Follow Us On

27

January

2025

Monday

ട്രംപ് അധികാരമേല്‍ക്കുമ്പോള്‍

ട്രംപ് അധികാരമേല്‍ക്കുമ്പോള്‍

കെ.ജെ മാത്യു, മാനേജിംഗ് എഡിറ്റര്‍

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജനുവരി 20 ന് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്തിരിക്കുകയാണ്. ഗാസയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അദ്ദേഹത്തിന് ഒരു സ്ഥാനാരോഹണ സമ്മാനമാണ്. അനേക നാളുകളായി അന്തരീക്ഷത്തെ കലുഷിതമാക്കിയിരുന്ന വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും പ്രതികാരത്തിന്റേതുമായ കറുത്തപുക നീങ്ങി, സമാധാനത്തിന്റെ വെള്ളരിപ്രാവിന് പറന്നുയരുവാന്‍ ഉതകുന്ന നീലാകാശം ഒരുങ്ങി. ഇത് ഒരു ശുഭസൂചനതന്നെ.

അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലോകത്തിന്റെയൊട്ടാകെയുള്ള സജീവശ്രദ്ധ ആകര്‍ഷിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആരാണെന്ന് ലോകത്തിന്റെ ഏതു മൂലയ്ക്കുമുള്ള കൊച്ചുകുട്ടിക്കുപോലും അറിയാം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് വിശേഷിക്കപ്പെട്ടിരുന്ന ബ്രിട്ടന്റെ സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞു. എന്നാല്‍ അമേരിക്കയാകുന്ന സൂര്യന്‍ ഇപ്പോഴും ലോകത്തിന്റെ നിറുകയില്‍ ജ്വലിച്ചുകൊണ്ടേയിരിക്കുന്നു. എന്താണിതിന്റെ രഹസ്യം? അതു കണ്ടെത്തിയാല്‍ വ്യക്തികളിലും കുടുംബങ്ങളിലും സ്ഥാപനങ്ങളിലും സമൂഹങ്ങളിലും വിജയത്തേര് തെളിക്കുവാന്‍ കാരണമാകും.

വിശുദ്ധ ഗ്രന്ഥവും ചരിത്രവും ഒന്നുപോലെ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്: ദൈവത്തിന് ഒന്നാം സ്ഥാനം നല്‍കുന്ന, ദൈവത്തെ മഹത്വപ്പെടുത്തുന്ന വ്യക്തികളെയും സമൂഹങ്ങളെയും ദൈവം മഹത്വപ്പെടുത്തും. അതിശയകരമായ ബുദ്ധിവൈഭവംകൊണ്ടും പ്രതാപംകൊണ്ടും ഓര്‍മിക്കപ്പെടാന്‍ യോഗ്യന്‍ സോളമനായിരുന്നെങ്കിലും, ഇസ്രായേലില്‍ അനശ്വരതയുടെ പട്ടം കിട്ടിയത് ദാവീദ് രാജാവിനാണ്. ദൈവപുത്രന്‍പോലും അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുവാന്‍ ഇടയായി. കാരണം ജീവിതത്തിന്റെ ഉയര്‍ച്ച-താഴ്ചകളിലെല്ലാം അദ്ദേഹം ദൈവത്തോടു ചേര്‍ന്നുനിന്നു, ദൈവനാമത്തെ മഹത്വപ്പെടുത്തി. ഇസ്രായേല്‍ എപ്പോഴൊക്കെ ദൈവത്തോടു ചേര്‍ന്നുനിന്നുവോ അപ്പോഴൊക്കെ അവര്‍ അജയ്യരായിരുന്നു. ദൈവത്തെ അവര്‍ കൈവിട്ടപ്പോള്‍ ശത്രുക്കള്‍ക്ക് എളുപ്പം കീഴടക്കുവാന്‍ പറ്റുന്നവിധത്തില്‍ അവര്‍ ദുര്‍ബലരുമായി.

അമേരിക്കയുടെ കാര്യത്തിലും ഇതുതന്നെയാണ് കാണുവാന്‍ സാധിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രബല സൈനികശക്തി അമേരിക്കയാണ്. ആ രാജ്യത്തിന്റെ സൈനിക ബജറ്റ് ലോകത്തിലെ ശേഷിച്ച എല്ലാ രാജ്യങ്ങളുടെയും മൊത്ത സൈനിക ബജറ്റിനെക്കാള്‍ വളരെ കൂടുതലാണ്. അമേരിക്കന്‍ ഡോളര്‍ തന്നെയാണ് ഇന്നും ലോകത്തിലെ നമ്പര്‍വണ്‍ കറന്‍സി. അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ലോകത്തിലെ പല രാജ്യങ്ങളും വാതില്‍ തുറന്നിട്ടിരിക്കുന്നു – പ്രവേശിക്കുവാന്‍ വിസ ആവശ്യമില്ല. എന്നാല്‍ അമേരിക്ക അഭിമാനിക്കുന്നത് അവരുടെ വെല്ലുവിളിക്കാനാകാത്ത സൈനിക ശക്തിയിലോ അവരുടെ മികച്ച സാമ്പത്തികശേഷിയിലോ അല്ല. അവരുടെ ശരണവും പ്രത്യാശയും അത്യുന്നതനായ ദൈവത്തിലാണ്. അവര്‍ അത് പരസ്യമായി ഏറ്റുപറയുവാന്‍ നമ്മില്‍ പലരെപ്പോലെ ലജ്ജിക്കുന്നില്ല. അവരുടെ ഡോളറില്‍ അത് മുദ്രണം ചെയ്തിരിക്കുന്നു: കി ഏീറ ംല ഠൃൗേെ ദൈവത്തില്‍ ഞങ്ങള്‍ ശരണപ്പെടുന്നു. ആ എഴുത്തില്‍ത്തന്നെയുണ്ട് ദൈവനാമത്തിന് ഒരു മുന്‍ഗണന. വ്യാകരണനിയമപ്രകാരം സബ്ജക്ടിന് പ്രഥമസ്ഥാനം നല്‍കിക്കൊണ്ട് ണല ഠൃൗേെ ശി ഏീറ എന്നാണ് എഴുതേണ്ടത്. എന്നാല്‍ ദൈവസ്‌നേഹത്തെപ്രതി ഗ്രാമര്‍പോലും തെറ്റിച്ചെഴുതിയ ആ രാജ്യം എങ്ങനെ ഒന്നാമതാകാതെ വരും? അവര്‍ അതുകൊണ്ടും നിര്‍ത്തുന്നില്ല.

ദൈവതിരുമുമ്പാകെ ചെയ്തുപോയ തെറ്റുകള്‍ക്ക് മാപ്പിരന്ന്, ദൈവകാരുണ്യത്തിനായി പ്രാര്‍ത്ഥിക്കുവാന്‍മാത്രം ഒരു ദിവസം ദേശീയ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കയുടെ സ്ഥാപകപിതാക്കന്മാര്‍ നിഷ്‌കര്‍ഷിച്ച ഈ കാര്യം ജെഫേഴ്‌സണെപ്പോലെയുള്ളവരുടെ കാലത്ത് നിന്നുപോയി. പ്രാര്‍ത്ഥന വ്യക്തിപരമായ ഒന്നാണെന്നും അത് ഒരു പൊതുപരിപാടിയായി നടത്തേണ്ടതില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. എന്നാല്‍ ഇത് പുനരാരംഭിച്ചത് എബ്രഹാം ലിങ്കണ്‍ ആണ്. അദ്ദേഹം ഇന്ന് അമേരിക്കയുടെ എക്കാലത്തെയും മികച്ച പ്രസിഡന്റായി കരുതപ്പെടുന്നു. 1863 ല്‍ ഉപവാസ പ്രാര്‍ത്ഥനാദിനം വീണ്ടും ആചരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇറക്കിയ വിജ്ഞാപനത്തില്‍ അദ്ദേഹം ഇപ്രകാരം എഴുതി: ”നമ്മള്‍ ദൈവത്തെ മറന്നു. സമാധാനത്തിലൂടെ നമ്മെ നടത്തി വളര്‍ത്തി വലുതാക്കിയ ദൈവത്തെ നമ്മള്‍ മറന്നു. നമ്മളുടെ നേട്ടങ്ങളെല്ലാം നമ്മുടെ വിജ്ഞാനവും മിടുക്കുംകൊണ്ടാണെന്ന് നാം കരുതി. തുടരെത്തുടരെ ഉണ്ടായ വിജയങ്ങള്‍മൂലം മത്തുപിടിച്ച നമ്മള്‍ ദൈവത്തിന്റെ അനുഗ്രഹവും സഹായവും മറന്നു. ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതിനുപോലും നാം താല്‍പര്യം കാണിച്ചില്ല. തന്മൂലം നാം നമ്മെത്തന്നെ എളിമപ്പെടുത്തിക്കൊണ്ട് ഒരു ജനത എന്ന രീതിയിലുള്ള നമ്മുടെ പാപങ്ങള്‍ക്ക് ദൈവത്തോട് കരുണയും മാപ്പും യാചിക്കണം.” ലിങ്കണ്‍ പുനരാരംഭിച്ച ഈ ഉപവാസ പ്രാര്‍ത്ഥനാദിനാചരണം ഇന്നും തുടരുന്നു- എല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച. അന്ന് അമേരിക്കന്‍ പ്രസിഡന്റ് ഒരു സന്ദേശം നല്‍കാറുണ്ട്.

അനുഗ്രഹം ലഭിക്കുന്നതുവരെ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും കിട്ടിക്കഴിഞ്ഞാല്‍ അനുഗ്രഹദാതാവായ ദൈവത്തെ മറക്കുകയും ചെയ്യുക എന്നതാണ് നമ്മുടെയൊക്കെ പൊതുസ്വഭാവം. എന്നാല്‍ ഇക്കാര്യത്തിലും അമേരിക്ക വ്യത്യസ്തയാണ്. ദൈവത്തിന് നന്ദി പറയുവാന്‍വേണ്ടിമാത്രം അവര്‍ ഒരു ദിവസം നീക്കിവച്ചിരിക്കുന്നു- താങ്ക്‌സ് ഗിവിംഗ് ഡേ. ഇതിനും തുടക്കമിട്ടത് എബ്രഹാം ലിങ്കണ്‍ തന്നെയാണ്. ദൈവത്തിന്റെ ഹൃദയത്തെ ഏറ്റവും സന്തോഷിപ്പിക്കുന്നതും ദൈവത്തിന് മഹത്വവും ബഹുമാനവും നല്‍കുന്ന ശ്രേഷ്ഠമായ പ്രാര്‍ത്ഥനയാണ് കൃതജ്ഞതാസ്‌തോത്രം. ദൈവം ആഗ്രഹിക്കുന്ന ഉന്നതമായ ബലിയും ഇതുതന്നെ. ”ബലിയായി കൃതജ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു” (സങ്കീ. 50:23). ദൈവത്തെ എല്ലാക്കാര്യത്തിലും ഉയര്‍ത്തിക്കാട്ടുന്ന അമേരിക്കയെ എങ്ങനെ ദൈവം ഉയര്‍ത്താതിരിക്കും?

ഇത്ര ശ്രേഷ്ഠമായ ദൈവിക പാരമ്പര്യമുള്ള ഒരു രാജ്യത്തിന്റെ പ്രസിഡന്റായിട്ടാണ് ട്രംപ് അധികാരമേല്‍ക്കുന്നത്. കുറവുകളുണ്ടെങ്കിലും അദ്ദേഹവും കര്‍ത്താവായ യേശുവിനെ ലജ്ജ കൂടാതെ സാക്ഷ്യപ്പെടുത്തുന്ന വ്യക്തിയാണ്. ക്രിസ്തീയമൂല്യങ്ങള്‍ക്കായി അദ്ദേഹം ശക്തമായ നിലപാട് എടുക്കുന്നു. ഈ മൂല്യങ്ങളെ നിരാകരിക്കുന്ന സെക്കുലര്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന് മനഃപൂര്‍വം ഒരു കോമാളിയുടെ പരിവേഷം നല്‍കി വിലകുറച്ചു കാണിക്കുവാന്‍ ബദ്ധപ്പെടുന്നത് നാം കാണാതിരുന്നുകൂടാ. അതിനാല്‍ അദ്ദേഹത്തിനുവേണ്ടി നാം ഹൃദയപൂര്‍വം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. ”ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും രാജകുമാരന് അങ്ങയുടെ ധര്‍മനിഷ്ഠയും നല്‍കണമേ” (സങ്കീ. 72:1). സങ്കീര്‍ത്തകന്റെ ഈ പ്രാര്‍ത്ഥന ആധുനിക ലോകത്തിന് ചേര്‍ന്നവിധം പരിഭാഷപ്പെടുത്തി നമുക്കും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാം- അമേരിക്കയെയും ലോകത്തെയും ദൈവവഴിയിലൂടെ നടത്തുവാനുള്ള കൃപ ലഭിക്കുവാന്‍വേണ്ടിത്തന്നെ!

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?