അനുസരണത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയാണ് ക്രൂശിതന്‍ സ്വര്‍ഗത്തിന്റെ ശ്രീകോവിലില്‍ ചെന്നെത്തിയത്. അനുസരണ ത്തിന്റെ എല്ലാ വഴികളും ക്രിസ്തുവിന് വേണ്ടതിലധികം പരിചിതമായിരുന്നു. അനുസരണത്തില്‍ അഭിഷേകത്തിന്റെ മുത്തും പവിഴവും ഒളിച്ചിരിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ഉത്തമ പുരുഷനായിരുന്നു ക്രിസ്തു. കാനായിലും കാല്‍വരിയിലും അവന്‍ അനുസരണത്തിന്റെ പ്രവൃത്തികള്‍ മാത്രമേ ചെയ്തുള്ളൂ. മോനെ അവര്‍ക്ക് വീഞ്ഞില്ല അവരെ രക്ഷിക്കൂ എന്ന് ആവശ്യപ്പെടുമ്പോള്‍ അവന് അന്ന് അനുസരിക്കാതിരിക്കാന്‍ കാരണങ്ങള്‍ ഏറെ തിരയാമായിരുന്നു. ഈ അനുസരണം അവന്റെ ജീവിത ചക്രത്തിന്റെ ആയുസ് കുറയ്ക്കുമെന്നറിഞ്ഞിട്ടും അവന്‍ അനുസരിക്കാതിരുന്നില്ല. അനുസരണത്തിന്റെ നാര്‍ദ്ധീന്‍ തൈലം അവന്റെ ഉടലില്‍ എന്നും പരിമളം പരത്തിയിരുന്നു.
അവന് കാല്‍വരി കയറാതെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പലതുമുണ്ടായിരുന്നു. അവനെ പിടിക്കാന്‍ വന്നവരില്‍ നിന്നെല്ലാം വിദഗ്ദമായി ഒഴിഞ്ഞു മാറാന്‍ പലപ്പോഴും അവന് കഴിഞ്ഞിരുന്നു. എന്നിട്ടും എന്തേ അങ്ങനെ നസ്രായന്‍ ചെയ്തില്ല എന്ന് ചോദിക്കുമ്പോള്‍ അന്നുവരെയും ആബ്ബാ പിതാവ് കുരിശെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല എന്ന് ഉത്തരം എഴുതാം. പിതാവ് അനുസരണം ആവശ്യപ്പെടുമ്പോള്‍ ജീവന്‍പോലും ത്യജിച്ച് അനുസരിക്കാന്‍ ക്രിസ്തുവിനോളം ആര്‍ക്കും കഴിഞ്ഞിട്ടില്ല.
നോമ്പില്‍ നീ അനുസരണ വ്രതം പാലിക്കുന്നവനാണോ എന്നാണ് ആലോചി ക്കേണ്ടത്. മറ്റുള്ളവര്‍ കളിയാക്കാതിരിക്കാനുള്ള മിനിമം അനുസരണമൊക്കെ നമുക്കുണ്ട്. എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ പരിഭവം പറയാതെ നീ അനുസരിക്കുമ്പോഴേ അഭിഷേകം ലഭിക്കുകയുള്ളൂ എന്ന് ഈ നോമ്പിലെങ്കിലും നമുക്ക് പഠിച്ചെ ടുക്കാം. ഫുള്‍ടെന്‍.ജെ.ഷീന്‍ എന്ന വലിയ സുവിശേഷ പ്രഘോഷകന്‍ ഈ അനുസരണം ജീവിത വഴിയില്‍ പ്രാവര്‍ത്തികമാക്കിയ പുണ്യത്മാവാണ്. നല്ല ബുദ്ധിജീവികള്‍ക്കുമാത്രം കിട്ടുന്ന സ്‌കോളര്‍ഷിപ് കിട്ടാന്‍ കൊതിക്കാത്ത ആരും തന്നെ ആ നാട്ടില്‍ ഉണ്ടായിരുന്നില്ല.
എന്നിട്ടും ആ സ്‌കോളര്‍ഷിപ് അധികാരികളോടുള്ള അനുസരണയെ പ്രതി കീറിക്കളഞ്ഞത് തന്നെയാണ് ഷീനിന്റെ പിന്നീടുള്ള ജീവിതത്തിന് കൂടുതല്‍ അഭിഷേകം കൊടുത്തത്. അനുസരണയോടെ ജീവിക്കാന്‍ തുടങ്ങിയ ഷീനിന്റെ പ്രഭാഷണങ്ങള്‍ക്കു വേണ്ടി അമേരിക്കയിലെ ജനങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങി. വ്യത്യസ്ത വിഷയങ്ങളും നവീനമായ ആശയ ങ്ങളും ആരും ചിന്തിക്കാത്ത പുതുമയുള്ള ദൈവസ്‌നേഹത്തിന്റെ ഉണര്‍ത്തുപാട്ടുമെല്ലാം ഷീനില്‍ ഉയിര്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിവ് കിട്ടിയത് അനുസരണം ജീവിത വ്രതമാക്കിയപ്പോഴാണ്.
അനുസരിക്കാനാണ് ഇന്ന് ഏറെ പ്രയാസം. സ്വന്തം ഇഷ്ടത്തെ ഹനിക്കുന്ന ഒരു അനുസരണയും ഇന്നാരും എവിടേയും പ്രാവര്‍ത്തികമാക്കുന്നില്ല എന്നതാണ് സങ്കടം. ക്രൂശിതനെ ധ്യാനിച്ച് അനുസരണത്തിന്റെ രുചി നുകരാന്‍ ഈ നോമ്പില്‍ നമുക്ക് പ്രതിജ്ഞ എടുക്കാം.
Leave a Comment
Your email address will not be published. Required fields are marked with *