Follow Us On

05

May

2024

Sunday

കരിയാറ്റിൽ മൽപ്പാൻ: കേരള ക്രൈസ്തവ സമൂഹം തിരിച്ചറിയേണ്ട വിശുദ്ധൻ!

ജൂഡ്‌സൺ കൊച്ചുപറമ്പൻ

വിഭജിതമായ സഭയിൽ ഐക്യത്തിന്റെ ലേപനം പുരട്ടാൻ ഒരു സമുദായം ഏകശബ്ദമായി തിരഞ്ഞെടുത്ത കരിയാറ്റിൽ മൽപ്പാന്റെ ഓർമദിനം (സെപ്തംബർ 10) ആചരിക്കുമ്പോൾ, അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തിലൂടെ ഒരു സഞ്ചാരം.

ജീവിച്ചിരിക്കെതന്നെ വിശുദ്ധൻ എന്ന് സഭാസമൂഹം വിശേഷിപ്പിച്ച പണ്ഡിതനും വിനീതനുമായ പുണ്യാത്മാവാണ് കരിയാറ്റിൽ മാർ ജോസഫ് മെത്രാപ്പോലീത്ത. പ്രക്ഷുബ്ദ്ധമായ ഒരു കാലഘട്ടത്തിൽ സഭാഗാത്രത്തിൽ ആഴത്തിൽ പതിഞ്ഞ വിഭജനത്തിന്റെ മുറിപ്പാട് തന്റെ ജീവൻ നൽകിക്കൊണ്ട് ഉണക്കാൻ കടന്നുവന്ന ‘തൊഴുത്തിൻ മുറ്റത്ത് വസിക്കുന്ന ഉറങ്ങാത്ത കാവൽക്കാരനായിരുന്നു’ കരിയാറ്റിൽ മെത്രാപ്പോലീത്ത. വിഭജിതമായ സഭയിൽ സഭൈക്യത്തിന്റെ ലേപനം പുരട്ടാൻ ഒരു സമുദായം ഏകശബ്ദമായി വിളിച്ചുപറഞ്ഞ പേരാണ് കരിയാറ്റിൽ മൽപ്പാൻ.

മൂന്ന് നൂറാണ്ടുമുമ്പ് റോമിൽനിന്ന് ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും സഭാനിയമത്തിലും ഡോക്ടറേറ് നേടി തിരികെ മാതൃസഭയിലെത്തി അവിടെ ഒരു സാധുസമാനമായ ജീവിതം നയിച്ച കരിയാറ്റിൽ മൽപ്പാനെ ദൈവം വലിയ നിയോഗങ്ങൾക്കായി വിളിച്ചു. ആലങ്ങാട് മൽപ്പാനേറ്റിൽ മൽപ്പാനായി സേവനം ചെയ്യുമ്പോഴാണ് ‘വേദതർക്കം’ എന്ന കത്തോലിക്കാ വിശ്വാസസംഹിത രചിച്ചത്. സഭക്കുള്ളിലെ പ്രശ്‌നങ്ങൾ മനസിനെ മഥിക്കുമ്പോഴും ഒരു എളിയ ദാസനെപ്പോലെ എല്ലാം ദൈവഹിതത്തിന് സമർപ്പിച്ച കരിയാറ്റി മൽപ്പാനെ ദൈവം പ്രത്യേകം തിരഞ്ഞെടുത്ത് ഉയർത്തി.

പോർച്ചുഗൽ രാജ്ഞി കരിയാറ്റിൽ മെത്രാപ്പോലീത്തയ്ക്ക് സമ്മാനിച്ച കാസയും പീലാസയും കുരിശുമാലയും. പാറേമ്മാക്കൽ തോമാ കത്തനാർ കൊണ്ടുവന്ന ഈ പുണ്യവസ്തുക്കൾ രാമപുരം ദൈവാലയത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

ആലങ്ങാട് മൽപ്പാനേറ്റിന്റെ അധിപനായിരുന്ന കരിയാറ്റിൽ മൽപ്പാനെ വലിയ കാര്യങ്ങൾക്കുവേണ്ടി ഒരു സമുദായം മുഴുവനും മറ്റൊന്നും ആലോചിക്കാതെ തിരഞ്ഞെടുക്കാൻ കാരണമായത് അദ്ദേഹത്തിന്റെ പാണ്ഡിത്യവും കഴിവുകളും എളിമയുമാണ്‌. കൂനൻ കുരിശു സത്യത്തെ തുടർന്ന് വിഭജിതമായ സഭയുടെ പുനരൈക്യത്തിനായി സാഹസികമായി നടത്തിയ റോമായാത്ര പ്രശസ്തമാണ്. ഈ യാത്രയിൽ അദ്ദേഹത്തിന്റെ സഹായാത്രികനായിരുന്ന പാറേമ്മാക്കൽ തോമ്മാ കത്തനാർ രചിച്ച ‘വർത്തമാന പുസ്തക’ത്തിൽ മാർ കാരിയാറ്റിലിനെ കുറിച്ച് വിശേഷിപ്പിക്കുന്നത്, സൗമ്യനും വിശുദ്ധനുമായ എന്റെ മൽപ്പാനച്ചൻ എന്നാണ്.

ഈ വിശുദ്ധിയും ലാളിത്യവും നേരിൽ കണ്ടിട്ടാണ് പോർച്ചുഗൽ രാജ്ഞി കരിയാറ്റി മൽപ്പാനെ സുറിയാനിക്കാർക്ക് വേണ്ടിയിട്ടുള്ള കൊടുങ്ങല്ലൂർ എന്ന പുരാതന അതിരൂപതയുടെ മെത്രാപ്പോലീത്തായായി നിയമിച്ചത്. ഈ സംഭവങ്ങളെല്ലാം നമുക്ക് ഇന്ന് ‘വർത്തമാനപുസ്തക’ത്തിലൂടെ വായിക്കാൻ സാധിക്കും. മെത്രാൻ പട്ടം സ്വീകരിച്ച കരിയാറ്റിൽ മെത്രാപ്പോലീത്തായെ തിരികെ കേരളത്തിൽ ഇറക്കാതെ ആദ്ദേഹത്തെ ഗോവയിൽ എത്തിച്ചു. ഗോവയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മാർ കരിയാറ്റിലിന്റെ ഭൗതികദേഹം ഗോവൻ കത്തിഡ്രലിൽ കബറടക്കിയെങ്കിലും ആ കബറിന്റെ സ്ഥാനം നാളുകളോളം കണ്ടെത്താനാവാതെ പോയി.

വളരെയേറെ വർഷങ്ങൾക്കുശേഷം കോട്ടയം മെത്രാസനത്തിന്റെ മെത്രാനായിരുന്ന മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ ഗോവൻ കത്തീഡ്രലിൽ കുർബാന അർപ്പിച്ചുക്കൊണ്ടിരുന്ന സമയത്ത് യാദൃശ്ചികമായി ധൂപകുറ്റി മറിഞ്ഞ് പരവതാനി കത്തിപോവുകയും കത്തിപ്പോയ ഭാഗത്ത്, അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയ കബറിടം തെളിഞ്ഞ് കാണപ്പെടുകയും ചെയ്തു. ഇത് ഒരു ദൈവനിയോഗമായിരുന്നു- അതുവരെ അജ്ഞാതമായ കബറിടം മലബാർ സഭയുടെ മെത്രാന്റെ സാന്നിധ്യത്തിൽ യാദൃശ്ചികമായി കണ്ടെത്തി.

പിന്നീട് കേരളത്തിലെ കത്തോലിക്കാ കോൺഗ്രസിന്റെ ഇടപെടലുകളിലൂടെ ഗോവൻ കത്തീഡ്രലിൽ 1960 ഡിസംബറിൽ 10ന് കബറിടം തുറക്കുകയും തിരുശേഷിപ്പുകൾ (രക്തം അലിഞ്ഞു ചേർന്ന മണ്ണും തലയോടും ഏതാനും ചില അസ്ഥികളും അംശവസ്ത്രത്തിന്റെ ഭാഗങ്ങളും) ഒരു കുടത്തിലാക്കി ആലങ്ങാട് പള്ളിയിൽ കബറടക്കുകയും ചെയ്തു. വിശുദ്ധജീവിതം നയിച്ച മാർ കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ കബറിടം ഇന്ന് ആലങ്ങാട് പഴയ സുറിയാനി പള്ളിയിൽ വിസ്മൃതിയിലാണ്ട് സ്ഥിതി ചെയ്യുന്നു. മാർ കരിയാറ്റിലിന്റെ മരണം ആക്‌സ്മികമായി സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന സഭാവഴക്കുകളോ കോടതി വ്യവഹാരങ്ങളോ ഉണ്ടാകാത്തവിധം ഒറ്റസഭയായി കേരളത്തിലെ സഭ മാറിയേനെ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?