Follow Us On

19

May

2024

Sunday

ടെലിപ്പതിയും ക്രിസ്തുശിഷ്യന്റെ ദൗത്യവും

ടെലിപ്പതിയും  ക്രിസ്തുശിഷ്യന്റെ ദൗത്യവും

മനുഷ്യന്റെ ചിന്തകളെ തിരിച്ചറിയാന്‍ ശേഷിയുള്ള ഇംപ്ലാന്റ് മനുഷ്യമസ്തിഷ്‌കത്തില്‍ ആദ്യമായി വിജയകരമായി സ്ഥാപിച്ച വിവരം 2024 ജനുവരി മാസം അവസാനമാണ് ശതകോടിശ്വരനും ടെക്ക്‌നോളജി വിദഗ്ധനുമായ ഇലോണ്‍ മസ്‌ക് പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് മാര്‍ച്ച് മാസം അവസാനത്തില്‍ ന്യൂറാലിങ്ക് എന്ന അദ്ദേഹത്തിന്റെ കമ്പനി എക്‌സില്‍ ഒരു വീഡിയോ പോസ്റ്റു ചെയ്തു. ബ്രെയിനില്‍ ചിപ്പ് ഘടിപ്പിച്ച മനുഷ്യന്‍ തന്റെ ചിന്തകളുപയോഗിച്ച് കമ്പ്യൂട്ടറില്‍ ചെസ് കളിക്കുന്ന വീഡിയോ ആയിരുന്നു അത്. അസാധ്യമെന്ന് അനേകര്‍ കരുതിയിരുന്ന കാര്യം കണ്‍മുമ്പില്‍ യാഥാര്‍ത്ഥ്യമായ ആ ദൃശ്യം അതിശയത്തോടെയാണ് ലോകം കണ്ടത്. വ്യാവസായിക വിപ്ലവം പോലെയോ ഡിജിറ്റല്‍ വിപ്ലവം പോലെയോ മനുഷ്യകുലത്തിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള നേട്ടമായിരുന്നു അത്. ഒരുവശത്ത് അത്ഭുതവും മറുവശത്ത് കൃത്യമായ നിയന്ത്രണങ്ങളോ നയരേഖകളോ ഇല്ലാതെ അതിവേഗം കുതിക്കുന്ന നിര്‍മിതബുദ്ധി അടക്കമുള്ള സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ആശങ്കയും നിറഞ്ഞ ഈ വാര്‍ത്തക്ക് മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

ഒരു അപകടത്തെ തുടര്‍ന്ന് തോളിന് താഴെ പൂര്‍ണമായി തളര്‍ന്നുപോയ നോളണ്ട് അര്‍ബോ എന്ന 29-കാരനിലാണ് ചരിത്രത്തിലെ ഈ ആദ്യ ബ്രെയിന്‍ ഇംപ്ലാന്റ് നടത്തിയത്. സാധാരണഗതിയില്‍ ചെയ്യാന്‍ സാധിക്കാതിരുന്ന പല കാര്യങ്ങളും ‘വെറുതെ ചിന്തിക്കുന്നതിലൂടെ’ കമ്പ്യൂട്ടറിന്റെ സഹായത്തോടെ നോളണ്ട് ഇന്ന് ചെയ്യുന്നു. ഇതിന്റെ തുടക്കമോ അല്ലെങ്കില്‍ ഉദാഹരമണോ മാത്രമാണ് എക്‌സില്‍ പങ്കുവച്ച, ചിന്തയിലൂടെ കമ്പ്യൂട്ടറിന്റെ മൗസ് നിയന്ത്രിക്കുന്നതും ചെസ് കളിക്കുന്നതുമായ വീഡിയോ. ടെലിപ്പതി എന്നാണ് തലച്ചോറിനെയും കമ്പ്യൂട്ടറിനെയും ബന്ധിപ്പിക്കുന്ന ഈ പ്രൊജക്ടിന് പേരിട്ടിരിക്കുന്നതെന്നതാണ് കൗതുകരമായ മറ്റൊരു കാര്യം. യന്ത്രങ്ങള്‍ മനുഷ്യശരീരത്തിന്റെ ഭാഗമാകുമ്പോഴുണ്ടാകുന്ന ധാര്‍മിക പ്രശ്‌നങ്ങള്‍, പരീക്ഷണങ്ങള്‍ക്കായി മനുഷ്യശരീരത്തെ വിട്ടുകൊടുക്കുന്നതിലെ ധാര്‍മികപ്രശ്‌നങ്ങള്‍, മനുഷ്യന്റെ ചിന്തകള്‍ പോലും കമ്പ്യൂട്ടര്‍ മനസിലാക്കുന്നതിലെ സ്വകാര്യതയുടെ പ്രശ്‌നങ്ങള്‍, കൂടുതല്‍ വികസിപ്പിച്ചാല്‍ ഈ സാങ്കേതികവിദ്യ സൃഷ്ടിച്ചേക്കാവുന്ന ധാര്‍മികവും സാമൂഹ്യപരവുമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ അനേകം ചോദ്യങ്ങള്‍ ഈ ‘നേട്ടം’ നമുക്ക് മുമ്പില്‍ ഉയര്‍ത്തുന്നു.

എന്നിരുന്നാലും നിലവിലെ അവസ്ഥയില്‍ ശരീരം തളര്‍ന്നുപോയവര്‍, പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ തുടങ്ങിയവര്‍ക്ക് ഏറെ സഹായകരമായി മാറിയേക്കാവുന്ന ഈ നേട്ടം അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. അന്ധരായി ജനിക്കുന്നവര്‍ക്ക് കാഴ്ച നല്‍കാനുള്ള ‘ബ്ലൈന്‍ഡ്‌സൈറ്റ്’ പദ്ധതിയാണ് ന്യൂറാലിങ്കിന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പ്രൊജെക്ട് എന്നത് ഈ കാലഘട്ടത്തില്‍ സാങ്കേതികവിദഗ്ധര്‍ക്ക് സമൂഹത്തിന് നല്‍കാന്‍ കഴിയുന്ന സംഭാവനകളുടെ ആഴം വ്യക്തമാക്കുന്നു. മനുഷ്യശരീരവും യന്ത്രങ്ങളും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന പ്രൊജക്ടുകളും മനുഷ്യബുദ്ധിയെയും മനുഷ്യവര്‍ഗത്തെയും തന്നെ വെല്ലുവിളിച്ചേക്കാവുന്ന നിര്‍മിതബുദ്ധി പോലുള്ള സാങ്കേതികവിദ്യകളും ഇന്നത്തെ ലോകത്തിന്റെ മുഖച്ഛായ അതിവേഗം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. അവയുടെ സാധ്യതകള്‍ക്കൊപ്പം അവക്ക് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ലോകമെമ്പാടും ഇന്ന് നടക്കുന്നു. പുതിയ സാങ്കേതികവിദ്യകളെ സ്വീകരിക്കാന്‍ തയാറാകാത്തവരും അവയോട് ചേര്‍ന്നുള്ള ജീവിതക്രമത്തെ അംഗീകരിക്കാത്തവരും മുഖ്യധാരയില്‍ നിന്ന് സ്വയം പുറത്താകുന്നു എന്നതാണ് ഇന്നത്തെ സാങ്കേതികവിപ്ലവത്തിന്റെ മറുവശം.

ലോകം മുഴുവന്‍ കൈവെള്ളയിലേക്ക് ചുരുങ്ങിയ ഈ കാലഘട്ടത്തില്‍ വീട്ടമ്മയും കര്‍ഷകനും മുതല്‍ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും തങ്ങളുടെ ജോലികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ചെയ്യുവാന്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ അവസരമൊരുക്കുന്നു. എന്നാല്‍ പുതുസാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന കാര്യത്തില്‍ യുവതലമുറയും, മാറ്റങ്ങളെയും മാറുന്ന കാലത്തെയും, ഒരു പക്ഷെ സങ്കോചത്തോടെ നോക്കി കാണുന്ന മുതിര്‍ന്ന തലമുറയും തമ്മില്‍ കാര്യമായ അന്തരം നിലനില്‍ക്കുന്നു. ഇന്റര്‍നെറ്റ് യുഗത്തിന് മുമ്പ് ജനിച്ചവരും ഇന്റര്‍നെറ്റ് യുഗത്തില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഇന്റര്‍നെറ്റ് യുഗത്തില്‍ സ്മാര്‍ട്ട് ഫോണുകളുടെ നടുവിലേക്ക് ജനിച്ച വീണ തലമുറയും തമ്മിലുള്ള ‘ഡിജിറ്റൈല്‍ ഡിവൈഡ്’ കുടുംബങ്ങളും സമൂഹവും ഇന്ന് നേരിടുന്ന വെല്ലുവിളിയാണ്. തലമുറകള്‍ തമ്മിലുള്ള ജനറേഷന്‍ ഗ്യാപ്പിന്റെ പ്രശ്‌നം എല്ലാ കാലഘട്ടത്തിലുമുള്ളതാണെങ്കിലും ‘ഡിജിറ്റൈല്‍ ഡിവൈഡ് ‘ ഇതിന്റെ ആഴം വര്‍ധിപ്പിക്കുന്നു.

മുതിര്‍ന്ന തലമുറയില്‍പ്പെട്ട പലരും, സുവിശേഷമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും സ്മാര്‍ട്ട് ഫോണിനോടും സാമൂഹ്യമാധ്യമങ്ങളോടും പുതിയ കാലത്തിന്റെ സാങ്കേതികവിദ്യകളോടും മുഖം തിരിഞ്ഞു നില്‍ക്കുന്നു എന്നത് വസ്തുതയാണ്. നിഷേധാത്മക വികാരങ്ങളെക്കാള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിലുള്ള സങ്കോചവും മക്കളോടും കൊച്ചുമക്കളോടും ചോദിച്ച് കാര്യങ്ങള്‍ പഠിക്കുന്നതിനുള്ള മടിയുമാകാം ഇവരെ പലപ്പോഴും പിന്തിരിപ്പിക്കുന്നത്. ദൈവം ഭരമേല്‍പ്പിച്ച താലന്തുകള്‍ വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കുന്നതിനും കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് നാം വിധേയരാകേണ്ടതുണ്ട്. കുടുംബത്തിലും സഭയിലും സമൂഹത്തിലും ഉള്ള ഉത്തരവാദിത്വങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുവാന്‍ ഈ കാലഘട്ടത്തിന്റെ സാങ്കേതികവിദ്യകളില്‍ പ്രാവീണ്യം നേടേണ്ടത് അത്യാവശ്യമാണ്.

യുവതലമുറയോടൊപ്പം കാലത്തിന്റെ ഒഴുക്കിനൊത്ത് നീങ്ങുവാന്‍ അവരുടെ സഹായം സ്വീകരിക്കാന്‍ മുതിര്‍ന്നവര്‍ വിമുഖത കാണിക്കരുത്. തെറ്റായ പ്രവണതകള മനസിലാക്കാനും അത് യുവതലമുറക്ക് പറഞ്ഞുകൊടുക്കാനും ഈ മേഖലയിലെ മുതിര്‍ന്നവരുടെ സാന്നിധ്യത്തിന് സാധിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്. ഇന്നത്തെ ലോകത്തില്‍ ജീവിക്കുവാന്‍ ആവശ്യമായ കാര്യങ്ങള്‍ (ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നത് മുതല്‍ കൃഷിയിടത്തില്‍ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകള്‍വരെ) വീട്ടിലെ മുതിര്‍ന്നവരെ പഠിപ്പിക്കുന്ന ഉത്തരവാദിത്വം മക്കളും കൊച്ചുമക്കളും ക്ഷമയോടെ ഏറ്റെടുക്കണം.
ലോകം അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. മറ്റേത് മേഖലയിലും എന്നപോലെ ശാസ്ത്ര സാങ്കേതിക മേഖലയെയും നയിക്കാനും വിശുദ്ധീകരിക്കുവാനുമുള്ള ദൗത്യം ക്രിസ്തുശിഷ്യര്‍ക്കുണ്ട്. ദൈവം നല്‍കിയ സാധ്യതകളെ ഉപയോഗിച്ചുകൊണ്ട് ദൈവമഹത്വത്തിനായി ശാസ്ത്രവും സാങ്കേതികവിദ്യകളും ഉപയോഗിക്കപ്പെടുന്നു എന്ന് നാം ഉറപ്പു വരുത്തണം. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആ മേഖലയില്‍ പ്രാവീണ്യം തെളിയിക്കുവാനും ദൈവമഹത്വത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാനും സാധിക്കട്ടെ.
മനുഷ്യരെയല്ല, ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് വേണ്ടി നമുക്ക് നമ്മുടെ കടമകള്‍ നിര്‍വഹിക്കാം. അപ്പോള്‍ ദൈവമഹത്വത്തിനും മനുഷ്യരുടെ നന്മയ്ക്കും എല്ലാ പ്രവര്‍ത്തനങ്ങളും കാരണമായിത്തീരും.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?