അബുജ/നൈജീരിയ: ജൂലൈ 10 – ന് നൈജീരിയയിലെ ഔച്ചി കത്തോലിക്ക രൂപതയുടെ കീഴിലുള്ള വിയാനോക്‌പോഡിയിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ മൈനര്‍ സെമിനാരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളില്‍ അവശേഷിച്ചിരുന്ന സെമിനാരി വിദ്യാര്‍ത്ഥി മോചിതനായി. ഒരു വിദ്യാര്‍ത്ഥിയെ നേരത്തെ മോചിപ്പിച്ചിരുന്നു. മൂന്നാമത്തെ സെമിനാരി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതായും രൂപത സ്ഥിരീകരിച്ചു.
ജൂലൈ 10 ന് സായുധസംഘം നടത്തിയ ആക്രമണത്തില്‍ സെമിനാരി വിദ്യാര്‍ത്ഥികളായ ജാഫെറ്റ് ജെസ്സി, ജോഷ്വ അലിയോബുവ, ഇമ്മാനുവല്‍ അലബി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. നേരത്തെ ജാഫെറ്റ് ജെസ്സിയെയും, ഒടുവില്‍ നവംബര്‍ 4 ന് ജോഷ്വ അലിയോബയെയും മോചിതരായതായി രൂപതയുടെ കമ്മ്യൂണിക്കേഷന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലിനസ് ഇമോഡെംഹെ പറഞ്ഞു. മൂന്നാമത്തെ സെമിനാരി വിദ്യാര്‍ത്ഥിയായ ഇമ്മാനുവല്‍ അലബിയുടെ വിയോഗത്തിലുള്ള അഗാധമായ ദുഃഖവും ഫാ. ലിനസ് രേഖപ്പെടുത്തി. ഔച്ചി ബിഷപ് ഗബ്രിയേല്‍ ജി. ദുനിയയും കൊല്ലപ്പെട്ട സെമിനാരി വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു.
‘രാജ്യത്ത് വഷളാകുന്ന അരക്ഷിതാവസ്ഥയില്‍ കണ്ണടയ്ക്കരുതെന്നും’ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കണമെന്നും ബിഷപ് രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജൂലൈ 10-ലെ ആക്രമണത്തില്‍ സെമിനാരിയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ക്രിസ്റ്റഫര്‍ അവെനെഗീമിന്റെ ജീവനും നഷ്ടപ്പെട്ടിരുന്നു.
