വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സഭകള്‍ ഇപ്പോള്‍തന്നെ ഒന്നാണെന്നും അത് തിരിച്ചറിയുകയും അനുഭവിക്കുകയും പ്രകടമാക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും ലിയോ 14 -ാമന്‍ പാപ്പ. സഭൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയില്‍ നടന്ന പ്രത്യേക സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു പാപ്പ.
പൗലോസ് ശ്ലീഹായെപ്പോലെ ക്രിസ്തുവിനെ ലോകത്തിന് മുന്‍പില്‍ പ്രഘോഷിക്കുക എന്നത് എല്ലാ ക്രൈസ്തവരുടെയും പൊതുവായ ദൗത്യമാണെന്ന് പൗലോസ് ശ്ലീഹായുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത ബസിലിക്കയില്‍ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ഒരോ വര്‍ഷവും ആചരിക്കുന്ന ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരം ഈ മിഷനോടുള്ള പ്രതിബദ്ധത നവീകരിക്കാന്‍ നമ്മെ ക്ഷണിക്കുന്നു. ഭിന്നതകള്‍ ക്രിസ്തുവിന്റെ പ്രകാശത്തെ തടയുന്നില്ലെങ്കിലും, ആ പ്രകാശത്തെ പ്രതിഫലിപ്പിക്കേണ്ട സഭയുടെ മുഖശോഭക്ക് മങ്ങലേല്‍പ്പിക്കുന്നു.
‘എല്ലാവരുടെയും പിതാവായ ഏക ദൈവത്തിലുള്ള ഒരേ വിശ്വാസത്തില്‍ നാം പങ്കുചേരുന്നു. ഏക കര്‍ത്താവും ദൈവത്തിന്റെ സത്യപുത്രനുമായ യേശുക്രിസ്തുവിനെയും പൂര്‍ണ ഐക്യത്തിലേക്കും സുവിശേഷത്തിന്റെ പൊതുവായ സാക്ഷ്യത്തിലേക്കും നമ്മെ നയിക്കുന്ന ഏക പരിശുദ്ധാത്മാവിനെയും നമ്മള്‍ ഒരുമിച്ച് ഏറ്റുപറയുന്നു,’ നിഖ്യാ വിശ്വാസപ്രമാണം രൂപീകരിച്ചതിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലിയോ പാപ്പ പുറപ്പെടുവിച്ച അപ്പസ്‌തോലിക ലേഖനമായ ‘ ഇന്‍ യൂണിതാത്തെ ഫിദെയ്’ ഉദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.
ഈ വര്‍ഷത്തെ സഭൈക്യവാര പ്രാര്‍ത്ഥനകള്‍ തയാറാക്കിയ അര്‍മേനിയന്‍ സഭയ്ക്ക് മാര്‍പാപ്പ പ്രത്യേകം നന്ദി അറിയിച്ചു. ലോകത്തിലെ ആദ്യ ക്രൈസ്തവ രാഷ്ട്രമെന്ന് അറിയപ്പെടുന്ന അര്‍മേനിയയുടെ വിശ്വാസ പാരമ്പര്യത്തെയും സുവിശേഷ പ്രഘോഷണത്തിലെ അവരുടെ പങ്കിനെയും പാപ്പ പ്രശംസിച്ചു. എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റ് പ്രതിനിധി മെട്രോപൊളിറ്റന്‍ പോളികാര്‍പ്പോസ്, അര്‍മേനിയന്‍ അപ്പസ്‌തോലിക സഭയിലെ ആര്‍ച്ചുബിഷപ് ഖാജാക് ബര്‍സാമിയന്‍, ആംഗ്ലിക്കന്‍ ബിഷപ് ആന്റണി ബാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















Leave a Comment
Your email address will not be published. Required fields are marked with *