Follow Us On

27

July

2024

Saturday

ഈ നിലവിളി ആര് കേള്‍ക്കാന്‍?

ഈ നിലവിളി  ആര് കേള്‍ക്കാന്‍?

എഡിറ്റോറിയല്‍

ണിപ്പൂരിന്റെ മക്കള്‍ കൊടിയ വേദനയില്‍ ചങ്കുപൊട്ടി നിലവിളിക്കാന്‍ തുടങ്ങിയിട്ട് ഈ മെയ് മൂന്നാം തിയതി ഒരു വര്‍ഷം പൂര്‍ത്തിയായി. പക്ഷേ അത് ബധിരകര്‍ണങ്ങളിലാണ് പതിച്ചത് എന്നത് തികച്ചും നിര്‍ഭാഗ്യകരവും ദുഃഖകരവുമായ ഒരു കാര്യമാണ്. കേള്‍ക്കുവാന്‍ കടപ്പെട്ടവര്‍ അത് കേള്‍ക്കുന്നില്ല എന്നുമാത്രമല്ല ഇങ്ങനെ ഒരു സംഭവം ഇവിടെ നടന്നിട്ടില്ല എന്ന മട്ടില്‍ കൈയുംകെട്ടി തികച്ചും നിസംഗരായി നില്‍ക്കുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്ന ഉത്തമവിശ്വാസത്തോടെ സാധാരണ ജനങ്ങള്‍ അധികാരത്തിലേറ്റിയവര്‍ അവര്‍ക്കുനേരെ പുറംതിരിഞ്ഞു നിന്നാല്‍പിന്നെ അവരുടെ ഗതിയെന്താണ്? ഒരു കാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്നു മണിപ്പൂര്‍. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ‘ഇന്ത്യയുടെ രത്‌നം’ എന്നു വിശേഷിപ്പിച്ച ഒരു സംസ്ഥാനമാണത്. കുന്നുകളോട് തൊട്ടുരുമി നില്‍ക്കുന്ന താഴ്‌വരകള്‍ നിറഞ്ഞ വളരെ പ്രകൃതിരമണീയമായ ഒരു പ്രദേശം. രാജ്യമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന ഒരു സ്ഥലമാണത്. അവിടെയുള്ള ജനങ്ങള്‍ ജാതി, മത, വിശ്വാസ ഭേദമില്ലാതെ സഹോദരന്മാരെപ്പോലെ വലിയ സമാധാനത്തില്‍ ജീവിച്ചിരുന്നു.

ഇന്ന് ആ സംസ്ഥാനത്തിന്റെ അവസ്ഥയെന്താണ്? മരിച്ചവരുടെ രക്തവും ജീവിക്കുന്നവരുടെ കണ്ണീരും വീണ് ആ മണ്ണ് കുതിര്‍ന്നിരിക്കുന്നു. കലാപത്തീയുടെ പുകയാല്‍ ആ മനോഹരദേശം ഇരുണ്ടുപോയിരിക്കുന്നു. സഞ്ചാരികള്‍ അങ്ങോട്ട് പോകുവാന്‍ ഭയപ്പെടുന്നു. എന്തിനധികം പറയുന്നു സ്വന്തം നാട്ടില്‍ നിര്‍ഭയം പുറത്തിറങ്ങി നടക്കുവാന്‍ സാധിക്കാതെ വീട്ടുതടങ്കലിലെന്നോണം വീര്‍പ്പുമുട്ടി കഴിയുന്ന ഒരു ജനതയുടെ ദേശമായി മാറിയിരിക്കുന്നു മണിപ്പൂര്‍. അവര്‍ വീട്ടില്‍പ്പോലും സുരക്ഷിതരല്ല. കാരണം പോലീസ് സ്റ്റേഷനുകളില്‍നിന്ന് ബലമായി കവര്‍ന്നെടുത്ത അത്യാധുനിക ആയുധങ്ങളുമായി റോന്തുചുറ്റുന്ന രക്തദാഹികളായ കലാപകാരികള്‍ എവിടെയുമുണ്ട്. ഇന്ത്യാ വിഭജനത്തോടനുബന്ധിച്ചുണ്ടായ കലാപത്തിന് സമാനമായ അരക്ഷിതാവസ്ഥയും ഭയവും നിറഞ്ഞ ഒരു അന്തരീക്ഷമാണ് ഇപ്പോള്‍ അവിടെയുള്ളത്. എന്താണിതിനു കാരണം?

ഒരു ന്യായാധിപന്റെ വിവേകപൂര്‍ണമല്ലാത്ത വിധിന്യായത്തില്‍നിന്നാണ് കലാപത്തീയുടെ ആദ്യ തീപ്പൊരി പറന്നുപൊങ്ങിയത്. ഭൂരിപക്ഷ സമുദായമായ മെയ്‌തേയ്കളെ എസ്.റ്റി ലിസ്റ്റില്‍പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന നിര്‍ദേശമുള്‍ക്കൊള്ളുന്നതായിരുന്നു അത്. ഇതില്‍ ആശങ്കാകുലരായ കുക്കികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി, അത് സംസ്ഥാനത്തെ മൊത്തം ചാമ്പലാക്കിയ ഒരു കലാപമായി മാറി.

ഈ കലാപത്തില്‍ 221 മനുഷ്യരുടെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടു. അമ്പതിനായിരത്തിലധികം ആളുകള്‍ക്ക് അവരുടെ ഗ്രാമങ്ങളില്‍നിന്ന് എല്ലാം ഉപേക്ഷിച്ച് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യേണ്ടിവന്നു. അവര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ മറ്റുള്ളവരുടെ കാരുണ്യവും പ്രതീക്ഷിച്ചു കഴിയുകയാണ്. ഇതിലും ദുഃഖകരമാണ് മൂന്നാമത്തെ ഒരു വിഭാഗത്തിന്റെ കാര്യം. അവര്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ഒരു ഉറപ്പും ഇല്ല, എന്നാല്‍ മരിച്ചതിന് ഒരു തെളിവുമില്ല. അങ്ങനെ ‘കാണാതായവരുടെ’ ലിസ്റ്റില്‍ 31 മെയ്‌തേയ്കളും 15 കുക്കികളുമുണ്ട്. ആ കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന ഉല്‍ക്കണ്ഠയും കടുത്ത മനോവേദനയും വെളിപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ട് കരളലിയിപ്പിക്കുന്നതാണ്. കാണാതായ തന്റെ പത്തൊന്‍പതുകാരന്‍ മകന്‍ അന്തോണി തിരിച്ചുവരുമെന്ന വലിയ പ്രതീക്ഷയിലാണ് അവന്റെ അമ്മ. എല്ലാ ദിവസവും ഭക്ഷണം വിളമ്പുമ്പോള്‍ അവര്‍ മകനുവേണ്ടിയും ഒരു പ്ലേറ്റ് വിളമ്പിവയ്ക്കും. പക്ഷേ ആശ വിഫലമാകുന്നു. ഓരോ പ്രാവശ്യവും ഉണ്ണാനെത്താത്തവന്റെ പ്ലേറ്റ് കഴുകുവാന്‍ എടുക്കുമ്പോള്‍ എന്റെ ചങ്ക് തകര്‍ന്നുപോകുന്നുവെന്ന് അമ്മ പറയുന്നു (ദ ഹിന്ദു, 3 മെയ് 2024).

ഈ കലാപത്തിന്റെ മറവില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് ക്രൈസ്തവരായ ഗോത്രവിഭാഗങ്ങള്‍ക്കാണ്. നൂറുകണക്കിന് ദൈവാലയങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഒരു വര്‍ഷത്തിനുശേഷവും മണിപ്പൂരിലെ അന്തരീക്ഷത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല, അത് കൂടുതല്‍ മോശമാകുകയാണ് ഉണ്ടായിട്ടുള്ളതെന്ന് അവിടം സന്ദര്‍ശിച്ച പത്രപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ടായി കീറിമുറിക്കപ്പെട്ട ഒരു ദേശത്തിന്റെ ചിത്രമാണ് അവര്‍ നല്‍കുന്നത്. ”ഓരോ വിഭാഗത്തിന്റെയും പ്രദേശത്ത് എതിര്‍വിഭാഗം പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുവാന്‍ ബാരിക്കേഡുകള്‍ കെട്ടിയിരിക്കുന്നു. ഈ പ്രദേശങ്ങളിലേക്ക് കടക്കണമെങ്കില്‍ ഓരോ ചെക്കുപോസ്റ്റിലും ആധാര്‍കാര്‍ഡും മറ്റു തിരിച്ചറിയല്‍ രേഖകളും കാണിക്കണം. ഒരു വിഭാഗത്തിന്റെ പ്രദേശത്ത് ഇതരവിഭാഗത്തില്‍പെട്ടയാള്‍ക്ക് പോകാന്‍ സാധിക്കാത്തവിധം ശക്തമായ പകയും വിദ്വേഷവും ഏറ്റുമുട്ടലിലേര്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങള്‍ക്കുണ്ട്” (ദീപിക, 3 മെയ് 2024). എത്ര ഭയാനകമായ അവസ്ഥ!

ഇവിടെ നിസംഗരായി നില്‍ക്കുന്ന ഭരണാധികാരികളുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തോട് മറ്റൊരു ഭരണാധികാരിയുടെ കളര്‍ചിത്രം ചേര്‍ത്തുവയ്ക്കുന്നത് കൂടുതല്‍ അര്‍ത്ഥശോഭ നല്‍കും. അത് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതാണ്. കലാപകാലത്ത് അഭയാര്‍ത്ഥികളായി എത്തിയവരെ പാര്‍പ്പിക്കാന്‍ യോര്‍ക് റോഡിലെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതി അഭയാര്‍ത്ഥി ക്യാമ്പായി മാറി. അവര്‍ക്ക് ടെന്റ് കെട്ടി താമസിക്കുവാന്‍ മുറ്റവും പുല്‍ത്തകിടിയും അദ്ദേഹം വിട്ടുനല്‍കി. കലാപകാരികളുടെയിടയിലേക്ക് നിര്‍ഭയം ഇറങ്ങിച്ചെന്ന് അദ്ദേഹം അവരെ നിയന്ത്രിച്ചു. താങ്കള്‍ കൊല്ലപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് കലാപകാരികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിച്ചതെന്ന് അമേരിക്കന്‍ എഴുത്തുകാരനായ നോര്‍മന്‍ കസിന്‍സ് ചോദിച്ചപ്പോള്‍ നെഹ്‌റുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”ഞാന്‍ മാത്രമല്ലല്ലോ, ധാരാളം പേര്‍ കൊല്ലപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നില്ലേ?” (മലയാള മനോരമ, 17 മെയ് 2024).

ആരും സഹായിക്കാനില്ലാത്തവര്‍ക്ക് ദൈവമാണല്ലോ തുണ. അതിനാല്‍ സ്വന്തം ദേശത്ത് പരദേശികളെപ്പോലെ കഴിയുന്ന ഇവരെ നമ്മുടെ അനുദിന പ്രാര്‍ത്ഥനകളില്‍ നാം ഓര്‍ക്കണം. വളരെ പരിമിതമായ സാഹചര്യങ്ങളില്‍ കത്തോലിക്കാ സഭ ഒരുക്കിയിരിക്കുന്ന റിലീഫ് ക്യാമ്പുകളില്‍ കഴിയുന്ന ഗര്‍ഭകാല ശുശ്രൂഷകള്‍വേണ്ട അമ്മമാരും നവജാതശിശുക്കളും ഉള്‍പ്പെട്ട ആ സമൂഹത്തിനുവേണ്ടി നമ്മളല്ലാതെ മറ്റാരാണ് കരങ്ങള്‍ ഉയര്‍ത്താനുള്ളത്? നമ്മുടെ ആഘോഷങ്ങള്‍ ഒന്ന് ചെറുതാക്കി കഴിയുന്ന തുകകള്‍ വിധവയുടെ കൊച്ചുകാശുപോലെ അവര്‍ക്ക് എത്തിച്ചുകൊടുക്കാം. വിധവയുടെ കൊച്ചുകാണിക്ക കണ്ട കര്‍ത്താവ് നമ്മുടെ ജീവിതങ്ങളെയും കാണും. അവരുടെ അധരങ്ങളില്‍ വിടരുന്ന ചെറുപുഞ്ചിരി നമ്മുടെ ജീവിതങ്ങളെയും പ്രകാശമാനമാക്കും, ഈ ലോകത്തിലും പരലോകത്തിലും തീര്‍ച്ച.

കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?