Follow Us On

02

May

2024

Thursday

വിദ്വേഷം

വിദ്വേഷം

വിദ്വേഷം വിഷമാണെന്ന് ആ വാക്കില്‍ത്തന്നെ ഉള്‍പ്പെടുത്തിയ മലയാള ഭാഷക്കെന്റെ പ്രണാമം. ‘ദ്വേ’ എന്ന വാക്ക് മാറ്റിയാല്‍ ശേഷിക്കുന്നത് വിഷം ആണെന്ന് മാലോകര്‍ക്കൊക്കെ നല്ല ധാരണയു ണ്ടായിട്ടും വിദ്വേഷത്തെ നട്ടുവളര്‍ത്തുന്ന നല്ലവരായ ഉണ്ണിമാരെക്കൊണ്ട് നാട് നിറയുന്നുണ്ട്.
പ്രതികാരത്തിന്റെ വ്യത്യസ്ത ഭാവതലങ്ങള്‍ പറഞ്ഞുതരുന്ന മുഖങ്ങളെ വാഴ്‌വിലുള്ളൂ എന്ന് കവി കലഹിക്കുമ്പോള്‍ ആ കലഹം വെറും ജല്പനമായി കരുതാന്‍ ആവുന്നില്ല… രാത്രി ചാനല്‍ ഓണ്‍ ചെയ്യാനും കാണാനും ഇപ്പോള്‍ എനിക്ക് പേടിയാണ്…

ക്രൈം ഫയലും ക്രൈം സ്‌റ്റോറിയുമെല്ലാം സ്‌പോണ്‍സേഡ് പ്രോഗ്രാമായി മാറുമ്പോള്‍ തുറന്നു വച്ച കാലത്തിന്റെ ദുര്‍ഗന്ധം നാസാരന്ധ്രങ്ങളെ മാത്രമല്ല ജീവനെത്തന്നെ മലീമസമാക്കുന്നു. ഭാര്യയുടെ ഒരു തെറ്റായ ഫോണ്‍ വിളി തിരുത്താതെ അവളെ ആരും കാണാതെ വീട്ടുമുറ്റത് കുഴിച്ചിട്ട് മാന്യമായി മാസങ്ങള്‍ നടന്ന ഭര്‍ത്താവിനെ പോലീസ് പിടിച്ചതും, ഭാര്യയെ കൊന്നതിന്റെ ഒരു സങ്കടംപോലും മുഖത്തില്ലാതെ ആണുങ്ങള്‍ക്കുള്ള തറവാടാണ് വിയ്യൂര്‍ സെന്റര്‍ ജയില്‍ എന്നൊക്കെ പറഞ്ഞ് ചങ്കുറ്റത്തോടെ നടന്നു നീങ്ങുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഇന്ന് വിരളമല്ല.

ശത്രുവിനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാന്‍ പറയുന്ന കാല്‍വരി നാഥന്റെ സ്വരം പ്രിയ ചങ്ങാതി നീ കേള്‍ക്കുന്നുണ്ടോ? യുദ്ധമല്ല സമാധാനമാണ് മനുഷ്യന്റെ ഭാഷയെന്നും നിങ്ങളുടെ ബൂട്ടിനു വലതും പറ്റിയോ എന്ന് സങ്കടപ്പെടുന്ന ഗാന്ധി അപ്പാപ്പനുമൊക്കെ ഇന്ന് വെറും പാഠപുസ്ത കത്തിലെ പുലികള്‍ മാത്രമായി പരിലസിക്കുന്നത് ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍.

നോമ്പില്‍ വീണ്ടും മോശയെ ഓര്‍ക്കണം സുഹൃത്തേ. പുരോഹിതനായ മോശയെ എത്ര മോശപ്പെട്ട ഭാഷയിലാണ് മിറിയാം അവതരിപ്പിച്ചത്. ഉള്ളില്‍ ശത്രുതയുടെ കൂരമ്പുകള്‍ ഒളിപ്പിച്ചു അവള്‍ അവന്റെ നാശം ആഗ്രഹിച്ചു എന്നാണ് തിരുവചനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതൊക്കെ അറി ഞ്ഞിട്ടും ശത്രുത സൂക്ഷിക്കാതെ മോശ അവളെ വെറുത്തില്ലെന്നു മാത്രമല്ല അവള്‍ക്കായി മിഴിനീരോഴുക്കി പ്രാര്‍ത്ഥിച്ചു അവള്‍ക്കു വന്ന കുഷ്ടം മാറ്റി എന്ന് വെറുതെ ഈ നോമ്പ് കാലത്ത് വായിച്ചവസാനിപ്പിക്കല്ലേ സുഹൃത്തേ. നിന്നോടും മോശ ഇതുപോലെ ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. ഈശോയെ മോശയായി പുതിയ നിയമം ചിത്രീകരി ച്ചത് ഈ പ്രവൃത്തികൊണ്ടാവനാണ് സാധ്യത. ചങ്കില്‍ കുത്തിമുറിവേല്പിച്ചവനെ നോക്കി നില്ക്കാന്‍ എന്റെ ചുള്ളാ നിനക്ക് എങ്ങനെ കഴിഞ്ഞെന്നു ക്രൂശിതനെ നോക്കി ഈ നോമ്പ് കാലത്ത് പലവുരി ചോദിക്കണം.

പ്രതികാരം ചെയ്യുന്നവരെ ദൈവം വെറുതെ വിടില്ലെന്നു പറഞ്ഞ് കര്‍ത്താവിന്റെ കരുണ മാത്രം ധ്യാനിച്ചു നോമ്പില്‍ പോയാല്‍ പോരാ കുഞ്ഞേ.
ദൈവം പ്രതികാരം ചെയ്തവരെ തിരഞ്ഞു പിടിച്ചു പഞ്ഞിക്കിടുന്ന പഴയ നിയമ ടെക്സ്റ്റ് ഒന്ന് പൊടിതട്ടി എടുത്തു ഈ നോമ്പിലെങ്കിലും മനസിരുത്തി വായിക്കണം.
അവന്‍ സിംഹങ്ങളെ അയച്ചു ദൈവഭക്തരെ സംരക്ഷിക്കുകയും ദൈവ ഭക്തരെ ഉപദ്രവിച്ചവരെ നശിപ്പിച്ചുകളയുകയും ചെയ്‌തെന്നു എത്ര ഭയപ്പാടോടെയാണു ചങ്ങാതി ഇനിമുതല്‍ വായിക്കേണ്ടത്.

മിറിയാമിനെ കൂടെ ഓര്‍ത്തു ഈ നോമ്പ് വിചാരം അവസാനിപ്പിക്കാം. മോശക്കെതിരെ പ്രതികാരം ചെയ്ത് മോശം വാക്ക് പറഞ്ഞ മിറിയാമിനോട് ദൈവം പ്രതികാരം ചെയ്തത് ദേഹത്ത് മുഴുവന്‍ കുഷ്ടം കൊടുത്താണ്. ഒരു പുരോഹിതനെ വളഞ്ഞിട്ടു ആക്രമിച്ച ഒരു ഇടവകയില്‍ ഏതാനും ചെറുപ്പക്കാരേ എനിക്കറിയാം. ഒട്ടും അതിശയോക്തിയില്ലാതെ എനിക്ക് സ്വകാര്യമായി പറയാം ചെയ്ത തെറ്റിന് അച്ചനെ തിരെ തിരിഞ്ഞു ഗൂഢാലോചന നടത്തി അച്ചന്റെ സല്‍പ്പേര് നശിപ്പിച്ചവര്‍ക്ക് അധികകാലം വീട്ടില്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല… പ്രതികാരം ഉപേക്ഷിച്ചില്ലെങ്കില്‍ ഉറക്ക ഗുളികകള്‍ ഹോള്‍സെയില്‍ വിലക്കു വാങ്ങി വീട്ടില്‍ സൂക്ഷിക്കേണ്ടി വരും, ജാഗ്രതെ!

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?