പാരീസ്: വ്യത്യസ്തകള്‍ക്ക് അതീതമായി ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഒളിമ്പിക്‌സ് മത്സരങ്ങളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി പാരീസിലെ സെന്റ് മേരി മഗ്ദലേന ദൈവാലയത്തില്‍ അര്‍പ്പിച്ച സമാധാനത്തിനുവേണ്ടിയുള്ള ദിവ്യബലിയില്‍ മാര്‍പാപ്പയുടെ സന്ദേശം വായിച്ചു. വംശം, ദേശീയത, മതം എന്നിവയ്ക്ക് അതീതമായ സാര്‍വത്രിക ഭാഷയാണ് കായികമത്സരങ്ങളെന്നും ഒളിമ്പിക്‌സ് മത്സരവേദിയായ പാരീസിലെ ആര്‍ച്ചുബിഷപ് ലോറന്റ് ഉള്‍റിച്ചിന് അയച്ച കത്തില്‍ മാര്‍പാപ്പ പറഞ്ഞു.
ഒളിമ്പിക്‌സ് മത്സരങ്ങള്‍ സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിനു പകരട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചു. ശത്രുതയുള്ളവര്‍ തമ്മില്‍ പോലും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്ന വേദിയാണ് മത്സരയിടങ്ങളെന്ന് ഓര്‍മിപ്പിച്ച പാപ്പ, മുന്‍വിധികള്‍ ഒഴിവാക്കിക്കൊണ്ട് പരസ്പരബഹുമാനവും സൗഹൃദവും വളര്‍ത്താനുള്ള അവസരമായി ഈ ഒളിമ്പിക്‌സ് മാറുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ഫ്രാന്‍സിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ചേലസ്തീനോ മില്ലാരെ മുഖ്യകാര്‍മികത്വം വഹിച്ചു. നിരവധി മെത്രാന്മാരും വൈദികരും സഹകാര്‍മികരായി. ഒളിമ്പിക്‌സ് സംഘാടകസമിതി അംഗങ്ങളും നയതന്ത്രപ്രതിനിധികളും ദിവ്യബലിയില്‍ പങ്കുചേര്‍ന്നു.
Leave a Comment
Your email address will not be published. Required fields are marked with *