കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍)
മലയാള ക്രൈസ്തവ പ്രസാധനരംഗത്ത് ഒരു ക്വാളിറ്റി റവലൂഷന് കാരണമായ ശാലോം ടൈംസ് പ്രസിദ്ധീകരണത്തിന്റെ മുപ്പതുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. അന്ന് ലഭ്യമായിരുന്ന ഏറ്റവും മികച്ച പേപ്പറില്‍, ബഹുവര്‍ണങ്ങളില്‍ തികച്ചും വ്യത്യസ്തമായ ഉള്ളടക്കത്തില്‍, പുതുമയാര്‍ന്ന അവതരണ ശൈലിയില്‍ പുറത്തിറങ്ങിയ ഈ മാസിക വായനക്കാര്‍ക്ക് വ്യത്യസ്തമായ ഒരു വായനാനുഭവം നല്‍കി. ഇന്ന് അതില്‍ ഒരു പുതുമയില്ല. കാരണം സെക്കുലര്‍, കൊമേഴ്‌സ്യല്‍ പ്രസിദ്ധീകരണങ്ങളെ വെല്ലുന്ന വിധത്തില്‍ കെട്ടിലും മട്ടിലും വളരെ ആകര്‍ഷകമായിട്ടാണ് ആത്മീയ പ്രസിദ്ധീകരണങ്ങള്‍ ഇന്ന് വായനക്കാരുടെ കൈകളിലെത്തുന്നത്. എന്നാല്‍ മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പുള്ള അവസ്ഥ അതല്ലായിരുന്നു. വായനക്കാരന്റെ ഹൃദയത്തെ ത്രസിപ്പിക്കുന്ന വളരെ ആകര്‍ഷകമായ കൊമേഴ്‌സ്യല്‍ പ്രസിദ്ധീകരണങ്ങള്‍ ഒരു വശത്തുള്ളപ്പോള്‍, ഏറ്റവും വിലകുറഞ്ഞ ന്യൂസ്പ്രിന്റില്‍, വളരെ അനാകര്‍ഷകമായി കറുപ്പും വെളുപ്പും നിറങ്ങളില്‍ മാത്രമായിട്ടായിരുന്നു ആത്മീയ പ്രസിദ്ധീകരണങ്ങള്‍ വെളിച്ചംകണ്ടിരുന്നത്. അന്ന് അത് പൊതുവേ അംഗീകരിക്കപ്പെട്ട ഒരു ശൈലിയായിരുന്നതിനാല്‍ ആരും അതില്‍ ഒരു ന്യൂനതയും കണ്ടില്ല. എന്നാല്‍ കര്‍ത്താവിന് അക്കാര്യത്തില്‍ ഒരു പരിഭവമുണ്ടായിരുന്നു, ഒരു വേദനയുണ്ടായിരുന്നു. ലോകത്തിന്റെ ആശയങ്ങളെക്കാള്‍ അതിശ്രേഷ്ഠമായ ദൈവവചനം അതിശ്രേഷ്ഠവും ഏറ്റവും ഹൃദയഹാരിയുമായ വിധത്തില്‍ നല്‍കപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിച്ചു.
നമ്മുടെ കര്‍ത്താവിന്റെ ഈ ദുഃഖം വെളിപ്പെട്ടപ്പോള്‍ മാത്രമാണ് ശാലോം ഈ രംഗത്ത് കടന്നുവന്നത്. കര്‍ത്താവിന്റെ തിരുഹിതം നടപ്പാക്കുവാനും ആത്മീയ പ്രസിദ്ധീകരണ വിഹായുസില്‍ മുന്‍പേ പറക്കുന്ന പക്ഷിയായി ചിറകടിച്ചുയരുവാനും ശാലോം ടൈംസിന് നല്‍കിയ വിളിയെ ഓര്‍ത്ത് നമുക്ക് നന്ദി പറയാം. മുപ്പതുവര്‍ഷങ്ങള്‍ കുറവില്ലാതെ വഴിനടത്തിയ അത്യുന്നതനായ ദൈവത്തിന് മഹത്വം. കര്‍ത്താവ് നല്‍കിയ ദര്‍ശനത്തോട് ഇന്നും ശാലോം വിശ്വസ്തത പുലര്‍ത്തുന്നു. ഇന്ന് ലഭ്യമായ ഏറ്റവും നല്ല പേപ്പറില്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഏറ്റവും നല്ല പ്രസിലാണ് മാസിക അച്ചടിക്കുന്നത്. അതെ, ദൈവം ശാലോമിന് ഏറ്റവും നല്ലത് നല്‍കുമ്പോള്‍, ദൈവത്തിന് ഏറ്റവും മികച്ചതുതന്നെ തിരിച്ചുനല്‍കണം.
സ്വന്തമായി ഒരു ഓഫീസോ ഒരു റൂമോ എന്തിനേറെ സ്വന്തമെന്നു പറയുവാന്‍ ഒരു മേശയോ കസേരയോപോലുമില്ലാത്ത, ആഴ്ചയില്‍ ഒരിക്കല്‍മാത്രം പ്രാര്‍ത്ഥിക്കുവാന്‍ ഒരുമിച്ചുകൂടിയിരുന്ന മലബാറിലെ ഒരു ഗ്രാമത്തിലെ പ്രാര്‍ത്ഥനാഗ്രൂപ്പ് ഒരു മള്‍ട്ടികളര്‍ മാസിക പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചത് വലിയ ഒരു സാഹസമായിരുന്നു. എന്നാല്‍ കര്‍ത്താവിന്റെ തിരുഹിതം വെളിപ്പെട്ടപ്പോള്‍, സാഹചര്യങ്ങളിലേക്ക് നോക്കി ഭയപ്പെട്ട് മടിച്ചുനില്‍ക്കാതെ ദൈവത്തിന്റെ മുഖത്തേക്കുമാത്രം നോക്കി എടുത്തു ചാടുവാന്‍ ശാലോമിന് ദൈവം കൃപ നല്‍കി. അന്ന് ഡിടിപി ചെയ്യുവാനോ ലേഔട്ട് ചെയ്യുവാനോ ലേഖനങ്ങള്‍ എഴുതുവാനോ ഒന്നും ആരുമില്ലായിരുന്നു. എങ്കിലും ദൈവം അറിവില്ലാത്തവരിലൂടെ, കഴിവില്ലാത്തവരിലൂടെ ഇന്ത്യയിലെ ആദ്യത്തെ ഫോര്‍കളര്‍ ക്രിസ്തീയ മാസിക മലബാറിലെ ഒരു കുഗ്രാമത്തില്‍നിന്നും യാഥാര്‍ത്ഥ്യമാക്കി.
ലോകത്തിന്റെ ദൃഷ്ടിയില്‍ തികച്ചും ഭോഷത്തരമായ ഈ തീരുമാനം ദൈവത്തിന്റെ ഹിതമാണെന്ന് തിരിച്ചറിഞ്ഞ് സര്‍വ പിന്തുണയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും നല്‍കിയ ശാലോമിന്റെ ആദ്യ ആത്മീയ ഉപദേഷ്ടാവ് മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിയച്ചനെയും വളരെ ആദരവോടെ ഈയവസരത്തില്‍ ശാലോം അനുസ്മരിക്കുന്നു. ബഹുമാനപ്പെട്ട അച്ചന്റെ പിന്തുണയും പ്രാര്‍ത്ഥനയും ഇല്ലായിരുന്നുവെങ്കില്‍ ഈ മാസിക ഒരിക്കലും ഒരു യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. കാരണം സാഹചര്യങ്ങള്‍ അത്ര പ്രതികൂലമായിരുന്നു. എന്നാല്‍ അച്ചന്‍ ഒരു കോട്ടപോലെ മുമ്പില്‍നിന്ന് ആരോപണശരങ്ങളെ നേരിട്ടു. അച്ചന്റെ വിലപ്പെട്ട കൈനീട്ടമായ നൂറുരൂപയാണ് ശാലോം ടൈംസിന്റെ മൂലധനം.
ശാലോം ടൈംസിന്റെ സര്‍ക്കുലേഷന്‍ മാനേജര്‍ പരിശുദ്ധ അമ്മയാണ്. ആദ്യ ഒന്നുരണ്ടു ലക്കങ്ങള്‍ അടിച്ചു. പക്ഷേ പകുതിയോളം കെട്ടിക്കിടക്കുന്നു. പ്രതിസന്ധിയുടെയും അനിശ്ചിതത്വത്തിന്റെയും ഒരു രാവില്‍ പേരാമ്പ്രയിലുള്ള വാടകവീടിന്റെ ഒരു കൊച്ചുമുറിയില്‍ മുട്ടുകുത്തി ശാലോമിന്റെ പ്രതിനിധികളായ മൂന്നുപേര്‍ കണ്ണീരോടും വലിയ വിശ്വാസത്തോടുംകൂടെ ശാലോം ടൈംസിനെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. അത്ഭുതാവഹമായിരുന്നു അതിന്റെ ഫലം. പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം ഏറ്റവും ശക്തമാണെന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് ശാലോം ടൈംസിന്റെ വളര്‍ച്ചയും സ്വാധീനവും.
ആദ്യ ഏജന്‍സി എടുത്ത ചെന്നൈയിലെ ജോണ്‍സി ഫിലിപ്പ് മുതല്‍ പരിശുദ്ധ അമ്മയുടെ ആജ്ഞ ശിരസാവഹിച്ച് യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ, എന്നാല്‍ പരിഹാസങ്ങളും കുത്തുവാക്കുകളും ഏറ്റുകൊണ്ട് ഈ മാസികയെ വായനക്കാരുടെ കരങ്ങളിലെത്തിക്കുവാന്‍ കഠിനാധ്വാനം ചെയ്ത ഏജന്റുമാരുടെ ഒരു നീണ്ടനിരതന്നെയുണ്ട്. പരിശുദ്ധ അമ്മവഴി കര്‍ത്താവിന് ശ്രേഷ്ഠമായ ശുശ്രൂഷ ചെയ്ത അവരുടെ പേരുകള്‍ അവിടുത്തെ സന്നിധിയിലുണ്ട്. അവിടുന്ന് അവര്‍ക്ക് സമൃദ്ധമായ പ്രതിഫലം നല്‍കട്ടെ.
കര്‍ത്താവിന്റെ ഹിതമനുസരിച്ച് ആരംഭിച്ച ശാലോം ടൈംസിന്റെമേല്‍ അവിടുത്തെ കൈയൊപ്പ് ഉണ്ടെന്നതാണ് സവിശേഷത. ഈ മാസിക വായിച്ച്, ആത്മഹത്യ ചെയ്യുവാനുള്ള തീരുമാനം ഉപേക്ഷിച്ചവരുണ്ട്, ഈ മാസിക കൈയിലെടുത്ത് വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചപ്പോള്‍ രോഗസൗഖ്യം ലഭിച്ചവരുണ്ട്. അനേക ആത്മീയ ശുശ്രൂഷകര്‍ക്ക് പ്രചോദനവും ദിശാബോധവും നല്‍കുവാന്‍ കഴിഞ്ഞ മുപ്പതുവര്‍ഷങ്ങള്‍ കര്‍ത്താവ് ഈ മാസികയെ ഉപയോഗിച്ചു. ഈ മാസിക വായിച്ച് അനേകര്‍ ക്രിസ്തുവിശ്വാസം സ്വീകരിക്കുവാനിടയായിട്ടുണ്ട്. ദൈവത്തിന്റെ ഏറ്റവും ചെറിയവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ദൈവം ഈ മാസികയെ ഉപകരണമാക്കി. നന്ദി ദൈവമേ, നന്ദി.
ശാലോം ടൈംസിന്റെ ദൗത്യം തീര്‍ന്നിട്ടില്ല. പുതുവര്‍ഷത്തില്‍ പുതിയ ഭാവത്തിലും രൂപത്തിലും ഏറെ പ്രചോദനം നല്‍കുന്ന നവീന ഉള്ളടക്കങ്ങളുമായി ഈ മാസിക നിങ്ങളുടെ കൈകളിലെത്തുവാന്‍ പോകുകയാണ്. മുന്‍പേ പറക്കുവാനുള്ള ദൈവിക നിയോഗം സ്വീകരിച്ച്, കര്‍ത്താവില്‍മാത്രം വിശ്വാസമര്‍പ്പിച്ച് പ്രയാണം തുടരുന്ന ശാലോം ടൈംസിനെ നമുക്ക് നമ്മുടെ നെഞ്ചോടുചേര്‍ത്ത് ചൂടു നല്‍കാം. അഭിഷേകത്തിന്റെ മഴ ഇനിയും പെയ്തിറങ്ങുവാന്‍ പ്രാര്‍ത്ഥനയുടെ കരങ്ങളുയര്‍ത്താം. യേശുനാമത്തിന് മഹത്വം!
Leave a Comment
Your email address will not be published. Required fields are marked with *