Follow Us On

21

December

2024

Saturday

വഖഫ് നിയമഭേദഗതി അനിവാര്യം

വഖഫ് നിയമഭേദഗതി  അനിവാര്യം

മുനമ്പം പ്രദേശത്ത് അറുനൂറിലധികം വരുന്ന കുടുംബങ്ങളുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് ഉന്നയിച്ച അവകാശവാദം ആ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങള്‍ക്കും തടസം സൃഷ്ടിച്ച സാഹചര്യത്തിലാണ് പ്രദേശവാസികള്‍ കോട്ടപ്പുറം രൂപതയുടെ സഹായത്തോടെ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങിയത്. 2008 ലാണ് മുനമ്പം കടപ്പുറത്തെ അറുനൂറിലധികം മത്സ്യത്തൊഴിലാളികളുടെ ഭൂമി ഉള്‍പ്പെടുന്ന 404 ഏക്കര്‍ ഭൂമി വഖഫ് ഭൂമിയാണെന്ന അവകാശം വഖഫ് സംരക്ഷണ സമിതി ഉന്നയിക്കുന്നത്. കടപ്പുറത്തെ ജനങ്ങള്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി ഉള്‍പ്പടെ 404 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡ് അതിന്റെ ആസ്ഥിവിവര കണക്കുകളില്‍ എഴുതിചേര്‍ത്തു. ഇത് കടപ്പുറത്തെ താമസക്കാര്‍ അറിഞ്ഞിരുന്നില്ല. വഖഫുമായി ബന്ധപ്പെട്ട ഡ്രാക്കോണിയന്‍ നിയമപ്രകാരം അത് അവരെ അറിയിക്കേണ്ട ബാധ്യതപോലും ഇല്ലത്രെ. കടപ്പുറത്തെ താമസക്കാരിലൊരാള്‍ 2022 ജനുവരി 13-ന് കരം അടയ്ക്കാന്‍ എത്തിയപ്പോഴാണ് കരം അടയ്ക്കാന്‍ കഴിയില്ലെന്നും അത് വഖഫ് ബോര്‍ഡിന്റെ ആസ്ഥിവിവര കണക്കുകളില്‍പെട്ട സ്ഥലമാണെന്നും അറിയുന്നത്. അന്ന് മുതല്‍ ഇന്നുവരെ 610 ഓളം വരുന്ന പ്രദേശത്തെ കുടുംബങ്ങള്‍ തങ്ങളുടെ കിടപ്പാടത്തിന്മേലുള്ള അവകാശം പുനഃസ്ഥാപിച്ചുകിട്ടുന്നതിനായി നെട്ടോട്ടമോടുകയാണ്.

ഈ ഭൂമിയുമായി ബന്ധപ്പെട്ട ചരിത്രവും അതിന്റെ നിയമവശങ്ങളും സണ്‍ഡേ ശാലോം കഴിഞ്ഞ ആഴ്ചകളില്‍ വിശദമായി പ്രതിപാദിച്ചിരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങള്‍ സാധിക്കാത്തതിന് പുറമെ വിവാഹം, ഭവനനിര്‍മാണം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഭൂമി ഈടുവച്ച് ലോണ്‍ എടുക്കാനും കഴിയാത്ത അവസ്ഥയില്‍ മുനമ്പത്തെ ജനങ്ങളുടെ ജീവിതം വഴിമുട്ടിനില്‍ക്കുകയാണ്. വഖഫ് നിയമത്തിന്റെ കുരുക്ക് മുറുകി ഇവരുടെ കിടപ്പാടം പോലും നഷ്ടമായേക്കാമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ ഉത്ക്കണ്ഠ ദൂരീകരിക്കാനും വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ അവകാശം നഷ്ടമാകാതിരിക്കാനും ഇവര്‍ നടത്തുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ നല്‍കാന്‍ ജനപ്രതിനിധികളും മതസാമുദായിക സാംസ്‌കാരിക നേതാക്കളും പൊതുസമൂഹവും മുമ്പോട്ടുവരേണ്ട സമയമാണിത്.

മുനമ്പം ഉള്‍പ്പടെ വഖഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ ശാശ്വതപരിഹാരത്തിനും ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമായി വഖഫ് നിയമത്തിന്റെ ഭേദഗതി അത്യാവശ്യമാണെന്ന് ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ വ്യക്തമാക്കുന്നു. ‘ശരിയ’ നിയമപ്രകാരം വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാത്തത് എന്നാണ് ‘വഖഫ്’ എന്ന വാക്കിന്റെ അര്‍ത്ഥം. ഇസ്ലാമിക നിയമപ്രകാരം മതപരമായ ആവശ്യങ്ങള്‍ക്കോ കാരുണ്യപ്രവൃത്തികള്‍ക്കായോ ഇത്തരത്തില്‍ വിട്ടുനല്‍കിയ ഭൂമിയാണ് വഖഫായി മാറുന്നത്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം 1954ലും 1995ലും പാസാക്കിയ നിയമങ്ങള്‍ പ്രകാരവും 2013-ല്‍ കൊണ്ടുവന്ന ഭേദഗതികള്‍ പ്രകാരവുമാണ് വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും സംസ്ഥാന വഖഫ് ബോര്‍ഡുകളും പ്രവര്‍ത്തിച്ചുവരുന്നത്.

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍പ്രകാരം ഇന്ത്യയിലൊട്ടാകെയായി 9.4 ലക്ഷം കോടി ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന 8.7 ലക്ഷം വസ്തുക്കള്‍ വഖഫ് ബോര്‍ഡിന്റെ കീഴിലുണ്ട്. സായുധസേനയും ഇന്ത്യന്‍ റെയില്‍വേയും കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂമി സ്വന്തമായുള്ളത് വഖഫ് ബോര്‍ഡിനാണ്. ഇസ്ലാമിക്ക് രാജ്യങ്ങളായ തുര്‍ക്കി, ലിബിയ, സുഡാന്‍, ജോര്‍ദാന്‍, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലൊന്നും വഖഫ് ഇല്ലാത്ത സ്ഥാനത്താണ് ഇന്ത്യയില്‍ ഇത്രയുമധികം സ്ഥലം വഖഫിനുള്ളത്. വഖഫ് ട്രിബ്യൂണലുകളില്‍ 40,951 കേസുകള്‍ തീര്‍പ്പാക്കാനുള്ളതില്‍ 9942 എണ്ണം മുസ്ലീം മതവിഭാഗത്തില്‍ നിന്നുള്ളവരുടെ കേസുകള്‍ തന്നെയാണെന്നുള്ളതാണ് മറ്റൊരു കൗതുകകരമായ കണക്ക്. മുസ്ലീം സമുദായം ഉള്‍പ്പടെ ഇന്ത്യാ മഹാരാജ്യത്തെ സമസ്ത ജനവിഭാഗത്തെയും വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ബാധിക്കുന്നു എന്ന് സാരം.

കേരളത്തില്‍ ഇതുവരെ അധികം ചര്‍ച്ചയാകാതിരുന്ന വഖഫ് നിയമത്തെക്കുറിച്ചും ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുവാന്‍ മുനമ്പത്തെ പ്രശ്‌നം നിമിത്തമായിട്ടുണ്ട്. ഇന്ത്യയില്‍ ആരുടെ ഉടമസ്ഥതയിലുള്ള ഏത് വസ്തുവും ‘വഖഫ്’ ആണോ എന്ന് വിലയിരുത്തി തീരുമാനമെടുക്കാന്‍ വഖഫ് ബോര്‍ഡിന് അനിയന്ത്രിതമായ അധികാരം നല്‍കുന്ന ഈ നിയമം ഭരണഘടനയ്ക്ക് മാത്രല്ല, മനുഷ്യാവകാശങ്ങള്‍ക്കുപോലും വിരുദ്ധമാണ്. നിലവിലെ നിയമപ്രകാരം വഖഫ് ട്രൈബൂണലുകളുടെ വിധി അന്തിമമാണ്. ട്രൈബ്യൂണലിന്റെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കഴിയില്ല. ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട ഇത്തരത്തിലൊരു നിയമം സ്വതന്ത്രഭാരതത്തിലെ നിയമനിര്‍മാണപ്രക്രിയയിലൂടെ കടന്നുപോയി നിയമമായി ഇന്ന് നിലകൊള്ളുന്നു എന്നത് ആശങ്കാജനകമായ കാര്യം തന്നെയാണ്. ഈ പശ്ചാത്തലത്തില്‍ വഖഫ് ബോര്‍ഡിന്റെ അനിയന്ത്രിതമായ അധികാരങ്ങള്‍ എടുത്തുകളയുകയും വഖഫ് ട്രൈബൂണലിന്റെ വിധികള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുവാന്‍ അനുവാദം നല്കുകയും ചെയ്യുന്ന ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ലാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടിരിക്കുന്ന ഈ ബില്‍ മുനമ്പത്തേതിന് സമാനമായി രാജ്യത്തിന്റെ പല ഭാഗത്തും ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം. പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കേണ്ടതിനും ഈ ഭേദഗതികള്‍ അനിവാര്യമാണെന്ന് വ്യക്തമായ സ്ഥിതിക്ക് കക്ഷിഭേദമന്യേ ഈ ബില്ലിന് പരിപൂര്‍ണമായ പിന്തുണ നല്‍കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തയാറാകണം. രാഷ്ട്രീപാര്‍ട്ടികള്‍ ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച് വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പര്യത്തിന് ഒപ്പം നില്‍ക്കണം. ഇതിനോടകംതന്നെ ഏറെ വ്രണിതമായിക്കഴിഞ്ഞ ഇവിടുത്തെ സാമുദായിക അന്തരീക്ഷം കൂടുതല്‍ മലീമസമാകാന്‍ ഇടനല്‍കാതെ ഈ നിയമത്തിലെ അപ്രായോഗികവും ഭരണഘടനാവിരുദ്ധവുമായ കാര്യങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് നിയമഭേദഗതിക്ക് അനുകൂലമായ സമീപനം മുസ്ലീം സമുദായത്തിന്റെ നേതൃത്വത്തില്‍ നിന്നുകൂടെ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?