Follow Us On

15

January

2025

Wednesday

ഹാഥ്‌റസ് നല്‍കുന്ന സന്ദേശം

ഹാഥ്‌റസ് നല്‍കുന്ന സന്ദേശം

കെ.ജെ മാത്യു
മാനേജിംഗ് എഡിറ്റര്‍

ജൂലൈ മൂന്നിലെ ദിനപ്പത്രങ്ങള്‍ വായനക്കാര്‍ക്ക് നല്‍കിയ പ്രധാന പ്രഭാത വാര്‍ത്ത ഇതായിരുന്നു: ‘യുപിയില്‍ തിക്കിലും തിരക്കിലും 120 മരണം.’ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് ജില്ലയില്‍ മതചടങ്ങിനെത്തിയവരാണ് മരണപ്പെട്ടത്. ഭോലെ ബാബയുടെ കാല്‍ പതിഞ്ഞ മണ്ണ് ശേഖരിക്കാന്‍ ഭക്തര്‍ തിരക്ക് കൂട്ടിയപ്പോഴാണ് ഈ വന്‍ ദുരന്തമുണ്ടായത്. പത്രങ്ങളില്‍ മിക്കവാറും എല്ലാദിവസവും കാണുന്ന ദുരന്തവാര്‍ത്തകള്‍ വായിക്കുന്നതുപോലെ നിര്‍വികാരതയോടും നിര്‍മമതയോടും കൂടെയാണ് ഈ വാര്‍ത്തയും വായിച്ചത്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മനസിനെ നൊമ്പരപ്പെടുത്തുന്ന ഒരു ചിന്ത കടന്നുവന്നു. ആരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍? സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, എല്ലാം കാണുന്നവനും അറിയുന്നവനുമായ ദൈവം ഒരു അന്വേഷണം നടത്തിയാല്‍ ആരൊക്കെയാണ് പിടിക്കപ്പെടുക?

യഥാര്‍ത്ഥ രക്ഷയും അത് പകരുന്ന സമാധാനവും തേടി മനുഷ്യര്‍ ഇന്ന് പരക്കംപായുകയാണ്. വരണ്ട ഭൂമിയിലാണ് ജീവിക്കുന്നതെങ്കിലും അവര്‍ ദാഹജലത്തിനായി തീവ്രമായി അന്വേഷിക്കുന്നു. നീരുറവകള്‍ തേടി അലയുന്ന അവര്‍ പക്ഷേ കണ്ടെത്തുന്നത് ജലമില്ലാത്ത പൊട്ടക്കിണറുകളാണ്. അതില്‍ വീണ് നശിക്കുക എന്നതാണ് അവരുടെ ദുര്‍വിധി. ഈ അവസ്ഥയ്ക്ക് ഉത്തരവാദികള്‍ ആരാണ്? ജീവജലത്തിന്റെ യഥാര്‍ത്ഥ നീരുറവ കണ്ടെത്തിയ ഒരു വിഭാഗം ഇവിടെയുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ സദ്‌വാര്‍ത്ത അറിയാന്‍ കൃപ ലഭിച്ചവരാണ് അവര്‍. എന്താണ് ഈ സദ്‌വാര്‍ത്ത? പിതാവായ ദൈവം മനുഷ്യരെ മക്കളെപ്പോലെ സ്‌നേഹിക്കുന്നു. അവരില്‍ ഒരുവന്‍പോലും നശിച്ചുപോകാതിരിക്കാന്‍ അവിടുന്ന് തന്റെ ഏകപുത്രനെത്തന്നെ ലോകത്തിലേക്ക് അയച്ചു. യേശു എന്നപേര് സ്വീകരിച്ച് മനുഷ്യനായി അവതരിച്ച ആ ദൈവപുത്രന്‍ കുരിശില്‍ മരിച്ച് മനുഷ്യന്റെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്തു. അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു. യഥാര്‍ത്ഥ രക്ഷയും സമാധാനവും യേശുമാത്രമാണ് നല്‍കുന്നത്. ഈ സദ്‌വാര്‍ത്തയാകുന്ന ദീപം സ്വീകരിച്ചവര്‍ അത് ചുറ്റുമുള്ളവര്‍ കാണുന്ന വിധത്തില്‍ വിളക്കുകാലിലോ പീഠത്തിലോ വയ്ക്കാന്‍ കടപ്പെട്ടവരാണ്. എന്നാല്‍, മിക്കപ്പോഴും അത് പറയുടെ കീഴില്‍ ഒളിപ്പിക്കപ്പെട്ടു. എന്തുകൊണ്ട് സദ്‌വാര്‍ത്ത നാം തീക്ഷ്ണതയോടെ പങ്കുവച്ചില്ല? അത് ശരിക്കും ഒരു സദ്‌വാര്‍ത്തയായി നമുക്ക് അനുഭവപ്പെട്ടില്ല. ഒരു നല്ല വാര്‍ത്ത അറിയുന്ന ഏതൊരു വ്യക്തിയും അത് അടുത്തുള്ളവരോട് പറയാന്‍ തിടുക്കം കൂട്ടുമല്ലോ!

രണ്ടായിരം വര്‍ഷത്തെ പാരമ്പര്യത്തില്‍ ഭാരതസഭ ഊറ്റംകൊള്ളുന്നു, അഭിമാനിക്കുന്നു. പക്ഷേ, ഈ പാരമ്പര്യം നമ്മെ രക്ഷിക്കുമോ? ദൈവസന്നിധിയില്‍ നമുക്ക് നീതീകരണം ലഭിക്കുമോ? എന്താണ് ഭാരത സഭയുടെ യഥാര്‍ത്ഥ കുറവ് എന്ന് കണ്ടെത്തിയാല്‍ മാത്രമേ സഭ വളരുകയുള്ളൂ, ദൈവത്തിന്റെ കൃപകള്‍ വര്‍ഷിക്കപ്പെടുകയുള്ളൂ. അത് സോഷ്യല്‍ സര്‍വീസ് നടത്തുന്നവരുടെ എണ്ണം കൂടുകയും സദ്‌വാര്‍ത്ത അറിയിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തു എന്നതാണ്. ആദ്യത്തേത് എളുപ്പമാണ്. രണ്ടാമത്തേത് താരതമ്യേന ബുദ്ധിമുട്ടുള്ളതാണ്. എളുപ്പമുള്ള ജോലികള്‍ ചെയ്യുവാനല്ലല്ലോ നാം വിളിക്കപ്പെട്ടത്.
ഇതിന് അപവാദങ്ങളില്ലാതില്ല. പരിശുദ്ധാത്മാവിന്റെ കൃപയും വരങ്ങളും സ്വീകരിച്ച അനേകം പ്രേഷിതരുണ്ട് എന്ന കാര്യം മറക്കുന്നില്ല. അവര്‍ അപരിചിതമായ സ്ഥലങ്ങളിലേക്ക് കടന്നുചെല്ലുന്നു, വ്യക്തികളുമായി സംസാരിക്കുന്നു. പ്രാര്‍ത്ഥനാ പൂര്‍വമാണ് ആ സംഭാഷണം. അപ്പോള്‍ ദൈവാത്മാവ് ആ വ്യക്തിയുടെ ഏറ്റവും പ്രധാന പ്രശ്‌നം, രോഗം വെളിപ്പെടുത്തുന്നു. അത് ചോദിക്കുമ്പോള്‍ അയാള്‍ അത്ഭുതസ്തബ്ധനാകുന്നു.

‘എന്നെ ആദ്യം കാണുന്ന താങ്കള്‍ എങ്ങനെ ഇതറിഞ്ഞു?’ ‘യേശുവാണ് ഇത് വെളിപ്പെടുത്തിയത്. നിങ്ങള്‍ യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇപ്പോള്‍ കണ്ണടച്ചു പ്രാര്‍ത്ഥിക്കുക.’ അയാള്‍ കണ്ണടച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു കുളിര്‍ത്തെന്നലായി പ്രകാശപൂര്‍ണനായ കര്‍ത്താവ് കടന്നുവരുന്നു. അത്ഭുതകരമായ സൗഖ്യം, സ്പര്‍ശനം ലഭിച്ച ആ മനുഷ്യന്‍ ഒരു സമരിയാക്കാരനായി മാറുന്നു. ഈ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു. ഇങ്ങനെയുള്ള അനുഭവങ്ങളും മരുഭൂമിയില്‍ മരുപ്പച്ചപോലെ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. നമുക്ക് ഇങ്ങനെ ആശംസിക്കാം, പ്രാര്‍ത്ഥിക്കാം:’Let their tribe increase!’അതെ, അങ്ങനെയുള്ളവരുടെ എണ്ണം വര്‍ധിച്ചുവരട്ടെ.

ഭാരതത്തിലെ 144 കോടിയിലധികം വരുന്ന ഓരോ പൗരനും യേശുവിനെ അറിയാനുള്ള അവകാശമുണ്ട്. യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള വിളിയുണ്ട്. എന്താണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം? ”നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹന്നാന്‍ 8:32). സത്യം അറിയാതെ എങ്ങനെ സ്വാതന്ത്ര്യം പ്രാപിക്കും? ഇങ്ങനെ വീണ്ടും എഴുതപ്പെട്ടിരിക്കുന്നു: ”അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകും” (യോഹന്നാന്‍ 8:36). ഭാരതത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യം ഇനിയും എത്ര അകലെയാണ്?

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?