റോം: റോമില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലുള്ള വേനല്‍ക്കാല പേപ്പല്‍ വസതിയില്‍ രണ്ടാഴ്ചത്തെ താമസത്തിനായി ലിയോ 14 ാമന്‍ പാപ്പ എത്തി. പേപ്പല്‍ കൊട്ടാരത്തിലേക്ക് എത്തിയ പാപ്പയെ ഫോട്ടോകള്‍ എടുത്തും ‘വിവാ പാപ്പാ!’ വിളികളുമായാണ് ജനങ്ങള്‍ സ്വാഗതം ചെയ്തത്. ജൂലൈ 6 മുതല്‍ 20 വരെ മാര്‍പാപ്പ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയുടെ വില്ല ബാര്‍ബെറിനിയില്‍ വസിക്കും, 135 ഏക്കര്‍ പരന്നു കിടക്കുന്ന എസ്റ്റേറ്റില്‍ മാര്‍പാപ്പമാര്‍ വേനല്‍ക്കാല വിശ്രമത്തിനായി എത്തുന്ന ശീലത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്.
പയസ് പന്ത്രണ്ടാമന്‍, ജോണ്‍ ഇരുപത്തിമൂന്നാമന്‍, പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്റ്റ് പതിനാറാമന്‍ എന്നീ മാര്‍പാപ്പമാരെല്ലാം വേനല്‍ക്കാലത്തിന്റെ ഒരു ഭാഗമെങ്കിലും കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ ചിലവഴിച്ചിരുന്നു. എന്നാല്‍ 12 വര്‍ഷത്തെ പൊന്തിഫിക്കേറ്റ് കാലത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ സ്ഥലം വേനല്‍ക്കാല വസതിയായി ഉപയോഗിച്ചിരുന്നില്ല.
2014-ല്‍ എസ്റ്റേറ്റിലെ ഉദ്യാനങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ ഫ്രാന്‍സിസ് പാപ്പ് തീരുമാനിച്ചു. 2016-ല്‍ പേപ്പല്‍ കൊട്ടാരത്തെ ഒരു മ്യൂസിയമാക്കി മാറ്റി. ലിയോ പാപ്പയുടെ താമസ സമയത്ത് കൊട്ടാരവും ഉദ്യാനങ്ങളും പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. ജൂലൈ 13 നും 20 നുമുള്ള പാപ്പയുടെ ആഞ്ചലൂസ് സന്ദേശങ്ങള്‍ പൊന്തിഫിക്കല്‍ കൊട്ടാരത്തിന് മുന്നിലുള്ള ലിബര്‍ട്ടി സ്‌ക്വയറില്‍ നടത്തും.
Leave a Comment
Your email address will not be published. Required fields are marked with *