ഫാ. ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF
ബിഎഡ് കോഴ്‌സിന്റെ ഭാഗമായിട്ടുള്ള ടീച്ചര്‍ ട്രെയിനിങ്ങ് പരിശീലനത്തിനു പോയതിനു ശേഷം തിരിച്ചുവന്ന് ഞങ്ങളുടെ കോളേജിലെ പ്രിന്‍സിപ്പലിനോട് പറഞ്ഞു: ”ടീച്ചര്‍, വളരെ മോശം വിദ്യാര്‍ത്ഥികളെയാണ് ഞങ്ങള്‍ക്കു കിട്ടിയത്. ഒട്ടും ശ്രദ്ധിക്കാത്തവര്‍, ക്ലാസില്‍ കൂവുന്നവര്‍…” പരാതികള്‍ നീണ്ടപ്പോള്‍ ടീച്ചര്‍ പറഞ്ഞു, ”മതി, നിര്‍ത്ത് ! ഞാനൊന്നു ചോദിച്ചോട്ടെ, ആ കുട്ടികളെ അത്രയും നേരം സഹിച്ചതിന് സ്‌കൂള്‍ മാനേജുമെന്റ് വല്ല പൊന്നാടയും തരണമായിരുന്നോ? എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, കുട്ടികള്‍ എത്ര മോശം ആകുന്നുവോ, അതിന്റെ ഇരട്ടി മെച്ചപ്പെട്ടവരായിരിക്കണം അധ്യാപകര്‍. അതു സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അധ്യാപന ജോലിക്ക് വിളിക്കപ്പെട്ടവരല്ല.” പുതിയ ഉള്‍ക്കാഴ്ചയോടെയാണ് ഞങ്ങള്‍ ആ മുറിയില്‍നിന്നും പുറത്തിറങ്ങിയത്.
തോല്പിക്കപ്പെടുന്നവര്‍
പരീക്ഷകളുടെ റിസല്‍ട്ടു വന്നുകൊണ്ടിരിക്കുന്ന കാലമാണ്. തോല്ക്കാന്‍ ബുദ്ധിമുട്ടുള്ള കാലമാണ് എന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ ഇന്നും തോല്ക്കുന്നവര്‍ ഉണ്ട്. ഒരു വിദ്യാര്‍ത്ഥിയെ തോല്‍വിയിലേക്ക് നയിക്കുന്നത് രണ്ടു കാര്യങ്ങളാണ്.1. പഠന രീതിയിലുള്ള വൈകല്യം. 2. ജന്മവാസനയുള്ള മേഖല കണ്ടെത്താനുള്ള ബുദ്ധിമുട്ട്.
വ്യത്യസ്ത തരത്തിലുള്ള ബുദ്ധിശക്തിയുള്ള കുട്ടികളെ ഒരുമിച്ചിരുത്തി പൊതുവായ രീതിയില്‍ പാഠങ്ങള്‍ പഠിപ്പിക്കുകയാണ് അധ്യാപകര്‍ ചെയ്യുന്നത്. പഠിപ്പിച്ചതിന്റെ അടുത്ത ദിവസം ചോദ്യങ്ങള്‍ ചോദിക്കുന്നു. ഉത്തരം പറയുന്ന കുട്ടി എന്നും ഉത്തരം പറയുന്നു. പറയാത്തവര്‍ അപമാനിക്കപ്പെടുന്നു. പത്താം ക്ലാസിലെ അധ്യാപകന്‍ ഒന്നും അറിയാത്ത കുട്ടിയെ നോക്കി ഇങ്ങനെ ചോദിച്ചെന്നുവരാം: ”ഈ കുട്ടി ഇത്രയും കാലം സ്‌കൂളില്‍ എന്തെടുക്കുകയായിരുന്നു?” തീര്‍ന്നില്ല, ഒരു പബ്ലിക് പരീക്ഷ നടത്തി ആ കുട്ടി തോറ്റവനാണ് എന്നു സര്‍ക്കാരും പ്രഖ്യാപിക്കുന്നു. എഴുതാനും വായിക്കാനും അറിയാത്ത കുട്ടി തോറ്റവനാണ് എന്നു പ്രഖ്യാപിക്കാന്‍ പൊതുസമൂഹവും കൂടുന്നു.
‘ശിക്ഷണം’ തെറ്റിദ്ധരിക്കപ്പെടുമ്പോള്‍
‘ചെറുപ്പം മുതല്‍ ഞങ്ങള്‍ അവനെ ഉപദേശിച്ചതാണ്, ആ കുട്ടി ഉഴപ്പനാണ്.’ എന്നും പറയുന്നവരുണ്ട്. ഒരു വിദ്യാര്‍ത്ഥി പഠിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ കൂടെയുണ്ട് എന്ന ബോധ്യമല്ലേ അധ്യാപകര്‍ കൊടുക്കേണ്ടത് ? എന്തുകൊണ്ട് ഒരു കുട്ടി പഠിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം മാതാപിതാക്കളും അധ്യാപകരും കണ്ടെത്തണം. അക്കാദമിക് ഇന്റലിജന്‍സ് കുറവുള്ള വിദ്യാര്‍ത്ഥിക്ക് എന്തിനാണ് സിവില്‍ സര്‍വീസിന്റെ പരിശീലനം നല്‍കുന്നത് ? ഒന്നാം ക്ലാസിലെ കുട്ടിയെ നോട്ടെഴുതിയില്ല എന്ന കാരണത്താല്‍ ക്ലാസിന് വെളിയില്‍ നിര്‍ത്തിയ അധ്യാപകരുള്ള നാടാണ് നമ്മുടേത്. അന്നുമുതല്‍ ആ കുട്ടി കഴിവില്ലാത്തവനായി മുദ്രകുത്തപ്പെടുന്നു. ശിക്ഷണം എന്ന വാക്കിന്റെ അര്‍ത്ഥം പലര്‍ക്കും മനസിലാകുന്നില്ല. ഒരു കുട്ടി പഠിക്കേണ്ട കാര്യങ്ങള്‍ പഠിപ്പിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് അധ്യാപകര്‍ അവലംബിക്കേണ്ടത്. അതില്‍-കാണുക, കേള്‍ക്കുക, ചലിക്കുക, രുചിക്കുക, മണക്കുക തുടങ്ങിയ പഞ്ചേന്ദ്രിയങ്ങളുടെ പരിശീലനം സംഭവിക്കണം. ഇങ്ങനെ വ്യത്യസ്ത രീതികള്‍ ഉപയോഗിക്കാന്‍ എത്ര പേര്‍ക്കു സാധിക്കുന്നുണ്ട്? എല്ലാവര്‍ക്കും ഒരേ ഭക്ഷണമല്ല വേണ്ടത്.
എവിടെ സമയം?
ആറു പീരിയഡ് ക്ലാസും ടീച്ചിങ്ങ് നോട്ടും ലെസണ്‍ പ്ലാനും എഴുതിക്കഴിഞ്ഞ് എവിടാ സമയം? അധ്യാപകരുടെ ഒരു പരാതിയാണ്. ഓരോ കുട്ടിയും ഓരോ മിഷനാണ് എന്ന ചിന്ത ഉള്ളില്‍ കത്തണം.
അധ്യാപകരുടെ മനസില്‍പ്പോലും അലമ്പന്‍, ഉഴപ്പന്‍ എന്ന വാക്ക് കടന്നുവരാന്‍ പാടില്ല. പകരം ഒരു കുട്ടിയെ നേടാന്‍ കുട്ടിയുടെ വീടു സന്ദര്‍ശിക്കണം, ടൈം ടേബിള്‍ അറിയണം, അഭിരുചികള്‍ അറിയണം. കുട്ടിയുടെ താല്പര്യങ്ങള്‍ മനസിലാക്കി അവരെ നയിക്കാന്‍ മാതാപിതാക്കള്‍ക്കാണ് പരിശീലനം നല്‍കേണ്ടത്. അപ്പനും അമ്മയും എട്ടു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചിട്ട് മക്കളോട് ഫോണ്‍ നോക്കരുതെന്ന് പറഞ്ഞാല്‍ അവര്‍ കേള്‍ക്കുമോ? അവന്, അവള്‍ക്ക് വീട്ടില്‍ എന്തിന്റെ കുറവാ എന്നല്ല മാതാപിതാക്കള്‍ ചോദിക്കേണ്ടത്.
മറിച്ച് മികവിലേക്ക് നയിക്കുന്ന ഒരു പോസിറ്റീവ് വൈബാണോ വീട്ടിലുള്ളത് എന്ന ചോദ്യമാണ്. എല്ലാ വിധത്തിലും കുട്ടിയെ മികവിലേക്ക് നയിക്കുന്ന വ്യത്യസ്തങ്ങളായ പരിശീലന മുറകളെയാണ് നമ്മള്‍ ശിക്ഷണം എന്നു വിളിക്കേണ്ടത്. അതു നല്‍കാന്‍ അധ്യാപകര്‍ക്ക് സാധിക്കണം.
റിസല്‍ട്ട്
ബൈബിളില്‍ സാമുവലിന്റെ പുസ്തകത്തില്‍ ഏലി പുരോഹിതന്‍ തന്റെ ജീവിതാന്ത്യത്തില്‍ മക്കള്‍ വഴി തെറ്റിപ്പോയി എന്നു വിലപിക്കുന്നുണ്ട്. ഒരു ശിക്ഷണവും നല്‍കാതെ മക്കള്‍ ‘അക്കാദമിക്കലായി വഴി തെറ്റിപ്പോയി’ എന്ന നമ്മുടെ വിലാപമാണ് പരാജയപ്പെട്ട വിദ്യാര്‍ത്ഥികളുടെ റിസല്‍ട്ട്. എന്നാല്‍ വളരെയേറെ വ്യത്യസ്ത രീതികള്‍ പ്രയോഗിച്ചിട്ടും ഒരു മാറ്റവും വരാത്ത കുട്ടികള്‍ ഉണ്ടാകാം. ആ കുട്ടിയുടെ ജന്മവാസന മറ്റെവിടെയോ ആകാം. അത് തിരിച്ചറി യാനുള്ള മനഃശാസ്ത്ര ടെസ്റ്റുകളും സ്‌കൂളുകള്‍ നടത്തണം. ഒരു കാര്യം ഉറപ്പാണ്. പരീക്ഷ നടത്തി റിസല്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ തോല്‍വി എന്നു നമ്മള്‍ രേഖപ്പെടുത്തുമ്പോള്‍ അധ്യാപകരാണ് പരാജയപ്പെടുന്നത്. കുട്ടികള്‍ തോല്പിക്കപ്പെട്ടവരും.
കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞ ഒരു കാര്യമുണ്ട്: ‘ഞാന്‍ ചെറുതായിരിക്കുമ്പോള്‍ എന്റെ സ്‌കൂളില്‍ വന്ന ഒരു കളക്ടര്‍ എന്നെ ഒത്തിരി സ്വാധീനിച്ചു.’ കുട്ടികളുടെ ബാല്യകാലത്തിന് വളരെ പ്രാധാന്യമുണ്ട്. മാതാപിതാക്കളും അധ്യാപകരും പറയുന്ന വാക്കുകളാണ് അവരുടെ പദസമ്പത്ത്. അവരുടെ മനോഭാവമാണ് കുട്ടികളുടെയും മനോഭാവം. അധ്യാപകരുടെ മുഖത്ത് പുഞ്ചിരിയുണ്ടെങ്കില്‍ കുട്ടികളും പുഞ്ചിരിക്കും. അധ്യാപകരുടെ ജീവിതം മൂല്യമുള്ളതാണെങ്കില്‍ കുട്ടികള്‍ ആ വഴി തുടരും. പഠിക്ക്, പഠിക്ക് എന്ന വാക്കുകള്‍ നമ്മള്‍ പറയാന്‍ പാടില്ലാത്ത വാക്കുകളാണ്. മറിച്ച് അവര്‍ പോലുമറിയാതെ അവരെ ജ്ഞാനത്തിന്റെ തീരത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നവരായിരിക്കണം അധ്യാപകരും മാതാപിതാക്കളും.
കോപ്പിയടിക്കാന്‍ അവസരം കിട്ടിയാല്‍
ആരും നോക്കാനില്ലാത്ത ഒരു പരീക്ഷാ ഹാളില്‍ നിങ്ങള്‍ കോപ്പിയടിക്കുമോ എന്ന ചോദ്യത്തിന് കോപ്പിയടിക്കും എന്ന ഉത്തരമാണ് 98 ശതമാനം കുട്ടികളും നല്‍കിയത്. ആ ഉത്തരം നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥികളും അവരെ നയിക്കുന്ന മാതാപിതാക്കളും അധ്യാപകരും ശരിക്കും തോല്‍ക്കുന്നു. കാരണം കുട്ടികള്‍ കാണുന്നുണ്ട്, മുതിര്‍ന്നവരുടെ വാക്കുകളും പ്രവൃത്തികളും തമ്മിലുളള അന്തരം. ഒരു പരീക്ഷയിലെ ജയമോ തോല്‍വിയോ അല്ല നമ്മെ മുന്നോട്ടു നയിക്കേണ്ടത്. ഈ ഭൂമിയില്‍ ദൈവഭയത്തോടും ആര്‍ജവത്തോടും മുന്നേറുന്ന ഏതു കുട്ടിയും ജയിച്ച വിദ്യാര്‍ത്ഥിയാണ്. ഉന്നത വിജയം നേടിയ ശേഷം സ്വന്തം സ്‌കൂളില്‍ നിന്നു കിട്ടിയ സ്വീകരണത്തെ പുച്ഛിച്ചു തള്ളിയ ഒരു വിദ്യാര്‍ത്ഥിയെ ഓര്‍ക്കുന്നു. ഗോഡ്ഫാദര്‍ സിനിമയിലെ ഇന്നസെന്റിന്റെ ഡയലോഗ് മാത്രമേയുള്ളൂ ഉത്തരം: ‘നീയൊക്കെ എന്തിനാ പഠിക്കുന്നത്?’ അതുപോലെ വിശുദ്ധ ബെര്‍ണാര്‍ഡിന്റെ ചോദ്യം അധ്യാപകരുടെ ഉള്ളിലും നിരന്തരം മുഴങ്ങണം. ‘നീയിവിടെ എന്തെടുക്കുന്നു?’ അല്ലെങ്കില്‍ കാലം മാറിയാലും മാറാത്ത നോട്ടുമായി എന്തിനെന്നറിയാത്ത പ്രദക്ഷിണങ്ങള്‍ ക്ലാസ് മുറിയില്‍ നിന്ന് ക്ലാസ് മുറിയിലേക്ക് അധ്യാപകര്‍ നടത്തും. ഇനിയും നിരവധി കുട്ടികളെ ‘ശരിക്കും’ ജയിപ്പിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കട്ടെ!
Leave a Comment
Your email address will not be published. Required fields are marked with *