അബുജ: നൈജീരിയയിലെ കടുന സംസ്ഥാനത്ത് ഞായറാഴ്ച പ്രാര്‍ത്ഥന നടന്നു കൊണ്ടിരുന്ന പള്ളികള്‍ അക്രമിച്ച സായുധ സംഘം 160-ലധികം പേരെ തട്ടിക്കൊണ്ടുപോയി. കുര്‍മിന്‍ വാലി ഗ്രാമത്തിലെ ഇവാഞ്ചലിക്കല്‍ പള്ളികളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെ ആയുധങ്ങളുമായി എത്തിയ അക്രമികള്‍ പള്ളികള്‍ വളയുകയും വിശ്വാസികളെ കാട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോവുകയുമായിരുന്നു. കുട്ടികളും സ്ത്രീകളും പ്രായമായവരും തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെടുന്നു. ഫുലാനി തീവ്രവാദികളാണ് ഈ അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
ആദ്യഘട്ടത്തില്‍ സംഭവം സ്ഥിരീകരിക്കാന്‍ തയാറാകാതിരുന്ന പോലീസ് സഭാനേതാക്കള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് തീവ്രവാദികളുടെ ആക്രമണം നടന്നതായി സമ്മതിച്ചത്. 172 പേരെ തട്ടിക്കൊണ്ടുപോയതായും ഇതില്‍ ഒന്‍പത് പേര് രക്ഷപെട്ടതിനെ തുടര്‍ന്ന് 163 പേര് തീവ്രവാദികളുടെ പിടിയില്‍ തുടരുന്നതായും ക്രിസ്റ്റ്യന്‍ അസോസിയേഷന് ഓഫ് നൈജീരിയ വ്യക്തമാക്കി. അതേസമയം തട്ടിക്കൊണ്ടുപോയവരില്‍ കത്തോലിക്കരില്ലെന്ന് കഡുന ആര്‍ച്ചുബിഷപ് മാത്യു മാന്‍ ഒസോ ദഗോസോ വ്യക്തമാക്കി. വളരെ ഉള്‍പ്രദേശത്താണ് അക്രമം നടന്നിരിക്കുന്നതെന്നും ഇവിടെ നിന്ന് വാര്‍ത്തകള്‍ ലഭിക്കുക ദുഷ്കരമാണെന്നും ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.
ഒരാഴ്ച മുമ്പ് ഇതേ പ്രദേശത്തു നിന്ന് 21 പേരെ തട്ടിക്കൊണ്ടുപോയിരുന്നു. ഏഴ് മില്യന്‍ നായിര മോചനദ്രവ്യമായി നല്‍കിയതിനെ തുടര്‍ന്നാണ് അവരെ മോചിപ്പിച്ചത്. കാടുമൂടിയ ഈ പ്രദേശത്ത് സൈന്യവും പോലീസും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നൈജീരിയയില്‍ തീവ്രവാദ സംഘങ്ങള്‍ നടത്തുന്ന മതത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്ക് പുറമെ മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലുകളും വര്‍ധിച്ചുവരുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
















Leave a Comment
Your email address will not be published. Required fields are marked with *