Follow Us On

21

December

2024

Saturday

അംബാനും രംഗണ്ണനും കുട്ടികളുടെ മുമ്പിലുയര്‍ത്തുന്ന ഭീഷണി

അംബാനും രംഗണ്ണനും കുട്ടികളുടെ  മുമ്പിലുയര്‍ത്തുന്ന ഭീഷണി

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്ററില്‍ കുട്ടികളുടെ കൈപിടിച്ച് നടക്കുന്നതായി ആദ്യം ചിത്രീകരിച്ചിരുന്നത് രംഗണ്ണനെും അംബാനെയുമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ആവേശം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ് രംഗണ്ണനും അംബാനും. യുവജനങ്ങളുടെ ഇടയിലെ ട്രെന്റിന്റെ ചുവടുപിടിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ താരങ്ങള്‍ പക്ഷേ സിനിമയില്‍ കൊലപാതകമുള്‍പ്പടെയുള്ള എല്ലാ കുറ്റങ്ങളും ചെയ്യുന്ന ഗുണ്ടകളാണെന്നുള്ളതൊന്നും ശിശുക്ഷേമ വകുപ്പിന് പ്രശ്‌നമായില്ല.

കാണുന്ന കാര്യങ്ങള്‍ അതേപടി അനുകരിക്കുന്ന കോപ്പി ക്യാറ്റ് പ്രവണതയുള്ള കുട്ടികളുടെ മാതൃകയായി ഇത്തരം കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത് ശരിയല്ലെന്ന് കേരളത്തിലെ പ്രശസ്തനായ ഒരു സൈക്കാട്രിസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് ശിശുക്ഷേമ വകുപ്പ് ആ പോസ്റ്റര്‍ പിന്‍വലിക്കാന്‍ തയാറായത്. ആ പോസ്റ്റില്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു,”ഇവരാണ് കുട്ടികളുടെ മാതൃകയെന്ന് പരോക്ഷമായി പറയുന്നത് പോലെയായി ഇത്. നിര്‍ദോഷമെന്ന് തോന്നുന്ന ഇത്തരം ചെയ്തികളിലൂടെ കുട്ടികള്‍ ചെയ്യാന്‍ ഇടയുള്ള അപകടങ്ങളെക്കുറിച്ച് പഠിക്കുക. ഇതൊക്കെ മാതൃകയാക്കിയുള്ള പെരുമാറ്റ വൈകല്യങ്ങളുമായി മാനസികാരോഗ്യ ക്ലിനിക്കുകളില്‍ വരുന്ന കുട്ടികളെയും മാതാപിതാക്കളെയും കണ്ട് നെടുവീര്‍പ്പെടാം.

” സിനിമകളിലെ തെറ്റായ മാതൃകകള്‍ കുട്ടികളിലുണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെ ഗൗരവമുള്ള മുന്നറിയിപ്പാണ് ഈ സൈക്കാട്രിസ്റ്റിന്റെ വാക്കുകള്‍ നല്‍കുന്നത്. അദ്ദേഹത്തിന്റെ മുന്നറിയിപ്പിന്റെ ഫലമായി ആ പോസ്റ്റര്‍ പിന്‍വലിക്കാന്‍ ശിശുക്ഷേമ വകുപ്പ് തയാറായി എന്നത് ആശ്വാസകരമാണ്. വളരെ തന്മയത്വത്തോടെ നര്‍മത്തിന്റെ പുറംചട്ട അണിയിച്ച് കൊലപാതകത്തെയും ഗുണ്ടായിസത്തെയും ലഹരിയുടെ ഉപയോഗത്തെയും സാമാന്യവത്കരിക്കുകയും നിസാരവത്കരിക്കുകയും ചെയ്ത ഈ സിനിമ, കേരളത്തില്‍, പ്രത്യേകിച്ച് യുവജനങ്ങളുടെ ഇടയില്‍ വലിയ ഹിറ്റായി മാറി എന്നത് ഒരു അപായസൂചന നല്‍കുന്നുണ്ട്.

ഇറങ്ങും മുമ്പ് തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. ആന്റോ ജോസ് പെരേരയും, എബി ട്രീസ പോളും ചേര്‍ന്ന് സംവിധാനം ചെയ്ത ഈ ചിത്രം സാന്ദ്ര തോമസാണ് നിര്‍മിച്ചിരിക്കുന്നത്. ക്രൈസ്തവനാമധാരികളായ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്നൊരുക്കിയ ചിത്രത്തിന്റെ കഥ ഇടുക്കിയിലെ ക്രൈസ്തവ കര്‍ഷക കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് പുരോഗമിക്കുന്നത്. ‘കാതല്‍ ‘എന്ന ചിത്രത്തിന് ശേഷം വീണ്ടും സ്വവര്‍ഗാനുരാഗം കേരളത്തിലെ പ്രേക്ഷകരുടെ മുമ്പിലെത്തിക്കുന്ന ഈ സിനിമയും നമ്മുടെ സമൂഹത്തോട് ചെയ്യുന്ന ദ്രോഹം ചെറുതല്ല. സ്വവര്‍ഗാനുരാഗത്തെ ഗൗരവമുള്ള പാപമായി കരുതുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു സിനിമകളും ഈ തിന്മയെ വെള്ളപൂശി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നതും കേവലം യാദൃശ്ചികമാണെന്ന് കരുതാനാവില്ല.

ലോകത്തിലെവിടെയും നടക്കുന്ന കാര്യങ്ങള്‍ കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഏത് കൊച്ച് കുഞ്ഞിന്റെയും കൈവെള്ളയില്‍ ലഭ്യമാകുന്ന ഈ കാലത്തും സിനിമ എന്ന മാധ്യമത്തിന് യുവജനങ്ങളുടെയും കുട്ടികളുടെയും ഇടയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. സിനിമ പോലുള്ള മാധ്യമത്തിലൂടെ പങ്കുവയ്ക്കുന്ന ആശയങ്ങള്‍ നല്ലതായാലും മോശമായാലും അത് സമൂഹത്തില്‍ പ്രതിഫലിക്കും. എന്നാല്‍ ഈ സാധ്യതകള്‍ അടുത്തകാലത്തായി ക്രൈസ്തവമൂല്യങ്ങളെയും കൂദാശകളെയും പ്രാര്‍ത്ഥനകളെയും പുരോഹിരെയും സന്യസ്തരെയും ഇകഴ്ത്തുന്നതിനായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് ദുഃഖകരമായ യാഥാര്‍ത്ഥ്യമാണ്. അതിനോടൊപ്പം തന്നെ ലഹരിയുടെ ഉപയോഗം, അസഭ്യ വാക്കുകളുടെ പ്രയോഗം, വഴിവിട്ട ബന്ധങ്ങള്‍, അക്രമം, തീവ്രവാദം, വര്‍ഗീയത തുടങ്ങിയ തിന്മകളെ പ്രോത്സാഹിപ്പിക്കുകയും കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളെ നിസാരവത്കരിക്കുകയും ചെയ്യുന്ന മലയാള സിനിമകള്‍ അനേകം യുവജനങ്ങളെ തെറ്റായ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

മലയാള സിനിമ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ക്രൈസ്തവരായ നിരവധി നിര്‍മാതാ ക്കളും സംവിധായകരും അഭിനേതാക്കളും ഉണ്ടായിട്ടും സിനിമയിലെ ഇത്തരം അപചയങ്ങള്‍ക്കെതിരെ കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് വേദനാജനകമാണ്. വിശ്വാസത്തെ ഹനിക്കുന്ന, തെറ്റായ മൂല്യങ്ങളും ആശയങ്ങളും യുവാക്കളിലേക്ക് കുത്തിവയ്ക്കുന്ന കഥകള്‍ക്കെതിരെയും സിനിമകള്‍ക്കെതിരെയും സിനിമ രംഗത്തുള്ളവര്‍ തന്നെ പ്രതികരിക്കാനും അത്തരം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കാനും തയാറാകണം.
സാമൂഹ്യമാധ്യമങ്ങളിലൂടെയും ഇത്തരം തിന്മകള്‍ നമ്മുടെ സമൂഹത്തിലേക്ക്, പ്രത്യേകിച്ചും യുവജനങ്ങളുടെയും കുട്ടികളുടെയും ലോകത്തേക്ക് കടന്നുവരുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കൊച്ചുകുട്ടികള്‍ കാണുന്ന കാര്‍ട്ടൂണുകളിലൂടെ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ മുഴുകിയിരിക്കുന്ന ചെറുപ്പക്കാരുടെ മുമ്പിലേക്ക് വരെ ഇന്റര്‍നെറ്റിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും തുടര്‍ച്ചയായി കടന്നുവരുന്ന അനവധി തിന്മകള്‍ക്ക് മുമ്പില്‍ കവചമോ പ്രതിരോധമോ തീര്‍ക്കാന്‍ നമുക്ക് എങ്ങനെയാണ് സാധിക്കുക?

അടുത്തിടെ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി വല്യമ്മയോട് ചോദിച്ച സംശയം, താന്‍ കാണുന്ന കാര്‍ട്ടൂണിലെ കഥാപാത്രത്തിന് എന്തുകൊണ്ടാണ് അപ്പനും അമ്മക്കും പകരം രണ്ട് അമ്മമാരുള്ളത് എന്നായിരുന്നു. സ്ത്രീയും സ്ത്രീയും തമ്മില്‍ ‘വിവാഹം’ കഴിക്കുന്നതും പുരുഷനും പുരുഷനും തമ്മില്‍ ‘വിവാഹം’ കഴിക്കുന്നതും സ്വഭാവികമാണെന്നും സാധാരണമാണെന്നുമുള്ള തോന്നല്‍ കുഞ്ഞുമനസുകളിലേക്ക് കുത്തിവയ്ക്കുന്നവയാണ് ഇന്ന് കുട്ടികളുടെ പല പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ പ്രോഗ്രാമുകളും.

കുട്ടികളുടെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുക, അതിനുള്ള സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക തുടങ്ങിയ മാനുഷികമായ മുന്‍കരുതലുകള്‍ക്ക് ഉപരിയായി കുട്ടികളെ യേശുവിലേക്ക് നയിക്കുക എന്നത് മാത്രമാണ് മുമ്പിലുള്ള ഏക പ്രതിരോധമാര്‍ഗം. കാരണം എത്രയൊക്കെ ശ്രമിച്ചാലും തിന്മയുടെ കാഴ്ചകളും ആശയങ്ങളും കുട്ടികളുടെ ലോകത്തേക്ക് കടന്നുവരുമെന്ന് ഉറപ്പാണ്. ആ കുഴികളില്‍ അവര്‍ വീഴാതിരിക്കണമെങ്കില്‍, വീണാലും എഴുന്നേല്‍ക്കുവാന്‍ സാധിക്കണമെങ്കില്‍ സകല നന്മയുടെയും സത്യത്തിന്റെയും ഉറവിടമായ ക്രിസ്തുവുമായി, ക്രിസ്തുവിന്റെ സുവിശേഷവുമായി അവര്‍ക്ക് ബന്ധമുണ്ടായിരിക്കണം. ആ ബന്ധം നല്‍കാന്‍ മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും സാധിക്കണമെങ്കില്‍ ആദ്യമേ അവര്‍ക്ക് ക്രിസ്തുവുമായി ബന്ധമുണ്ടായിരിക്കണം. മാത്രമല്ല, സിനിമയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും കടന്നുവരുന്ന തിന്മകളുടെ മുകളില്‍ ചവിട്ടിനിന്നുകൊണ്ട് നല്ല മാതൃക നല്‍കാന്‍ അവര്‍ക്ക് സാധിക്കണം. സന്ധ്യാപ്രാര്‍ത്ഥനയുടെ സമയത്ത് മൊബൈല്‍ ഫോണും നോക്കിയിരിക്കുന്ന മാതാപിതാക്കള്‍ക്ക് എങ്ങനെയാണ് കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയുക?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?