നാളുകളായി വിദ്വേഷത്തിന്റെ കനല്‍ നീറിപുകഞ്ഞുകൊണ്ടിരുന്ന മണിപ്പൂരില്‍ വീണ്ടും അക്രമത്തിന്റെ തീ ആളിക്കത്തുകയാണ്. രാഷ്ട്രീയലാഭത്തിനായി വെറുപ്പിന്റെ കനല്‍ അണയാതെ സൂക്ഷിച്ചവര്‍ക്ക് അണയ്ക്കാനാവാത്ത വിധത്തില്‍ അക്രമം വ്യാപിക്കുമ്പോള്‍ ഭരണകൂടവും, സൈനിക-പോലീസ് സംവിധാനങ്ങളും നിസഹായരാകുന്ന കാഴ്ചയാണിന്ന് മണിപ്പൂരിലുളളത്. അതിന്റെ ഉദാഹരണമാണ് മെയ്‌തെയ് വിഭാഗത്തെ പിന്തുണച്ചിരുന്ന മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ള എംഎല്‍എമാരുടെയും വീടുകള്‍ മെയ്‌തേയ് വിഭാഗത്തിലുള്ളവര്‍ തന്നെ അക്രമിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഇരുപക്ഷത്തുമുളളവര്‍ ഇന്ന് ക്രൂരമായി കൊല്ലപ്പെടുന്നു. നിഷ്‌കളങ്കരായ കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പടെയുള്ളവരെ നിര്‍ദാക്ഷണ്യം വധിക്കാന്‍ യാതൊരു മടിയുമില്ലാത്ത വിധത്തിലേക്ക് വിദ്വേഷത്തിന്റെ വേര് ഇരുപക്ഷത്തും വളര്‍ന്ന് ശക്തി പ്രാപിച്ചിരിക്കുന്നു. കുക്കികള്‍ക്ക് ആധിപത്യമുള്ള മലയോരമേഖലയും മെയ്‌തെയ് വിഭാഗത്തിന് ആധിപത്യമുള്ള താഴ്‌വാരവും തമ്മിലുള്ള വിടവ് ഒരോ അക്രമവും ഊട്ടിഉറപ്പിക്കുകയും വലുതാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
മണിപ്പൂരില്‍ 2023 മെയ് മാസത്തില്‍ പൊട്ടിപ്പുറപ്പെട്ട അക്രമം ഒന്നരവര്‍ഷം പിന്നിട്ട് കഴിയുമ്പോള്‍ ഇതുവരെ 250ലധികമാളുകള്‍ കൊല്ലപ്പെടുകയും അറുപതിനായിരത്തിലധികമാളുകള്‍ അഭയാര്‍ത്ഥികളായി മാറുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ജിരിബാം ജില്ലയിലെ ഹമാര്‍ ഗോത്രവനിതയെ ബലാത്സംഗം ചെയ്ത് ദാരുണമായി കൊലപ്പെടുത്തിയ സംഭവമാണ് ഇപ്പോള്‍ വീണ്ടുമൊരു അക്രമപരമ്പരക്ക് തിരികൊളുത്തിയത്. മണിപ്പൂരിലെ കുക്കിവംശജരെ പിന്തുണയ്ക്കുന്ന ഹമാര്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ട മുന്ന് കൂട്ടികളുടെ അമ്മയും 31 കാരിയുമായ സോസാങ്കിം എന്ന അധ്യാപികയാണ് നിര്‍ദ്ദയമായി കൊലചെയ്യപ്പെട്ടത്. മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഈ ഹീനകൃത്യം ചെയ്തവര്‍ക്ക് മണിപ്പൂരില്‍ വീണ്ടും അരക്ഷിതാവസ്ഥയുണ്ടാകണമെ ന്ന ലക്ഷ്യവും ഉണ്ടായിരുന്നതായി സംശയിക്കണം. ഇതിനെതിരെ പ്രതിഷേധിച്ച കുക്കി അനുകൂലികളായ 11 പേരെ സിആര്‍പിഎഫ് വെടിവച്ച് കൊലപ്പെടുത്തിയതോടെ അക്രമം വ്യാപിക്കുകയായിരുന്നു. ഇതിന് പി ന്നാലെ മെയ്‌തെയ് വിഭാഗത്തിലെ എട്ട് പേരെ കുക്കി വി ഭാഗത്തിലെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒരു വയസുപോലും പ്രായമാകാത്ത പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു എന്നത് വെറുപ്പും വിദ്വേഷവും ഇവിടെയുള്ള ചിലരുടെയെങ്കിലും മനസുകളെ അന്ധമാക്കിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു.
കലാപം രൂക്ഷമായി തുടരുമ്പോഴും കൂടുതല്‍ കേന്ദ്രസേനയെ അയച്ചതല്ലാതെ, ഇരുവിഭാഗങ്ങളിലെ നേതാക്കളുമായി രമ്യമായ പരിഹാരത്തിന് വേണ്ട ചര്‍ച്ചകള്‍ നടത്തുന്നതിനോ, അക്രമം തടയുന്നതില്‍ അമ്പേ പരാജയപ്പെട്ട മുഖ്യമന്ത്രിയെ മാറ്റുന്നതിനോ മുന്‍കൈ എടുക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ സമീപനം ഏറെ ആശങ്കയും സംശയവും ബാക്കിയാക്കുകയാണ്. ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിലും ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തിലും വരെ, കൂര്‍മമായ നയതന്ത്ര മികവ് പുലര്‍ത്തുകയും ഒട്ടുമിക്ക ലോകരാജ്യങ്ങളുമായി അടുത്ത നയതന്ത്രബന്ധം പുലര്‍ത്തുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ നയതന്ത്രപാടവം മണിപ്പൂരിലെ രൂക്ഷമായ അവസ്ഥ അവസാനിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നില്ല എന്നത് മണിപ്പൂര്‍ ജനതയുടെ മാത്രമല്ല, സഹൃദയരായ ഒരോ ഭാരതീയന്റെയും വേദനയും പരാതിയുമാണ്. മണിപ്പൂരിലെ ഭൂരിഭാഗം മേഖലയിലും സൈനികവിഭാഗത്തിന് അസാധാരണമായ അധികാരങ്ങള്‍ നല്‍കുന്ന അഫ്‌സ്പ നിയമം നിലവിലുണ്ട്. കൂടാതെ കര്‍ഫ്യൂവും, ഇന്റര്‍നെറ്റ് ഉപരോധവും പോലുള്ള മാര്‍ഗങ്ങളും തല്‍ക്കാലം അക്രമത്തെ അടിച്ചമര്‍ത്താന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മണിപ്പൂരിന് വേണ്ടത് ശാശ്വതമായ സമാധാനമാണ്.
ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന കുക്കികളും നാഗാ വിഭാഗവും മാത്രമല്ല ഭൂരിഭാഗവും ഹൈന്ദവവിശ്വാസം പുലര്‍ത്തുന്ന മെയ്‌തെയ് വിഭാഗവും സമാധാനം ആഗ്രഹിക്കുന്നു. കാലങ്ങളായി ഈ സമൂഹങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളും ഭൂസ്വത്തിനും അധികാരത്തിനും സ്വയംഭരണത്തിനും വേണ്ടിയുള്ള മുറവിളികളും വെല്ലുവിളിയായി തുടരുമ്പോഴും ആത്യന്തികമായി എല്ലാവരും സമാധാനമാണ് ആഗ്രഹിക്കുന്നത്. ഭരണകൂടവും അധികാരം കയ്യാളുന്നവരും ഒരു പക്ഷം ചേരുന്നുവെന്ന പ്രതീതിയും നീതിനിഷേധവും തുടരുന്നിടത്തോളം കാലം യഥാര്‍ത്ഥ സമാധാനം അന്യമായി തുടരും എന്ന് അംഗീകരിച്ചേ മതിയാവു. അക്രമം നടത്തുന്നവരുടെ മാനസാന്തരത്തിനൊപ്പം ഭരണാധികാരികള്‍ക്ക് വേണ്ടിയും ശക്തമായി പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും നിഗൂഢ അജണ്ടകളും മാറ്റിവച്ച് പൊതുനന്മയ്ക്കായി നീതിയോടെ പ്രവര്‍ത്തിക്കുന്നതിനുള്ള ബോധ്യവും ജ്ഞാനവും അധികാരത്തിലിരിക്കുന്നവര്‍ക്ക് ലഭിക്കണം. രാഷ്ട്രീയ-മത താല്‍പ്പര്യങ്ങള്‍ക്കതീതമായി മണിപ്പൂരിനെ നമുക്ക് ചേര്‍ത്തുപിടിക്കാം. അവിടെ മരിച്ചുവീഴുന്നത് ഏത് വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും നമ്മുടെ സഹോദരങ്ങള്‍ തന്നെയാണ്. പ്രാര്‍ത്ഥനകൊണ്ട് മണിപ്പൂരിലെ സഹോദരങ്ങള്‍ക്ക് സംരക്ഷണ കവചം ഒരുക്കേണ്ട കടമ നമുക്ക് ഏറ്റെടുക്കാം. കര്‍ത്താവായ യേശുക്രിസ്തുവിന്റെ തിരുരക്തം കൂടുതല്‍ രക്തച്ചൊരിച്ചിലില്‍ നിന്ന് മണിപ്പൂരിനെ കാത്തുസംരക്ഷിക്കട്ടെ.
Leave a Comment
Your email address will not be published. Required fields are marked with *