കെ.ജെ മാത്യു,
മാനേജിംഗ് എഡിറ്റര്‍
ചില സമീപകാല സിനിമകളില്‍ ദൈവപുത്രനെക്കുറിച്ച് തികച്ചും ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ടായത് അത്യന്തം ഖേദകരമാണ്. ലക്ഷ്യം നേടുവാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാം എന്ന് വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുണ്ട്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്നതാണ് അവരുടെ വിശ്വാസപ്രമാണം. നീതി നടപ്പാക്കുവാന്‍ തിന്മയെ കൂട്ടുപിടിക്കാം എന്ന ആശയം പ്രചരിപ്പിക്കുന്നവര്‍ വിതയ്ക്കുന്നത് അത്യന്തം വിനാശകരമായ വിത്തുകളാണ്. അവര്‍ തുറന്നുവിടുന്ന ഭൂതങ്ങള്‍ വരുംനാളുകളില്‍ അവരെത്തന്നെ പിടികുടൂം എന്നുമാത്രമല്ല, സമൂഹത്തെ ഒന്നാകെ നശിപ്പിക്കുകയും ചെയ്യും. സാധാരണ മനുഷ്യന് സമാധാനപരമായി ജീവിക്കുവാനുള്ള അന്തരീക്ഷം നഷ്ടപ്പെടുന്നത് തികച്ചും ഭീതിജനകംതന്നെ. ‘വാളെടുത്തവന്‍ വാളാല്‍ത്തന്നെ നശിക്കും’ എന്ന പഴമൊഴിയില്‍ പതിരില്ലല്ലോ.
ദൈവപുത്രനായ ക്രിസ്തുവിനെ അപമാനിക്കുവാന്‍ ശ്രമങ്ങള്‍ നടക്കുന്നത് ജാതിമതഭേദമെന്യേ ക്രിസ്തുവിനെ ഹൃദയത്തില്‍ ആരാധിക്കുന്നവര്‍ക്ക് വലിയ വേദനയുളവാക്കുന്നുണ്ട്. ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്ന മനോഹര ലേബലില്‍ ഇത് വിപണനം ചെയ്യപ്പെടുന്നതിന്റെ പിന്നിലുള്ള ദുഷ്ടലാക്കും കാപട്യവും കച്ചവടതന്ത്രങ്ങളും അവര്‍ തിരിച്ചറിയുന്നുണ്ട്. വേദനകൊണ്ട് നെഞ്ച് പിടയുമ്പോഴും മിഴിനീരൊഴുകുമ്പോഴും പ്രതിഷേധിക്കാനോ പ്രതികരിക്കാനോ അവര്‍ തയാറാകാത്തത് മൗനാനുവാദമായി കാണേണ്ടതില്ല. ദുഃഖവെള്ളിയുടെ ഓര്‍മപ്പെടുത്തലാണ് അവരുടെ മിഴിനീര് സ്‌നേഹത്തിന്റെ മഴവില്ലാക്കി മാറ്റുന്നത്.
‘നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങി വരുക’ എന്ന് വെല്ലുവിളിക്കപ്പെട്ടപ്പോള്‍ പ്രതികരിക്കാതെ, ‘പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല’ എന്നു പ്രാര്‍ത്ഥിക്കുവാന്‍ ദൈവപുത്രന് മാത്രമേ സാധിക്കൂ. അതാണല്ലോ യേശുവിനെ കുരിശില്‍ തറയ്ക്കുവാന്‍ നേതൃത്വം നല്‍കിയ വിജാതീയനായ ശതാധിപന്റെ ആന്തരികനേത്രങ്ങളെ തുറപ്പിച്ചത്. ‘സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു’ എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞത് ആ ഉള്‍ക്കാഴ്ച ലഭിച്ചതുകൊണ്ടാണ്. ഇതുപോലെ ഇന്നും ക്രിസ്തുവിനെ ആക്ഷേപിക്കുകയും ക്രൂശിക്കുകയും ചെയ്യുന്നവര്‍ അവിടുത്തെ സ്‌നേഹസാമ്രാജ്യത്തില്‍ അംഗങ്ങളായിത്തീരണമെന്നുതന്നെയാണ് ഓരോ ക്രിസ്തുവിശ്വാസിയുടെയും ഉല്‍ക്കടമായ ആഗ്രഹവും പ്രാര്‍ത്ഥനയും. ഈ പ്രാര്‍ത്ഥന ഉയരുമ്പോള്‍ മാത്രമാണ് ഈസ്റ്റര്‍ ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണമാകുന്നത്.
ഇങ്ങനെ ഇരുള്‍ പരക്കുന്നതിന് ആരാണ് ഉത്തരവാദികള്‍? വെളിച്ചം സ്വീകരിക്കുവാന്‍ കൃപ ലഭിച്ചവര്‍തന്നെ. അവരുടെ ഹൃദയത്തില്‍ കൊളുത്തപ്പെട്ട ക്രിസ്തുവാകുന്ന വിളക്ക് വേണ്ടവിധം വിളക്കുകാലില്‍ വയ്ക്കുവാന്‍ കഴിയാതെപോയി എന്നതാണ് പരാജയകാരണം. അതിനുപകരം കൂടുതല്‍ എളുപ്പമുള്ളതും സുരക്ഷിതവുമായ ‘പറയുടെ കീഴില്‍’ വയ്ക്കുക എന്ന വഴിയാണ് നാം തിരഞ്ഞെടുത്തത്. അതിനാല്‍ ഇരുട്ടില്‍ ജീവിക്കുന്നവരെയും ഇരുട്ടിന്റെ പ്രവൃത്തികളിലേര്‍പ്പെടുന്നവരെയും കുറ്റപ്പെടുത്തുവാന്‍ നമുക്കാവില്ല. യേശുവിന്റെ വക്ഷസില്‍ ചാരിക്കിടന്ന് ആ സ്‌നേഹം ആവോളം നുകര്‍ന്ന യോഹന്നാന് ആ വെളിച്ചത്തെ ഏറ്റുപറയാതിരിക്കുവാന്‍ കഴിഞ്ഞില്ല. ‘ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുട്ടില്‍ പ്രകാശിക്കുന്നു: അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.’ എന്തുകൊണ്ട് നമുക്ക് അത് സാധിക്കുന്നില്ല? ഒന്നുകില്‍ ആ അമൂല്യസ്‌നേഹം നമ്മുടെ ഹൃദയങ്ങളില്‍നിന്ന് കവിഞ്ഞൊഴുകുന്ന വിധത്തില്‍ നാം സ്വീകരിച്ചിട്ടില്ല, അല്ലെങ്കില്‍ ആ സ്‌നേഹത്തെക്കാള്‍ വലുതെന്ന് നമുക്ക് തോന്നുന്നതിന്റെ പിന്നാലെ നാം പരക്കംപായുന്നു. അത് നേടുവാന്‍വേണ്ടി നാം മത്സരിക്കുകയും പരസ്പരം പടപൊരുതുകയും ചെയ്യുമ്പോള്‍ ‘എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചത്തിന്’ സാക്ഷ്യം നല്‍കുവാന്‍ നമുക്ക് എവിടെ സമയം? ഈ ഈസ്റ്റര്‍നാളില്‍ ഒരു ആത്മപരിശോധനയ്ക്ക് നാം മുതിരുന്നത് നല്ലതുതന്നെ.
യഥാര്‍ത്ഥത്തില്‍ ദൈവപുത്രന്‍തന്നെയാണ് തമ്പുരാന്‍. ”സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു”(മത്തായി 28:18). അവിടുന്ന് സര്‍വശക്തനാണ്. ”അവന്‍ നാഥന്മാരുടെ നാഥനും രാജാക്കന്മാരുടെ രാജാവുമാണ്”(വെളിപാട് 17:14). ഉയിര്‍ത്തെഴുന്നേറ്റ യേശു തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: ”ഞാന്‍ മരിച്ചവനായിരുന്നു: എന്നാല്‍, ഇതാ ഞാന്‍ എന്നേക്കും ജീവിക്കുന്നു”(വെളിപാട് 1:18). നാം പ്രഘോഷിക്കേണ്ടത് മരിച്ച ദൈവത്തെയാണ്. എന്നാല്‍ അത് നിരീശ്വരവാദികള്‍ പ്രചരിപ്പിക്കുന്നതുപോലെ മരിച്ച ഒരു ദൈവമല്ല. നേരേമറിച്ച് അവിടുന്ന് മരിച്ചത് മനുഷ്യനുവേണ്ടിയാണ്, അവനോടുള്ള നിസീമമായ സ്‌നേഹത്തെപ്രതിയാണ്. സകല മനുഷ്യരുടെയും പാപങ്ങള്‍ക്ക് പരിഹാരബലിയായിട്ടാണ് ദൈവപുത്രന്‍ കുരിശില്‍ മരിച്ചത്. അത് അവിടുന്ന് സ്വമനസാല്‍ സ്വീകരിച്ച ഒരു മരണമാണ്.
എന്നാല്‍ മരണത്തിന് അവിടുത്തെമേല്‍ അധികാരമില്ല. കാരണം അവിടുന്ന് മരണത്തെ തോല്‍പിച്ച് വിജയശ്രീലാളിതനായി ഉയിര്‍ത്തെഴുന്നേറ്റു. അതിനാല്‍ യേശു എന്നേക്കും ജീവിക്കുന്ന ദൈവമാണ്. ഭൂമിയില്‍ ജീവിക്കുന്ന ഏതു മനുഷ്യനും തികച്ചും ആശ്വാസവും ധൈര്യവും പ്രത്യാശയും നല്‍കുന്ന ഒരു കാര്യമാണ് അവന്റെകൂടെ ജീവിക്കുന്ന ദൈവം ഉണ്ടെന്നത്. ഇന്ന് അനേകര്‍ ഏകാന്തതയിലും നിരാശയിലും കഴിയുമ്പോള്‍ അവരെ അറിയിക്കേണ്ട സദ്‌വാര്‍ത്ത ഇതാണ്: സര്‍വശക്തനായ ദൈവം നിന്റെ അരികില്‍ത്തന്നെയുണ്ട്. ”യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും”(മത്തായി 28:20) എന്ന് വാഗ്ദാനം ചെയ്ത ഉത്ഥിതന്‍ അവരുടെ മിഴികളില്‍നിന്ന് കണ്ണീര്‍ തുടയ്ക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യും.
പരാജയപ്പെട്ടവര്‍ എന്ന് ലോകം വിധിയെഴുതി മാറ്റിനിര്‍ത്തുന്നവരുടെ കൂടെ നില്‍ക്കുന്നവനാണ് ദൈവപുത്രന്‍. ദുഃഖവെള്ളിയാഴ്ചയുടെ അനുഭവങ്ങള്‍ മാത്രമായിരിക്കാം അവര്‍ക്കുള്ളത്. പക്ഷേ, പ്രത്യാശിക്കുവാന്‍ അവര്‍ക്ക് വകയുണ്ട്. എന്തെന്നാല്‍ അവരുടെ ജീവിതങ്ങളില്‍ ഉത്ഥാനത്തിന്റെ ആനന്ദം പകര്‍ന്നു നല്‍കുവാന്‍ യേശു കാത്തിരിക്കുന്നു. കാരണം താഴ്ന്നവനെ ഉയര്‍ത്തുവാന്‍ സര്‍വശക്തനായ ദൈവത്തിന് ഒരു നിമിഷം മതി, അതുപോലെ ഉയര്‍ന്നവനെ താഴ്ത്തുവാനും. അതിനാല്‍ നമ്മുടെ ഉയര്‍ച്ച താഴ്ചകളില്‍ നാം അമിതമായി അഹങ്കരിക്കുകയോ മനസിടിയുകയോ വേണ്ട. വിശുദ്ധ ഗ്രന്ഥം ഇപ്രകാരം വെളിപ്പെടുത്തുന്നു: ”കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയില്‍നിന്നോ അല്ല ഉയര്‍ച്ച വരുന്നത്. ഒരുവനെ താഴ്ത്തുകയും അപരനെ ഉയര്‍ത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നത് ദൈവമാണ്”(സങ്കീ. 75:6-7). അതിനാല്‍ നശ്വരമായതില്‍ മനസുവയ്ക്കാതെ, അനശ്വരനായ സര്‍വശക്തനില്‍ നമുക്ക് ശരണംവയ്ക്കാം. ഇന്നും ജീവിക്കുന്നവനും വാഗ്ദാനങ്ങളില്‍ വിശ്വസ്തനുമായ അവിടുന്ന് ഒരുനാളും നമ്മെ അനാഥരായി കൈവിടുകയില്ല.
ഏവര്‍ക്കും ഉയിര്‍പ്പുതിരുനാളിന്റെ ആശംസകള്‍!
Leave a Comment
Your email address will not be published. Required fields are marked with *