Follow Us On

25

December

2024

Wednesday

നിങ്ങള്‍ ആരുടെ പക്ഷത്താണ്?

നിങ്ങള്‍ ആരുടെ  പക്ഷത്താണ്?

കെ.ജെ മാത്യു
മാനേജിംഗ് എഡിറ്റര്‍

ഉണ്ണിയായി രൂപമെടുത്ത ദൈവത്തെ ആരാധിക്കുവാന്‍ കൃപ സംലഭ്യമായ രണ്ടു വിഭാഗം ആളുകളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്: ആട്ടിടയന്മാരും ജ്ഞാനികളും. അവരുടെ വഴികളെക്കുറിച്ച് മനനം ചെയ്യുന്നത് കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ ഒരു ക്രിസ്മസ് അനുഭവത്തിന് കാരണമാകുമെന്ന് തോന്നുന്നു.

പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ജ്ഞാനികള്‍ ആഴമായ അറിവുള്ളവരാണ്, പ്രത്യേകിച്ച് ദൈവശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും. ദൈവത്തെ അറിയാന്‍ ജ്ഞാനമാര്‍ഗം സ്വീകരിച്ചവരാണവര്‍. പരീക്ഷണ, നിരീക്ഷണ മാര്‍ഗങ്ങളിലൂടെ ദൈവത്തെ അറിയുവാന്‍ ശ്രമിക്കുന്നവരുടെ പ്രതിനിധികള്‍. അവരുടെ സ്ഥിരമായ വാനനിരീക്ഷണത്തിനിടയില്‍ ഒരു പ്രത്യേക നക്ഷത്രം കിഴക്കുഭാഗത്ത് അവര്‍ കണ്ടെത്തി. യഹൂദന്മാരുടെ രാജാവ് ജനിച്ചതിന്റെ അടയാളമായി ആ നക്ഷത്രത്തെ തിരിച്ചറിഞ്ഞ അവര്‍, അതിനെ അനുധാവനം ചെയ്ത് ആ രാജാവിനെ തേടിയിറങ്ങുകയാണ്.

ദൈവത്തെ അന്വേഷിക്കുവാന്‍ ജ്ഞാനമാര്‍ഗം ഒരിക്കലും അസ്വീകാര്യമല്ല. പക്ഷേ ഇവിടെ ഒരു അപകടം പതിയിരിപ്പുണ്ട്. ബുദ്ധി ചിലപ്പോള്‍ വഴിതെറ്റിച്ചേക്കാം. അതാണ് ജ്ഞാനികളുടെ കാര്യത്തില്‍ സംഭവിച്ചത്. നക്ഷത്രത്തിന്റെ പിന്നാലെ പോയി വഴി തെറ്റാതെ ബെത്‌ലഹേമില്‍ എത്തേണ്ടിയിരുന്നവര്‍ എങ്ങനെ വഴിതെറ്റി ജറുസലേമില്‍ ഹേറോദേസിന്റെ കൊട്ടാരത്തില്‍ എത്തി എന്നത് ചിന്തയ്ക്ക് വിഷയമാക്കേണ്ട കാര്യംതന്നെ. നക്ഷത്രത്തിന്റെ വഴിയെ നടക്കുമ്പോള്‍ അവരുടെ ബുദ്ധി അവരോടു പറഞ്ഞു: നിങ്ങള്‍ രാജാവിനെയാണ് അന്വേഷിക്കുന്നത് എങ്കില്‍ നേരേ രാജകൊട്ടാരത്തിലേക്ക് പോവുക. ഹേറോദേസും ജറുസലേം മുഴുവനും അസ്വസ്ഥമാകുന്നവിധത്തില്‍ സ്‌ഫോടനാത്മകമായ ഒരു അന്തരീക്ഷം ആ മാര്‍ഗഭ്രംശം ഉണ്ടാക്കി. അതുണ്ടാക്കിയ ദുരന്തഫലങ്ങള്‍ അവര്‍ണനീയമാണ്. അനേക നിഷ്‌കളങ്ക കുഞ്ഞുങ്ങളുടെ രക്തം ചൊരിയപ്പെട്ടു, വിവരണാതീതമായ സഹനങ്ങള്‍ നിറഞ്ഞ ഒരു പലായനത്തിന് തിരുക്കുടുംബം വിധേയമായി. മനുഷ്യന്റെ നന്മയ്ക്കായി ദൈവം നല്‍കിയ ബുദ്ധിയുടെ ദുരുപയോഗംമൂലം ഇവയൊക്കെ ഇന്നും മാറ്റമില്ലാതെ ആവര്‍ത്തിക്കപ്പെടുന്നു; വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും.

മറുഭാഗത്ത് നില്‍ക്കുന്ന ആട്ടിടയന്മാരുടെ മുഖമുദ്ര നിഷ്‌കളങ്കതയും വിശ്വസ്തതയും ആണ്. അവര്‍ ദൈവത്തെ തേടിയിറങ്ങിയില്ല. അവരുടെ കളങ്കമില്ലാത്ത മനസുകളില്‍ ദൈവത്തിന്റെ മഹത്വം പ്രകാശിക്കുകയാണ് ചെയ്തത്. അവര്‍ ഏല്‍പിക്കപ്പെട്ട ജോലിയോട് വിശ്വസ്തരായിരുന്നു. ‘ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാര്‍’ എന്നാണ് വിശുദ്ധ ഗ്രന്ഥം അവരെ വിശേഷിപ്പിക്കുന്നത്. തണുപ്പുള്ള രാത്രിയില്‍ ജോലി അവഗണിച്ച്, അവര്‍ക്കു വേണമെങ്കില്‍ മൂടിപ്പുതച്ച് സുഖമായി ഉറങ്ങാമായിരുന്നു. എന്നാല്‍ ജാഗ്രതയോടെ കാത്തിരുന്ന അവരുടെ അടുത്തേക്ക് മഹത്വത്തിന്റെ സന്ദേശം നല്‍കുവാന്‍ ദൈവത്തിന്റെ ദൂതന്‍ വരികയാണ്. ഭൗമിക ജീവിതത്തില്‍ ഭരമേല്‍പിക്കപ്പെട്ട വിവിധങ്ങളായ, ലോകദൃഷ്ടിയില്‍ ചെറുതും വലുതുമായ നിയോഗങ്ങളോടുള്ള പ്രതിബദ്ധതയാണ് ഒരാളെ ഉണ്ണിയേശുവിന്റെ പുല്‍ക്കൂട്ടിലേക്ക് ഇന്നും നയിക്കുവാന്‍ കാരണമാകുന്നത്.

നമുക്ക് ജ്ഞാനികളിലേക്ക് മടങ്ങിവരാം. തെറ്റു മനസിലാക്കിയ അവര്‍ നക്ഷത്രത്തെത്തന്നെ വീണ്ടും ആശ്രയിക്കുന്നു. ‘കിഴക്കു കണ്ട നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു.’ ദൈവവഴിയില്‍നിന്ന് മാറിപ്പോയാലും തെറ്റു തിരിച്ചറിഞ്ഞ് മടങ്ങിവരുന്നവരെ നയിക്കുവാന്‍ ഇന്നും ദൈവം പല നക്ഷത്രങ്ങളെയും ഒരുക്കുന്നുണ്ട്. നക്ഷത്രത്തിന്റെ ദിശയില്‍നിന്ന് ദിവ്യശിശു കിടന്ന ഭവനം കണ്ടെത്തിയ അവര്‍ അവനെ കുമ്പിട്ടാരാധിക്കുകയും നിക്ഷേപങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ നിഷ്‌കളങ്കരായ ആട്ടിടയന്മാര്‍ക്ക് കൂടുതല്‍ മൂര്‍ത്തമായ ഒരു അടയാളമാണ് നല്‍കപ്പെടുന്നത്. അതിനാല്‍ അവര്‍ക്ക് തെറ്റുപറ്റുന്നില്ല. ”ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും” (ലൂക്കാ 2:12). എന്തുകൊണ്ട് ജ്ഞാനികള്‍ക്ക് ഈ അടയാളം നല്‍കപ്പെട്ടില്ല? പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ശിശുവാണ് യഹൂദന്മാരുടെ രാജാവ് എന്ന് അംഗീകരിക്കുവാന്‍ അവരുടെ ബുദ്ധി അവരെ അനുവദിക്കുകയില്ല. എന്നാല്‍ ദൈവം നല്‍കുന്ന സന്ദേശങ്ങള്‍ അന്ധമായി സ്വീകരിക്കുവാനും അനുസരിക്കുവാനും പറ്റുന്ന ശിശുമനോഭാവമുള്ളവരായിരുന്നു ആട്ടിടന്മാര്‍. അങ്ങനെയുള്ളവരെ ദൈവം ഇന്നും തിരയുന്നുണ്ട്, തന്റെ മഹത്വം അവരിലൂടെ പ്രകാശിപ്പിക്കുവാന്‍. ദൈവത്തെ പൂര്‍ണമായി വിശ്വസിച്ച ആട്ടിടന്മാര്‍ക്കുണ്ടായ ദൈവാനുഭവം സത്വരമായിരുന്നു. താമസംവിനാ അവര്‍ യാത്ര പുറപ്പെട്ടു. അറിയിക്കപ്പെട്ടവനെ കണ്ടെത്തുകയും ചെയ്തു. ”അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു” (ലൂക്കാ 2:16).

രണ്ടുകൂട്ടര്‍ക്കും ദിവ്യശിശുവിന്റെ ദര്‍ശനമുണ്ടായി. ഇനിയാണ് ക്ലൈമാക്‌സ്. അതാണ് നമ്മുടെ ജീവിതത്തിന്റെ ഉപരിമൂല്യം നിര്‍ണയിക്കുന്നത്. വിശുദ്ധ ഗ്രന്ഥം നല്‍കുന്ന വിവരണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇരുവിഭാഗക്കാരും പ്രതികരിക്കുന്നത് രണ്ടുതരത്തിലാണ്. ജ്ഞാനികള്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി എന്നാണ് അവരെക്കുറിച്ചുള്ള അവസാന പരാമര്‍ശം. അവരുടെ ഉള്ളങ്ങളില്‍ കൊളുത്തപ്പെട്ട വിളക്ക് അവര്‍ പറയുടെ കീഴില്‍ വച്ചുവോ? എന്നാല്‍ ഇടയന്മാര്‍ക്കു ലഭിച്ച ദൈവാനുഭവം നിറഞ്ഞുകവിയുന്നതായിരുന്നു. അത് പുറത്തേക്ക് പ്രസരിക്കുവാന്‍ ആരംഭിച്ചു. ”അനന്തരം, ശിശുവിനെക്കുറിച്ച് തങ്ങളോട് പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു” (ലൂക്കാ 2:17). എന്തായിരിക്കും ഈ വിഭിന്നമായ പ്രതികരണത്തിന് കാരണം? ജ്ഞാനികള്‍ ശിശുവില്‍ രാജാവിനെയും ആട്ടിടന്മാര്‍ ശിശുവില്‍ രക്ഷകനെയും കണ്ടെത്തിയെന്നാണോ? ബുദ്ധിജീവികള്‍ യേശുവിന് ഇന്നും പല മാനങ്ങള്‍ നല്‍കുന്നുണ്ട്. പ്രവാചകന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ്, വിപ്ലവകാരി, സ്‌നേഹത്തിന്റെ പാഠം നല്‍കിയ നല്ലൊരു മനുഷ്യന്‍ എന്നിങ്ങനെ… എന്നാല്‍ യേശു ഏകരക്ഷകനാണ് എന്ന തിരിച്ചറിവും അനുഭവത്തിന്റെ ബലവും ലഭിക്കുന്ന ഒരാള്‍ക്കുമാത്രമേ യേശു പങ്കുവയ്ക്കപ്പെടേണ്ട ഒരു സദ്‌വാര്‍ത്ത ആയി മാറുന്നുള്ളൂ.
ക്രിസ്മസിന് ഒരുങ്ങുമ്പോള്‍, പുല്‍ക്കൂടൊരുക്കുമ്പോള്‍, ഉണ്ണിയേശുവിനെ കാണുമ്പോള്‍ നമുക്ക് നമ്മോടുതന്നെ ഈ ചോദ്യം ചോദിക്കാം: ഞാന്‍ ഏതു പക്ഷത്താണ്?
എല്ലാ വായനക്കാര്‍ക്കും ആനന്ദകരമായ ക്രിസ്മസ് ആശംസകള്‍!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?