കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍)
അവര്‍ണനീയമായ വേദനയും മാനുഷികമായി അപരിഹാര്യമായ നഷ്ടങ്ങളും ബാക്കിപത്രമായി അവശേഷിപ്പിച്ചുകൊണ്ട് വയനാടിനെയും വിലങ്ങാടിനെയും കശക്കിയെറിഞ്ഞ് ഉരുള്‍ജലം ഒഴുകിയിറങ്ങി. ഹൃദയഭേദകമായ അനേക രംഗങ്ങള്‍ക്ക് ദുരന്തഭൂമി സാക്ഷ്യംവഹിച്ചു. ‘ഇതെന്റെ ചേച്ചിയുടെ മുഖമല്ല’ എന്ന് സ്വന്തം ചേച്ചിയുടെ വികൃതമാക്കപ്പെട്ട മുഖം നോക്കി നെഞ്ചുപൊട്ടിക്കരയുന്ന അനുജന്‍, ഭര്‍ത്താവിന്റെ പേര് കൊത്തിയ വിവാഹമോതിരംകൊണ്ടുമാത്രം തിരിച്ചറിയപ്പെട്ട മകളുടെ ചലനമറ്റ കൈനോക്കി മുഖംപൊത്തി കരയുന്ന അപ്പന്‍, വൃദ്ധനായ പിതാവിനെ സംരക്ഷിക്കുന്നതിനിടയില്‍ കൈവിട്ടുപോയ സ്വഭാര്യയുടെ മൃതദേഹം കണ്ട് വിങ്ങിക്കരയുന്ന ഭര്‍ത്താവ്… ഇങ്ങനെ മനസിനെ നോവിക്കുന്ന എത്ര ചിത്രങ്ങള്‍.
ഏറ്റവും പ്രിയപ്പെട്ടവരുടെ മുഖംപോലും അവസാനമായി ഒന്നു കാണുവാന്‍ സാധിക്കാതെ തേങ്ങുന്നവരെ ആര്‍ക്ക് ആശ്വസിപ്പിക്കാനാവും? ഒരായുസു മുഴുവന്‍ വിയര്‍പ്പൊഴുക്കി മണ്ണില്‍ പൊന്നുവിളയിച്ച കര്‍ഷകരുടെ ഫലഭൂയിഷ്ഠമായ കൃഷിഭൂമി ഒരു രാത്രികൊണ്ട് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മരുഭൂമിയായി മാറി. പൊട്ടിയൊഴുകിയ ഉരുള്‍ജലം ഒഴുക്കിക്കൊണ്ടുപോയത് സമൃദ്ധമായ കായ്കള്‍ നിറഞ്ഞ ഫലവൃക്ഷങ്ങളെയല്ലായിരുന്നു, ഇനിയൊന്നു വിശ്രമിക്കാം, സമാധാനമായി ജീവിതസായാഹ്നം ചെലവഴിക്കാം എന്നുള്ള അവരുടെ നിറഞ്ഞ പ്രതീക്ഷകളെയായിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ ദുരിതാശ്വാസക്യമ്പുകളില്‍ കഴിയുന്ന അവര്‍ക്ക് ഇനിയെന്താണ് പ്രതീക്ഷിക്കാനുള്ളത്?
തിരിഞ്ഞുനോക്കുമ്പോള്‍ മറ്റൊരു ചിത്രംകൂടി തെളിയുന്നുണ്ട്. ഈ ദുരന്തങ്ങള്‍ക്ക് ഭാവാത്മകമായ ഒരു വശമുണ്ട് എന്നതാണത്. രൗദ്രഭാവത്തോടെ, സര്‍വസംഹാരിയായി കുത്തിയൊലിച്ച ഉരുള്‍ജലത്തിന് സമാന്തരമായി കരുണയുടെയും ആര്‍ദ്രതയുടെയും പരസ്‌നേഹത്തിന്റെയും നദി ശാന്തമായി ഒഴുകി. അത് ദുരന്തഭൂമിയുടെ മുറിവുകളുണക്കിക്കൊണ്ട് പരന്നൊഴുകയായിരുന്നു. ദുരന്തചിത്രങ്ങളെ നിഷ്പ്രഭമാക്കുന്ന അനേക വര്‍ണചിത്രങ്ങള്‍ ഉയരുകയായി. സ്വജീവനെത്തന്നെ വിസ്മരിച്ചുകൊണ്ട് രാത്രിയെ പകലാക്കി ചാലിയാര്‍പ്പുഴയിലും കൊടുംവനങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍, അയല്‍ക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള തത്രപ്പാടില്‍ നാടിനുവേണ്ടി ജീവന്‍ വെടിഞ്ഞ അധ്യാപകന്‍, ഒരു രാത്രിയും പകലുംകൊണ്ട് മുറിഞ്ഞുപോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാന്‍ ബെയ്‌ലി പാലം ഉയര്‍ത്തുവാന്‍ കഠിനാധ്വാനം ചെയ്ത ധീരസൈനികര്‍, വേദനിക്കുന്നവര്‍ക്കുവേണ്ടി തങ്ങളുടെ കുഞ്ഞുകുടുക്കകള്‍ പൊട്ടിച്ച കുഞ്ഞുങ്ങള്‍, തന്റെ ഏകവരുമാനമായ വളര്‍ത്തുപശുവിനെ വിറ്റ് സഹജീവികളുടെ കണ്ണീരൊപ്പുന്ന കര്‍ഷകര്‍, തന്റെ ചായക്കടയിലൂടെ അരലക്ഷത്തോളം രൂപ സമാഹരിച്ച് ദുരിതാശ്വാസനിധിയിലേക്ക് അയച്ചുകൊടുത്ത തമിഴ്‌നാട്ടിലെ ചായക്കടക്കാരന്‍…. ഇങ്ങനെ മനസിനെ നനയിക്കുന്ന എത്ര ചിത്രങ്ങള്‍! പുറമേ കഠിനമെന്നു തോന്നുന്ന മനുഷ്യഹൃദയങ്ങളില്‍ കാരുണ്യത്തിന്റെ നീരുറവ ഒഴുക്കുന്ന ദൈവത്തിന്റെ സാന്നിധ്യം കാണാതിരിക്കുന്നതെങ്ങനെ?
അതിജീവനത്തിനുള്ള കഴിവാണ് ദൈവം മനുഷ്യനു നല്‍കിയ സുപ്രധാന കഴിവുകളിലൊന്ന്. വര്‍ഷങ്ങള്‍ക്കുമുമ്പ് അമ്പൂരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഉറ്റവരും ഉടയവരും ഉള്‍പ്പെടെ 21 പേരെ നഷ്ടപ്പെട്ട തോമസ്‌ചേട്ടന്‍ തന്റെ പുതിയ വീടിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചിത്രം അതാണ് നമ്മോട് പറയുന്നത് – ഇതും കടന്നുപോകും. മരുഭൂമിക്ക് സമാനമായ, പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഇടങ്ങള്‍ മനുഷ്യന്റെ രക്തം വിയര്‍പ്പായി വീണ് വീണ്ടും ഫലവൃക്ഷങ്ങളെക്കൊണ്ട് നിറയും. തന്നെ മൂടിയിരിക്കുന്ന ഭൂതകാലത്തിന്റെ കരിമ്പടങ്ങള്‍ വലിച്ചെറിഞ്ഞുകൊണ്ട് അവന്‍ പ്രകാശം നിറഞ്ഞ ഭാവിയിലേക്ക് കുതിച്ചുപായും.
എല്ലാം നഷ്ടപ്പെട്ട്, പരാജിതനെന്ന് തോന്നുമാറ് കടല്‍ത്തീരത്തെ മണല്‍പ്പരപ്പില്‍ മലര്‍ന്നുകിടന്നുകൊണ്ട് സാന്റിയാഗോ എന്ന വൃദ്ധന്‍ ഉച്ചരിക്കുന്നത് എല്ലാ മനുഷ്യരുടെയും പ്രതിനിധിയായിട്ടാണ്: ‘മനുഷ്യനെ നശിപ്പിക്കാനാകും, എന്നാല്‍ തോല്‍പിക്കാനാവില്ല.’ തളര്‍ന്ന മനസിന് ബലം നല്‍കുന്നത് ദൈവമാണ്. ”തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു; ദുര്‍ബലന് ശക്തി പകരുകയും ചെയ്യുന്നു” (ഏശയ്യാ 40:29). അതിനാല്‍ ചാരനിറമുള്ള ആകാശത്തേക്ക് നോക്കി ആകുലപ്പെട്ട് നില്‍ക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെ നമ്മുടെ പ്രിയപ്പെട്ടവരുടെ കരങ്ങള്‍ നമുക്ക് ചേര്‍ത്തുപിടിക്കാം. അവര്‍ക്കുവേണ്ടി നമുക്ക് കരങ്ങളുയര്‍ത്താം. വരുംനാളുകളില്‍ ഞങ്ങളുടെ ജീവിതമാകുന്ന ആകാശത്തില്‍ അനുഗ്രഹങ്ങളുടെ മഴവില്ല് ഉയരുമെന്ന പ്രത്യാശയാല്‍ അവരുടെ ഹൃദയങ്ങള്‍ നിറയട്ടെ.
ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത് ദൈവമാണ്. ‘ദൈവം എവിടെ?’ എന്ന് മനുഷ്യന്‍ ചോദിക്കുവാന്‍ തുടങ്ങും. മനുഷ്യന്റെ വേദനകളില്‍ ആഹ്ലാദിക്കുന്നവനാണോ ദൈവം? മനുഷ്യന്റെ ദീനരോദനങ്ങള്‍ കേള്‍ക്കുവാന്‍ പറ്റാത്തവിധത്തില്‍ കാതുകള്‍ അടഞ്ഞുപോയവനാണോ ദൈവം? യഥാര്‍ത്ഥത്തില്‍ ദൈവം ഉണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുന്നു. എന്നാല്‍ വിശുദ്ധ ഗ്രന്ഥം വെളിപ്പെടുത്തുന്നത് മനുഷ്യന്റെ വേദനകള്‍ കാണുകയും അവന്റെ നിലവിളി കേള്‍ക്കുകയും അവനെ മാറോട് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഒരു ദൈവത്തിന്റെ ചിത്രമാണ്. അതിലുപരി മനുഷ്യനെ യഥാര്‍ത്ഥ രക്ഷയിലേക്ക് നയിക്കുവാന്‍ സ്വര്‍ഗത്തിന്റെ മഹത്വം വെടിഞ്ഞ് മണ്ണിലിറങ്ങിയവനാണ് ദൈവം. പിന്നെ എവിടെയാണ് കുഴപ്പം?
ഒരു കാര്യം സത്യമാണ്. ഭൂമിയില്‍ ദൈവനിഷേധവും അധാര്‍മികതയും വര്‍ധിച്ചുവരികയാണ്. പക്ഷേ അതിന് ആനുപാതികമായ, അതിനെ വെല്ലുന്ന ധീരമായ പ്രാര്‍ത്ഥനകള്‍ സ്വര്‍ഗത്തിലേക്ക് ഉയരുന്നില്ല. ഇവിടെ വലിയൊരു അസന്തുലിതാവസ്ഥയുണ്ട്. ”ഞാന്‍ ആ ദേശത്തെ നശിപ്പിക്കാതിരിക്കേണ്ടതിന് കോട്ട പണിയാനോ കോട്ടയുടെ വിള്ളലില്‍ നിലയുറപ്പിക്കാനോ തയാറുള്ള ഒരുവനെ അവരുടെയിടയില്‍ ഞാന്‍ അന്വേഷിച്ചു. എന്നാല്‍ ആരെയും കണ്ടില്ല” (എസെക്കിയേല്‍ 22:30). ഏതെങ്കിലും പ്രത്യേക ദേശത്തെ ഉദ്ദേശിച്ചല്ല, ലോകം മുഴുവനെയും സൂചിപ്പിച്ചായിരിക്കും ഈ വാക്കുകള്‍.
ലോകം നാശത്തിലേക്ക് കൂപ്പുകുത്താതിരിക്കുവാന്‍ ദൈവസന്നിധിയില്‍ നിലവിളിക്കുന്ന അനേകര്‍ ഉയര്‍ന്നുവരണം. ഇത് ഈ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമാണ്. ഇവിടെ ഒരു ആത്മീയയുദ്ധം നടക്കുന്നു എന്ന കാര്യം മറന്നാണ് നാം ജീവിക്കുന്നത്. ഏത് യുദ്ധത്തിലും ശത്രു ഉപയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. എതിരാളികളുടെ ലക്ഷ്യം മാറ്റുക, യഥാര്‍ത്ഥ ലക്ഷ്യത്തില്‍നിന്ന് ശ്രദ്ധ തിരിക്കുക. ഇന്ന് അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അപ്രധാനങ്ങളായ വിഷയങ്ങളുടെ പേരില്‍ നാം കടിപിടികൂടുന്നു. ചോര്‍ന്നുപോകുന്നത് നമ്മുടെ ശക്തിയും വിജയിക്കുന്നത് ശത്രുവുമാണ്. അതിനാല്‍ നാം പ്രാര്‍ത്ഥിക്കേണ്ടത് കണ്ണുകള്‍ തുറക്കുവാനാണ്, യഥാര്‍ത്ഥ വെളിച്ചം ലഭിക്കുവാനാണ്. കണ്ണു തുറക്കുമ്പോള്‍ നമുക്ക് ഒരു കാര്യം മനസിലാകും – പ്രതിസ്ഥാനത്ത് ദൈവമല്ല, നാംതന്നെയാണ്.
Leave a Comment
Your email address will not be published. Required fields are marked with *