Follow Us On

22

January

2025

Wednesday

മറിയത്തിന്റെ പാഠശാലയില്‍ ചേരാം

മറിയത്തിന്റെ  പാഠശാലയില്‍ ചേരാം

യുഎസിലെ അര്‍ക്കന്‍സാസിലുള്ള സുബിയാകോ അബ്ബെ എന്ന ബനഡിക്ടന്‍ സന്യാസ ആശ്രമത്തിന്റെ ചാപ്പലിന് നാശനഷ്ടം വരുത്തി എന്ന കുറ്റത്തിനാണ് കുറച്ചു നാളുകള്‍ക്കുമുമ്പ് ജെറിഡ് ഫാര്‍ ണാന്‍ എന്ന യുവാവിനെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തത്. ആശ്രമ ചാപ്പലിന്റെ അള്‍ത്താര ഒരു ചുറ്റികകൊണ്ട് അടിച്ചുതകര്‍ത്ത ജെറിഡ് സക്രാരിയും തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസിനോട് പറഞ്ഞു. എന്നാല്‍ ആ സമയത്താണ് അവിടെ സ്ഥാപിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപം അയാള്‍ കണ്ടത്. മാതാവിന്റെ രൂപത്തെ നോക്കിയപ്പോള്‍ മറിയത്തിന്റെ തിരുക്കുമാരന്റെ തിരുശരീരം സൂക്ഷിക്കുന്ന സക്രാരി തകര്‍ക്കാന്‍ അക്രമിയുടെ മനസ് അനുവദിച്ചില്ല. അതുകൊണ്ടാണ് സക്രാരി നശിപ്പിക്കാതിരുന്നതെന്നാണ് അയാള്‍ ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയത്. കത്തോലിക്ക വാര്‍ത്ത ഏജന്‍സിയായ സിഎന്‍എ ഉള്‍പ്പടെ നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത കൗതുകത്തിനപ്പുറം പരിശുദ്ധ മറിയത്തിന് സഭയിലും ലോകത്തിലുമുള്ള സ്വാധീനശക്തി നമ്മെ ഓര്‍മിപ്പിക്കുന്നു.

പരിശുദ്ധ മറിയത്തിന്റെ ജപമാലഭക്തിക്കായി തിരുസഭ പ്രത്യേകം നീക്കിവച്ചിരിക്കുന്ന മാസമാണല്ലോ ഒക്‌ടോബര്‍ മാസം. അശാന്തി നിറഞ്ഞ ലോകത്തില്‍ മറിയത്തോട് ചേര്‍ന്ന് ക്രിസ്തുവിന്റെ രക്ഷാകര രഹസ്യങ്ങളെ ധ്യാനിക്കുന്ന ഈ പുണ്യമാസം നമ്മുടെ ജീവിതത്തിനും ലോകത്തിനും നല്‍കുന്ന ആശ്വാസം ചെറുതല്ല. മറിയത്തിന്റെ പാഠശാലയില്‍ ഇരുന്ന് യേശുവിന്റെ മുഖത്തിന്റെ മനോഹാരിത ധ്യാനിക്കുന്ന ഈ പ്രാര്‍ത്ഥന വിശുദ്ധരുടെയും സഭ മുഴുവന്റെയും പ്രിയപ്പെട്ട പ്രാര്‍ത്ഥനയാണ്. എത്ര വലിയ നിരാശയുടെ സമയത്തും നന്മനിറഞ്ഞ മറിയമേ പ്രാര്‍ത്ഥന ആവര്‍ത്തിച്ച് ചൊല്ലി മറിയത്തിന്റെ ജീവിതത്തിലെ നന്മകള്‍ നമ്മുടെ ജീവിതത്തിലേക്ക് ആവാഹിക്കാനും മറിയത്തോട് ചേര്‍ന്ന് യേശുവിനെ ആരാധിക്കാനും ജപമാല പ്രാര്‍ത്ഥന സഹായിക്കുന്നു. ജപമാല പ്രാര്‍ത്ഥനയിലൂടെ നമ്മിലേക്കും ലോകത്തിലേക്കും ഒഴുകുന്ന കൃപകളുടെ സമൃദ്ധിയെക്കുറിച്ച് വിശുദ്ധരിലൂടെയും മരിയന്‍ പ്രത്യക്ഷീകരണങ്ങളിലൂടെയും ലഭിച്ച അറിവുകള്‍ക്ക് അപ്പുറം ജപമണികള്‍ കയ്യിലേന്തി ജീവിതപ്രതിസന്ധികള്‍ തരണം ചെയ്തവരുടെ വലിയ നിര ഈ പ്രാര്‍ത്ഥനയുടെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

ക്രിസ്തുകേന്ദ്രീകൃതമായ ഈ മരിയന്‍ പ്രാര്‍ത്ഥന ധ്യാനപൂര്‍വം ചെല്ലുമ്പോള്‍ യേശുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ നമ്മുടെ ഹൃദയത്തിന്റെ കണ്ണുകളിലൂടെ കാണുകയാണ് ചെയ്യുന്നതെന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞുവയ്ക്കുന്നത്. മറിയത്തിന്റെ ഹൃദയത്തിലൂടെ യേശുവുമായുള്ള കൂട്ടായ്മയിലേക്ക് ജപമാലയിലെ രഹസ്യങ്ങള്‍ നമ്മെ നയിക്കുന്നു. ജപമാല ചൊല്ലുമ്പോള്‍ നാം നമ്മുടെ ഭാരങ്ങള്‍ യേശുവിന്റെയും മറിയത്തിന്റെയും ഹൃദയങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നും മനുഷ്യജീവന്റെ താളം അടയാളപ്പെടുത്തുന്ന പ്രാര്‍ത്ഥനയാണിതെന്നും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം, ഒക്‌ടോബര്‍ ഏഴ്, ജപമാല രാജ്ഞിയുടെ തിരുനാള്‍ദിനത്തിലാണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ഇസ്രായേലിന്റെ മണ്ണില്‍ ഹമാസ് എന്ന ഇസ്ലാമിക്ക് തീവ്രവാദ സംഘടന നരനായാട്ട് നടത്തിയത്. വീണ്ടുമൊരു ഒക്‌ടോബര്‍ മാസത്തിലേക്ക് പ്രവേശിക്കുമ്പോള്‍, 2023ലെ ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള ആക്രമണ പ്രത്യാക്രമണങ്ങള്‍ മിഡില്‍ ഈസ്റ്റ് മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അന്തമില്ലാതെ തുടരുന്ന റഷ്യ-ഉക്രെയ്ന്‍ യുദ്ധംപോലെ ഇതും ഏതുനിമിഷവും ലോകം മുഴുവന്‍ പടര്‍ന്നേക്കാമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന യുദ്ധങ്ങള്‍ക്ക് പുറമെ കലുഷിതമായ നിരവധി പ്രശ്‌നങ്ങളിലൂടെയാണ് നമ്മുടെ ദേശവും നാടും സഭയുമൊക്കെ ഇന്നു കടന്നുപോകുന്നത്.

വ്യക്തിപരമായ നിയോഗങ്ങളോടൊപ്പം സഭയുടെയും ലോകംമുഴുവന്റെയും ആവശ്യങ്ങളും ജപമണികളിലൂടെ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയം വഴി ദൈവസന്നിധിയില്‍ ഉയര്‍ത്തേണ്ട മാസമാണിത്. അനുഗ്രഹങ്ങളുടെ കലവറയായ ഈ പ്രാര്‍ത്ഥനയിലൂടെ നമുക്കും ലോകംമുഴുവനുംവേണ്ട എല്ലാ കൃപകളും സ്വരുക്കൂട്ടാനുള്ള അവസരമാണിത്. ധ്യാനപൂര്‍വം ചൊല്ലുന്ന ജപമാലകളിലൂടെ മറിയത്തിന്റെയും യേശുവിന്റെയും ഹൃദയങ്ങളോട് നമ്മുടെ ഹൃദയങ്ങളെ ചേര്‍ത്തുവയ്ക്കാം. അപ്പോള്‍, ഉത്തരമില്ലെന്ന് കരുതുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭിക്കും, പരിഹാരമില്ലെന്ന് തോന്നുന്നവയ്ക്ക് പരിഹാരം ഉണ്ടാകും, സൗഖ്യമാകില്ലെന്ന് വിധിയെഴുതിയ രോഗങ്ങള്‍ സുഖമാകും. കാരണം മറിയത്തെപ്പോലെ ഈശോയെ മനസിലാക്കിയ വേറൊരു മനുഷ്യവ്യക്തിയില്ല. യേശുവിനെയും അവിടുത്തെ സുവിശേഷത്തെയും പഠിക്കാനും അനുഭവിക്കാനും ജീവിക്കാനും ഇതിലും നല്ല വേറെ ഏത് പാഠശാലയാണുള്ളത്?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?