Follow Us On

09

February

2025

Sunday

കണ്ണീരില്‍ കുതിര്‍ന്ന ആ പണം നമുക്ക് വേണോ?

കണ്ണീരില്‍ കുതിര്‍ന്ന  ആ പണം നമുക്ക്  വേണോ?

പ്രതിപക്ഷത്തിന്റെയും കത്തോലിക്ക സഭ ഉള്‍പ്പടെയുള്ള മത-സാംസ്‌കാരിക കൂട്ടായ്മകളുടെയും എതിര്‍പ്പിനെ അവഗണിച്ച് പാലക്കാട് കഞ്ചിക്കോട് എലപ്പുള്ളിയില്‍ സ്വകാര്യ കമ്പനിക്ക് മദ്യനിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ അനുമതി നല്‍കിയ തീരുമാനവുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ജലക്ഷാമം രൂക്ഷമായ, മഴക്കുറവുള്ള മേഖലയായ എലപ്പുള്ളിയില്‍ പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഉപയോഗിച്ച് മദ്യനിര്‍മാണം ആരംഭിച്ചാലുണ്ടാകാവുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം, കാര്‍ഷിക ആവശ്യത്തിനുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവ് തുടങ്ങിയ കാര്യങ്ങളൊക്കെ അവഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുന്നത്.

പ്രദേശത്തെ വെള്ളത്തിന്റെ ലഭ്യതയെക്കുറിച്ചും, പാരസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചും മാത്രമല്ല ടെന്‍ഡര്‍ കൂടാതെ പ്രാഥമിക അനുമതി നല്‍കിയ പദ്ധതിയുടെ സുതാര്യതയെക്കുറിച്ചും ബ്രൂവറി നടത്താന്‍ അനുമതി ലഭിച്ച സ്വകാര്യസ്ഥാപനത്തെക്കുറിച്ചുമൊക്കെ ആക്ഷേപങ്ങള്‍ നിലനില്‍ക്കുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. അദ്ദേഹം അതിന് ന്യായീകരണമായി പറഞ്ഞ ഏതാനും കാര്യങ്ങള്‍ ശ്രദ്ധേയമാണ്. 600 കോടി മുതല്‍മുടക്കി സ്വകാര്യസംരംഭകര്‍ ആരംഭിക്കുന്ന പുതിയ പദ്ധതിയിലൂടെ 650 പേര്‍ക്ക് നേരിട്ടും 2000 പേ ര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കും. 2024-ല്‍ മദ്യ നിര്‍മാണത്തിന് ആവശ്യമായ ഇഎന്‍എ, ഇഥനോള്‍ പോലുള്ള വസ്തുക്കള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയ ഇനത്തില്‍ മൂവായിരം കോടിയോളം രൂപ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടതായി വന്നു.

ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍തന്നെ മദ്യവും മദ്യത്തിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും ഉത്പാദിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വരുമാനം ഉയര്‍ത്താനാകും എന്ന സന്ദേശമാണ് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയത്. അനാവശ്യമായ സമരങ്ങളുടെയും നിയമത്തിലെ നൂലാമാലകളുടെയും പേരില്‍ വ്യവസായ സൗഹൃദമല്ലാത്ത സംസ്ഥാനം എന്ന ദുഷ്‌പേര് കേള്‍പ്പിക്കുകയും അനേകം വ്യവസായികളുടെയും തൊഴില്‍സംരംഭകരുടെയും കണ്ണീര് വീഴ്ത്തുകയും ഉത്പാദനമേഖലയില്‍ കാര്യമായ സംരംഭങ്ങളൊന്നും ഇന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന നമ്മുടെ കൊച്ചു സംസ്ഥാനത്തെ മദ്യത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തതയിലേക്ക് നയിക്കാന്‍ കേരളസര്‍ക്കാര്‍ കാണിക്കുന്ന ഈ അമിതോത്സാഹത്തെ ആശങ്കയോടെ മാത്രമെ നോക്കി കാണാനാകൂ.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്ന് പറയുമ്പോഴും ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ ഫലമായി നമ്മുടെ സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ആപത്കരമായി വര്‍ധിച്ചുവരുന്നു എന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. കേരളത്തിലെ യുവജനങ്ങളില്‍ വളര്‍ന്നുവരുന്ന അക്രമവാസനയുടെയും അനുദിനം പെരുകിവരുന്ന കൊലപാതക വാര്‍ത്തകളുടെയും മറ്റ് അക്രമങ്ങളുടെയും സാമൂഹികതിന്മകളുടെയും പിന്നില്‍ ലഹരിയുടെ ഉപയോഗം ഒരു പ്രധാന ഘടകമാണ്. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കേ ഘട്ടം ഘട്ടമായി ലഹരി ഉപയോഗം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സംസ്ഥാന സര്‍ക്കാര്‍ ബാറുകള്‍ക്കുള്ള ലൈസന്‍സുകള്‍ യഥേഷ്ടം നല്‍കുന്നതിന് പുറമെ ഇപ്പോള്‍ മദ്യനിര്‍മാണത്തിനും കൂടെ അനുവാദം നല്‍കാന്‍ കാണിക്കുന്ന വ്യഗ്രത ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ബ്രൂവറിക്ക് പുറമെ, എഥനോള്‍ പ്ലാന്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ടിലിംഗിനുള്ള യൂണിറ്റ്, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, വൈനറി യൂണിറ്റ് എന്നിവയടക്കമുള്ള ഈ മദ്യനിര്‍മാണ യൂണിറ്റ് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മദ്യനിര്‍മാണ പ്ലാന്റുകളില്‍ ഒന്നായിരിക്കും. ലോകവും നമ്മുടെ രാജ്യവും സാങ്കേതികമായും വ്യാവസായികമായും വലിയ കുതിച്ചുചാട്ടത്തിന് തയാറെടുക്കുമ്പോള്‍ മദ്യത്തിന്റെ നിര്‍മാണത്തിലൂടെയും ഉപയോഗത്തിലൂടെ കുതിച്ചുചാട്ടം നടത്താമെന്ന് കരുതുന്നത് അബദ്ധജടിലമായ നിഗമനം മാത്രമല്ല ധാര്‍മികമായ തെറ്റുകൂടിയാണെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം. പൊതുജനങ്ങളുടെ ജീവിതം താറുമാറാക്കിക്കൊണ്ടാണ് ഒരു വ്യവസായം~എന്ന നിലയില്‍ മദ്യം തൊഴിലും വരുമാനവും നല്‍കുന്നത്.

ജനങ്ങളെ ആസക്തിക്ക് അടിമകളാക്കുകയും അവരുടെ ആരോഗ്യം നശിപ്പിക്കുകയും സാമൂഹികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന മദ്യവ്യവസായത്തില്‍ നിന്ന് ലഭിക്കുന്ന സമ്പത്ത് ഏതെങ്കിലും വ്യക്തിക്കോ സര്‍ക്കാരിനോ ഗുണകരമാണോ എന്ന് വീണ്ടുവിചാരം നടത്തണം. സാമൂഹിക സുസ്ഥിതിയെക്കാള്‍ സാമ്പത്തിക നേട്ടത്തിന് മുന്‍ഗണന നല്‍കണോ?അത്തരം തീരുമാനങ്ങളെടുക്കുന്നവരെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കണമോ തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ ഗൗരവമായി വിചിന്തനം ചെയ്യണം. തലമുറകളെ നശിപ്പിക്കുന്ന, അനേകരുടെ കണ്ണീരിന് കാരണമാകുന്ന ഈ തീരുമാനം പുനഃപരിശോധിച്ചുകൊണ്ട് ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ തങ്ങളുടെ ആത്മാര്‍ത്ഥതയും ജനങ്ങളോടുള്ള പ്രതിബദ്ധതയും തെളിയിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?