അടുത്തിടെ കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട ഇടുക്കിയിലെ പെരുവന്താനത്തിനടുത്തുള്ള കൊമ്പന്‍പാറയിലെ സോഫിയ എന്ന തൊഴിലാളി സ്ത്രീ കൊല്ലപ്പെടുന്ന അന്ന് രാവിലെ പോലും പഞ്ചായത്ത് പ്രതിനിധിയെ വിളിച്ച് കാട്ടാന ജീവനെടുക്കുമോ എന്ന് ഭയപ്പെടുന്നതായി പറഞ്ഞിരുന്നു. വീടിന് തൊട്ടടുത്തുള്ള അരുവിയില്‍ ഭിന്നശേഷിക്കാരിയായ മകളെ കുളിപ്പിച്ച് വീട്ടിലാക്കി വീണ്ടും അരുവിയിലേക്ക് പോകവെ സോഫിയയെ കാട്ടാന ആക്രമിക്കുകയായിരുന്നു. സഹായത്തിനുവേണ്ടിയുള്ള സോഫിയയുടെ നിലവിളി കേള്‍ക്കാന്‍ പഞ്ചായത്തോ ഗവണ്‍മെന്റോ ഒന്നും ഉണ്ടായില്ല. അകാലത്തില്‍ പൊലിഞ്ഞ സോഫിയ ഈ അടുത്ത ദിവസങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏതാനും പേരുടെ മാത്രം പ്രതിനിധിയല്ല.
മറിച്ച് ‘ഈ വന്യമൃഗങ്ങളില്‍നിന്ന് ഞങ്ങളെ രക്ഷിക്കൂ’ എന്ന് കരഞ്ഞ് പറഞ്ഞിട്ടും നിയമത്തിന്റെയും മൃഗസ്‌നേഹത്തിന്റെയുമൊക്കെ പേര് പറഞ്ഞ് മുഖംതിരിഞ്ഞ് നില്‍ക്കുന്ന പ്രാദേശിക-ദേശീയ ഭരണകൂടങ്ങളുടെ ബോധപൂര്‍വമായ നിസംഗതയ്ക്ക് ഇരകളായ ഈ നാട്ടിലെ വലിയൊരു വിഭാഗം ജനതയുടെ പ്രതിനിധിയാണ്. ഇത് പറയുമ്പോള്‍ കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ മേഖലകളിലേക്ക് വന്യജീവി ആക്രമങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും അനുദിനം വന്യജീവികളുടെ ഉപദ്രവമേല്‍ക്കുന്ന ജനങ്ങളുടെ സംഖ്യ വര്‍ധിച്ചുവരുകയാണെന്നുമുള്ള യാഥാര്‍ത്ഥ്യം നാം കാണേണ്ടതുണ്ട്.
2025 ആരംഭിച്ച് ഒന്നരമാസം പിന്നിടുമ്പോള്‍ കേരളത്തില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ സോഫിയ ഉള്‍പ്പടെ 11 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ എട്ടുപേരും കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലാണ്. ഒരാള്‍ വീതം കടുവയുടെയും കാട്ടുപന്നിയുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതേ കാലയളവില്‍ വന്യജീവി ആക്രമണങ്ങളില്‍ പരിക്കേറ്റത് 30 പേര്‍ക്കാണ്. ഇത്രയുമാണ് പൊതുവായി ലഭ്യമായ വിവരങ്ങള്‍. ഈ കാലയളവില്‍ വന്യമൃഗങ്ങള്‍ നശിപ്പിച്ച കൃഷിയുടെ ഭീമമായ കണക്കുകള്‍ കൂടെ ഇതോടു ചേര്‍ത്തുവച്ചെങ്കില്‍ മാത്രമേ കേരളത്തിലെ പൊതുസമൂഹത്തിന് പ്രത്യേകിച്ചും മലയോര കര്‍ഷകര്‍ക്ക് വന്യജീവികള്‍ ഇന്ന് വരുത്തിക്കൊണ്ടിരിക്കുന്ന നാശനഷ്ടങ്ങളുടെ ആഴം വ്യക്തമാവുകയുള്ളൂ.
സ്വയരക്ഷയ്ക്കായി മറ്റ് മനുഷ്യരെ പോലും ചെറുത്തുനില്‍ക്കാന്‍ അനുവദിക്കുന്ന നമ്മുടെ രാജ്യത്തെ നിയമം കാടിറങ്ങുന്ന വന്യമൃഗങ്ങളെ നേരിടണമെങ്കില്‍ ആദ്യം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി വേണമെന്ന് അനുശാസിക്കുന്നു. ഫലമോ മനുഷ്യരെ കൊല്ലുന്നവര്‍ പോലും യഥേഷ്ടം പുറത്തിറങ്ങി വിഹരിക്കുന്ന നമ്മുടെ രാജ്യത്ത്, തങ്ങളുടെയും മറ്റുള്ളവരുടെയും ജീവനും സ്വത്തിനും ഭീഷണിയായി മാറിയ വന്യമൃഗങ്ങളെ കൊന്നതിന്റെ പേരില്‍ അനേകര്‍ വേട്ടയാടപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. മറുവശത്ത് അനുദിനമെന്നവണ്ണം വന്യമൃഗങ്ങളാല്‍ നിസഹായരായ മനുഷ്യര്‍ കൊല്ലപ്പെടുകയും കൃഷി സാധ്യമല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ദിവസംതോറും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന ഭീതികരമായ അവസ്ഥയിലൂടെ കടന്നുപോയിട്ടും മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന മൃഗങ്ങളെപ്പോലും സംരക്ഷിക്കുന്ന 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനാകില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത്. എന്തിനേറെ പറയുന്നു, കഴിഞ്ഞ ഒന്നരമാസത്തിനിടെ വന്യജീവി ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ട വയനാട്ടിലെ എംപിയായ പ്രിയങ്ക ഗാന്ധിപോലും താന്‍ 1972ലെ ഈ കിരാത നിയമം ഭേദഗതി ചെയ്യാന്‍ മുന്‍കൈ എടുക്കില്ലെന്ന് പറയുമ്പോള്‍ ആരോടാണ് ഇവിടുത്തെ സാധാരണക്കാര്‍ പരാതിപ്പെടുക? കാടിറങ്ങുന്ന വന്യജീവികളെ നേരിടാന്‍ നിലവിലെ ഈ നിയമം പ്രായോഗികമായി പര്യാപ്തല്ല. 1972-ലെ വന്യജീവി സംരക്ഷണനിയമത്തിലെ, ‘ചില സന്ദര്‍ഭങ്ങളില്‍ വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് അനുമതി നല്‍കാന്‍’ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന 11-ാം വകുപ്പ് വായിക്കുന്ന ഏതൊരു വ്യക്തിക്കും ഈ വസ്തുത അനായാസം മനസിലാക്കാവുന്ന കാര്യമാണ് എന്നിരിക്കെ ഈ നിയമഭേദഗതിക്ക് തടസം നില്‍ക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയും ജനദ്രോഹവുമാണ്.
വന്യമൃഗങ്ങളില്‍ നിന്ന് ഏറെ അകലെ മാറി സുരക്ഷിതസ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിനും നിയമനിര്‍മാതാക്കള്‍ക്കും വന്യമൃഗ ആക്രമണങ്ങളില്‍ സാധാരണ കൊല്ലപ്പെടുന്ന നിര്‍ധനരായ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരോടും അത്രയധികം സംഘടനാശക്തിയില്ലാത്ത, വോട്ടുബാങ്കല്ലാത്ത മലയോര കര്‍ഷകരോടോ ഉള്ളതില്‍ കൂടുതല്‍ പ്രതിബദ്ധത മൃഗങ്ങളോടാണുള്ളതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. ഇനി അതല്ല ജൈവവൈവിധ്യവും മൃഗവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ധാരണകളും അവയുടെ പേരിലെത്തുന്ന സഹായങ്ങളും മറ്റ് ആശയസംഹിതകളുമാണ് ജനങ്ങള്‍ക്കുപരിയായി മൃഗങ്ങളോട് കാണിക്കുന്ന സ്‌നേഹത്തിന്റെ പിന്നിലുള്ളതെങ്കിലും അതിന് ന്യായീകരണമില്ല. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട സ്വന്തം വര്‍ഗത്തെ (മനുഷ്യനെ) ഒറ്റുകൊടുത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന കുലംകുത്തികളെ നിസ്സഹായരുടെ നിലവിളിക്ക് ചെവികൊടുക്കുന്ന ദൈവത്തിന്റെ നീതി കാത്തിരിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *