Follow Us On

24

May

2025

Saturday

മിന്നാമിന്നികളെ പുഞ്ചിരിയോടെ വരവേറ്റ് ജില്ലാ കളക്ടര്‍

മിന്നാമിന്നികളെ പുഞ്ചിരിയോടെ വരവേറ്റ് ജില്ലാ കളക്ടര്‍
കോട്ടയം: ജിജ്ഞാസയും കൗതുകവും നിറഞ്ഞ മുഖഭാവത്തോടെയാണ് അവര്‍ കോട്ടയം ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കളക്ട്രേറ്റിന്റെ പടികള്‍ കയറിയത്. നിറപുഞ്ചിരിയോടെ അവരെ വരവേറ്റത് കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവേല്‍ ഐഎഎസ് ആയിരുന്നു.
കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദ്വിദിന മിന്നാമിന്നി ക്യാമ്പിന്റെ ഭാഗമായിട്ടാണ് വിഭിന്നശേഷിയുള്ള ഈ കുട്ടികള്‍ കോട്ടയം കളക്ട്രേറ്റ് സന്ദര്‍ശിച്ചത്.
പരിമിതമായ ലോക പരിചയത്തില്‍ നിന്നും കളക്ട്രേറ്റ് അങ്കണത്തില്‍ എത്തിച്ചേര്‍ന്ന കുട്ടികളെ സ്നേഹവായ്പ്പോടെ സ്വീകരിച്ച കളക്ടര്‍ അവരുമായി സംവദിക്കുകയും ചെയ്തു. ഭവന നിര്‍മ്മാണം, വിദ്യാഭ്യാസ സഹായം, യാത്രാ സൗകര്യം, ജോലി സംബന്ധമായ ആവശ്യങ്ങള്‍ തുടങ്ങി  തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും അവര്‍ കളക്ടറുടെ മുന്‍പില്‍ അവതരിപ്പിക്കുകയും സാധ്യമാകുന്ന എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കാമെന്നും കളക്ടര്‍ അവര്‍ക്ക് ഉറപ്പ് നല്‍കി. അങ്ങനെ സന്തോഷത്തിന്റെ നിറപുഞ്ചിരിയുമായിട്ടാണ് അവര്‍ കളക്ട്രേറ്റിന്റെ പടികള്‍ തിരികെ ഇറങ്ങിയത്.
തുടര്‍ന്ന് അവര്‍ കളക്ട്രേറ്റിന്റെ സമീപത്തായുള്ള ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും പോലീസ് അധികാരികളുമായി സംവദിക്കുകയും ചെയ്തു. സന്ദര്‍ശനത്തിനെത്തിയ മിന്നാമിന്നികളെ മധുരം നല്‍കിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ യാത്രയാക്കിയത്.
ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികള്‍, വിവിധ മത്സരങ്ങള്‍, സെമിനാര്‍ ഹാന്റിക്രാഫ്റ്റ് പരിശീലനം, ചൈതന്യ പാര്‍ക്ക് സന്ദര്‍ശനം, പഠന യാത്ര, കുട്ടികളെയും മാതാപിതാക്കളെയും സംയുക്തമായി പങ്കെടുപ്പിച്ചുകൊണ്ടുള്ള അവബോധ പരിപാടി തുടങ്ങിയവ ഉള്‍പ്പെടെ ക്രമീകരിച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന ക്യാമ്പിന് കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് ഉള്‍പ്പെടെയുള്ള സിബിആര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?