സാധാരണഗതിയിൽ തിരുസഭ ഒരു വിശുദ്ധന്റെ ഓർമ്മപുതുക്കലിന്റെ തിരുനാളായി ആഘോഷിക്കുന്നത് ആ വിശുദ്ധൻ മരണപ്പെട്ട ദിവസമാണ്. എന്നാൽ പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ സ്‌നാപക യോഹന്നാന്റെയും തിരുനാളുകൾ ഈ നിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന തിരുനാളുകളാണ്. മറ്റുള്ളവ വിശുദ്ധരും, ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും മൂലപാപത്തോട് കൂടിയാണ് ജനിച്ചിട്ടുള്ളത്, എന്നാൽ പരിശുദ്ധ മാതാവ് മൂല പാപത്തിന്റെ കറയില്ലാതെയാണ് ജനിച്ചത്. വിശുദ്ധ സ്‌നാപക യോഹന്നാനാകട്ടെ അമ്മയുടെ ഉദരത്തിൽ വെച്ച് തന്നെ മൂലപാപത്തിൽ നിന്നും ശുദ്ധീകരിക്കപ്പെട്ടു. ഇതാണ് ഇന്നത്തെ തിരുനാളിനുള്ള സൈദ്ധാന്തികമായ വിശദീകരണം.
”മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അവരുടെ തിരുനാൾ അവരുടെ ജീവിതത്തിന്റെ അവസാന ദിനമാണ്, ഭൂമിയിലെ സേവനം അവർ അവസാനിപ്പിച്ച ദിനത്തേയാണ് അവരുടെ തിരുനാളായി ആദരിക്കുന്നത്. എന്നാൽ സ്‌നാപക യോഹന്നാനെ സംബന്ധിച്ചിടത്തോളം അവന്റെ ജന്മദിനത്തേയാണ് നാം ആദരിക്കുന്നത്, അവന്റെ നശ്വരമായ ജീവിതം ആരംഭിച്ച ദിവസം പരിശുദ്ധമാണ്.
നിസ്സാര വ്യത്യാസങ്ങളോട് കൂടിയ മത്തായി, മാർക്കോസ്, ലൂക്കാ തുടങ്ങിയവരുടെ വിവരണങ്ങളിൽ നിന്നും, യോഹന്നാന്റെ സുവിശേഷത്തിൽ നിന്നും യേശുവിന്റെ പാതയൊരുക്കുവാൻ വന്ന സ്‌നാപക യോഹന്നാന്റെ പ്രവർത്തങ്ങളെകുറിച്ചുള്ള കഥകൾ നമുക്ക് അറിയാവുന്നതാണ്. ലൂക്കാ പറയുന്നതനുസരിച്ച്: യേശുവിന്റെ ജനനത്തിന് ആറു മാസം മുൻപ് യൂദയ പട്ടണത്തിലാണ് വിശുദ്ധ സ്‌നാപക യോഹന്നാൻ ജനിച്ചത്. പുതിയ നിയമത്തിൽ വിശുദ്ധന്റെ ആദ്യകാലങ്ങളെ കുറിച്ച് യാതൊരു പരാമർശവുമില്ല. എന്നാൽ വിശുദ്ധന്റെ ദൈവഭക്തരായ മാതാപിതാക്കൾ, അവൻ ചെയ്യേണ്ട ദൗത്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധ്യത്തോടെ വളരെയേറെ ശ്രദ്ധയോടെയാണ് വിശുദ്ധനെ വളർത്തിയിരുന്നതെന്ന കാര്യം നമുക്കറിയാം. കൂടാതെ അവന്റെ ദൈവനിയോഗത്തെ കുറിച്ചുള്ള ബോധ്യം അവന് പകർന്നു നൽകുകയും ചെയ്തു.
തന്റെ ദൗത്യത്തിന്റെ അവസാന തയ്യാറെടുപ്പുകൾ നടത്തുമ്പോൾ അവന് ഒരുപക്ഷേ 32 വയസ്സായിരുന്നു പ്രായം. പുരാതന കാലത്തെ ദിവ്യരായിട്ടുള്ളവർ ചെയ്യുന്നത് പോലെ വിശുദ്ധ സ്‌നാപക യോഹന്നാനും പ്രാർത്ഥിക്കുവാനും, ഉപവസിക്കുവാനുമായി ജോർദാന് അപ്പുറമുള്ള പരുക്കൻ പാറകൾ നിറഞ്ഞ മരുഭൂമിയിലേക്ക് പിൻവാങ്ങി. നമുക്കറിയാവുന്നത് പോലെ വെട്ടുകിളികളും, തേനും മാത്രമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. ഒട്ടകത്തിന്റെ രോമം കൊണ്ടുള്ള ഒരു പരുക്കൻ കുപ്പായമായിരുന്നു വിശുദ്ധൻ ധരിച്ചിരുന്നത്. യൂദയായുടെ ഗ്രാമപ്രദേശങ്ങളിൽ പ്രഘോഷണത്തിനായി വരുമ്പോൾ വളരെയേറെ മെലിഞ്ഞുണങ്ങി വികൃതമായ രൂപത്തിലായിരുന്നു അവൻ. എന്നാൽ അവന്റെ കണ്ണുകൾ ആവേശത്താൽ തിളങ്ങുകയും, ശിക്ഷാവിധിയേ കുറിച്ചുള്ള സ്വരം ശക്തമായ മുന്നറിയിപ്പുമായിരുന്നു. ബാഹ്യരൂപത്തെ കണക്കിലെടുക്കാതെ പ്രവാചകൻമാരെ സ്വീകരിക്കുന്ന ശീലമുള്ളവരായിരുന്നു യഹൂദൻമാർ. അതിനാൽ അവർ പെട്ടെന്ന് തന്നെ യോഹന്നാനേയും സ്വീകരിച്ചു;
വളരെയേറെ കുഴപ്പങ്ങൾ നിറഞ്ഞതും, ജനങ്ങൾ ഒരു ആശ്വാസത്തിനായി കാത്തിരിക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. യോഹന്നാനിൽ നിന്നും പുറത്തേക്കൊഴുകിയ ശക്തിയാൽ അവനെ കേട്ടവരിൽ നിരവധി പേർ തങ്ങൾ വളരെകാലമായി കാത്തിരുന്ന രക്ഷനാണ് അവനെന്നു വരെ ധരിച്ചു. എന്നാൽ വിശുദ്ധൻ താൻ വരുവാനിരിക്കുന്ന രക്ഷകന്റെ പാതയൊരുക്കുവാൻ മാത്രം വന്നവനാണെന്നും, അവന്റെ ചെരിപ്പിന്റെ വള്ളികെട്ട് അഴിക്കുവാനുള്ള യോഗ്യത പോലും തനിക്കില്ലെന്ന് പറഞ്ഞു കൊണ്ട് അവരുടെ തെറ്റിദ്ധാരണകളെ തിരുത്തി. യേശുവിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതിനു ശേഷവും കുറച്ചു മാസങ്ങൾ കൂടി വിശുദ്ധൻ തന്റെ പ്രബോധനങ്ങളും, ജ്ഞാനസ്‌നാനപ്പെടുത്തലും തുടർന്നു. താൻ വെറുമൊരു പാതയൊരുക്കുവാൻ വന്നവൻ മാത്രമാണെന്ന കാര്യം വിശുദ്ധൻ എപ്പോഴും വ്യക്തമാക്കി കൊണ്ടിരുന്നു.
യോഹന്നാന്റെ പ്രസിദ്ധി ജെറുസലേം മുഴുവൻ പരക്കുകയും ഉന്നത പുരോഹിതൻമാർ വരെ വിശുദ്ധനെ കാണുവാനും, കേൾക്കുവാനുമെത്തിയിട്ടും വിശുദ്ധൻ തന്റെ എളിമ കൈവെടിഞ്ഞിരുന്നില്ല. ”അനുതപിക്കുക സ്വർഗ്ഗരാജ്യം സമാഗതമായിരിക്കുന്നു” ഇതായിരുന്നു വിശുദ്ധൻ ആവർത്തിച്ചാവർത്തിച്ച് ഉദ്‌ബോധിപ്പിച്ചിരുന്നത്. ആ സമയത്തെ തിന്മകൾക്ക് പരിഹാരമായി വിശുദ്ധന് ഉപദേശിക്കുവാനുണ്ടായിരുന്നത് വ്യക്തിപരമായ വിശുദ്ധിയായിരുന്നു. ആത്മാർത്ഥമായ അനുതാപത്തേയും, ക്രിസ്തുവിനെ സ്വീകരിക്കുവാനുള്ള ആഗ്രഹത്താലുള്ള ആത്മീയമായ വിശുദ്ധിയേയും പ്രതിനിധാനം ചെയ്യുന്ന പ്രവർത്തിയായ ‘ജ്ഞാനസ്‌നാന’ത്തേ വളരെ ശക്തമായി വിശുദ്ധൻ പ്രചരിപ്പിച്ചതിനാൽ ജനങ്ങൾ വിശുദ്ധനെ ‘സ്‌നാപകൻ’ എന്ന് വിളിച്ചു തുടങ്ങി.
യേശു മറ്റുള്ളവർക്കൊപ്പം യോഹന്നാന്റെ പക്കൽ നിന്നും മാമ്മോദീസ സ്വീകരിച്ച ദിവസത്തേ കുറിച്ച് വിശുദ്ധ ലിഖിതങ്ങളിൽ പരാമർശിക്കുന്നുണ്ട്. യേശു വരുവാനിരിക്കുന്ന രക്ഷകനാണെന്ന കാര്യം യോഹന്നാന് അറിയാമായിരുന്നു. അതിനാലാണ് തനിക്ക് അതിനുള്ള യോഗ്യതയില്ലെന്ന് അവൻ പറഞ്ഞത്. എന്നാൽ യേശുവിനെ അനുസരിക്കേണ്ടതായതിനാൽ യോഹന്നാൻ യേശുവിനെ ജ്ഞാനസ്‌നാനപ്പെടുത്തി. പാപരഹിതനായ യേശു താനും മനുഷ്യനാണെന്ന കാര്യം വെളിവാക്കുവാൻ വേണ്ടിയാണ് ജ്ഞാനസ്‌നാനം സ്വീകരിക്കുവാൻ ആഗ്രഹിച്ചത്.
ജ്ഞാനസ്‌നാനം സ്വീകരിച്ച് കഴിഞ്ഞു ജോർദാൻ നദിയിലെ വെള്ളത്തിൽ നിന്നും യേശു കയറിയ ഉടൻ തന്നെ സ്വർഗ്ഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തിൽ ഇറങ്ങിവരികയും ചെയ്തു. മാത്രമല്ല ഇപ്രകാരമൊരു സ്വരം സ്വർഗ്ഗത്തിൽ നിന്നും കേൾക്കുകയും ചെയ്തു ”ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ സംപ്രീതനായിരിക്കുന്നു” (മർക്കോസ് 1:11). യോഹന്നാന്റെ ജീവിതം അതിന്റെ ദുഃഖകരമായ പര്യവസാനത്തിലേക്ക് അടുത്തുകൊണ്ടിരുന്നു. റോമൻ ചക്രവർത്തിയായിരുന്ന തിബെരിയാസ് സീസറിന്റെ ഭരണത്തിന്റെ പതിനഞ്ചാം വർഷം, ജോർദാന് കിഴക്ക് ഭാഗത്തുള്ള ഗലീലിയും, പെരിയായുമുൾപ്പെടുന്ന പലസ്തീൻ പ്രവിശ്യയുടെ ഉപഭാഗത്തിന്റെ ഗവർണറായിരുന്നു ഹേറോദ് അന്റിപാസ്.
തന്റെ പ്രഘോഷണത്തിനിടക്ക് സ്‌നാപക യോഹന്നാൻ ഹേറോദിന്റെ അന്യായങ്ങളെ നിശിതമായി വിമർശിച്ചിരിന്നു. യഹൂദ നിയമങ്ങളെ ലംഘിച്ചുകൊണ്ട് തന്റെ അർദ്ധസഹോദരനായ ഫിലിപ്പിന്റെ ഭാര്യയായ ഹേറോദിയാസിനെ സ്വന്തമാക്കിയതിനു ഹേറോദിന്റെ മുൻപിൽ വെച്ച് തന്നെ അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു. കുടിലയായ ആ സ്ത്രീ ഗവർണറുടെ അനന്തിരവൾ കൂടിയായിരുന്നു. യോഹന്നാൻ ഒരു ദിവ്യനാണെന്നറിയാവുന്നതിനാൽ ഹെറോദ് അവനെ ബഹുമാനിക്കുകയും, പലകാര്യങ്ങളിലും അവന്റെ ഉപദേശങ്ങൾ അനുസരിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ വ്യക്തിജീവിതത്തെ നിന്ദിക്കുന്നത് അദ്ദേഹത്തിന് സഹിക്കുവാൻ കഴിയുമായിരുന്നില്ല. മാത്രമല്ല കുടിലയായ ഹേറോദിയാസ് നുണകളും, കാപട്യവും വഴി അവന്റെ കോപത്തെ ആളികത്തിക്കുകയും ചെയ്തു. അവസാനം ചാവ് കടലിനു സമീപത്തുള്ള മച്ചീരുസ് കോട്ടയിൽ ഹേറോദ് യോഹന്നാനെ തടവിലിട്ടു.
യോഹന്നാന്റെ തടവിനെകുറിച്ചും, തന്റെ ശിക്ഷ്യൻമാരിൽ ചിലർ അവനെ കാണുവാൻ പോയ കാര്യവും അറിഞ്ഞപ്പോൾ യേശു യോഹന്നാനെ കുറിച്ച് അവരോടു ഇപ്രകാരമാണ് പറഞ്ഞത്: ”ആരെകാണാനാണ് നിങ്ങൾ പോയത്? ഒരു പ്രവാചകനെ? അതെ, ഞാൻ നിങ്ങളോട് പറയുന്നു പ്രവാചകനെക്കാൾ വലിയവനെത്തന്നെ. ഇവനേപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ഇതാ! നിനക്ക് മുൻപേ എന്റെ ദൂതനെ ഞാൻ അയക്കുന്നു. അവൻ നിന്റെ മുമ്പേ പോയി നിനക്ക് വഴിയൊരുക്കും. സത്യമായി ഞാൻ നിങ്ങളോട് പറയുന്നു സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ സ്‌നാപക യോഹന്നാനേക്കാൾ വലിയവനില്ല” (മത്തായി 9: 10-12).
തടവറക്കുള്ളിലും നിശബ്ദനാവാതിരുന്ന യോഹന്നാന്റെ ജീവനെടുക്കുവാനുള്ള ശ്രമങ്ങൾ ഹെറോദിയാസ് അവസാനിപ്പിച്ചില്ല. മാത്രമല്ല യോഹന്നാന്റെ ശിഷ്യൻമാർ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്തു. യോഹന്നാനെ ഇല്ലാതാക്കുവാൻ അവസാനം അവൾക്കൊരു അവസരം വന്നുചേർന്നു. ഹേറോദിന്റെ ജന്മദിനത്തിൽ അവൻ ആ പ്രദേശത്തെ പ്രമുഖരായിട്ടുള്ളവർക്കൊരു വിരുന്നൊരുക്കി. ആ നിന്ദ്യമായ ദിനത്തെ കുറിച്ച് മത്തായി (14), മർക്കോസ് (6), ലൂക്കാ (9) എന്നിവരുടെ സുവിശേഷങ്ങളിൽ ഏതാണ്ട് സമാനമായൊരു വിവരണമാണ് തന്നിട്ടുള്ളത്. ആ വിരുന്നിൽ ഹെറോദിയാസിന് ഭർത്താവിൽ നിന്നും ജനിച്ച 14 വയസ്സുള്ള പുത്രിയായ സലോമി ഹേറോദിനേയും കൊണ്ട്, അവിടെ സന്നിഹിതരായിരുന്ന അതിഥികളേയും തന്റെ മനോഹരമായ നൃത്തത്താൽ സന്തോഷിപ്പിച്ചു. അതിൽ സന്തോഷവാനായ ഹേറോദേസ് തന്റെ അധികാരത്തിന് കീഴിലുള്ള എന്ത് സമ്മാനവും, അത് തന്റെ രാജ്യത്തിന്റെ പകുതിയാണെങ്കിൽ പോലും നൽകാമെന്ന് അവളോട് വാഗ്ദാനം ചെയ്തു.
തന്റെ ദുഷ്ടയായ അമ്മയുടെ സ്വാധീനത്താലും നിർദ്ദേശത്താലും സ്‌നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയിൽ വേണമെന്നാണ് അവൾ ആവശ്യപ്പെട്ടത്. ഭയാനകമായ ആ ആവശ്യം ഹേറോദേസിനെ നടുക്കുകയും, അസ്വസ്ഥനാക്കുകയും ചെയ്തു, എന്നിരുന്നാലും തന്റെ വാക്ക് പാലിക്കാതിരിക്കുവാൻ കഴിയാത്തതിനാൽ സ്‌നാപക യോഹന്നാന്റെ ശിരസ്സ് കൊണ്ട് വരുവാനായി ഹേറോദേസ് തന്റെ ഒരു ഭടനെ തടവറയിലേക്കയച്ചു, അപ്രകാരം സംഭവിക്കുകയും ചെയ്തു. ക്രൂരയായ ആ പെൺകുട്ടി തന്റെ ആ സമ്മാനം ഒരു ഭയവും കൂടാതെ സ്വീകരിക്കുകയും തന്റെ അമ്മക്ക് നൽകുകയും ചെയ്തു. അപ്രകാരം ഭയാനകമായൊരു കുറ്റത്താൽ വിശുദ്ധ സ്‌നാപക യോഹന്നാന്റെ ദൌത്യത്തിന് വിരാമമായി. ഇതിനേക്കുറിച്ച് യേശുവിന്റെ ശിക്ഷ്യൻമാർ അറിഞ്ഞപ്പോൾ അവർ യോഹന്നാന്റെ ശരീരം കൊണ്ട് വരികയും വേണ്ടും വിധം അടക്കം ചെയ്യുകയും ചെയ്തു. യേശു തന്റെ ശിക്ഷ്യൻമാരിൽ ചിലർക്കൊപ്പം മരുഭൂമിയിലേക്ക് പോയി യോഹന്നാന് വേണ്ടി ദുഃഖമാചരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *