ഭക്തി, കര്‍മം, ജ്ഞാനം തുടങ്ങിയ പലവിധമാര്‍ഗങ്ങള്‍ മനുഷ്യന് ഈശ്വരനിലേക്കെത്താനുള്ള വഴികളായി ചിലമതങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ മറ്റെല്ലാ മതങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി, മനുഷ്യനെ തേടിവന്ന, അവന്റെ ശരീരത്തില്‍ അനുദിനം അലിഞ്ഞുചേരുന്ന ദിവ്യകാരുണ്യമായ ദൈവത്തെയാണ് കത്തോലിക്ക സഭ ലോകത്തിന് പരിചയപ്പെടുത്തുന്നുത്. മാതാവിന്റെ ജനനതിരുനാള്‍ദിനത്തില്‍ ഇക്വഡോറിലെ ക്വിറ്റോയില്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിന് തിരശീല ഉയരുമ്പോള്‍ ദിവ്യകാരുണ്യമെന്ന അത്ഭുതത്തെ അറിയാത്തവര്‍ക്ക് അത് അറിയാനും അനുഭവിച്ചിട്ടുള്ളവര്‍ക്ക് ആ മഹാത്ഭുതത്തിന്റെ ആഴം വീണ്ടും ധ്യാനിക്കാനും കൃതജ്ഞത പ്രകടിപ്പിക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്.
ക്വിറ്റോയില്‍ എട്ട് മുതല്‍ 15 വരെ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ ദിവ്യകാരുണ്യത്തെ ധ്യാനിക്കുവാനും ആരാധിക്കുവാനുമായി ഒത്തുചേരുന്നവരിലൂടെ ദിവ്യകാരുണ്യത്തിലേക്ക് സഭയുടെയും ലോകത്തിന്റെയും ശ്രദ്ധ ഒരിക്കല്‍ കൂടെ തിരിയുകയാണ്. ദിവ്യകാരുണ്യത്തെ സഭയുടെയും ലോകത്തിന്റെയും നടുവില്‍ പ്രതിഷ്ഠിക്കാനുള്ള അവസരമാണിണിതെന്നാണ് ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ സെക്രട്ടറി ജനറല്‍ ഫാ. ജുവാന്‍ കാര്‍ലോസ് ഗാര്‍സണ്‍ പറഞ്ഞത്. എല്ലാവിധ സുഖസൗകര്യങ്ങളുടെയും നടുവില്‍ ജീവിക്കുമ്പോഴും ഒന്നിലും തൃപ്തി വരാത്ത മനുഷ്യന്റെ ഹൃദയത്തിന്റെ വിശപ്പ് ശമിപ്പിക്കുന്ന ഭക്ഷണമാണ് ദിവ്യകാരുണ്യമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തിടെ പറഞ്ഞത്.
യേശു തന്റെ ശരീരം തന്നെ നല്‍കി നമ്മെ പരിപോഷിപ്പിക്കുന്ന അത്ഭുതമാണ് ദിവ്യകാരുണ്യം. വ്യക്തിപരമായി ദിവ്യകാരുണ്യത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം കൂടിയാണിത്. സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്ന ജീവനുള്ള അപ്പമായ യേശു തന്നെയാണ് ദിവ്യകാരുണ്യമെന്ന ബോധ്യമാവും ഒരുപക്ഷെ ഈ ജീവിതത്തില്‍ ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടവും ഭാഗ്യവും. ”എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും” യോഹന്നാന്‍ 6:54-ല്‍ യേശു പറയുന്നു. നമ്മോടൊപ്പമായിരിക്കുവാനും നിത്യജീവന്‍ നല്‍കുവാനുമായി ദിവ്യകാരുണ്യമായി മാറിയ യേശുവിനെ വേണ്ടവിധം നാം മനസിലാക്കിയിട്ടുണ്ടോ? മാനിച്ചിട്ടുണ്ടോ? അപ്പത്തിന്റെ രൂപത്തില്‍ അരുളിക്കയില്‍ എഴുന്നള്ളിയിരിക്കുകയും നാവില്‍ അലിഞ്ഞ് നമ്മുടെ ശരീരത്തിന്റെ ഭാഗമായി തീരുകയും ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ പ്രപഞ്ചത്തിന്റെ മുഴുവന്‍ സൃഷ്ടാവും സര്‍വ്വശക്തനുമായ ദൈവം തന്നെയാണെന്ന യാഥാര്‍ത്ഥ്യം ഹൃദയത്തില്‍ അനുഭവിച്ചാല്‍ നമ്മുടെ ജീവിതം മാറിമറിയുകയില്ലേ? നമ്മുടെ പ്രശ്‌നങ്ങളും പരാതികളും ആ അപ്പത്തോടൊപ്പം അലിഞ്ഞില്ലാതാവുകില്ലേ?
അപ്പവും വീഞ്ഞും ദിവ്യബലിയില്‍ യേശുവിന്റെ ശരീരവും രക്തവുമായി സത്താഭേദം സംഭവിക്കുന്നു എന്നത് വെറും കെട്ടുകഥയല്ലെന്ന് സര്‍വ മനുഷ്യര്‍ക്കും കാണാവുന്ന വിധത്തില്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ലോകത്തോട് വിളിച്ചുപറയുന്നുണ്ട്. സഭ അംഗീകരിച്ച അത്ഭുതങ്ങള്‍ക്ക് പുറമെ സഭ പഠനവിധേയമാക്കിയിട്ടുള്ളതും തീര്‍പ്പു കല്‍പ്പിക്കാത്തതുമായ നമ്മുടെ സമീപപ്രദേശങ്ങളില്‍ ഉള്‍പ്പടെ നടക്കുന്ന സംഭവങ്ങളിലൂടെയും ദൈവം ലോകത്തോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. സങ്കീര്‍ണമായ ഈ ലോകത്തിന്റെ എല്ലാ പ്രശ്‌ന ങ്ങള്‍ക്കുമുള്ള ആത്യന്തികമായ ഉത്തരമാണ് ദിവ്യകാരുണ്യം – ഏതുസമയത്തും ആര്‍ക്കും സുരക്ഷിതമായി ഓടിയണയാവുന്ന സങ്കേതം. അമൂല്യമായ ഈ നിധിയുടെ വില പൂര്‍ണമായ അര്‍ത്ഥത്തില്‍ ഈ ജീവിതകാലത്ത് നമുക്ക് മനസിലാക്കാന്‍ പറ്റണമെന്നില്ല. എങ്കിലും ആ ദിവ്യകാരുണ്യത്തോട് എത്രത്തോളം ചേര്‍ന്ന് ജീവിക്കുന്നുവോ അത്രത്തോളം കൃപകള്‍ കൊണ്ട് ജീവിതം ധന്യമായി മാറുന്നത് അനുഭവിച്ചറിയാന്‍ സാധിക്കും.
മാതാവിന്റെ ജനനതിരുനാള്‍ദിവസം അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ് ആരംഭിക്കുന്നതിനുള്ള ദിവസമായി തിരഞ്ഞെടുത്തത് പരിശുദ്ധ മറിയം ദിവ്യകാരുണ്യ നാഥ ആയതുകൊണ്ടാണല്ലോ. എപ്പോഴും ദിവ്യകാരുണ്യത്തിലേക്ക് മക്കളെ നയിക്കുന്ന അമ്മയാണ് പരിശുദ്ധ മറിയം. ദിവ്യകാരുണ്യത്തോട് ചെയ്യുന്ന നിന്ദാപമാനങ്ങള്‍ക്ക് പരിഹാരം ചെയ്യാന്‍ പരിശുദ്ധ മറിയത്തിന്റെ പ്രത്യക്ഷീകരണം നടന്ന പല സ്ഥലങ്ങളിലും മാതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.’
പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയം വഴി നമ്മെയും കലുഷിതമായ ഈ കാലഘട്ടത്തെയും ദിവ്യകാരുണ്യസന്നിധിയില്‍ സമര്‍പ്പിക്കാം. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എല്ലാ നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ!
Leave a Comment
Your email address will not be published. Required fields are marked with *