അബുജ, നൈജീരിയ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ കടുന സംസ്ഥാനത്ത് ഫുലാനി തീവ്രവാദികള്‍ ബൈബിള്‍ പഠനത്തിലേര്‍പ്പെട്ടിരുന്ന അഞ്ച് ക്രൈസ്തവരെ വച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കുറഞ്ഞത് 110 പേരെ തട്ടിക്കൊണ്ടുപോയ പ്രദേശത്താണ് ഈ ആക്രമണങ്ങള്‍ നടന്നതെന്ന് മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കജുരു കൗണ്ടിയിലുള്ള കമ്പാനി ഗ്രാമത്തിലെ ഒരു ഇവാഞ്ചലിക്കല്‍ ദൈവാലയത്തില്‍ നടന്ന ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കുമിടെയാണ് ഫുലാനി തീവ്രവാദികളുടെ ആക്രമണമുണ്ടായത്. വിക്ടര്‍ ഹരുണ, ദോഗാര ജതാവു, ലൂക്ക യാരി, ജെസ്സി ദലാമി, ബാവു ജോണ്‍ എന്നിവരെയാണ് വധിച്ചതെന്ന് പ്രദേശവാസിയായ ഫിലിപ്പ് ആഡംസ് പറഞ്ഞു.
കഡുന സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗത്തുള്ള കജുരു, കാച്ചിയ ലോക്കല്‍ കൗണ്‍സില്‍ പ്രദേശങ്ങളിലെ മിക്ക സമൂഹങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ ഇതാണെന്ന് പ്രദേശവാസിയായ ഡാനിയേല്‍ പറഞ്ഞു. ‘ഞങ്ങള്‍ എല്ലാ ദിവസവും ഭയത്തോടെയാണ് ജീവിക്കുന്നത്. ഞങ്ങള്‍ക്ക് വീടുകളില്‍ ഉറങ്ങാന്‍ കഴിയുന്നില്ല, കൃഷിയിടങ്ങളില്‍ പോകാന്‍ കഴിയുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ആദ്യ ആറുമാസത്തിനുള്ളില്‍ കുറഞ്ഞത് 110 തട്ടിക്കൊണ്ടുപോകലുകള്‍ നടന്ന സ്ഥലമാണ് കജുരു കൗണ്ടി.
ക്രൈസ്തവരുടെ ഭൂമി ബലമായി കൈയടക്കാനും ഇസ്ലാം അടിച്ചേല്‍പ്പിക്കാനുമുള്ള ലക്ഷ്യത്തോടെ ഫുലാനി തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ നൈജീരിയയില്‍ വര്‍ധിച്ചുവരികയാണ്. ഓപ്പണ്‍ ഡോര്‍സിന്റെ 2025 ലെ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം, ക്രിസ്ത്യാനികള്‍ക്ക് ഭൂമിയിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളില്‍ ഒന്നാണ് നൈജീരിയ. റിപ്പോര്‍ട്ടിംഗ് കാലയളവില്‍ ലോകമെമ്പാടും വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ട 4,476 ക്രിസ്ത്യാനികളില്‍ 3,100 പേര്‍ (69 ശതമാനം) നൈജീരിയയിലാണ് കൊല്ലപ്പെട്ടത്.