പാരീസ്: ഫ്രാന്‍സിലെ നാസി അധിനിവേശത്തിലും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലും രക്തസാക്ഷികളായ 174 പേരെ ഫ്രാന്‍സിലും സ്‌പെയിനിലും നടന്ന വ്യത്യസ്ത ചടങ്ങുകളില്‍ വാഴ്ത്തപ്പെട്ടരായി പ്രഖ്യാപിച്ചു. പാരീസിലെ നോട്ടര്‍ ഡാം കത്തീഡ്രലിലും സ്‌പെയിനിലെ ജാനിലുള്ള അസംപ്ഷന്‍ കത്തീഡ്രലിലും നടന്ന ചടങ്ങുകളില്‍ ലക്‌സംബര്‍ഗ് കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് ജീന്‍-ക്ലോഡ് ഹോളറിച്ചും വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍സെല്ലോ സെമേരാരോയും യഥാക്രമം കാര്‍മികത്വം വഹിച്ചു.
വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബയെപ്പോലെ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആറുമക്കളുടെ പിതാവിന്റെ സ്ഥാനത്ത് പകരം മരണം വരിച്ച വൈദികന്‍, ദരിദ്രര്‍ക്കായി സൂപ്പ് കിച്ചണ്‍ തുറന്ന വിധവ, വികലാംഗനായ വ്യക്തി, വധശിക്ഷയ്ക്ക് 10 ദിവസം മുമ്പ് മാത്രം വൈദികനായ വ്യക്തി എന്നിങ്ങനെ, സ്‌പെയിനിലെ 20-ാം നൂറ്റാണ്ടിലെ മതപീഡനത്തില്‍ കൊല്ലപ്പെട്ട 124 രക്തസാക്ഷികളെയാണ് സ്‌പെയിനില്‍ നടന്ന ചടങ്ങില്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.
‘സ്പാനിഷ് കോള്‍ബെ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫാ. ഫ്രാന്‍സിസ്‌കോ ഡി പോള പാഡില്ലയും പുതിയ വാഴ്ത്തപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ജാനിലെ അര്‍ജോണ മുനിസിപ്പാലിറ്റിയിലെ ഇടവക വികാരിയായിരുന്ന ഫ്രാന്‍സിസ്‌കോ ഡി പോളയ്ക്ക് ജീവന്‍ വെടിയുമ്പോള്‍ 44 വയസായിരുന്നുവെന്ന് അദ്ദേഹത്തിന്റെ നാമകരണനടപടികളുടെ പോസ്റ്റുലേറ്ററായ റാഫേല്‍ ഹിഗുവേരസ് പറഞ്ഞു. 1937 ഏപ്രില്‍ 3 ന് രാത്രി, ജയിലാക്കി മാറ്റിയ ജാനിലെ കത്തീഡ്രലില്‍, അദ്ദേഹം ഒരു സഹതടവുകാരന്‍ കരയുന്നത് കണ്ടു. വധശിക്ഷയ്ക്ക് വിധേയമാകുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത് ആറ് കുട്ടികളുടെ പിതാവായ ജോസിനെയായിരുന്നു ആ സഹതടവുകാരന്‍. തുടര്‍ന്ന് ഫാ. ഫ്രാന്‍സിസ്‌കോ പട്ടാളക്കാരോട് ജോസിന്റെ സ്ഥാനത്ത് തന്നെ പോകാന്‍ അനുവദിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഓഷ്വിറ്റ്‌സ് തടങ്കല്‍പ്പാളയത്തില്‍ മാക്‌സിമിലിയന്‍ കോള്‍ബെ ചെയ്തതുപോലെ അദ്ദേഹം സ്വയം മരണത്തിന് കീഴടങ്ങി.
1944 നും 1945 നും ഇടയില്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് വിശ്വാസത്തോടുള്ള വിദ്വേഷം മൂലം നാസികള്‍ കൊലപ്പെടുത്തിയ 50 യുവ രക്തസാക്ഷികളെയാണ് ഫ്രാന്‍സില്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതലാളുകളെ ഒരുമിച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ചടങ്ങില്‍ നാസി അധിനിവേശകാലത്ത് കൊല്ലപ്പെട്ട ഫാ. റെയ്മണ്ട് കെയ്‌റെ, ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്‌സ് മൈനറിലെ ജെറാര്‍ഡ്-മാര്‍ട്ടിന്‍ സെന്‍ഡ്രിയര്‍, സെമിനാരിയന്‍ റോജര്‍ വല്ലെ, അല്‍മായനായ ജീന്‍ മെസ്‌ട്രെ എന്നിവരെയും നാല്‍പ്പത്തിയാറ് സഹചാരികളെയുമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.
പുതിയതായി വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടവരെ ലിയോ 14-ാമന്‍ മാര്‍പാപ്പ ‘സുവിശേഷത്തിന്റെ ധീരരായ സാക്ഷികള്‍’ എന്ന് വിശേഷിപ്പിച്ചു.
പുതിയതായി വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടവരെ ലിയോ 14-ാമന്‍ മാര്‍പാപ്പ ‘സുവിശേഷത്തിന്റെ ധീരരായ സാക്ഷികള്‍’ എന്ന് വിശേഷിപ്പിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *