണ് പരിശുദ്ധ പിതാവ് ഈ ദൂത് നമുക്ക് നല്‍കിയത്. ബെത്‌ലഹേമില്‍ ജനിച്ച ദൈവപുത്രനിലേക്ക് ജ്ഞാനികളെ നയിച്ച നക്ഷത്രത്തെപ്പോലെ ഇക്കൊല്ലം മുഴുവനും നമുക്ക് ദിശാബോധം നല്‍കുവാന്‍ ഒരു താരകം നല്‍കപ്പെട്ടിരിക്കുന്നു. അത് വിശുദ്ധ ഗ്രന്ഥത്തിലെ ചെറുതെങ്കിലും അര്‍ത്ഥവത്തായ ഒരു വാക്യമാണ്: ”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” (റോമാ 5:5).

ചുറ്റും ഇരുള്‍ പരക്കുന്ന ഈ വേളയില്‍ നമുക്കുവേണ്ടി ഉദിച്ച ഈ നക്ഷത്രം വളരെ പ്രാധാന്യമര്‍ഹിക്കുന്നതും പ്രസക്തവുമാണ്. യുദ്ധങ്ങള്‍, യുദ്ധങ്ങളെക്കുറിച്ചുള്ള കിംവദന്തികള്‍, സാമ്പത്തിക മാന്ദ്യം, ധാര്‍മികത്തകര്‍ച്ച, വിശ്വാസരാഹിത്യം ഇവയൊക്കെ നമ്മില്‍ അരക്ഷിതാവസ്ഥ ഉളവാക്കുന്നുണ്ട്. ഇത് സംജാതമാക്കുന്ന നിരാശമൂലം ജീവിതത്തോട് സ്വയം വിടപറയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ലോകം നാശത്തിലേക്ക് കൂപ്പുകുത്തുകയാണ് എന്ന് ദീര്‍ഘദര്‍ശനം ചെയ്യുന്ന പ്രവാചകന്മാരാണ് ഇന്ന് കൂടുതല്‍. ഈ ഭൂമി സുരക്ഷിതമല്ലെങ്കില്‍, വാസയോഗ്യമല്ലെങ്കില്‍ ഇവിടെനിന്ന് രക്ഷപെട്ട് അന്യഗ്രഹങ്ങളില്‍ രാപാര്‍ക്കാം എന്ന് മോഹിക്കുന്നവരും വിരളമല്ല.

ഇങ്ങനെ സംഭീതരായി നില്‍ക്കുന്ന മക്കളോട് പിതാവായ ദൈവം പറയുന്നു: ഭയപ്പെടേണ്ടാ, നിങ്ങളുടെ ഭാവി പ്രത്യാശാഭരിതമാണ്. സര്‍വതും നിയന്ത്രിക്കുന്ന സര്‍വശക്തനായ ദൈവം കൂടെയുണ്ട് (ഇമ്മാനുവേല്‍) എന്ന ദൃഢബോധ്യത്തില്‍നിന്നാണ് ഒരാള്‍ക്ക് പ്രത്യാശയുടെ കരുത്ത് ലഭിക്കുന്നത്. തന്നെ മൂടിക്കളയും എന്ന് തോന്നുമാറ് ഒഴുകുന്ന സങ്കടഗംഗയിലും തനിക്ക് രക്ഷപ്പെടുവാന്‍ അവിടുന്ന് ഒരു തുരുത്ത് ഒരുക്കുമെന്ന ബോധ്യമാണ് ഈ പ്രത്യാശ നല്‍കുന്നത്. അവിടുന്ന് അത് ചെയ്യുകതന്നെ ചെയ്യും!

ചുഴലിക്കാറ്റ് കശക്കിയെറിഞ്ഞ ‘സൗണ്ട് ഓഫ് മ്യൂസിക്’ എന്ന ഇലക്‌ട്രോണിക്‌സ് സ്റ്റോറിന്റെ ഉടമയുടെ പുനരുത്ഥാനത്തിന്റെ കഥ അത് നമ്മെ ഓര്‍മിപ്പിക്കുന്നു. 1981 ജൂണ്‍ 14-നാണ് സംഭവം നടന്നത്. അമേരിക്കയിലെ ചെറുപട്ടണമായ റോസ്‌വില്ലയില്‍ അന്ന് ഉച്ചതിരിഞ്ഞ് ആഞ്ഞടിച്ച ചുഴലിക്കാറ്റ് കാര്യമായൊന്നും ബാക്കിവച്ചില്ല. എത്ര ശക്തമാണെങ്കിലും ചുഴലിക്കാറ്റും ഒരു സമയം ശമിക്കും. തന്റെ സ്റ്റോര്‍ നിന്നിരുന്ന സ്ഥലത്ത് എത്തിയ ഉടമയുടെ ഹൃദയം തകര്‍ന്നു. എല്ലാം നശിച്ചിരിക്കുന്നു. അങ്ങനെ മനസ് തകര്‍ന്നിരിക്കുമ്പോള്‍ ദൈവം അദ്ദേഹത്തിന്റെ മനസില്‍ ഒരു പുതുമയാര്‍ന്ന ആശയം നല്‍കി. എന്തുകൊണ്ട് സമീപപ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് വാരിയെറിഞ്ഞ സ്റ്റോറിലെ സാധനങ്ങള്‍ വീണ്ടും പെറുക്കിയെടുത്ത് ഒരു ‘ടൊര്‍ണാഡോ സെയില്‍’ നടത്തിക്കൂടാ? ചുഴലിക്കാറ്റ് വിതച്ച നാശം കാണുവാനെത്തുന്ന ആയിരങ്ങളെ ഇത് ആകര്‍ഷിക്കുമെന്ന് അദ്ദേഹത്തിന് തോന്നി.

‘ടൊര്‍ണാഡോ സെയില്‍’ എന്നെഴുതിയ ടീഷര്‍ട്ടുകള്‍ ധരിച്ച ജീവനക്കാര്‍, ജനങ്ങളെ സ്വാഗതം ചെയ്തു. വില്‍പന വന്‍വിജയമായിരുന്നു. അതില്‍നിന്ന് ലഭിച്ച സമ്പത്തും അനുഭവജ്ഞാനവും ഉപയോഗിച്ച് അദ്ദേഹം പുതിയൊരു സ്റ്റോര്‍ ആരംഭിച്ചു: ബെസ്റ്റ് ബൈ. പില്‍ക്കാലത്ത് അത് ലോകത്തിലെതന്നെ ഏറ്റവും വലിയ മള്‍ട്ടിനാഷണല്‍ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് റീറ്റെയില്‍ സ്റ്റോറായി മാറി. അതെ, കൂരിരുട്ടിലും സ്ഫുടതാരകങ്ങളെ ഉദിപ്പിക്കുവാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവമാണ് നമ്മുടെ ജീവിതത്തെയും ലോകത്തെയും നിയന്ത്രിക്കുന്നത്.

പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ (ജശഹഴൃശാ െീള ഒീുല) എന്ന വിശേഷണമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ജൂബിലിവര്‍ഷം നമുക്ക് നല്‍കിയിരിക്കുന്നത്. വൃത്തം പൂര്‍ത്തീകരിക്കുവാന്‍ ഈ ചിന്ത അനിവാര്യമാണ്. ഈ ലോകത്തിനുവേണ്ടി മാത്രമാണ് നാം ക്രിസ്തുവില്‍ പ്രത്യാശ വച്ചിരിക്കുന്നതെങ്കില്‍ നാം എല്ലാവരെയുംകാള്‍ ദുര്‍ഭഗരാണ് എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം. ഈ ലോകത്തില്‍ നാം തീര്‍ത്ഥാടകരാണ്. നമ്മുടെ യഥാര്‍ത്ഥ ലക്ഷ്യമായ സ്വര്‍ഗത്തിലെത്തുവാന്‍ ‘സമയമാം രഥത്തില്‍’ യാത്ര ചെയ്യുകയാണ് നാം. അതിനാല്‍ ഈ ലോകത്തിലുണ്ടാകുന്ന സന്തോഷങ്ങള്‍ നമ്മെ അമിതമായി ആഹ്ലാദിപ്പിക്കേണ്ടതില്ല. അതുപോലെ ദുഃഖങ്ങള്‍ നിലവിട്ട് താഴ്‌ത്തേണ്ടതുമില്ല. ജീവിതത്തിലെ സുഖ-ദുഃഖങ്ങളെ അല്പം മാറിനിന്ന് നോക്കിക്കാണുവാന്‍ ഈ ദര്‍ശനം നമ്മെ സഹായിക്കും. നമ്മുടെ ആത്യന്തിക ലക്ഷ്യത്തിലെത്തുന്നവിധത്തില്‍ നമ്മുടെ മുന്‍ഗണനാ ക്രമങ്ങളെയും നമ്മുടെതന്നെ തിരഞ്ഞെടുപ്പുകളെയും ക്രമീകരിക്കുവാന്‍ പരിശുദ്ധ പിതാവ് നല്‍കിയ ഈ അഭിധാനം നമ്മെ സഹായിക്കട്ടെ.
പ്രത്യാശാനിര്‍ഭരമായ ഒരു പുതുവത്സരം എല്ലാവര്‍ക്കും ആശംസിക്കുന്നു!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?