അബുജ/നൈജീരിയ: നൈജീരിയയില്‍ അഞ്ച് മക്കളുടെ അമ്മയായ ക്രൈസ്തവ വനിതക്ക് രണ്ടര വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നീതി. നൈജീരിയയിലെ വടക്കുകിഴക്കന്‍ ബൗച്ചി സ്റ്റേറ്റിലെ ഒരു ജഡ്ജിയാണ് അപരിഷ്‌കൃതമായ മതനിന്ദ നിയമപ്രകാരം കുറ്റാരോപിതയായ റോഡാ ജതാവു എന്ന ക്രൈസ്തവ വനിതയെ കുറ്റവിമുക്തയാക്കിയത്. റോഡാ ജതാവുവിന്റെ നിയമപോരാട്ടത്തിന് എഡിഎഫ് ഇന്റര്‍നാഷണലിലെ നിയമസംഘം നേതൃത്വം നല്‍കി. ബൗച്ചി സംസ്ഥാനത്ത് ശരിയത്ത് നിയമത്തിന്റെ ഒരു രൂപമാണ് നിലവിലുള്ളത്.
റോഡാ ജതാവു കുറ്റവിമുക്തയായതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ റോഡയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും എഡിഎഫിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. നൈജീരിയയിലെ ക്രൈസ്തവ വിദ്യാര്‍ത്ഥിനി ഡെബോറ ഇമ്മാനുവല്‍ യകാബുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതിനെ അപലപിക്കുന്ന ഒരു മുസ്ലീമിന്റെ വീഡിയോ ജോലിസ്ഥലത്തുള്ള സഹപ്രവര്‍ത്തകര്‍ക്ക് ഷെയര്‍ ചെയ്തതിനാണ് റോഡാ ജതാവു ഇത്രയധികം പ്രതിസന്ധികളിലൂടെ കടന്നുപോയത്.
2022 മെയ് 20 ന് നൈജീരിയന്‍ അധികാരികള്‍ ജതാവുവിനെ അറസ്റ്റ് ചെയ്തു. തുടക്കത്തില്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജതാവു 19 മാസം ജയിലില്‍ കിടന്നു. ജതാവു ഷെയര്‍ ചെയ്ത പോസ്റ്റിന്റെ വിവരമറിഞ്ഞ ഒരു മുസ്ലീം സംഘം ജതാവുവിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ‘ദൈവം ശപിച്ചവള്‍’ എന്ന് വിളിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ കലാപത്തില്‍ 15 ക്രിസ്ത്യാനികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു.
ജതാവു അറസ്റ്റിലാകുന്നതിന് എട്ട് ദിവസം മുമ്പാണ് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം നടന്നത്, ഒരു കൂട്ടം ഇസ്ലാമിക വിദ്യാര്‍ത്ഥികള്‍ യകാബു ഒളിച്ച മുറിയില്‍ നിന്ന് വലിച്ചിഴച്ച് കല്ലെറിഞ്ഞ് കൊലപ്പെടുത്തി ദേഹത്ത് തീകൊളുത്തുകയായിരുന്നു. തന്റെ പരീക്ഷയില്‍ വിജയിക്കാന്‍ യേശു സഹായിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് യകാബുവിനോട് സഹപാഠികള്‍ ഈ ക്രൂരത ചെയ്തത്.
Leave a Comment
Your email address will not be published. Required fields are marked with *