Follow Us On

21

December

2024

Saturday

കണ്ണീര്‍ മുനമ്പം

കണ്ണീര്‍ മുനമ്പം

കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍)

മുനമ്പം മുമ്പ് അറിയപ്പെട്ടിരുന്നത് സവിശേഷമായ മത്സ്യം ലഭിക്കുന്ന സ്ഥലം എന്ന നിലയ്ക്കാണ്. ‘മുനമ്പം പച്ചമീന്‍’ എന്ന ബോര്‍ഡ് പല ഫിഷ്മാര്‍ക്കറ്റുകളിലും കണ്ടിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥലം ശ്രദ്ധിക്കപ്പെടുന്നത് അശരണരുടെ നിലവിളി ഉയരുന്ന ഒരു ദേശമായിട്ടാണ്. അനേകരുടെ ഭക്ഷണത്തെ സ്വാദിഷ്ടമാക്കുവാന്‍ വിയര്‍പ്പൊഴുക്കിയവരുടെ ഭക്ഷണമേശയും കിടപ്പാടംപോലും അന്യാധീനപ്പെട്ടുപോകുന്ന ഒരു സാഹചര്യമാണിന്നുള്ളത്. അവര്‍ക്ക് ഇന്ന് ഒഴുക്കുവാന്‍ വിയര്‍പ്പുകണങ്ങളില്ല, നേരേമറിച്ച് അവരുടെ കണ്ണുകളില്‍നിന്ന് കണ്ണീരാണ് ധാരയായി ഒഴുകിക്കൊണ്ടിരിക്കുന്നത്. കഠിനമായി അധ്വാനിച്ച പണംകൊണ്ട് വിലക്കു വാങ്ങി, തീറാധാരം സ്വന്തമായുള്ള കൈവശഭൂമിയില്‍ അവര്‍ ഇന്ന് അന്യരായി കണക്കാക്കപ്പെടന്നു. ‘ഞങ്ങള്‍ എവിടെ പോകും?’ ദൈന്യതയാര്‍ന്ന ഈ ചോദ്യം ഇന്ന് കേരളക്കരയൊട്ടാകെ അലയടിക്കുകയാണ്. അതിജീവനത്തിനുവേണ്ടിയുള്ള അവരുടെ ജീവന്മരണ പോരാട്ടത്തിന് കത്തോലിക്കാ സഭ സര്‍വവിധ പിന്തുണയും നല്‍കുന്നു. ഇതിന്റെയൊക്കെ കാരണം പണ്ടൊന്നും അധികമാരും കേള്‍ക്കാത്ത, കേട്ടാലും ശ്രദ്ധിക്കാത്ത ‘വഖഫ്’ ആണ്.

വഖഫ് എന്ന വാക്ക് അറബിയിലെ വഖാഫ എന്ന മൂലരൂപത്തില്‍നിന്നാണ് വരുന്നത്. ‘പരിമിതപ്പെടുത്തുക’, ‘നിര്‍ത്തുക’, ‘നിലനിര്‍ത്തുക’ എന്നൊക്കെ ഇതിന് അര്‍ത്ഥതലങ്ങളുണ്ട്. ഇസ്ലാമിക ശരിഅത്ത് നിയമത്തില്‍ വഖഫ് എന്നത് മതപരമായ ഉപയോഗത്തിന്, ഭക്തകാര്യങ്ങള്‍ക്ക് അല്ലെങ്കില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കപ്പെട്ട വസ്തു അഥവാ ആസ്തി ആണ്. ഇതുസംബന്ധിച്ച ഇസ്ലാമിക നിയമത്തെ പണ്ഡിതന്മാര്‍ വിവിധ തരത്തില്‍ വ്യാഖ്യാനിക്കുന്ന സാഹചര്യത്തിലാണ് 1913-ല്‍ ‘മുസല്‍മാന്‍ വഖഫ് വാലിഡേറ്റിംഗ് ആക്ട്’ എന്ന പേരില്‍ ഒരു ഏകീകൃത നിയമം ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിന് 1923-ലും പിന്നീട് ഇന്ത്യ സ്വതന്ത്രമായപ്പോള്‍ 1954-ലും 1995-ലും തുടര്‍ന്ന് 2013-ലും വിവിധ ഭേദഗതികളുണ്ടായി. 1995-ലെ ഭേദഗതിപ്രകാരം വഖഫ് സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് വഖഫ് ട്രൈബ്യൂണലാണെന്നും അതിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും വ്യവസ്ഥ ചെയ്തു. ഇക്കാര്യത്തില്‍ സിവില്‍ കോടതികള്‍ക്കുണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞു.

ഇപ്പോഴുള്ള വഖഫ് നിയമപ്രകാരം മതപരമോ ഭക്തിപരമോ ആയ കാര്യങ്ങള്‍ക്കോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കോ ആയി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു വസ്തു, സ്ഥലം, കെട്ടിടം തുടങ്ങിയവ ദീര്‍ഘകാല ഉപയോഗത്താല്‍ ഉപയോക്താവിനാല്‍ത്തന്നെ വഖഫ് വസ്തുവായി പ്രഖ്യാപിക്കപ്പെടാവുന്നതാണ്. ഉപയോഗം നിലച്ച് എത്രകാലം കഴിഞ്ഞാലും ഉപയോക്താവിനാല്‍ സ്ഥാപിക്കപ്പെട്ട വഖഫ്, വഖഫ് വസ്തുവായി തുടരും (സെക്ഷന്‍ 3 (ൃ) (1).
ഇത് അത്യന്തം ഭീതിജനകമായ കാര്യമാണ്. സാധാരണ പൗരന്റെ ശിരസിനുമുകളില്‍ നൂലില്‍ കെട്ടിത്തൂക്കിയിരിക്കുന്ന ഡെമോക്ലീസിന്റെ വാളാണിത്. വഖഫ് നിയമങ്ങള്‍ ഇസ്ലാമിക വിശ്വാസികള്‍ക്ക് ഉപകാരപ്പെടുന്നതുപോലെതന്നെ, മറ്റുള്ളവര്‍ക്ക് അത് ഉപദ്രവകരമാകരുത് എന്നത് എല്ലാവരും അംഗീകരിക്കുന്ന യുക്തിഭദ്രമായ ഒരു ചിന്തയാണ്. അതിനാല്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുന്ന സ്വകാര്യഭൂമിയുടെയും കൃഷിഭൂമിയുടെയും ഒരു ലിസ്റ്റ് കേരള സര്‍ക്കാര്‍ പൊതുജന അറിവിലേക്കായി പ്രസിദ്ധീകരിക്കണം.

സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയിലുള്ള 2024-ലെ ഭേദഗതി ബില്ലില്‍ സാരമായ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദീര്‍ഘകാലമായുള്ള ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വസ്തു വഖഫായി പ്രഖ്യാപിക്കുന്ന രീതി നിര്‍ത്തലാക്കുക എന്നത് അതിലൊന്നാണ്. മറ്റൊന്ന് ഒരു പ്രോപ്പര്‍ട്ടി വഖഫ് ആണോ എന്ന് തീരുമാനിക്കാനുള്ള അധികാരം വഖഫ് ബോര്‍ഡില്‍നിന്ന് നീക്കം ചെയ്യും. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന നിയമം എടുത്തുകളയും. ഇതിനെതിരെ 90 ദിവസത്തിനകം ഹൈക്കോടതിയില്‍ അപ്പീലിന് പോകാം എന്നിവയാണ് പ്രധാന ഭേദഗതികള്‍.
ഇനി മുനമ്പത്തെ പ്രശ്‌നത്തിന് കാരണമെന്താണെന്നുനോക്കാം. മുനമ്പത്തെ ഇപ്പോഴുള്ള 404 ഏക്കര്‍ ഭൂമി തിരുവിതാംകൂര്‍ മഹാരാജാവ് സത്താര്‍സേട്ട് എന്ന വ്യക്തിക്ക് 1902-ല്‍ പാട്ടത്തിന് നല്‍കിയതാണ്. പാട്ടത്തിന് നല്‍കിയാല്‍ അദ്ദേഹത്തിന് അതില്‍ താല്‍ക്കാലിക അവകാശമേയുള്ളൂ, സ്ഥിരമായ ഉടമസ്ഥാവകാശമില്ല.

കാലാവധി കഴിഞ്ഞാല്‍ അത് ഉടമസ്ഥനുതന്നെ തിരിച്ച് നല്‍കേണ്ടതാണ്. അത് മറ്റൊരാള്‍ക്ക് കൈമാറാന്‍ അദ്ദേഹത്തിന് അവകാശമില്ല. എന്നാല്‍ അദ്ദേഹം തന്റെ മകന്‍ സിദ്ദിഖ് സേട്ടിന് ഈ സ്വത്ത് കൈമാറുകയും 1949-ല്‍ അദ്ദേഹം ഈ സ്വത്ത് ദാനാധാരമായി പറൂഖ് കോളജിന് കൈമാറുകയും ചെയ്തു. അതിനുശേഷം ഫറൂഖ് കോളജ് മാനേജ്‌മെന്റ് ഈ ഭൂമി മുനമ്പം നിവാസികള്‍ക്ക് അന്നത്തെ നിലയ്ക്കുള്ള വില വാങ്ങി തീറാധാരമായി വില്‍ക്കുകയാണുണ്ടായത്. പിന്നീട് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ഇത് വഖഫ് വസ്തു ആണെന്ന അവകാശവാദം ഉണ്ടായത്. അദ്ദേഹം മൊയ്ത് അഹമ്മദ് നിസാര്‍ എന്ന ഒരു റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയെ അന്വേഷണ കമ്മീഷനായി നിയമിച്ചു.

എന്നാല്‍ സ്ഥലവാസികളായ ഉടമസ്ഥന്മാരെ കാണാതെ, ഇത് വഖഫ് ഭൂമിയാണെന്ന ഏകപക്ഷീയമായ വിധിയാണ് കമ്മീഷന്‍ നല്‍കിയത്. തുടര്‍ന്ന് ഈ മുനമ്പം വാസികളില്‍നിന്ന് നികുതി വാങ്ങേണ്ട എന്ന ഉത്തരവ് അധികാരികള്‍ കൊടുക്കുകയും ചെയ്തപ്പോഴാണ് ഇതൊരു പ്രശ്‌നമായി ജനങ്ങള്‍ തിരിച്ചറിഞ്ഞത്. നികുതി വാങ്ങാന്‍ തീരുമാനിച്ചാല്‍മാത്രം പ്രശ്‌നം തീരുകയില്ല. വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിരിക്കുന്ന ഈ ഭൂമിയില്‍ ഒരു ക്രയവിക്രയങ്ങളും നടക്കുകയില്ല, എന്തിന് ബാങ്കുകള്‍ ഒരു ലോണുപോലും കൊടുക്കുകയില്ല. തീറാധാരം കൈവശമുള്ളവര്‍ വഴിയാധാരമാകുന്ന ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ മതിയാവൂ. സാധാരണക്കാരന്റെ നിലനില്പിന്റെ ഇക്കാര്യത്തില്‍ ഗവണ്‍മെന്റും രാഷ്ട്രീയ-സാമുദായിക നേതാക്കളും ശക്തമായ നിലപാട് എടുക്കുകതന്നെ വേണം. കൈവശഭൂമിയില്‍ സ്വസ്ഥവും സമാധാനവുമായി ജീവിക്കുവാനുള്ള അവകാശം മുനമ്പം സഹോദരങ്ങള്‍ക്കുണ്ട് എന്ന കാര്യം നമുക്കോര്‍ക്കാം.

ഇവിടെയൊരു ജാഗ്രത നാം പുലര്‍ത്തേണ്ടതുണ്ട്. തീവ്രവാദ മനസുള്ളവര്‍ വെറുപ്പ് എന്ന വിഷം ചീറ്റുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയേക്കാം. വെറുപ്പോടെ നാം നമ്മുടെ സഹോദരങ്ങളെ അകറ്റിനിര്‍ത്തുമ്പോള്‍ നാം ദൈവത്തെത്തന്നെയാണ് അകറ്റിനിര്‍ത്തുന്നത്. കാരണം ദൈവം സ്‌നേഹമാണ്, അവിടുന്ന് സകല മര്‍ത്യരുടെയും ദൈവമാണ്. മറ്റൊന്ന്, ഇതുണ്ടാക്കാവുന്ന അരക്ഷിതാവസ്ഥ ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ നമ്മുടെ സംരക്ഷകരായി കാണുവാനുള്ള തികച്ചും അപകടകരമായ സാഹചര്യമാണ്. ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ശാശ്വതമായ അഭയവും കോട്ടയും വിമോചകനും ദൈവംതന്നെയാണ്. ”എനിക്ക് സഹായം എവിടെനിന്നു വരും? എനിക്കു സഹായം കര്‍ത്താവില്‍നിന്ന് വരുന്നു: ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍നിന്ന്”(സങ്കീ. 121:2). എല്ലാ പ്രശ്‌നങ്ങളും സര്‍വശക്തനായ ദൈവത്തോടുചേര്‍ന്ന് നമുക്ക് നേരിടാം, അവിടുന്നുമാത്രമാണ് ശാശ്വതമായ പരിഹാരം നല്‍കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?