കരുണ നിറഞ്ഞ വിധികളിലൂടെയും കുറ്റാരോപിതരോടുള്ള സൗമ്യമായ ഇടപെടലിലൂടെയും ഏറ്റവും കരുണയുള്ള ന്യായാധിപനായി അറിയപ്പെട്ട ജഡ്ജ് ഫ്രാങ്ക് കാപ്രിയോ ഓര്‍മയായി. യുഎസ് സംസ്ഥാനമായ റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സിലാണ് ചീഫ് മുനിസിപ്പല്‍ ജഡ്ജിയായി ഫ്രാങ്ക് കാപ്രിയോ ഏകദേശം 40 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചത്. പാന്‍ക്രിയാറ്റിക്ക് കാന്‍സര്‍ ബാധിതനായിരുന്നു.
നീതി, സഹാനുഭൂതി, കാരുണ്യം എന്നിവ സംയോജിപ്പിച്ച അദ്ദേഹത്തിന്റെ സൗമ്യമായ ജുഡീഷ്യല്‍ ശൈലി, ‘കോട്ട് ഇന്‍ പ്രൊവിഡന്‍സ്’ എന്ന പേരില്‍ കോടതിമുറിയില്‍ നിന്ന് സംപ്രേഷണം ചെയ്ത പരിപാടിയിലൂടെയാണ് ജനങ്ങളിലേക്ക് എത്തിയത്. 1999 ല്‍ ആരംഭിച്ച ഈ പരിപാടി 2017 ല്‍ വൈറലായി. കോടിക്കണക്കിന് ജനങ്ങള്‍ കണ്ട ഈ പരിപാടി 2021 ല്‍ ‘ഡേ ടൈം എമ്മി അവാര്‍ഡിന്’ നാമനിര്‍ദേശം ചെയ്യപ്പെട്ടു.
തന്റെ പിതാവില്‍ നിന്നാണ് മറ്റുള്ളവരോട് ആദരവോടെയും കരുണയോടെയും പെരുമാറാനുള്ള പാഠം അഭ്യസിച്ചതെന്നാണ് കാപ്രിയോ പറഞ്ഞിരുന്നത്. ‘നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്ന ഏറ്റവും സമ്പന്നമായ ബാല്യമായിരുന്നു എനിക്കുണ്ടായിരുന്നത്. ദരിദ്രനായി വളര്‍ത്തപ്പെട്ടതിന്റെ ഭാഗ്യം’.
കാപ്രിയോയുടെ പിതാവ് ദരിദ്രനായ പാല്‍ക്കാരനായിരുന്നെങ്കിലും മറ്റുള്ളവരോട് കരുണ കാണിച്ച് മക്കള്‍ക്ക് മാതൃകയായി. ഉപഭോക്താക്കള്‍ക്ക് പണം നല്‍കാന്‍ കഴിയാത്തപ്പോഴും പാല്‍ വിതരണം അദ്ദേഹം തുടര്‍ന്നിരുന്നു. ജഡ്ജിയായതിനുശേഷവും കാപ്രിയോയുടെ പിതാവ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ശക്തമായ സാന്നിധ്യമായി തുടര്‍ന്നു. ബെഞ്ചിലെ ആദ്യ ദിവസം, ഒന്നിലധികം പാര്‍ക്കിംഗ് ടിക്കറ്റുകളുള്ള ഒരു പരുഷസ്വഭാവിയായ സ്ത്രീയോട് കടം മുഴുവന്‍ അടയ്ക്കാന്‍ കാപ്രിയോ ആവശ്യപ്പെടുകയും അവരുടെ കാര്‍ പിടിച്ചെടുക്കുകയും ചെയ്തു.
അന്ന് വൈകുന്നേരം ആ സംഭവം വിവരിച്ച കാപ്രിയോയോട് അദ്ദേഹത്തിന്റെ പിതാവ് ഇപ്രകാരം പറഞ്ഞു. ‘ആ സ്ത്രീക്ക് മൂന്ന് കുട്ടികളുണ്ട്. ഇന്ന് രാത്രി അവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള പണം ആ സ്ത്രീയുടെ പക്കല്‍ ഉണ്ടാകുമോ എന്ന് നമുക്ക് അറിയില്ല. അധികാരം ഉണ്ട് എന്നുള്ളതുകൊണ്ട് അധികാരമില്ലാത്ത ആളുകള്‍ക്കെതിരെ അത് ഉപയോഗിക്കേണ്ട ആവശ്യമില്ല.’ അത് കാപ്രിയോയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പാഠമായിരുന്നു.
2023-ല്‍ കാപ്രിയോയ്ക്ക് പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി. 2024-ല്‍ ഫ്രാന്‍സിലെ ലൂര്‍ദിലേക്ക് അദ്ദേഹം തീര്‍ത്ഥാടനം നടത്തി. മരണത്തിന് തലേദിനവും ഫേസ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം തനിക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *