കെ.ജെ മാത്യു, (മാനേജിംഗ് എഡിറ്റര്‍)
‘ക്ഷുഭിതരായ യുവാക്കള്‍’ (The Angry Young Men) എന്ന പദം ഒട്ടൊക്കെ സുപരിചിതമാണ്. പരമ്പരാഗത, യഥാസ്ഥിതിക സമൂഹത്തോട് എതിര്‍പ്പുള്ള ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തില്‍ ബ്രിട്ടനില്‍ 1950-കളില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണിത്. സാമ്പ്രദായിക വിശ്വാസത്തോടുള്ള അവരുടെ കലഹം അവര്‍ കലയിലൂടെ, പ്രത്യേകിച്ചും നാടകങ്ങളിലൂടെയും നോവലുകളിലൂടെയും പ്രകടിപ്പിച്ചു. അത് സര്‍ഗാത്മകമായ ഒരു രോഷപ്രകടനമായിരുന്നു. എന്നാല്‍ ഇന്ന് യുവാക്കളുടെ ഇടയില്‍ പ്രകടമാകുന്ന രോഷം തികച്ചും വിനാശകരവും ഭീതിജനകവുമാണ്. കൊല്ലുന്നതില്‍ രമിക്കുകയും ഹരം കണ്ടെത്തുകയും ചെയ്യുന്ന ഒരു യുവസംഘം വളര്‍ന്നുവരികയാണ്. വിരോധാഭാസമെന്നു തോന്നാം, അവരുടെ ഇരകള്‍ അവരുടെ ഏറ്റവും പ്രിയപ്പെട്ടവരും അവരെ പൊന്നുപോലെ വളര്‍ത്തി വലുതാക്കിയവരുമാണ്. സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കാര്യം ഈ കൊലയില്‍ അവര്‍ കാണിക്കുന്ന കൂസലില്ലായ്മയാണ്, ഒരു തരി പശ്ചാത്താപംപോലും അവരുടെ ബീഭത്സ പ്രവൃത്തികളെക്കുറിച്ച് അവര്‍ക്ക് ഇല്ലായെന്നതാണ്. രാഷ്ട്രീയ, സാമുദായിക, സഭാധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
ഇതിന്റെ കാര്യകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുവാന്‍ സത്വര നടപടികളെടുത്തില്ലെങ്കില്‍ വരുംതലമുറ നമുക്ക് നഷ്ടമാകും. മക്കളുടെ അടിയും ഇടിയും ചവിട്ടുമേറ്റ് മരണമടഞ്ഞ ഹതഭാഗ്യരായ മാതാപിതാക്കളുടെ കണ്ണീരും രക്തവും നമ്മുടെ മുമ്പില്‍ നീതിക്കായി നിലവിളിക്കുന്നില്ലേ?
ഇതിന്റെ കാരണങ്ങളന്വേഷിക്കുമ്പോള്‍ യുവജനങ്ങളുടെ നേരേ വിരല്‍ചൂണ്ടി രോഷത്തോടെ അവരെ കുറ്റപ്പെടുത്തുവാന്‍ മുതിര്‍ന്നവര്‍ക്കാകുമെന്ന് തോന്നുന്നില്ല. നേരേമറിച്ച് ചൂണ്ടാന്‍ നീട്ടിയ വിരല്‍ മടക്കി, മുഷ്ടികൊണ്ട് സ്വന്തം നെഞ്ചത്തടിച്ച് ‘എന്റെ പിഴ, എന്റെ പിഴ’ എന്ന് സ്വയം കുറ്റപ്പെടുത്തുന്നതാവും കൂടുതല്‍ ശരി. കാരണം അവരെ ഇത്തരത്തിലാക്കിയതിന്റെ വലിയൊരു ഉത്തരവാദിത്വം മുതിര്‍ന്നവര്‍ക്കുതന്നെയാണ്.
ശരിയായ ശിക്ഷണത്തിന്റെ അഭാവം ഇന്ന് ഒട്ടുമിക്ക കുടുംബങ്ങളിലുമുണ്ട്. അണുകുടുംബങ്ങളുടെ സന്തതിയാണ് അമിത ലാളന. കുട്ടികളുടെ തെറ്റുകള്‍ക്കുനേരെ കണ്ണടയ്ക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം മാതാപിതാക്കളും. ‘അവര്‍ കുഞ്ഞുങ്ങളല്ലേ, അവര്‍ക്കു വേദനിക്കുകയില്ലേ’ എന്നാണ് അവരുടെ ചിന്ത. എന്നാല്‍ തക്കസമയത്ത് ഉചിതമായ, സ്‌നേഹപൂര്‍വമായ ശിക്ഷണങ്ങള്‍ നല്‍കിയാല്‍ അവരാരും നശിച്ചുപോകുകയില്ല, പ്രത്യുത സമൂഹത്തിനും രാഷ്ട്രത്തിനും ശ്രേഷ്ഠമായ സംഭാവനകള്‍ നല്‍കുന്നവരായി പില്ക്കാലത്ത് അച്ചടക്കത്തോടെ വളര്‍ന്നുവരുമെന്ന് ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. മഹാത്മാഗാന്ധി, തോമസ് ആല്‍വാ എഡിസണ്‍, എബ്രഹാം ലിങ്കണ്‍, ബെഞ്ചമിന്‍ ഫ്രാങ്കഌന്‍, ചാള്‍സ് ഡിക്കന്‍സ് തുടങ്ങിയ മഹാത്മാക്കള്‍ കടപ്പെട്ടിരിക്കുന്നത് അവര്‍ക്ക് സ്‌നേഹശിക്ഷണങ്ങള്‍ നല്‍കി വളര്‍ത്തിയ കരംചന്ദ്ഗാന്ധി, നാന്‍സി, സാറാ ബുഫ് ജോണ്‍സണ്‍ (ലിങ്കന്റെ ചിറ്റമ്മ), ജോസിയ, ജോണ്‍ എന്നീ മാതാപിതാക്കളോടാണ്. ഇന്നത്തെ മാതാപിതാക്കള്‍ മക്കള്‍ക്ക് ശിക്ഷണം നല്‍കുവാന്‍ വിമുഖരാണെന്ന് മാത്രമല്ല, കുട്ടികളുടെ താളത്തിനൊത്ത് തുള്ളുന്നവരുമാണ്. അവരുടെ ഏത് ആഗ്രഹവും അപ്പനും അമ്മയും സാധിച്ചുകൊടുക്കുവാന്‍ മത്സരിക്കുന്നു. മെരുക്കാത്ത കുതിര ദുഃശാഠ്യം കാണിക്കുന്നതുപോലെ ആഗ്രഹങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അവര്‍ അക്രമാസക്തരാകുന്നു. അക്രമത്തിന്റെ ബീജം അവരുടെ ഉള്ളില്‍ നിക്ഷേപിക്കുന്നത് മാതാപിതാക്കള്‍ത്തന്നെയല്ലേ?
കുട്ടികള്‍ക്ക് പണം നല്‍കിക്കഴിഞ്ഞാല്‍ തങ്ങളുടെ ഉത്തരവാദിത്വം തീര്‍ന്നു എന്ന് പല മാതാപിതാക്കളും ചിന്തിക്കുന്നു. ഈ പണം എന്തിനുവേണ്ടിയാണ് അവര്‍ ഉപയോഗിക്കുന്നതെന്ന് പലപ്പോഴും മാതാപിതാക്കള്‍ അന്വേഷിക്കാറില്ല. രാവിലെ ജോലിക്കുപോയ ഒരമ്മ സ്‌കൂളില്‍പോകുന്ന തന്റെ കുട്ടിക്ക് നൂറ് രൂപാ നല്‍കി. പക്ഷേ അവന്‍ അതുകൊണ്ട് പോയത് സ്‌കൂളിലേക്കല്ല, ഒരു ലഹരികേന്ദ്രത്തിലേക്കാണ്. കുട്ടികളുടെ കൈയില്‍ എത്തിച്ചേരുന്ന അധികപണം ആഡംബരജീവിതത്തിനും വഴിതെറ്റിയ ജീവിതത്തിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് ശരിയായ പേരന്റിംഗ് അത്യാവശ്യംതന്നെ. മാതാപിതാക്കള്‍ക്ക് ശരിയായ ദിശാബോധം നല്‍കിയാല്‍ കുട്ടികളുടെ ദിശയും ഒരു പരിധിവരെ ശരിയാകും.
മാതാപിതാക്കള്‍ കഴിഞ്ഞാല്‍ കുട്ടികളുടെമേല്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുവാന്‍ സാധിക്കുന്നവരാണ് അധ്യാപകര്‍. എന്നാല്‍ അവരും ഇന്ന് പലപ്പോഴും നിസഹായരാണ്. ബാലാവകാശങ്ങളുടെ ദുരുപയോഗം അവരുടെ ആത്മവീര്യത്തെ കെടുത്തുന്നുണ്ട്. കുട്ടികളെ അടിച്ചാല്‍ കേസ്, വഴക്കുപറഞ്ഞാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി, ഇങ്ങനെ പോകുന്നു കാര്യങ്ങള്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അതിരുവിട്ട് ഇടകലര്‍ന്നപ്പോള്‍ ഇടപെട്ട അധ്യാപകന്‍ റിമാന്‍ഡിലായി. ഇങ്ങനെയുള്ള പൊല്ലാപ്പിനൊന്നും പോകണ്ട, ബധിരനായി, അന്ധനായി, വയറ്റിപ്പിഴപ്പിനുവേണ്ടി മാത്രം സ്‌കൂളില്‍ ജോലി ചെയ്താല്‍ മതി എന്ന അദ്ദേഹത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു. മറ്റു കുട്ടികളുടെ മുമ്പില്‍ അധ്യാപകരോട് അതിരൂക്ഷമായ ഭാഷയില്‍ സംസാരിക്കുവാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് മടിയില്ല. അതിനാല്‍ അധ്യാപകരുടെ കര്‍മവീര്യമുയര്‍ത്തുവാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. കാരണം അവര്‍ തളര്‍ന്നാല്‍ ഒരു തലമുറ തന്നെയാണ് തകരുന്നത്.
മൊബൈല്‍ ഫോണിന്റെ നിയന്ത്രണമില്ലാത്ത ഉപയോഗം കുട്ടികളെ പലപ്പോഴും നിയന്ത്രണാതീതരാക്കുന്നുണ്ട്. മറ്റുള്ളവരോട് സംസാരിക്കാനോ കളിക്കാനോ എന്തിനധികം കുളിക്കാനോ ഭക്ഷണം കഴിക്കാനോപോലും താല്‍പര്യം കാണിക്കാത്തവിധം മൊബൈല്‍ഫോണിന് അടിമകളായ കുട്ടികളുണ്ട്. ബിഹേവിയറല്‍ അഡിക്ഷന്‍ എന്ന വിഭാഗം തന്നെ ഇപ്പോള്‍ മനഃശാസ്ത്ര ചികിത്സാരംഗത്തുണ്ട്. മൊബൈല്‍ ഫോണില്‍ സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന കുട്ടികളുണ്ട്. അത് എതിര്‍ത്തതിന്റെ പേരില്‍ ഒരു 21-കാരന്‍ ഒഡീഷയില്‍ അച്ഛനമ്മമാരെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ലഹരി അന്വേഷണം, വഴിതെറ്റിയ ബന്ധങ്ങള്‍ എന്നിവക്കൊക്കെ മൊബൈല്‍ ഫോണ്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് 14 വയസുവരെ തന്റെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കിയിരുന്നില്ല.
വിനോദത്തിനായി അമിത സമയം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മുന്നറിയിപ്പു നല്‍കി. 11 വയസിനുമുമ്പ് കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനിക്കരുതെന്ന് ബ്രിട്ടനിലെ മുന്‍നിര മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിംഗ് സ്ഥാപനമായ ഇ.ഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മുന്നറിയിപ്പുകളൊക്കെ നിസാരമായി നാം തള്ളിക്കളയുന്നു. കുട്ടികളില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നതില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സമീപകാലങ്ങളിലിറങ്ങിയ രക്തം ചിന്തുന്ന, മുതിര്‍ന്നവര്‍ക്കുപോലും താങ്ങാനാകാത്തവിധം അക്രമം കുത്തിനിറച്ച സിനിമകള്‍, കൊറിയന്‍-ജാപ്പനീസ് സീരിയലുകള്‍ ഇവയൊക്കെ കുട്ടികള്‍ കണ്ടാസ്വദിക്കുകയാണ്. അവര്‍ക്ക് ചോര ചിന്തുന്നത് പേടിപ്പിക്കുന്ന ഒന്നല്ല. അക്രമവും കൊലയും മഹത്വീകരിക്കപ്പെടുമ്പോള്‍ അതാണ് ശരി എന്ന നിഗമനത്തില്‍ കൗമാരക്കാര്‍ എത്തുന്നു.
എല്ലാ അക്രമത്തിനും കൊലപാതകത്തിനും ഇന്ധനം പകരുന്നത് ലഹരിയാണ്. അത് പലവിധത്തില്‍, രൂപത്തില്‍ സുലഭമാണുതാനും. ഇത് ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരും നമ്മുടെ കലാലയങ്ങളില്‍ നിരവധിയാണ്. ലഹരിക്ക് അടിമയായവര്‍ക്ക് പ്രവചനാനീതമായ പെരുമാറ്റ രീതികളാണത്രേ ഉള്ളത്. ഏതു സമയത്തും അവര്‍ അക്രമാസക്തരാകാം. ലഹരിക്കെതിരെ ഒരു പഞ്ചാബ്‌മോഡല്‍ സമരം നാം ആരംഭിക്കേണ്ട കാലം കഴിഞ്ഞു. മറ്റൊരു സംസ്ഥാനത്തും കാണാന്‍ കഴിയാത്ത വിപുലമായ ലഹരിമോചന (ഡി-അഡിക്ഷന്‍) ശൃംഖലയാണ് അവിടെയുള്ളത്. ഈ മാരകവിപത്തിനെ നാം നേരിട്ടില്ലെങ്കില്‍ അത് നമ്മുടെ യുവാക്കളുടെ ഭാവിതന്നെ ഇല്ലാതാക്കും.
ആത്മപരിശോധന നടത്തുമ്പോള്‍ ഞങ്ങള്‍, മുതിര്‍ന്നവര്‍ മനസിലാക്കുന്നു കുറ്റവാളികള്‍ ഞങ്ങള്‍തന്നെ. എന്നാലും കൈകള്‍ കൂപ്പി നിങ്ങളോട് അപേക്ഷിക്കുന്നു, മാനിഷാദ. അരുത് മക്കളേ, അരുത്. ദൈവം ദാനമായി നല്‍കിയ നിങ്ങളുടെ മനോഹരമായ ഈ ജീവിതം നശിപ്പിക്കരുത്!
Leave a Comment
Your email address will not be published. Required fields are marked with *