Follow Us On

21

December

2024

Saturday

വോട്ടും ഒപ്പം പ്രാര്‍ത്ഥനയും

വോട്ടും  ഒപ്പം പ്രാര്‍ത്ഥനയും

കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍)

ഇന്ത്യയുടെ ഭാവിഭരണാധികാരികളെ നിര്‍ണയിക്കുവാനുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനാധിപത്യ ഭരണസംവിധാനത്തിന്റെ ഒറിജിനല്‍ തിളക്കത്തിന് ഏറെ മങ്ങലേറ്റിട്ടുണ്ടെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാത്രം തേടിവരപ്പെടുന്ന ഒരു അപൂര്‍വ ജീവിയായി വോട്ടര്‍ മാറിക്കഴിഞ്ഞു. മനംമയക്കുന്ന മോഹനവാഗ്ദാനങ്ങള്‍ നല്‍കി വോട്ടറുടെ ഹൃദയം കവര്‍ന്നും അവനെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും കൈകൊടുത്തുമൊക്കെ അവന്റെ വിലയേറിയ വോട്ട് കൈവശപ്പെടുത്തുവാന്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. ജയിച്ചുകഴിഞ്ഞാല്‍ അവനെ അവഗണനയുടെ അഗാധഗര്‍ത്തത്തിലേക്ക് തള്ളിയിടും. കാരണം ഭരണം കയ്യാളുന്നവര്‍ക്ക് നടപ്പാക്കുവാന്‍ അവരുടേതായ അജണ്ടകളുണ്ട്.

നിരര്‍ത്ഥകമെന്ന് തോന്നിക്കുന്ന ഈ ചംക്രമണത്തില്‍പെട്ട ചിലര്‍ ചിന്തിക്കാനിടയുണ്ട്: എന്തിന് വോട്ടുചെയ്യണം? എന്തിന് എന്റെ സമയം പാഴാക്കണം? മറ്റുചിലര്‍ പ്രത്യേകിച്ച്, യുവാക്കള്‍ ചിന്തിക്കുന്നു: എന്റെ ഒരു വോട്ട് വളരെ നിസാരമാണ്, ഒരു തുള്ളിപോലെ മാത്രം. അതുകൊണ്ട് വോട്ടു ചെയ്യുന്നതില്‍ ഒരു നിസംഗത അവരുടെയിടയില്‍ വളര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം ജനാധിപത്യവൃക്ഷത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കുന്ന അത്യന്തം അപകടകരമായ ചിന്തകളാണ്. അപൂര്‍വമായി മാത്രം ഉപയോഗിക്കാന്‍ അവസരം കിട്ടുന്ന നമ്മുടെ ആയുധം തേച്ചുമിനുക്കി അത്യന്തം ജാഗ്രതയോടെ, വിവേകത്തോടെ ഉപയോഗിക്കേണ്ട സമയമാണിത്. അതിന് പല കാരണങ്ങളുണ്ട്.

സ്വതന്ത്രമായി വോട്ടു ചെയ്യുവാനുള്ള നമ്മുടെ അവകാശം ഹനിക്കപ്പെടുന്ന ഒരു അവസ്ഥിലേക്കാണോ നാം നയിക്കപ്പെടുന്നത് എന്ന് സംശയിക്കേണ്ട സാഹചര്യങ്ങള്‍ വര്‍ധിച്ചുവരികയാണ് എന്നോര്‍ക്കുക. നമ്മുടെ സ്വാതന്ത്ര്യദീപം കെടാതിരിക്കണമെങ്കില്‍ സൂക്ഷ്മബുദ്ധിയോടെ വോട്ടവകാശം വിനിയോഗിച്ചേ മതിയാവൂ. മറ്റൊരു അപായസൂചന വിമര്‍ശനത്തോടുള്ള അസഹിഷ്ണുത വളര്‍ന്നുവരുന്നതാണ്. അധികാരികളെ വിമര്‍ശിക്കുന്നവരെയും എതിര്‍ക്കുന്നവരെയും ഭയപ്പെടുത്തുകയും അന്വേഷണ ഏജന്‍സികളെക്കൊണ്ട് കേസെടുപ്പിച്ചും ജയിലിലടച്ചും വരുതിയില്‍ നിര്‍ത്തുവാനുള്ള കുത്സിതശ്രമങ്ങള്‍ വിരളമല്ല. ഭരണാധികാരിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിനെ അദ്ദേഹംതന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് ഓര്‍മയിലുള്ള ഒരു കാലം മാത്രമാണിപ്പോള്‍.
ഇന്ത്യ സമ്പന്നന്മാരുടേതു മാത്രമല്ല, ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ നാടുകൂടിയാണ്.

മാന്യമായി ജീവിക്കാനുള്ള അവകാശം അവര്‍ക്കുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണ്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനഫലം ശ്രദ്ധിക്കുക: ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 22.6 ശതമാനം ഏറ്റവും സമ്പന്നരുടെ കൈകളിലാണ് (അവര്‍ ഒരു ശതമാനംമാത്രം). ജനസംഖ്യയുടെ താഴെത്തട്ടിലുള്ള 50 ശതമാനത്തിന്റെ കൈയില്‍ ദേശീയ വരുമാനത്തിന്റെ 15 ശതമാനം മാത്രമേയുള്ളൂ. സമ്പത്തിന്റെ വിതരണത്തിന്റെ കാര്യത്തില്‍ സ്ഥിതി ഇതിലും ദയനീയമാണ്. ദേശീയസമ്പത്തിന്റെ 39.5 ശതമാനവും ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ കൈവശമായിരിക്കുമ്പോള്‍, താഴെത്തട്ടിലുള്ള 50 ശതമാനം ആളുകളുടെ കൈവശം വെറും 6.5 ശതമാനം മാത്രം. (Income And Wealth Inequality in India, 19222023), (ധനം, 15 ഏപ്രില്‍ 2024). ഈ വിധത്തില്‍ പോയാല്‍ വളരെ പാവപ്പെട്ടവന്റെ കൈയില്‍ ഒന്നും ഇല്ലാത്ത സ്ഥിതി സംജാതമാകും.
ഇന്ത്യയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന ആകര്‍ഷകമായ കണക്കുകളാണ് അവതരിക്കപ്പെടുന്നത്. എന്നാല്‍ ആരോഗ്യരംഗത്തെ കണക്കുകള്‍ സുതാര്യമല്ലെന്ന ആരോപണവുമായി രാജ്യാന്തര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് മുഖപ്രസംഗമെഴുതി (മലയാള മനോരമ, 14 ഏപ്രില്‍ 2024). സുതാര്യത നഷ്ടപ്പെട്ടാല്‍ അജ്ഞതയുടെ ഇരുട്ടില്‍ പൗരന്മാര്‍ തപ്പിത്തടയേണ്ട അപായകരമായ സാഹചര്യം ഉണ്ടാകും. അധികാരികള്‍ നല്‍കുന്ന കണക്കുകള്‍ കണ്ണുമടച്ച് വിശ്വസിക്കേണ്ടിവരും.

ബഹുസ്വരതയാണ് ഇന്ത്യയുടെ സമ്പത്ത്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും വൈവിധ്യം ഈ നാട്ടിലുണ്ട്. അവയെ നിലനിര്‍ത്തി, അവയെല്ലാം ആദരിച്ചുകൊണ്ടുള്ള ഒരു ദേശീയ ഐക്യമാണ് കഴിഞ്ഞ നാളുകളില്‍ നാം നേടിയിരുന്നത്. ഇവിടെ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ വിശ്വാസം സ്വതന്ത്രമായി പ്രഘോഷിക്കുവാനും ആചരിക്കുവാനുമുള്ള സാഹചര്യം നിലനില്‍ക്കണം. മതപരമായ അസഹിഷ്ണുത യഥാര്‍ത്ഥ ജനാധിപത്യ സംവിധാനത്തെത്തന്നെ അപകടത്തിലാക്കും. ഇങ്ങനെ പലവിധത്തിലുള്ള അപകട സാഹചര്യങ്ങളില്‍ ഒരു പൗരന്‍ നിസംഗനായ കൈകെട്ടി നിന്നാല്‍, എന്നന്നേക്കുമായി അവന്റെ കൈകള്‍ കെട്ടപ്പെടും, സംശയമില്ല.

നമ്മള്‍ എടുക്കേണ്ട മറ്റൊരു ആയുധം പ്രാര്‍ത്ഥനയുടേതാണ്. പണവും അധികാരവും നാടുവാഴുമ്പോള്‍ ഒരു സാധാരണക്കാരന്‍ നിസഹായനായിത്തീരാം. എന്നാല്‍ അവന്റെ രക്ഷയ്ക്ക് സര്‍വശക്തനായ ദൈവം കൂടെയുണ്ട്. എത്ര ദുര്‍ഘടമായ സാഹചര്യങ്ങളെയും കീഴടക്കുവാന്‍ ദൈവത്തിന് സാധിക്കും. മലകളെ നിരപ്പാക്കാനും പിച്ചളവാതിലുകള്‍ തകര്‍ക്കുവാനും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുവാനും അവിടുത്തേക്ക് സാധിക്കും. അത് ദൈവത്തിനുമാത്രം സാധിക്കുന്ന കാര്യമാണ്. കര്‍ത്താവ് രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവുമാണ്. ”ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്റേതാണ്” (സങ്കീര്‍ത്തനം 24:1). അതിനാല്‍ കര്‍ത്താവിന്റെ മുമ്പില്‍ കണ്ണീരോടെ, നിലവിളിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം. ടാഗോറിന്റെ പ്രാര്‍ത്ഥന

എക്കാലത്തെയുംകാള്‍ പ്രസക്തമാണിന്ന്:
എവിടെ മനസ് നിര്‍ഭയമായിരിക്കുന്നുവോ
എവിടെ ശിരസ് ഉയര്‍ന്നിരിക്കുന്നുവോ
എവിടെ അറിവ് സ്വതന്ത്രമായിരിക്കുന്നുവോ
എവിടെ ലോകം ഇടുങ്ങിയ ഗാര്‍ഹികഭിത്തികളാല്‍
ഛിന്നഭിന്നമാകാതിരിക്കുന്നുവോ…
… ആ സ്വാതന്ത്ര്യസ്വര്‍ഗത്തിലേക്ക് എന്റെ പിതാവേ,
എന്റെ രാജ്യം ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ.”

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?