Follow Us On

30

December

2024

Monday

കേരളത്തെ കാത്തിരിക്കുന്ന വലിയ വിപത്തിന്റെ മുന്നറിയിപ്പ്‌

കേരളത്തെ കാത്തിരിക്കുന്ന  വലിയ വിപത്തിന്റെ  മുന്നറിയിപ്പ്‌

ഓഗസ്റ്റ് മാസത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന സര്‍ക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ആശങ്കയുണര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകള്‍ വഴി ഓണ്‍ലൈനായി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ മദ്യവിതരണം നടത്തുന്നതിനുള്ള സാധ്യതയാണ് ഈ ദിനങ്ങളിലെ പത്രവാര്‍ത്തകളില്‍ നിറയുന്നത്. വരും തലമുറയും സ്ത്രീകളും കുട്ടികളുമടക്കം കേരളത്തിലെ വലിയൊരു വിഭാഗത്തെ മദ്യാസക്തിയുടെ പിടിയിലേക്ക് നയിക്കാന്‍ സാധ്യതയുള്ള അപകടരമായ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി സഹൃദയരായ മനുഷ്യരും മദ്യവിരുദ്ധകൂട്ടായ്മകളും രംഗത്ത് എത്തിക്കഴിഞ്ഞു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ഏത് വിധത്തിലും വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ ആത്മഹത്യാപരമായ ഇത്തരം നയരൂപീകരണത്തിന് കേരള സര്‍ക്കാര്‍ മുതിര്‍ന്നേക്കും എന്ന ആശങ്ക ശക്തമാണ്.

വിലകൂടിയ പ്രീമിയം ബ്രാന്‍ഡ് മദ്യം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ വീടുകളിലെത്തിച്ച് നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ നേരത്തെ പരിഗണിച്ചിരുന്നതെങ്കില്‍ ബിയര്‍, വൈന്‍, തുടങ്ങിയ വീര്യം കുറഞ്ഞ ആല്‍ക്കഹോള്‍ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിനാണ് ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. കേരളത്തിന് പുറമേ ഡല്‍ഹി, കര്‍ണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ, എന്നീ സംസ്ഥാനങ്ങളിലും മദ്യവിതരണം ഓണ്‍ലൈനായി നടത്തുന്നതിനുള്ള ശ്രമങ്ങളാണ് ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ നടത്തുന്നത്. നിലവില്‍ പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ മദ്യം ഹോം ഡെലിവറി ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങിയ ശേഷം ഈ സംസ്ഥാനങ്ങളിലെ മദ്യവില്‍പ്പന 20 മുതല്‍ 30 ശതമാനം വരെ വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കേരളത്തെ കാത്തിരിക്കുന്ന വലിയ വിപത്തിന്റെ മുന്നറിയിപ്പാണ്.

ഒന്നാം തിയതിയിലെ ഡ്രൈ ഡേ ഒഴിവാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിരുന്നെങ്കിലും ശക്തമായ പ്രതിഷേധമുണ്ടാകുമെന്നതിനാല്‍ അത് പുതിയ മദ്യനയത്തിന്റെ ഭാഗമാകാനിടയില്ല. എന്നിരുന്നാലും ഐടി പാര്‍ക്കുകളുമായി ബന്ധപ്പെട്ടുള്ള മദ്യവില്‍പ്പനയുമായി സര്‍ക്കാര്‍ മുമ്പോട്ട് പോകുമെന്നാണ് സൂചന. ജോലിയുമായി ബന്ധപ്പെട്ട് നഗരങ്ങളില്‍ കഴിയുന്നവരാണ് കൂടുതലായും ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളെ ആശ്രയിക്കുന്നത്. ചുരുക്കത്തില്‍ ഐടി പാര്‍ക്കുകളിലും മറ്റ് മികച്ച വരുമാനമുള്ള ജോലികളിലും ഏര്‍പ്പെടുന്നവരുടെ വരുമാനത്തിന്റെ ഒരുപങ്ക് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മദ്യനയത്തിനാവും ഗവണ്‍മെന്റ് അംഗീകാരം നല്‍കുക.

മദ്യം എല്ലാവര്‍ക്കും സുലഭമായി ലഭ്യമാക്കുന്ന മദ്യനയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനങ്ങള്‍ക്കും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ക്കും വിരുദ്ധമാണ്. മദ്യപിക്കുന്നവരും മദ്യത്തിന് അടിമകളായി മാറുന്നവരും സംസ്ഥാനത്ത് കൂടുമ്പോള്‍ സംഭവിക്കുന്ന ദീര്‍ഘകാല ദോഷങ്ങള്‍ കണക്കിലെടുക്കാതെ താല്ക്കാലിക സാമ്പത്തികനേട്ടത്തിനുവേണ്ടി ഇത്തരം നയങ്ങള്‍ രൂപീകരിക്കുന്നത് അധികാരത്തിലേറ്റിയ ജനങ്ങളോട് ഒരു സര്‍ക്കാരിന് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ്. മദ്യത്തിന്റെ ഉപയോഗം മൂലം നഷ്ടപ്പെടുന്ന കുടുംബസമാധാനവും തകരുന്ന കുടുംബങ്ങളും ഒഴുക്കപ്പെടുന്ന കണ്ണീരും കൂടെ കണക്കിലെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ദൈവം മനുഷ്യന് നല്‍കിയിരിക്കുന്ന സ്വതന്ത്രമായ ചിന്താശേഷിയും തീരുമാനമെടുക്കുന്നതിനുള്ള ശേഷിയും ഇല്ലാതാക്കുന്ന ലഹരിക്ക് ജനങ്ങളെ അടിമകളാക്കിയേക്കാവുന്ന മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം.

2016-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ 29 ബാറുകളും 813 ബിയര്‍, വൈന്‍ പാര്‍ലറുകളുമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ബാറുകള്‍ 900-ത്തിലധികമുണ്ട്. പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ട് മദ്യത്തില്‍നിന്നുള്ള വരുമാനം ഉയര്‍ത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഇന്ന് പരിശ്രമിക്കുന്നത്. ഒരുവശത്ത് മദ്യത്തെ മുഖ്യ വരുമാനമാര്‍ഗമായി കണ്ട് കൂടുതല്‍ വിപണന-വരുമാന സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാരിന് യുവജനങ്ങളെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനും ലഹരി അടിമത്വത്തിനുമെതിരായ പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥതയോടെ നടപ്പാക്കാന്‍ കഴിയില്ല. അതുകൊണ്ട് ബിയറും വൈനും ഉള്‍പ്പെടെയുള്ള മദ്യം ഓണ്‍ലൈന്‍ വഴി വില്‍ക്കാന്‍ അനുമതി തേടിയുള്ള കമ്പനികളുടെ നീക്കത്തിന് സര്‍ക്കാര്‍ തടയിടണം. പകരം ബാറുകളുടെ എണ്ണം കുറയ്ക്കാനും പടിപടിയായി മദ്യവില്‍പന കുറയ്ക്കാനുമുള്ള സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കി ജനങ്ങളോടുള്ള കൂറ് തെളിയിക്കണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?