Follow Us On

22

December

2024

Sunday

ഇന്ന്, തിരുസഭയിൽ വയോധികർക്കായുള്ള വിശേഷാൽ ദിനം; നമുക്കും ചൊല്ലാം വത്തിക്കാൻ പുറപ്പെടുവിച്ച പ്രാർത്ഥന

വത്തിക്കാൻ സിറ്റി: മുത്തശ്ശീ മുത്തശ്ശന്മാർക്കും മറ്റു വയോധികർക്കുമായി തിരുസഭ പ്രഖ്യാപിച്ച ആഗോള ദിനാചരണം അർത്ഥപൂർണമാക്കാനുള്ള ഒരുക്കങ്ങൾ പൂർണം. ഇന്ന് (ജൂലൈ 23) സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശേഷാൽ തിരുക്കർമങ്ങൾ ക്രമീകരിക്കുകയും പൂർണ ദണ്ഡവിമോചനം പ്രഖ്യാപിക്കുകയും ചെയ്തതിട്ടുണ്ട്. അവിടുത്ത ഭക്തരുടെ മേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും,’ (ലൂക്ക 1:50) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. വത്തിക്കാൻസമയം രാവിലെ 10.00ന് (ഇന്ത്യ 1:25 PM IST | അമേരിക്ക 3:55 AM ET | യൂറോപ്പ് 8:55 AM BST | ഓസ്‌ട്രേലിയ 5:55 PM AEST)  സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾക്ക് ഫ്രാൻസിസ് പാപ്പ മുഖ്യകാർമികത്വം വഹിക്കും. തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്സമയം ലഭ്യമാക്കും.

2021ലാണ് വയോധികർക്കായുള്ള ദിനാചരണത്തിന് ഫ്രാൻസിസ് പാപ്പ തിരുസഭയിൽ തുടക്കം കുറിച്ചത്. യേശുവിന്റെ മുത്തശ്ശീ മുത്തശ്ശന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വിശുദ്ധ യോവാക്കിം അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ച, വയോധിക ദിനമായി പാപ്പ തിരഞ്ഞെടുക്കുകയും ചെയ്തു. ജൂലൈ 26നാണ് ആഗോളസഭയിൽ വിശുദ്ധ യോവാക്കിം അന്ന ദമ്പതികളുടെ തിരുനാൾ. അതുപ്രകാരം ഈ വർഷത്തെ വയോധിക ദിനാചരണം ജൂലൈ 23ന് ക്രമീകരിക്കുകയായിരുന്നു.

ഇന്നേ ദിനം പൂർണ ദണ്ഡവിമോചന ദിനമായും പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. ദണ്ഡവിമോചനത്തിനുള്ള പ്രാഥമിക നിബന്ധനകൾ (തക്കതായ ഒരുക്കത്തോടെ ദിവ്യബലിയിൽ പങ്കുകൊണ്ടുള്ള, പാപ്പയുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുക) പാലിക്കുന്നതിനൊപ്പം വൃദ്ധർ, രോഗികൾ, അനാഥർ, ഭിന്നശേഷിയുള്ളവർ എന്നിവരോടൊപ്പം നേരിട്ടോ ഓൺലൈനിലൂടെയോ സമയം ചെലവഴിച്ചും പൂർണ ദണ്ഡവിമോചനം നേടാമെന്ന് അപ്പസ്റ്റോലിക പെനിറ്റൻഷ്യറിയുടെ ഡിക്രി വ്യക്തമാക്കുന്നു. ഗുരുതര കാരണങ്ങളാൽ പുറത്തുപോകാൻ സാധിക്കാത്തവർക്ക്, മാധ്യമങ്ങളിലൂടെയുള്ള ശുശ്രൂഷകളിൽ പങ്കെടുത്തും, അവരുടെ രോഗപീഡകൾ ദൈവത്തിന് സമർപ്പിച്ചും ദണ്ഡവിമോചനത്തിൽ പങ്കുചേരാനും അനുവാദം നൽകിയിട്ടുണ്ട്.

വയോധികർക്കായുള്ള ദിനം ഇദംപ്രഥമമായി ആചരിച്ച കഴിഞ്ഞ വർഷം വത്തിക്കാൻ പുറപ്പെടുവിച്ച പ്രാർത്ഥന:

കർത്താവേ, അങ്ങയുടെ സംരക്ഷണമേകുന്ന സാന്നിധ്യത്തെപ്രതി ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഏകാന്തതയുടെ നിമിഷങ്ങളിലും അങ്ങാണ് എന്റെ പ്രത്യാശയും ആത്മവിശ്വാസവും. ചെറുപ്പം മുതൽ അങ്ങാണ് എന്റെ ഉറപ്പുള്ള പാറയും അഭയകേന്ദ്രവും.

എനിക്ക് ഒരു കുടുംബവും ദീർഘകാല ജീവിതവും നൽകിയതിന് ഞാൻ നന്ദി പറയുന്നു. സന്തോഷത്തിന്റെയും സന്താപത്തിന്റെയും നിമിഷങ്ങൾ നൽകിയതിന് നന്ദി പറയുന്നു. നിറവേറിയ സ്വപ്‌നങ്ങളെയും അവശേഷിക്കുന്ന ആഗ്രഹങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. ഫലദായകമായ ഈ നിമിഷത്തിന് ദൈവമേ,അങ്ങേയ്ക്ക് നന്ദി.

കർത്താവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമെ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ചാലകമാക്കണമെ, എന്നേക്കാൾ വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനുള്ള കൃപ എനിക്ക് നൽകണമേ. സ്വപ്‌നങ്ങൾ അവസാനിപ്പിക്കാതിരിക്കാനും അങ്ങയുടെ അത്ഭുതങ്ങളെക്കുറിച്ച് പുതുതലമുറയോട് സംസാരിക്കാനും എന്നെ പ്രാപ്തനാക്കണമെ.

സുവിശേഷം ലോകാതിർത്തികൾവരെയും എത്തിച്ചേരാൻ പാപ്പയെയും സഭയേയും സംരക്ഷിക്കുകയും നയിക്കുകയും ചെയ്യണമെ. ലോകത്തെ നവീകരിക്കാനും മഹാമാരിയുടെ കൊടുങ്കാറ്റ് ശാന്തമാക്കാനും യുദ്ധങ്ങൾക്ക് അറുതിവരുത്താനും പാവപ്പെട്ടവരെ ആശ്വസിപ്പിക്കാനും അങ്ങയുടെ പരിശുദ്ധാത്മാവിനെ അയക്കണമെ.

തളർച്ചയിൽ എന്നെ താങ്ങിനിർത്തണമെ, ജീവിതം അതിന്റെ പൂർണതയിൽ ജീവിക്കാൻ എന്നെ അനുവദിക്കണമേ. അങ്ങ് നൽകുന്ന ഓരോ നിമിഷവും അങ്ങയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അവസാനംവരേയും ജീവിക്കാൻ എന്നെ സഹായിക്കണമെ, ആമ്മേൻ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Related Posts

Latest Posts

    Don’t want to skip an update or a post?