Follow Us On

07

April

2025

Monday

കേരളത്തിന് ഒരു കൗണ്‍സലിംഗ് ആവശ്യമാണ്!

കേരളത്തിന് ഒരു  കൗണ്‍സലിംഗ് ആവശ്യമാണ്!

2025 ആദ്യ രണ്ടരമാസത്തിനുള്ളില്‍ കേരളത്തില്‍ 1785 പേരാണ് ആത്മഹത്യ ചെയ്തത്. സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആത്മഹത്യാനിരക്കിന്റെ ഇരട്ടിയിലധികമാണ് കേരളത്തിലെ ആത്മഹത്യനിരക്ക്. ക്രൂരമായ കൊലപാതകങ്ങളുടെയും ലഹരി ഉപയോഗത്തിന്റെയും വാര്‍ത്തകള്‍ നിമിത്തം ബീഭത്സമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ ദുരവസ്ഥയെ അനുദിനമെന്നവണ്ണം നടന്നുകൊണ്ടിരിക്കുന്ന ആത്മഹത്യകള്‍ കൂടുതല്‍ ശോചനീയമാക്കി മാറ്റുന്നു. ആത്മരക്ഷക്ക് ആത്മഹത്യ തടസമാണെന്ന് വ്യക്തമായ ബോധ്യമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍പോലും ആത്മഹത്യ ചെയ്യുന്നവരുടെ സംഖ്യ വര്‍ധിച്ചുവരുകയാണെന്നുള്ളത് ഏറെ ആശങ്കാജനകമായ കാര്യമാണ്. സാമൂഹ്യമായും സാമ്പത്തികമായും മാത്രമല്ല സാംസ്‌കാരികമായും ആത്മീയമായും വളരെ ഉന്നതനിലവാരത്തിലുള്ളവര്‍ പോലും ദൈവം ദാനമായി നല്‍കിയ ഏറ്റവും വലിയ സമ്മാനമായ ജീവനെ സ്വയം കവര്‍ന്നെടുക്കുമ്പോള്‍ നാം ഒരുകാര്യം തിരിച്ചറിയുന്നു – ദൈവത്തിന്റെ കൃപയാണ് ഒരോ നിമിഷവും നമ്മെ താങ്ങി നിര്‍ത്തുന്നത്.

ലഹരിഉപയോഗവും ഡിപ്രഷന്‍ പോലുളള മാനസികരോഗങ്ങളും ആത്മഹത്യയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കുമ്പോഴും കേരളത്തില്‍ ആത്മഹത്യ ചെയ്തവരില്‍ 87 ശതമാനമാളുകളും മാനസികപ്രശ്‌നത്തിന് സഹായം തേടാത്തവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരോ വ്യക്തിയും കടന്നുപോകുന്ന സാഹചര്യങ്ങളും അനുഭവിക്കുന്ന പ്രതിസന്ധികളും വ്യത്യസ്തമാണെങ്കിലും കേരളത്തില്‍ അടുത്തിടെ നടന്ന മനസിനെ പിടിച്ചുകുലുക്കുന്ന ചില ആത്മഹത്യകളും കൊലപാതകങ്ങളും, ഒപ്പം സോഷ്യല്‍ മീഡിയ യും സിനിമകളുമൊക്കെ ഗൗരവതരമായ ചില മുന്നറിയിപ്പുകള്‍ നമുക്ക് നല്‍കുന്നുണ്ട്. ഒരു ദേശത്തിന്റെയും ആ ദേശത്തെ ജനങ്ങളുടെയും വികാരങ്ങളും മാനസികാവസ്ഥയുമൊക്കയാണല്ലോ സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലൂടെ പ്രതിഫലിക്കുന്നത്.

ഇന്ന് കേരളത്തില്‍ ഇറങ്ങുന്ന സിനിമകളും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളുമൊക്കെ നമ്മുടെ നാടിന്റെ മാനസികാവസ്ഥയുടെ നിജസ്ഥിതി നമുക്ക് മുമ്പില്‍ അനാവരണം ചെയ്യുന്നു. നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായ ജീവിതവീക്ഷണങ്ങളോടും അഭിപ്രായങ്ങളോടുമുള്ള സോഷ്യല്‍ മീഡിയയിലെ പല പ്രതികരണങ്ങളും മാനസികവും വൈകാരികവുമായ അപക്വതയുടെ വ്യക്തമായ സൂചനകള്‍ നല്‍കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കേരളത്തിന് ഇന്ന് അടിയന്തിരമായി ഒരു കൗണ്‍സലിംഗ് ആവശ്യമാണ്. കഴിഞ്ഞ രണ്ടര മാസത്തിനുള്ളില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ സ്വയം ജീവനപഹരിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഡോക്ടറും, അധ്യാപികയും, ഐബിയിലെ ഉദ്യോഗസ്ഥയും നഴ്‌സും വിദ്യാര്‍ത്ഥികളുമൊക്കെയടങ്ങുന്ന സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ നമ്മോട് പറയാതെ പറയുന്നതും അത് തന്നെയാണ്. ഈ കടുംകൈ ചെയ്യാന്‍ സാധ്യത ഉള്ളവര്‍ക്കൊപ്പം പൊതുസമൂഹത്തിന് മുഴുവന്‍ ഒരു കൗണ്‍സിലിംഗ് ആവശ്യമാണ്. കാരണം ആത്മഹത്യ ചെയ്തവരേക്കാള്‍ 20 ഇരട്ടി ആളുകള്‍ അതിനായി ശ്രമിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നമ്മുടെ ഇടയില്‍ ഇന്ന് കഴിയുന്ന അനവധിയാളുകള്‍ ഈ പ്രവണതയുള്ളവരോ മാനസികമായ വലിയ പിരിമുറുക്കങ്ങളിലൂടെ കടന്നുപോകുന്നവരോ ആണെന്ന് സാരം.

കൂടെയുള്ളവരെ ഇനിയെങ്കിലും ചേര്‍ത്തുപിടിക്കാനും സാരമില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാനും നാം സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. നിരാശ ചിന്തകളില്‍ നിന്നും ഡിപ്രഷന്‍ പോലുള്ള മാനസിക അവസ്ഥകളില്‍നിന്നും പുറത്തുവരുന്നതിനും മൂല്യമുള്ള കാര്യങ്ങള്‍ക്കായി സമയം നീക്കിവയ്ക്കുന്നതിനും എതിരഭിപ്രായങ്ങളെയും ജീവിതം വച്ചുനീട്ടുന്ന വെല്ലുവിളികളെ മറ്റൊരു വീക്ഷണകോണില്‍ നിന്നുകൂടി നിര്‍മമതയോടെ നോക്കി കാണാനും വിദഗ്ധരായ പ്രഫഷനല്‍സിന് സഹായിക്കാനാകും എന്നത് സംശയമില്ലാത്ത കാര്യമാണ്. പുറമെ ഒരു മനഃശാസ്ത്രവിദഗ്ധന്റെ സഹായം തേടിയില്ലെങ്കില്‍പ്പോലും ഒപ്പം ഉള്ളവരോട്, കുടുംബത്തിലും, ജോലിസ്ഥലത്തും പഠനസ്ഥലത്തും കളിസ്ഥലത്തുമൊക്ക ഉള്ളവരോടുള്ള നമ്മുടെ സമീപനം ആഴത്തില്‍ വിചിന്തനം ചെയ്യുവാന്‍ വര്‍ത്തമാനകാലസംഭവങ്ങള്‍ നിമിത്തമാകട്ടെ. പരിഗണന വേണ്ടവര്‍ക്ക് പരിഗണനയും കാരുണ്യം വേണ്ടവര്‍ക്ക് കാരുണ്യവും സ്‌നേഹം വേണ്ടവര്‍ക്ക് സ്‌നേഹവും വിദഗ്ധരുടെ സഹായം വേണ്ടവര്‍ക്ക് പ്രഫഷനല്‍ സഹായവും സമയോചിതമായി ലഭ്യമാക്കുവാനും ഇനിയൊരുജീവന്‍ കൂടി ആത്മഹത്യ എന്ന തിന്മയിലൂടെ പൊലിയാതിരിക്കുവാനും അത് സഹായിക്കും.

ദൈവത്തിലേക്കും ദൈവത്തോടൊപ്പമുള്ള നിത്യജീവിതത്തിലേക്കും നോക്കിക്കൊണ്ട് ഈലോകത്തിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ നമുക്ക് സാധിക്കട്ടെ. ദൈവമാണ് ജീവന്റെ പരമാധികാരിയെന്നും അവിടുത്തെ മഹത്വത്തിനും നമ്മുടെ ആത്മാക്കളുടെ രക്ഷയ്ക്കുമായി ജീവനെ നന്ദിയോടെ സ്വീകരിച്ചു സംരക്ഷിക്കുവാന്‍ നാം കടപ്പെട്ടിരിക്കുന്നു എന്നും കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥമത്തില്‍ പറയുന്നു. ദൈവം നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ജീവന്റെ സൂക്ഷിപ്പുകാര്‍ മാത്രമാണ് നാമെന്നും ഉടമസ്ഥരല്ലെന്നും (സിസിസി 2280) തിരുസഭ അസന്നിഗ്ധമായി നമ്മെ പഠിപ്പിക്കുന്നു. ജീവനെതിരായ മറ്റെല്ലാ കയ്യേറ്റവും പോലെ തന്നെ സ്വജീവനെ നശിപ്പിക്കുന്ന ആത്മഹത്യയും ആത്മനാശത്തിന് കാരണമായേക്കാമെന്ന മുന്നറിയിപ്പ് തന്നെയാണ് ക്രിസതു സഭയിലൂടെ നമുക്ക് നല്‍കുന്നത്. ദൈവത്തോടും സഹജീവികളോടുമുള്ള ബന്ധത്തിലെ വിള്ളലുകള്‍ നീക്കി ജീവനെ നമുക്ക് ചേര്‍ത്തുപിടിക്കാം. നമ്മുടെയും ഒപ്പമുള്ളവരുടെയും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?