Follow Us On

22

January

2026

Thursday

ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ രക്തസാക്ഷിത്വത്തിന് 27 വയസ്

ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ രക്തസാക്ഷിത്വത്തിന് 27 വയസ്
ഭുവനേശ്വര്‍ (ഒഡീഷ): ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സ്, മക്കളായ 10 വയസുകാരന്‍ ഫിലിപ്പ്, ആറു വയസുകാരന്‍ തിമോത്തി എന്നിവരുടെ രക്തസാക്ഷിത്വത്തിന് 27 വയസ്.  1999 ജനുവരി 22-ന് അര്‍ദ്ധരാത്രിയിലായിരുന്നു രാജ്യത്തെ നടുക്കിയ ആ കൊടുംക്രൂരത നടന്നത്.
ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പുര്‍ ഗ്രാമത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിലും പ്രാര്‍ത്ഥനാ സമ്മേളനത്തിലും പങ്കെടുക്കാന്‍ എത്തിയതായിരുന്നു സ്റ്റെയിന്‍സ് മക്കള്‍ക്കൊപ്പം. ജീപ്പിനുള്ളില്‍ കിടന്നുറങ്ങിയിരുന്ന അവരെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ പ്രവര്‍ത്തകരായ ദാരാസിംഗിന്റെ നേതൃത്വലുള്ള 50 അംഗ സം ഘം പെട്രോളിച്ച് തീവയ്ക്കുകയായിരുന്നു.
രക്ഷപ്പെടാന്‍ ശ്രമിച്ച അവരെ ആയുധങ്ങള്‍ ഉപയോഗിച്ച് അഗ്‌നികുണ്ഠത്തിലേക്ക് വീണ്ടും തള്ളിയിട്ടു. ആ സമയം ഭാര്യ ഗ്ലാഡിസും മകള്‍ എസ്തറും ബാരിപഡയിലെ വീട്ടിലായിരുന്നു.
1941-ല്‍ ഓസ്ട്രേലിയയിലെ പാംവുഡ്സില്‍ ജനിച്ച ഗ്രഹാം സ്റ്റെയിന്‍സ് 1965-ലായിരുന്നു ഇന്ത്യയിലെത്തിയത്. തുടര്‍ന്നുള്ള 34 വര്‍ഷം മയൂര്‍ബഞ്ച് ജില്ലയിലെ കുഷ്ഠ രോഗികള്‍ ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.  നാട്ടുകാര്‍ സായിബോ എന്നായിരുന്നു സ്നേഹപൂര്‍വം വിളിച്ചിരുന്നത്.
കുഷ്ഠരോഗികള്‍ക്കിടയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയിരുന്ന ഓസ്ട്രേലിയന്‍ വനിത ഗ്ലാഡിസിനെ 1983-ലായിരുന്നു വിവാഹം ചെയ്തത്. ബാരിപാഡ ഗ്രാമത്തില്‍ വളരെ പരിമിതമായ സൗകര്യങ്ങളിലായിരുന്നു പിന്നീട് ആ കുടുംബം ജീവിച്ചത്.
ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും ദാരുണ മരണത്തിനുശേഷവും മതംമാറ്റം നടത്തിയതുകൊണ്ടാണ് അദ്ദേഹം അക്രമിക്കപ്പെട്ടതെന്ന വാദം നിരത്തി തീവ്രഹിന്ദു ത്വസംഘടനകള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, ഈ കേസ് അ ന്വേഷിച്ച വാധ്വാ കമ്മീഷന്‍ കണ്ടെത്തിയത് അവിടെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ല എന്നായിരുന്നു.
ഭര്‍ത്താവിനെയും തന്റെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളോടും കൊടുംക്രൂരത കാട്ടിയവരോട് ക്ഷമിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച ഗ്ലാഡിസ് സ്റ്റെയിന്‍സ് 2004 വരെ ഭര്‍ത്താവ് ചെയ്തിരുന്ന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയില്‍ തുടര്‍ന്നു. 2005-ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി അവരുടെ പ്രവര്‍ത്തനങ്ങളെ ആദരിച്ചു.
അതേതുടര്‍ന്ന് ലഭിച്ച സംഭാവനകള്‍ ഉപയോഗിച്ച് ഗ്രഹാം  സ്റ്റെയിന്‍സിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്ന കുഷ്ഠ രോഗാശുപത്രി വിപൂലീകരിച്ച് ഗ്രഹാം സ്റ്റെയിന്‍സ് മെമ്മോറിയല്‍ ആശുപത്രി എന്നു പേരു നല്‍കിയിരുന്നു.
വിവാഹിതയായ മകള്‍ ഡോ. എസ്തറിനും ഭര്‍ത്താവ് റൂബെനും നാലു കൊച്ചുമക്കള്‍ക്കുമൊപ്പം ഓസ്ട്രേയയിലെ ടൗണ്‍സ് വില്ലിലാണ്, ക്രിസ്തീയ ക്ഷമയുടെ ആള്‍രൂപമായി മാറിയ ഗ്ലാഡിസ് സ്റ്റെയിന്‍സ് ഇപ്പോള്‍ താമസിക്കുന്നത്.
അതേസമയം, അന്നത്തെ അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന ചെങ്കു ഹാന്‍സ്ദ കഴിഞ്ഞ വര്‍ഷം മാസാന്തരപ്പെട്ട് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 14 വര്‍ഷത്തെ തടവു ശിക്ഷയായിരുന്നു ലഭിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നതെന്നായിരുന്നു ചെങ്കു ഹാന്‍സ്ദ മാധ്യമങ്ങളോടു പറഞ്ഞത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?