Follow Us On

02

May

2025

Friday

വിവാ ഇല്‍ പാപ്പ

വിവാ ഇല്‍ പാപ്പ

കെ. ജെ. മാത്യു, മാനേജിംഗ് എഡിറ്റര്‍

ജാതി, മത വര്‍ണ വര്‍ഗ ഭേദമെന്യേ ലോകമെമ്പാടും അനസ്യൂതം പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്ന കരുണയുടെ സൂര്യന്‍ അസ്തമിച്ചു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഇറ്റലിയിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പരിശുദ്ധ പിതാവ് മരണത്തിന്റെ വക്കോളമെത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുവാന്‍ ആശുപത്രി പരിസരത്ത് തമ്പടിച്ചിരുന്ന മാധ്യമപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നു. വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത പിതാവ് തന്റെ അവസാന ഈസ്റ്റര്‍ സന്ദേശം നല്‍കുകയും നഗരത്തിനും ലോകത്തിനുമുള്ള ആശീര്‍വാദം നല്‍കുകയും ചെയ്തതിനുശേഷമാണ് ഈ ലോകത്തില്‍നിന്ന് വിടവാങ്ങിയത്.

പരിശുദ്ധ പിതാവിന്റെ ഇത്തരത്തിലുള്ള വേര്‍പാടുതന്നെ രണ്ട് സന്ദേശങ്ങള്‍ നമുക്കെല്ലാവര്‍ക്കും നല്‍കുന്നുണ്ട്. ഒന്ന്: ജീവന്റെയും മരണത്തിന്റെയും നാഥന്‍ കര്‍ത്താവാണ്. അവിടുന്ന് നിശ്ചയിക്കുന്ന സമയത്തുമാത്രമേ ഒരു വ്യക്തി ഈ ലോകംവിട്ട് പോവുകയുള്ളൂ. രണ്ട്: അവിടുന്ന് ആയുസ് നല്‍കുന്നത് ചില പ്രത്യേക നിയോഗങ്ങള്‍ പൂര്‍ത്തീകരിക്കുവാനാണ്. അത് സഫലമായ ജീവിതമായി കണക്കാക്കപ്പെടും.
പ്രശസ്ത ആംഗലേയ കവി റോബര്‍ട്ട് ഫ്രോസ്റ്റ് ‘ദ റോഡ് നോട്ട് ടെയ്ക്കണ്‍’ എന്ന ശീര്‍ഷകത്തിലുള്ള തന്റെ കവിതയില്‍ ലോകത്തിലെ ജനങ്ങളെ രണ്ടു ഗണങ്ങളായി പരിഗണിക്കുന്നുണ്ട്. മറ്റുള്ളവര്‍ നടക്കുന്ന, സുഗമമായ വഴി തിരഞ്ഞെടുക്കുന്നവരാണ് ആദ്യത്തെ കൂട്ടര്‍. എന്നാല്‍ അധികമാരും സഞ്ചരിക്കാത്ത പാതയെ പുല്‍കുന്ന ചില ഒറ്റയാന്മാരുണ്ട്. അവരാണ് ലോകത്തിന്റെ ഗതിയെ നിര്‍ണയിക്കുന്നത്. ഈ രണ്ടാമത്തെ ഗണത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനം.
തന്റെ മുന്‍ഗാമികളില്‍ ആരും സ്വീകരിക്കാത്ത ഒരു പേരാണ് അദ്ദേഹം സ്വീകരിച്ചത് – അസീസിയിലെ ദരിദ്രപുണ്യവാന്റെ പേര്.

അത് അദ്ദേഹത്തിന് ഒരു ബാധ്യതയായില്ല, മറിച്ച് ഒരു ജീവിതശൈലിയായിരുന്നു. വിശുദ്ധ ഫ്രാന്‍സിസിന്റെ കാലടിപ്പാടുകളെ പിന്തുടര്‍ന്ന പിതാവ് പേപ്പസിയുടെ ആഢംബരത്തിന്റെ ഭാരം ലഘൂകരിച്ചു പല മേഖലകളിലും. വത്തിക്കാനിലെ ഔദ്യോഗിക വസതിയിലെ ആഡംബരങ്ങള്‍ വേണ്ടെന്നുവച്ച് പകരം അതിഥിമന്ദിരത്തിലെ മുറികള്‍ സ്ഥിരവാസത്തിന് തിരഞ്ഞെടുത്തു ഫ്രാന്‍സിസ് പാപ്പ. അധികാരചിഹ്നമായ മോതിരത്തില്‍ സ്വര്‍ണമൊഴിവാക്കിയ അദ്ദേഹം മാര്‍പാപ്പമാരുടെ വേനല്‍ക്കാല വസതിയായ ഗണ്ടോള്‍ഫോ കൊട്ടാരത്തിന്റെ പ്രൗഢി ഉപേക്ഷിച്ച് വത്തിക്കാനിലെ ഓഫീസില്‍ത്തന്നെ വേനല്‍ക്കാലം ചെലവഴിച്ചു. മാര്‍പാപ്പമാര്‍ പരമ്പരാഗതമായി ധരിക്കുന്ന ചുവന്ന ഷൂസും സ്വര്‍ണക്കുരിശും ത്യജിച്ച പാപ്പ താന്‍ ധരിച്ചിരുന്ന വെള്ളിക്കുരിശുമാലയും കറുത്ത ഷൂസും തുടര്‍ന്നും ധരിക്കുവാന്‍ തീരുമാനിച്ചു. ഈ ലാളിത്യം തന്റെ മരണംവരെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പ. തന്റെ മൃതശരീരം സാധാരണ തടിപ്പെട്ടിയില്‍ അടക്കിയാല്‍ മതിയെന്നും അത് ഉയരത്തില്‍ വയ്ക്കരുതെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഈ ലളിതജീവിതശൈലി അനേകായിരങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചതുകൊണ്ടാണല്ലോ കാലിത്തൊഴുത്തില്‍ ജനിച്ച ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായി എന്ന് ഒരു പ്രശസ്ത എഴുത്തുകാരന്‍ പാപ്പയെ വിശേഷിപ്പിച്ചത്.

സുവിശേഷം പ്രസംഗിക്കാനുള്ളതല്ല, ജീവിക്കാനുള്ളതാണെന്ന് പഠിപ്പിച്ച വിശുദ്ധന്റെ വഴിയിലൂടെത്തന്നെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നടന്നത്.
ആടുകളുടെ മണമുള്ളവരായിരിക്കണം ഇടയന്മാര്‍ എന്ന അദ്ദേഹത്തിന്റെ പ്രബോധനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് പാപ്പ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. ആളുകള്‍ക്ക് കൈ കൊടുത്തും കുഞ്ഞുങ്ങളെ കൈയിലെടുത്ത് ചുംബിച്ചും മുന്നോട്ടു നീങ്ങിയിരുന്ന തന്റെ പിന്‍ഗാമിയുടെ ശൈലി ബനഡിക്ട് മാര്‍പാപ്പയെത്തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഹൃദയത്തില്‍ നിറഞ്ഞുനിന്ന നിഷ്‌കളങ്കസ്‌നേഹം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖത്തും പ്രകടമായിരുന്നു. കൊച്ചുകുഞ്ഞുങ്ങളുടേതിനു സമാനമായ നിഷ്‌കളങ്കഭാവമാണ് പാപ്പായെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ മനസില്‍ തങ്ങിനില്‍ക്കുന്നതെന്ന് ഒരു രാഷ്ട്രീയനേതാവ് സാക്ഷ്യപ്പെടുത്തിയത് അതുകൊണ്ടാണ്.

കുടിയേറ്റക്കാരോടുള്ള സവിശേഷമായ ഒരു ആര്‍ദ്രത പാപ്പയുടെ ഹൃദയത്തിലുണ്ടായിരുന്നു. ഇത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയെങ്കിലും മാര്‍പാപ്പ തന്റെ നിലപാട് മാറ്റിയില്ല. കാരണം അദ്ദേഹംതന്നെ കുടിയേറ്റത്തിന്റെ സന്തതിയായിരുന്നല്ലോ. ‘കുടിയേറ്റക്കാരുടെ ആശ്വാസമേ’ എന്ന പ്രാര്‍ത്ഥന പാപ്പ ലുത്തിനിയായില്‍ ഉള്‍പ്പെടുത്തി. രാജ്യങ്ങള്‍ക്ക് അവരുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുവാനുള്ള അവകാശം ഉള്ളപ്പോള്‍പ്പോലും ദരിദ്രരുടെ വഴി കൊട്ടിയടയ്ക്കരുതെന്ന് അദ്ദേഹം നിരന്തരം ആഹ്വാനം ചെയ്തു. മതിലുകള്‍ പണിയേണ്ടവരല്ല, പാലങ്ങള്‍ പണിയേണ്ടവരാണ് രാഷ്ട്രനേതാക്കള്‍ എന്ന് പാപ്പ അവരെ ഓര്‍മിപ്പിച്ചിരുന്നു. സകല മര്‍ത്യരുടെയും ദൈവമായ കര്‍ത്താവിന്റെ ഭൂമിയിലെ സ്ഥാനപതിക്ക് അങ്ങനെയുള്ളൊരു വിശാല നിലപാട് എടുക്കുവാനേ സാധിക്കുകയുള്ളൂ.
‘ഞാനും നിന്നെ വിധിക്കുന്നില്ല’ എന്ന് പാപിനിയായ സ്ത്രീയോട് പറഞ്ഞ ക്രിസ്തുവിന്റെ മനസായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്. അദ്ദേഹവും ആരെയും വിധിക്കുവാന്‍ മുതിര്‍ന്നില്ല. പാപികളെ ചേര്‍ത്തുപിടിച്ച് അവരിലേക്ക് ക്രിസ്തുവിന്റെ കരുണയും സ്‌നേഹവും ക്ഷമയും ഒഴുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

കുഷ്ഠരോഗിയെ ആലിംഗനം ചെയ്ത അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് അസീസി നമ്മുടെ നാളുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയിലൂടെ വീണ്ടും പ്രത്യക്ഷപ്പെട്ടു. അപൂര്‍വമായ ഒരു ജനിതകരോഗം ബാധിച്ച് മുഖം മുഴുവന്‍ തീര്‍ത്തും വിരൂപമായിരുന്ന വിന്‍ചയോ റിവ എന്ന മനുഷ്യനെ മാര്‍പാപ്പ ആലിംഗനം ചെയ്തത് വലിയ ലോകശ്രദ്ധ നേടിയിരുന്നു. എല്ലാവരാലും അവഗണിക്കപ്പെട്ട് വലിയ വേദനയിലൂടെ അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് പാപ്പയുടെ ആലിംഗനം പ്രകാശത്തിലേക്കുള്ള പടിവാതിലായി. ‘എന്റെ ജീവിതം അതിനുശേഷം വളരെ സന്തോഷകരമായിത്തീര്‍ന്നു’ എന്ന് റിവ തന്റെ മരണത്തിനുമുമ്പ് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എത്രയോ അനാഥരെ സനാഥരാക്കുവാന്‍ മാര്‍പാപ്പയ്ക്ക് കഴിഞ്ഞു!

പ്രായമുള്ളവര്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് പുതുതലമുറയോട് അവരുടെ ഭാഷയില്‍ സംവേദനം ചെയ്യുവാനുള്ള കഴിവില്ലായ്മ. എണ്‍പത്തിയെട്ടുകാരനായ പാപ്പയ്ക്ക് ഈ പ്രശ്‌നം അശേഷമില്ലായിരുന്നു. അദ്ദേഹം അവരുടെ ഭാഷയില്‍ സംസാരിച്ചത് അതിശയത്തോടുകൂടി മാത്രമേ കാണുവാന്‍ സാധിക്കൂ. ‘മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ് അല്ല സന്തോഷം’, ‘നെറ്റ്‌വര്‍ക്ക് ഉള്ളിടത്ത് മാത്രം പോകുന്നുവെന്ന് എല്ലാവരും ഉറപ്പുവരുത്തുക – കുടുംബം, ഇടവക, സ്‌കൂള്‍ എന്നിവ ഉള്‍പ്പെടുന്ന നെറ്റ്‌വര്‍ക്ക്’ തുടങ്ങിയ ന്യൂജെന്‍ പ്രയോഗങ്ങള്‍ ഉപയോഗിച്ച് പാപ്പ യുവാക്കളോട് ആശയവിനിമയം മനോഹരമായി നടത്തിയിരുന്നു.
പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന കര്‍ദിനാള്‍ ഓര്‍മിച്ചെടുക്കുന്നു.

അതുപോലെതന്നെ പ്രശ്‌നസങ്കീര്‍ണവും അനാഥവുമായ ഈ കാലഘട്ടത്തില്‍ ഒരു മാതാവിനെയും പിതാവിനെയും സഭാമക്കള്‍ക്ക് തന്റെ പിതൃസ്വത്തായി നല്‍കിയിട്ടാണ് പാപ്പ കടന്നുപോയത്. പരിശുദ്ധ അമ്മയോടും വിശുദ്ധ യൗസേപ്പിതാവിനോടുമുള്ള സവിശേഷ ഭക്തി ഉറങ്ങുന്ന ഔസേപ്പിതാവിനോടുള്ള ഭക്തി ഫ്രാന്‍സിസ് പാപ്പായുടെ സംഭാവനയാണ്. തികച്ചും ഒരു മരിയഭക്തനായിരുന്ന പാപ്പ അന്ത്യവിശ്രമത്തിനായി തിരഞ്ഞെടുത്തതും അമ്മയുടെ മടിത്തട്ടിലാണെന്നതും ശ്രദ്ധേയമാണ്.
പാദമുദ്രകള്‍ അവശേഷിപ്പിച്ച് കടന്നുപോകുന്നവരാണ് മഹാന്മാര്‍. അവരുടെ ആശയങ്ങള്‍ക്ക് മരണമില്ല. അവ തലമുറകളിലൂടെ ജീവിക്കും. ആ അര്‍ത്ഥത്തില്‍ നമുക്കും പറയാം വീവാ ഇല്‍ പാപ്പാ – പാപ്പ നീണാള്‍ വാഴട്ടെ!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?