പ്രശസ്ത ബ്രിട്ടീഷ് നിരീശ്വരവാദിയും ഇവല്യൂഷണറി ബയോളജിസ്റ്റുമായ റിച്ചാര്‍ഡ് ഡോക്കിന്‍സ് അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ് -”ഞാന്‍ ഒരു വിശ്വാസിയല്ല. പക്ഷെ സാംസ്‌കാരികമായി ഞാനൊരു ക്രിസ്ത്യാനിയാണ്. നമ്മുടേത് സാംസ്‌കാരികമായി ഒരു ക്രൈസ്തവരാജ്യമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ അടയാളങ്ങളായ ഇടവക ദൈവാലയങ്ങളും കത്തീഡ്രലുകളും ക്രിസ്മസ് ഗാനങ്ങളുമെല്ലാം ഞാന്‍ ഇഷ്ടപ്പെടുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും മതത്തെ എനിക്ക് സങ്കല്‍പ്പിക്കാനാവില്ല.
” ക്രിസ്തു ദൈവപുത്രനാണെന്ന് വിശ്വസിക്കുന്നില്ലെങ്കിലും കഴിഞ്ഞ കാലഘട്ടങ്ങളില്‍ ബ്രിട്ടനിലും യൂറോപ്പിലും പിന്തുടര്‍ന്ന ക്രിസ്തീയ ജീവിതശൈലിയും ക്രിസ്തീയ മൂല്യങ്ങളും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും അത് യൂറോപ്പ് നഷ്ടപ്പെടുത്തരുതെന്നുമാണ് അദ്ദേഹം പറഞ്ഞുവച്ചത്. ക്രിസ്തുവില്‍ വിശ്വസിക്കുന്നതിനുള്ള തുറവി ഇല്ലാത്തവര്‍ക്ക് പോലും ക്രൈസ്തവ മൂല്യങ്ങള്‍ നല്‍കുന്ന സ്വാതന്ത്ര്യവും അതിന്റെ പവിത്രതയും തിരിച്ചറിയാന്‍ സാധിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടുകളില്‍ യൂറോപ്പിന്റെ ജീവശ്വാസമായിരുന്ന ക്രൈസ്തവ വിശ്വാസത്തില്‍ നിന്നുള്ള വ്യതിചലനം ഒരു സംസ്‌കാരത്തെ തന്നെ എപ്രകാരം തകര്‍ക്കാമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇന്ന് യൂറോപ്പില്‍ പതഞ്ഞുപൊങ്ങിവരുന്ന ട്രാന്‍ജെന്‍ഡറിസം, ജെന്‍ഡര്‍ ഐഡന്റിറ്റി വാദങ്ങള്‍ പോലുള്ള പ്രകൃതിവിരുദ്ധ മുന്നേറ്റങ്ങളും സൃഷ്ടാവിനെതിരായ ഏറ്റവും ഗൗരമവമേറിയ പാപങ്ങളായ ഗര്‍ഭഛിദ്രം, ദയാവധം പോലുള്ള തിന്മകള്‍ക്ക് ലഭിക്കുന്ന നിയമപരിരക്ഷയുമെന്ന് നിസംശയം പറയാന്‍ സാധിക്കും.
ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ രാജ്യമായി ഫ്രാന്‍സ് മാറിയത് 2024 മാര്‍ച്ച് നാലിനാണ്. അന്ന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പില്‍ 780-72 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിനാണ് ഈ നിയമം പാസായത്. ഇപ്പോഴിതാ ജൂണ്‍ 11 -ന് നിര്‍ണായകമായ മറ്റൊരു വോട്ടെടുപ്പുകൂടെ ഫ്രാന്‍സിന്റെ ദേശീയ അസംബ്ലിയില്‍ നടക്കാന്‍ പോകുന്നു. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സഹായത്തോടെ ആത്മഹത്യ ചെയ്യുവാന്‍ അനുമതി നല്‍കുന്ന ‘എന്‍ഡ് ഓഫ് ലൈഫ്’ ബില്ലില്‍ ഉള്ള വോട്ടെടുപ്പാണ് അന്ന് നടക്കുന്നത്. ഫ്രഞ്ച് കത്തോലിക്ക സഭാ നേതാക്കള്‍, ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ പാര്‍ലമെന്റ്അംഗങ്ങളുടെ മുമ്പില്‍ ഈ ബില്ലിനെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.
ഫ്രഞ്ച് ബിഷപ്പുമാരുടെ ശക്തമായ എതിര്‍പ്പൊന്നും ഈ ബില്ല് നിയമമാകുന്നതിന് തടസമാകില്ല എന്നാണ് നിലവിലുള്ള സൂചനകള്‍. കാരണം ഫ്രാന്‍സിലെ 90 ശതമാനം ജനങ്ങളും ഇത്തരത്തില്‍ മരണത്തിന് സഹായം ലഭിക്കുന്നതിനെ അനുകൂലിക്കുന്നതായി ഒരു സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. എന്നാല്‍ ഇത്തരം സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ ആധികാരികതയെ വിശ്വസിക്കരുതെന്നും ചോദ്യകര്‍ത്താവിന് വേണ്ടണ്ടമറുപടി ലഭിക്കത്തക്ക വിധത്തില്‍ ചോദ്യങ്ങള്‍ രൂപീകരിച്ചുകൊണ്ടാണ് പല സര്‍വ്വേകളും നടക്കുന്നതെന്നും പാരിസിലെ ജസ്യൂട്ട് ഗവേഷണ സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബയോമെഡിക്കല്‍ എത്തിക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനും ജസ്യൂട്ട് വൈദികനുമായ ഫാ. ബ്രൂണോ സെയ്‌ന്റോട്ട് പറയുന്നു. തുടര്‍ന്ന് അദ്ദേഹം പറയുന്ന കാര്യം നമ്മുടെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. ഈ ബില്‍ നിയമം ആകുന്നതോടെ ക്രൈസ്തവവിശ്വാസം സ്വാധീനം ചെലുത്തിയിരുന്ന ഒരു സംസ്‌കാരത്തിന്റെ അവസാനമാകും അതെന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നത്.
2024 ഏപ്രില്‍ 11 യൂറോപ്പിന്റെ ചരിത്രത്തിലെ മറ്റൊരു കറുത്ത ദിനമായിരുന്നു. അന്നേ ദിവസമാണ് യൂറോപ്യന്‍ യൂണിയന്റെ ചാര്‍ട്ടറില്‍ അബോര്‍ഷന്‍ മൗലിക അവകാശമായി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം യൂറോപ്യന്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്നുള്ള 700 പ്രതിധികളടങ്ങുന്ന യൂറോപ്യന്‍ പാര്‍ലമെന്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം പാസാക്കിയെങ്കിലും ഇത് പ്രാബല്യത്തില്‍ വരണമെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ 27 രാജ്യങ്ങളും ഐകകണ്‌ഠേന ഈ നിര്‍ദേശത്തെ അംഗീകരിക്കണമെന്നതിനാല്‍ തല്‍ക്കാലത്തേക്കെങ്കിലും അബോര്‍ഷന്‍ യൂറോപ്യന്‍ യൂണിയന്റെ ഭരണഘടനയില്‍ മൗലിക അവകാശമായി ഇടം പിടിയ്ക്കുകയില്ല. എന്നാല്‍ ക്രൈസ്തവ വേരുകള്‍ വിട്ട് നവലിബറല്‍ സംസ്‌കാരത്തിലേക്കുള്ള യൂറോപ്പിന്റെ ചുവടുമാറ്റത്തിന്റെ അടയാളമായി ഈ വോട്ടെടുപ്പ് ചരിത്രത്തിലിടം നേടി.
സ്ത്രീകളുടെ അവകാശവുമായി അബോര്‍ഷനെ ബന്ധിപ്പിക്കുന്നതിനെതിരെ യൂറോപ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മ രംഗത്ത് വന്നിരുന്നുവെങ്കിലും അതൊന്നും വോട്ടെടുപ്പിനെയോ ജനങ്ങളെയോ കാര്യമായി സ്വാധീനിക്കുന്നില്ല എന്നതാണ് യൂറോപ്പിന്റെ ദുര്യോഗം. തങ്ങള്‍ക്കും സമൂഹത്തിനും അനുഗ്രഹത്തിന്റെ കാലമായി മാറ്റിക്കൊണ്ട് ഗര്‍ഭകാലം സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുള്ള യൂറോപ്പിനുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബിഷപ്പുമാര്‍ പറഞ്ഞു. അമ്മയാകുന്നത് വ്യക്തിപരമോ സാമൂഹ്യപരമോ പ്രഫഷനല്‍ ആയോ ഉള്ള ജീവിതത്തിന് ഒരിക്കലും പരിമിധി സൃഷ്ടിക്കുന്നില്ല. അബോര്‍ഷനെ പരിപോഷിപ്പിക്കുന്നതിലൂടെ സ്ത്രീകളുടെ യഥാര്‍ത്ഥ അവകാശങ്ങളെ ഹനിക്കുകയാണ് ചെയ്യുന്നത്. എല്ലാവരും അംഗീകരിക്കാത്തതും വിഭാഗായീത സൃഷ്ടിക്കുന്നതുമായ കാര്യങ്ങള്‍ മൗലിക അവകാശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്ന ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന പക്ഷേ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്.
മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാന ശിലയാണ് ജീവന്റെ അവകാശം. പ്രത്യേകിച്ചും ഗര്‍ഭസ്ഥശിശുക്കളെയും പ്രായമായവരെയും രോഗികളെയും വൈകല്യങ്ങളുള്ളവരെയും പോലെ ദുര്‍ബലരും പ്രതിരോധശേഷിയില്ലാത്തവരുമായവരുടെ ജീവിക്കാനുള്ള അവകാശം. ഇത് സഭ എന്നും പഠിപ്പിച്ചിട്ടുള്ള കാര്യമാണെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി. എന്നാല്‍ തെറ്റുകള്‍ തിരുത്താനോ നേര്‍വഴിക്ക് നയിക്കാനോ കഴിയാത്ത വിധം ക്രൈസ്തവനാമധാരികളില്‍ ഭൂരിപക്ഷവും സഭയില്‍ നിന്നും വിശ്വാസത്തില്‍ നിന്നും അകന്നിരിക്കുന്നതിനാല്‍ സഭാധികാരികളുടെ പ്രബോധനങ്ങള്‍ അവരില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല എന്നതാണ് യൂറോപ്പ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
കേരളസഭയാകുന്ന അമ്മയുടെ മാറിലെ വിശ്വാസമാകുന്ന അമ്മിഞ്ഞപ്പാല്‍ ആവോളം നുകര്‍ന്ന് വളര്‍ന്ന കേരളത്തിലെ ക്രൈസ്തവര്‍, ഇന്ന് അനുഭവിക്കുന്ന നന്മകളുടെ വില മനസിലാക്കാനെങ്കിലും യൂറോപ്പില്‍ സംഭവിക്കുന്ന കാര്യങ്ങളിലേക്കൊന്ന് എത്തിനോക്കുന്നത് നല്ലതാണ്. ഏതെങ്കിലും പക്ഷം ചേര്‍ന്ന് മറുപക്ഷത്തെ പ്രകോപിപ്പിച്ചുകൊണ്ട് സഭയിലെ ചേരിതിരിവുകള്‍ രൂക്ഷമാക്കുന്നതില്‍ നിന്നും, മുറിവുകള്‍ കരിയാന്‍ അനുവദിക്കാത്ത വീണ്ടും വീണ്ടും വാക്കുകള്‍കൊണ്ടും പ്രവൃത്തികള്‍ക്കൊണ്ടും പരസ്പരം പരിക്കേല്‍പ്പിക്കുന്നത് തുടരുന്നതില്‍ നിന്നും അത് നമ്മെ പിന്തിരിപ്പിച്ചേക്കാം. കേള്‍ക്കാന്‍ ഇമ്പമുള്ള നവലിബറല്‍ ആശയങ്ങളും വിപ്ലവസിദ്ധാന്തങ്ങളും പ്രണയക്കെണികളും തീവ്രവര്‍ഗീയ ആശയങ്ങളുമൊക്കെയായി തിന്മയുടെ കഴുകന്‍ കണ്ണുകള്‍ വല വിരിച്ച് കാത്തരിപ്പുണ്ട്. അവയുടെ പിടിയില്‍നിന്ന് നമ്മെയും വരും തലമുറകളെയും രക്ഷിക്കാനെങ്കിലും കേരളസഭ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട് എന്ന് ആര്‍ക്കും സമ്മതിക്കാതിരിക്കാനാവില്ല.
Leave a Comment
Your email address will not be published. Required fields are marked with *