Follow Us On

09

March

2025

Sunday

ഒരേ മനസോടെ ദൈവത്തിലേക്ക് തിരിയാം…

ഒരേ മനസോടെ  ദൈവത്തിലേക്ക് തിരിയാം…

ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനമായ പെസഹാരഹസ്യങ്ങളുടെ ആചരണത്തിന് മുന്നോടിയായുള്ള വലിയ നോമ്പിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ക്രിസ്തുവിന്റെ തുടര്‍ച്ച തന്നെയായ സഭ നിശ്ചയിച്ചുതന്നിരിക്കുന്ന ഈ നോമ്പുകാലത്ത് ഇഷ്ടമുളള ഭക്ഷണ സാധനങ്ങളുടെ വര്‍ജ്ജനം, ദാനധര്‍മ്മം, പ്രായശ്ചിത്തം, പ്രാര്‍ത്ഥന, ഉപവാസം തുടങ്ങിയവയിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.

ആത്മനിയന്ത്രണം അഭ്യസിക്കുന്ന ഒരു കാലഘട്ടം എന്നതിനപ്പുറം ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തുന്നതിനും യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് വിചിന്തനം ചെയ്യുന്നതിനുമുള്ള അവസരം കൂടെയാണ് നോമ്പുകാലം. ‘നമുക്ക് പ്രത്യാശയില്‍ ഒരുമിച്ചു യാത്ര ചെയ്യാം’ എന്ന തലക്കെട്ടില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച നോമ്പുകാല സന്ദേശവും ദൈവത്തിലേക്ക് നമ്മെ കൂടുതല്‍ അടുപ്പിക്കുന്ന യഥാര്‍ത്ഥ മാനസാന്തരത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ വിശ്വാസികളെ ക്ഷണിക്കുന്നു. രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിക്കുന്ന പാപ്പ ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തയാറാക്കിയ ഈ നോമ്പുകാല സന്ദേശം ‘കെട്ട’ കാലമെന്നും ‘കലി’ കാലമെന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിന് മറുമരുന്നായി ദൈവത്തിലുള്ള യഥാര്‍ത്ഥ പ്രത്യാശ നിര്‍ദേശിക്കുന്നു.

നാം വളര്‍ന്നുവന്ന നാട് തന്നെയാണോ എന്ന് തോന്നിക്കുന്ന വിധത്തില്‍ നമ്മുടെ ചുറ്റും കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമസംഭവങ്ങളും ലഹരിയുടെ ഉപയോഗവും കലഹങ്ങളും വര്‍ധിച്ചുവരുകയാണ്. ദിനപത്രങ്ങളും സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള മറ്റ് വാര്‍ത്താ മാധ്യമങ്ങളിലുമെല്ലാം അക്രമത്തിന്റെയും അരാജകത്വത്തിന്റെയും വാര്‍ത്തകള്‍ നിറഞ്ഞിരിക്കുന്നു. ജൂബിലി വര്‍ഷത്തിലെ നോമ്പുകാലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഈ വെല്ലുവിളികള്‍ക്ക് നടുവിലും പ്രത്യാശ പുലര്‍ത്തുവാനും ലോകത്തിന് ആ പ്രത്യാശ പകരുവാനും പ്രത്യാശയുടെ തീര്‍ത്ഥാടകരായ നമുക്ക് സാധിക്കണം. തിരുസഭയെയും രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെയും പ്രത്യേകമായി ഓര്‍മിച്ച് പ്രാര്‍ത്ഥിക്കുവാനുള്ള അവസരം കൂടെയായി ഈ നോമ്പുകാലം മാറട്ടെ.
പാപത്തിന്റെ അവസരങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് നിരന്തരമായ ജീവിതനവീകരണം നടത്തുവാന്‍ പാപ്പയുടെ സന്ദേശം വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നു.

ഒന്നാമതായി ഈ നോമ്പുകാലത്ത് നമ്മുടെ തന്നെ ജീവിതം ആത്മശോധനക്ക് വിധേയമാക്കണം. ആത്മീയ നവീകരണത്തിന്റെ പാതയില്‍ സജീവമായി നാം മുന്നേറുന്നുണ്ടോ? അതോ ഭയവും നിരാശയും ബാധിച്ച് നമ്മുടെ ആത്മീയ ജീവിതം ചലനാത്മകമല്ലാത്ത അവസ്ഥയിലാണോ ഉള്ളത്. പരിശുദ്ധാത്മാവിന് പ്രവൃത്തിക്കാന്‍ കഴിയാത്ത വിധം നാം നമ്മുടെ ഹൃദയവാതിലുകള്‍ അടച്ചുകളഞ്ഞിട്ടുണ്ടോ? ചില ആത്മീയ കാര്യങ്ങള്‍ പതിവായി അനുഷ്ഠിക്കുന്നുണ്ടെങ്കിലും നമ്മുടെ ഹൃദയം ദൈവത്തില്‍ നിന്നകലെയാണോ?. നമ്മുടെ സഹജീവികളോട്, പ്രത്യേകിച്ചും നാം ഏറ്റവും അടുത്ത് ഇടപഴകുന്നവരോടുള്ള നമ്മുടെ പെരുമാറ്റവും മനോഭാവും ദൈവത്തോടുള്ള നമ്മുടെ അടുപ്പത്തിന്റെ അളവുകോലായി കണക്കാക്കാം.

ക്രൈസ്തവവിശ്വാസികള്‍ ഒരുമിച്ച് ഒരേമനസോടെ യാത്ര ചെയ്യാനുളള അവസരമായി നോമ്പുകാലം മാറ്റുവാന്‍ പാപ്പ വിശ്വാസികളെ ക്ഷണിക്കുന്നു. ലോകചരിത്രത്തില്‍ ഒരിക്കലുമില്ലാത്തവിധം ‘കണക്റ്റഡാണ്’ ഇന്നത്തെ ലോകം. ലോകമെമ്പാടും സംഭവിക്കുന്ന സകല കാര്യങ്ങളും ഇന്ന് വിരല്‍ തുമ്പില്‍ ലഭ്യമാണ്. അതേസമയം തന്നെ ധാരാളം മനുഷ്യര്‍ വലിയ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്ന ഒരു കാലഘട്ടം കൂടെയാണിത്. ഈ പശ്ചാത്തലത്തില്‍ തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടാതെ ദൈവത്തിലേക്കും ഒപ്പം സഹമനുഷ്യരിലേക്കും നടക്കുവാന്‍ ഈ നോമ്പുകാലം ക്ഷണിക്കുന്നു. തീര്‍ത്ഥാടകരായ നാം ഒരുമിച്ച് നടത്തുന്ന ഈ യാത്രയില്‍ ആരെയും ഉപേക്ഷിക്കാനോ ഒഴിവാക്കാനോ നമുക്ക് അനുവാദമില്ല.

നമ്മുടെ കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും സമൂഹത്തിലും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ഒറ്റപ്പെട്ടവരെയും ചേര്‍ത്തു നിര്‍ത്തണം. പലവിധ കാരണങ്ങള്‍ക്കൊണ്ട് ദൈവാലയത്തില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും മാറി നില്‍ക്കുന്നവരെയും മാറ്റി നിര്‍ത്തപ്പെട്ടവരെയും തിരികെ കൊണ്ടുവരാനും ചേര്‍ത്തുപിടിക്കാനും ഈ നോമ്പുകാലത്ത് നമുക്ക് സാധിക്കട്ടെ. സഭയിലും സമൂഹത്തിലും കാണുന്ന ഭിന്നതകള്‍ നമ്മുടെ ഹൃദയത്തില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍, അനുതപിച്ച് ദൈവത്തിലേക്ക് തിരിച്ചുവരുവാനുള്ള ഒരവസരം കൂടെയാണിത്.

യേശുവിന്റെ പുനരുത്ഥാനത്തിലൂടെ സാധ്യമായ രക്ഷയിലും നിത്യജീവനിലും നങ്കൂരമിട്ടിരിക്കുന്ന പ്രത്യാശയാണ് നോമ്പുകാല യാത്രയുടെ അടിസ്ഥാനമെന്ന് പാപ്പ പറഞ്ഞുവയ്ക്കുന്നു. ശരീരത്തെയും മനസിനെയും നിയന്ത്രിക്കുവാനുള്ള മാനുഷികമായ പരിശ്രമങ്ങള്‍ക്കുപരിയായി യേശുവുമായിട്ടുള്ള ബന്ധത്തിലെ വിള്ളലുകള്‍ വിളക്കിച്ചേര്‍ക്കുന്നതിനുള്ള അവസരമാണ് നോമ്പുകാലം.
അപ്പന്റെ സ്‌നേഹത്തിലേക്കുള്ള ധൂര്‍ത്തപുത്രന്റെ മടക്കമാണത്. ദൈവവുമായുള്ള ബന്ധം പുനഃസ്ഥാപിക്കുവാന്‍ ഉതകുന്നില്ലെങ്കില്‍ കേവലം ശരീരത്തിന്റെയും മനസിന്റെയും തലത്തിലേക്ക് നമ്മുടെ നോമ്പാചരണം ചുരുങ്ങിപ്പോകും. ഈസ്റ്ററിന്റെ യഥാര്‍ത്ഥ സന്തോഷത്തിലേക്ക് കടന്നുവരുവാന്‍, രക്ഷയുടെ ഉറവിടമായ ദൈവത്തെ സ്വന്തമാക്കുവാന്‍, ഈ നോമ്പാചരണം നമ്മെ സഹായിക്കട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?