Follow Us On

15

July

2025

Tuesday

ചരിത്രം പിറക്കുന്നു; ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാരെ നയിക്കാന്‍ ഒരു കന്യാസ്ത്രീ

ചരിത്രം പിറക്കുന്നു; ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍  എന്‍എസ്എസ് വോളണ്ടിയര്‍മാരെ  നയിക്കാന്‍ ഒരു കന്യാസ്ത്രീ

ന്യൂഡല്‍ഹി: ചരിത്ര നിമിഷങ്ങള്‍ക്ക് രാജ്യം സാക്ഷ്യംവഹിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തില്‍നിന്നുള്ള പന്ത്രണ്ട് അംഗ (6 പെണ്‍കുട്ടികളും 6 ആണ്‍കുട്ടികളും) നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) വോളണ്ടിയര്‍മാരെ നയിക്കുന്നത് മലയാളിയായ സിസ്റ്റര്‍ ഡോ. നോയല്‍ റോസ് സിഎംസിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സന്യാസിനി റിപ്പബ്ലിക് ദിന പരേഡില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്നത്.

കര്‍മ്മലീത്താ സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ നോയല്‍ റോസ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രഫസറും അവിടുത്തെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറും എന്‍എസ്എസ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്ററുമാണ്. രണ്ടുതവണ എംജി യൂണിവേഴ്‌സിറ്റിയിലെ മികച്ച പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്ററിന് ഈ വര്‍ഷം സംസ്ഥാന തലത്തിലേക്ക് സെലക്ഷന്‍ ലഭിക്കുകയും ചെയ്തിരുന്നു.

കേന്ദ്രഗവണ്‍മെന്റിന്റെ യൂത്ത് അഫയേഴ്‌സ് മിനിസ്ട്രിയുടെ കീഴിലാണ് നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തിക്കുന്നത്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന റീജിയന്റെ ചുമതലയാണ് സിസ്റ്റര്‍ നോയല്‍ റോസിന്. കര്‍ണാടകയിലെ ദാവന്‍കര യൂണിവേഴ്‌സിറ്റിയില്‍വച്ചായിരുന്നു നാല് സംസ്ഥാനങ്ങളിലെ ഈ വര്‍ഷത്തെ വോളണ്ടിയര്‍മാരുടെ സെലക്ഷന്‍ ക്യാമ്പ് നടന്നത്. കേരളത്തിലെ 22 യൂണിേവഴ്‌സിറ്റികളില്‍നിന്നും ഐഎച്ച്ആര്‍ഡിയില്‍ നിന്നുമായി 12 വോളണ്ടിയര്‍മാര്‍ക്കാണ് കേരള-ലക്ഷദ്വീപ് റീജിയനില്‍നിന്നും സെലക്ഷന്‍ ലഭിച്ചത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി ഇരുനൂറോളം എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നുണ്ട്.

പരേഡിന് ശേഷം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതിയില്‍ നടക്കുന്ന വിരുന്നു സല്‍ക്കാരങ്ങളിലും ഇവര്‍ പങ്കെടുക്കും. അവിടെ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ട്. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും വസതികളും സന്ദര്‍ശിച്ചശേഷമാണ് മടക്കം.
ഡിസംബര്‍ 30 ന് ഡല്‍ഹിയില്‍ എത്തിയതാണ് സിസ്റ്ററിന്റെ നേതൃത്വത്തിലുള്ള സംഘം. ജനുവരി ഒന്നു മുതല്‍ പ്രാക്ടീസ് ആരംഭിച്ചു. വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും വളരെ സജീവമാണ് സിസ്റ്റര്‍ നോയല്‍ റോസ് സിഎംസി.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?